കൊടകര: രോഗാതുരമായ നാളുകളെ മരുന്നിനൊപ്പം വരകളും വര്‍ണങ്ങളും പരിചയാക്കി പൊരുതി ജയിച്ച കഥയാണ് വാസുപുരത്തുള്ള രതി സുരേഷ്ബാബുവിന് പറയാനുള്ളത്. രോഗികളായി വീട്ടകങ്ങളില്‍ ഒതുങ്ങിപോകുന്നവര്ക്ക് വലിയൊരു പ്രചോദനമാണ് ഈ കലാകാരി.
കലയുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുനടക്കാനായതിന്റെ ആഹ്ലാദം വീടിന്റെ അങ്കണത്തില്‍ ഓപൺ ആര്‍ട് ഗാലറി സ്ഥാപിച്ചാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ഒന്നര പതിറ്റാണ്ടോളം രോഗത്തോട് പൊരുതിയപ്പോഴും കലയെ കൈവിടാതെ ചേര്‍ത്ത് പിടിച്ച വീട്ടമ്മയുടെ സ്വപ്ന സാക്ഷാത്കാരമാണ് മറ്റത്തൂര്‍ വാസുപുരത്തുള്ള ഇവരുടെ വീടിനോടു ചേര്‍ന്ന് തുറന്ന വൃന്ദാവന്‍ ഫൈന്‍ ആര്‍ട്സ് ഓപൺ ഗാലറി.
നിറയെ പൂച്ചെടികളും പെയന്റിങ്ങുകളും ഉളള വര്‍ണലോകമാണ് വാസുപുരം കാരപ്പിള്ളി സുരേഷ്ബാബുവിന്റെ ഭാര്യയായ 47 കാരി രതിസുരേഷിന്റെ ആര്‍ട്ട് ഗാലറി. സ്കൂള്‍ കാലഘട്ടം മുതലേ വര്‍ണങ്ങളേയും വരയേയും സ്നേഹിച്ചു തുടങ്ങിയ രതിയിലെ കലാപാടവം തിരിച്ചറിഞ്ഞത് പ്രൈമറി ക്ലാസിലെ അധ്യാപകനായിരുന്നു. പിന്നീട് തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്ന് മൂന്നുവര്‍ഷം ചിത്രകല പഠിച്ചു.
വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ വൃക്കരോഗിയായി മാറിയ രതി 17 വര്‍ഷത്തോളം രോത്തോട് പൊരുതിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. വേദനയിലും നിരാശയിലും മനസുതളര്ന്നപ്പോഴെല്ലാം ചായക്കൂട്ടുകളും ബ്രഷുമാണ് ആശ്വാസം പകര്‍ന്നത്.
മൂന്നരവര്‍ഷത്തോളം തുടര്‍ച്ചയായി ഡയാലിസിസിന് വിധേയയായി. അമ്മ ഭവാനി തന്റെ വൃക്കകളിലൊന്ന് പകുത്തുനല്കി രതിയെ പൂര്‍ണാരോഗ്യവതിയായി ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയതോടെ തന്നിലെ സര്‍ഗവാസനകളെ കൂടുതല്‍ തേച്ചുമിനുക്കാന് രതിക്ക് കഴിഞ്ഞു.
കലാരംഗത്ത് കൂടതല്‍ സജീവമാകാന്‍ ചികിത്സിച്ച ഡോക്ടറും പ്രോല്‍സാഹനം തന്നു. ഇതോടെയാണ് വീടിനെ വൃന്ദാവനമാക്കി മാറ്റാന്‍ ഈ കലാകാരിക്ക്കഴിഞ്ഞത്. ചിത്രകലയില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് കഴിവുകള്‍ പരിപോഷിപ്പിച്ചെടുക്കുന്നതിനുള്ള തുറന്ന വേദികൂടിയാണിതെന്ന് രതി സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.