ലീനയും ഹനയും

ലീനയും ഹനയും പറയുന്നു, 'പ്രായത്തിലല്ല, പരിശ്രമത്തിലാണ് കാര്യം'

ചെറുപ്പത്തിൽ പഠനവും കളികളും മാത്രമായി നടന്നവരായിരിക്കും മിക്കവരും. അതാണ് നമ്മുടെ സമൂഹത്തിന്റെ ശീലവും. പക്ഷേ അങ്ങനെ പഠനവും കളികളും മാത്രം ​കൊണ്ടുനടന്നാൽ പോരെന്നാണ് ഈ കുഞ്ഞു സഹോദരിമാർ പറയുന്നത്. എങ്ങനെ സമ്പാദിക്കാം എന്നുകൂടി അറിഞ്ഞുവേണം ജീവിക്കാൻ. അതിന് പ്രായം ഒരു പ്രശ്നമേയല്ല. രണ്ട് കുട്ടികളുടെ കഥയാണ് പറയുന്നത്. ലീന, ഹന എന്ന രണ്ട് കോഡിങ് വിദഗ്ധരുടെ കഥ.

സാ​ങ്കേതിക വിദ്യക്കും മുകളിൽ വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് കോഡിങ്. വെബ്സൈറ്റുകൾ, ആപ്പുകൾ, മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവ നിർമിക്കുന്നതിന്​ ഉപയോഗപ്പെടുത്തുന്ന നൂതന ഭാഷയാണത്. ദുബൈ നഗരത്തിലാണ് ഈ സഹോദരിമാർ ജീവിക്കുന്നത്. കാസർകോട്​ സ്വദേശികളായ ദമ്പതികളുടെ മക്കളാണ് ലീനയും ഹനയും. ലീനക്ക് പത്തു വയസ്സ്, ഹനക്ക് ഒമ്പതും.

ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങളും പ്രഖ്യാപിക്കപ്പെട്ടവരാണ് ഇരുവരും. ഒരു വിദഗ്​ധ കോഡറെ പോലെയോ അതിനേക്കാൾ മികച്ച രീതിയിലോ കമ്പ്യൂട്ടർ പ്രോഗ്രാമിങ്​ ഭാഷകൾ വശമുണ്ട് രണ്ടുപേർക്കും. ഈ വൈദഗ്​ധ്യം ഉപയോഗിച്ച്​ ഇവർ പ്രവർത്തിക്കുന്നത്​ സമൂഹത്തിന്​ ഏറ്റവും ഉപകാരപ്രദമായ കാര്യങ്ങൾക്ക്​ വേണ്ടിയാണ്.

അഞ്ചാം വയസ്സിൽ കമ്പ്യൂട്ടറിന്‍റെ ഭാഷയെ ഇഷ്ടപ്പെട്ടുതുടങ്ങിയതാണ്​ ലീന. സ്വയം പഠിച്ചെടുത്ത പാഠങ്ങൾ. ഇന്‍റർനെറ്റിലൂടെ ക്ലാസുകൾ. പിന്തുണയുമായി മാതാപിതാക്കളായ മുഹമ്മദ്​ റഫീഖും ഫാത്തിമത്​ താഹിറയും. ലീന ആറാമത്തെ വയസ്സിൽ സ്വന്തമായി ഒരു വെബ്​സൈറ്റ്​ നിർമിച്ചു. 'ലിഹനാസ്​' എന്ന ഈ വെബ്​സൈറ്റ്​ കേരളത്തിൽ വലിയ നാശം വിതച്ച പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക്​ സഹായമെത്തിക്കാൻ ഉപകാരപ്പെടുന്നതായിരുന്നു.

മൂന്നു മാസത്തിലാണ്​ വെബ്​സൈറ്റ്​ വികസിപ്പിച്ചത്. ലീനയാണ്​ അനുജത്തി ഹനയുടെ ഗുരുനാഥ. കോഡിങ്ങിന്‍റെ ബാലപാഠങ്ങൾ പഠിച്ച ശേഷം ഹനയും പഠനത്തിലേക്ക്​ കടന്നു. ഹന വികസിപ്പിച്ചത്​ സമൂഹത്തിന്​ മറ്റൊരർഥത്തിൽ ഉപകാരപ്പെടുന്ന ആപ്ലിക്കേഷനായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ മക്കൾക്ക്​ കഥ പറഞ്ഞുകൊടുക്കാനൊന്നും സമയം കിട്ടാത്ത രക്ഷിതാക്കൾക്ക്​ ഹനയുടെ ആപ്ൾ ആപ്. 'ഹനാസ്​' സ്​റ്റോറി ആപ്പിൽ രക്ഷിതാക്കൾക്ക്​ കഥകളുടെ ഓഡിയോ റെക്കാർഡ്​ ചെയ്തു​വെക്കാം. കുട്ടികൾക്ക്​ മാതാപിതാക്കളുടെ ശബ്​ദത്തിൽ ഈ കഥകൾ എപ്പോഴും കേൾക്കുകയും ചെയ്യാം.

ഈ ആപ്പിനെ തേടി ആപ്ൾ സി.ഇ.ഒ ടിം കുക്കിന്‍റെ അഭിനന്ദനവും എത്തി.​ അത് പറയാൻ മാതാപിതാക്കളെത്തിയപ്പോൾ ഉറക്കത്തിലായിരുന്നുവെന്നും കേട്ടപ്പോൾ ആഹ്ലാദംകൊണ്ട് കണ്ണുതുറക്കാൻ കഴിഞ്ഞില്ലെന്നും ഹന പറയുന്നു. ഒരുപക്ഷേ, ലോകത്തുതന്നെ ആപ് വികസിപ്പിച്ച ഏറ്റവും ചെറിയ കുട്ടിയായിരിക്കും ഈ മിടുക്കി. ഇന്‍റർനെറ്റിലൂടെ​ നൂതന സാ​ങ്കേതികവിദ്യകളുടെ പുതിയ മേച്ചിൽപുറങ്ങളിലേക്ക്​ സഞ്ചരിക്കുകയാണ് ഈ സഹോദരിമാർ ഇന്ന്.

പഠിക്കുന്നതിനൊപ്പം നാളേക്ക് ഇങ്ങനെ പലതും ചെയ്യാമെന്നുകൂടി തെളിയിക്കുകയാണവർ. കോഡിങ്ങിൽ കൂടുതൽ കഴിവ്​ തെളിയിക്കണമെന്നും ഗവേഷകരാകണമെന്നുമൊക്കെയാണ്​ ഇരുവരുടെയും ആഗ്രഹം. പഠിക്കുന്നതിനൊപ്പം സ്വയം കഴിയുന്ന ജോലികൾകൂടി ചെയ്ത് സമ്പാദിച്ച് മുന്നേറണമെന്നാണ് ഈ കുഞ്ഞു സഹോദരിമാർ പറഞ്ഞുവെക്കുന്നത്.

Tags:    
News Summary - The story of two child coding experts named Leena and Hana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.