ആലുവ: കീഴ്മാട് പെരിയാർ മുഖം പള്ളിക്ക് സമീപം മലയൻകാട് വീട്ടിൽ പരേതനായ ചാത്തന്റെ ഭാര്യയായ ഇങ്കാമ്മ എന്ന കുഞ്ഞാർ ഇങ്ക, വലിയ സേവനമാണ് ആരും അറിയാതെ ചെയ്തുകൊണ്ടിരിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ പ്രവേശനകവാടം, ചപ്പുചവറുകൾകൊണ്ട് വൃത്തികേടായി കിടക്കുന്നത് പതിവാണ്. പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരും ജീവനക്കാരും ഈ ചപ്പുചവറുകൾക്കിടയിലൂടെ, സ്കൂളിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നത്. രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങാറുള്ള ഇങ്കാമ്മ, ഇത് എന്നും കാണാറുണ്ട്.
വിഷമം തോന്നിയ അവർ, മാലിന്യം നീക്കം ചെയ്യൽ തന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു. വിദ്യാലയത്തിന്റെ പ്രവേശന കവാടം ശാരീരിക അവശതകൾ അവഗണിച്ച് അവർ എന്നും വൃത്തിയാക്കുന്നു. ഇതിലൂടെ പുതുതലമുറക്ക് ശുചിത്വ പാഠം പകർന്നുനൽകുകയാണ്. എന്തിനും ഏതിനും ധാരാളം ഫണ്ടും ആവശ്യത്തിന് ജീവനക്കാരുമുള്ള ഒരു വിദ്യാലയ കവാടമാണ് അധികൃതരുടെ അനാസ്ഥമൂലം ഇങ്കാമ്മക്ക് വൃത്തിയാക്കേണ്ടി വരുന്നത്. അവിവാഹിതയായ ഏകമകൾ രാജമ്മയോടൊപ്പമാണ് അവർ താമസിക്കുന്നത്. രാജമ്മ കൂലിവേല ചെയ്താണ് കുടുംബം കഴിഞ്ഞ് പോകുന്നത്. കുടുംബശ്രീ അംഗവും സാമൂഹിക പ്രവർത്തകയുമാണ് രാജമ്മ. ഇവരുടെ അയൽവാസിയും പൊതുപ്രവർത്തകനുമായ ബേബി വർഗീസാണ് ഇങ്കാമ്മയുടെ സേവനം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇങ്കാമ്മ സ്കൂൾ പ്രവേശന കവാടം വൃത്തിയാക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.