പത്തനംതിട്ട: 1997 ജനുവരി 25നാണ് ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്നാട് ഗവർണറായത്. 2001 ജൂലൈ ഒന്നിന് രാജിയിലേക്ക് നീണ്ട ഈ കാലയളവ് ജയലളിതയും എം. കരുണാനിധിയും പോരടിച്ച് വാണിരുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു ഭാഗമാണ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ പേരിൽ നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നിരസിക്കപ്പെട്ട ജയലളിതക്ക് രണ്ടാം വരവിനു വഴിയൊരുക്കിയത് ഗവർണറായിരുന്ന ഫാത്തിമ ബീവിയായിരുന്നു.
2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 131 സീറ്റ് നേടി ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ, സുപ്രീംകോടതി വിലക്ക് കാരണം ജയലളിത തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താലും ജയലളിതക്ക് ആറുമാസത്തിനകം നിയമസഭയിൽ എത്താൻ കഴിയില്ലെന്ന് അറിയാമായിരുന്ന ഫാത്തിമ ബീവി സർക്കാറുണ്ടാക്കാൻ അവരെ ക്ഷണിച്ചത് രാജ്യമെങ്ങും വലിയ ചർച്ചയായി. ഫാത്തിമ ബീവി സത്യവാചകം ചൊല്ലിക്കൊടുത്ത് 2001 മേയ് 24ന് രണ്ടാം തവണ മുഖ്യമന്ത്രിയായി ജയലളിത ചുമതലയേറ്റു.
തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, നേതാവായി ജയലളിതയെ തെരഞ്ഞെടുത്തതുകൊണ്ടാണ് താൻ അവരെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതെന്നായിരുന്നു ഫാത്തിമ ബീവിയുടെ വിശദീകരണം. ഗവർണറുടെ തീരുമാനത്തിനെതിരെ കോടതികളിൽ പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്തു.
ഇതിനുപിന്നാലെ 2001 ജൂൺ 30ന് പുലർച്ചെ നാടകീയമായി ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലി മാരൻ, ടി.ആർ. ബാലു എന്നിവരെ സംസ്ഥാന സർക്കാർ ചെന്നൈയിൽ അറസ്റ്റ് ചെയ്തു. കരുണാനിധിയെ വീട്ടിൽനിന്ന് വലിച്ചിഴക്കുന്ന വിഡിയോ വൻ കോളിളക്കം സൃഷ്ടിച്ചു.
ഈ സംഭവത്തിൽ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ ഗവർണറുടെ നടപടിയും വിവാദമായി. എ.ബി. വാജ്പേയ് പ്രധാനമന്ത്രിയായ കേന്ദ്രസർക്കാർ ഇടപെട്ട് ഫാത്തിമ ബീവിയെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
1997ൽ ഗവർണറായിരുന്ന ഡോ. ചെന്ന റെഡ്ഢിയുടെ നിര്യാണത്തെതുടർന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയാണ് ഫാത്തിമ ബീവിയെ ഗവർണറായി നിയമിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചത്. അതേ കരുണാനിധിയുടെ അറസ്റ്റിനെത്തുടർന്നുള്ള സംഭവങ്ങളാണ് ഫാത്തിമ ബീവിയുടെ രാജിയിൽ കലാശിച്ചതെന്നത് വിരോധാഭാസം.
ഗവർണറായി ചുമതലയേറ്റപ്പോൾ ഒപ്പുവെച്ച ആദ്യ ഫയലുകളിലൊന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു. പിന്നീട് കരുണാനിധിയെ അറസ്റ്റ് ചെയ്ത ജയലളിതയുടെ നടപടിയെ ന്യായീകരിച്ചതിനെത്തുടർന്ന് ഗവർണർ സ്ഥാനം ഒഴിഞ്ഞത് മറ്റൊരു വൈരുധ്യം.
രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെ ദയാഹരജി ഗവർണറായിരുന്ന ഫാത്തിമ ബീവി നിരസിച്ച സംഭവവും മറ്റൊരു വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.