പൊലീസ് കാവലിൽ പഞ്ചായത്ത് ഭരിക്കുക. പൊലീസ് കാവലിൽ വീട്ടിൽ കഴിയുക, ഉറങ്ങുക. സംസ്ഥാനത്തെ ഒരു വനിതക്ക് നേരിടേണ്ടിവന്ന ദുര്യോഗമാണിത്. കേരളത്തിൽ മറ്റൊരു വനിതക്ക് ഇത്തരം അനുഭവം നേരിട്ടിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് മുൻ മാള പഞ്ചായത്ത് പ്രസിഡന്റ് സുഹറ ബാവ ‘മാധ്യമ’ത്തോട് പറഞ്ഞു.
ലിംഗസമത്വം എന്നത് കാലം ഏറെ പിന്നിട്ടിട്ടും പ്രായോഗികമാക്കാനാവാത്ത കടമ്പയായി തുടരുകയാണെന്നും ഈ 71കാരി പറയുന്നു. മാള നെയ്തകൂടി സ്വദേശി സുഹറ ബാവയാണ് പൊതുപ്രവർത്തനരംഗത്ത് അരനൂറ്റാണ്ട് തികക്കുന്നത്. 1995ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അന്ന് നാടകീയമായാണ് ലഭിച്ചത്. സി.പി.ഐ പിന്തുണയോടെയാണ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചത്. രണ്ടുവർഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ് സി.പി.എമ്മിന് കൊടുക്കുന്ന സന്ദർഭത്തിൽ അവിശ്വാസ വോട്ടിൽ നാടകീയമായി കോൺഗ്രസ് പിന്തുണയോടെ വീണ്ടും പ്രസിഡന്റായി. കോൺഗ്രസ് കുടുംബത്തിൽ അംഗമായിരുന്ന സുഹറ ബാവ സീറ്റ് നിഷേധത്തെ തുടർന്നാണ് സ്വതന്ത്രയായി മത്സരിച്ചത്. ഇവർക്ക് പിന്നീട് സി.പി.ഐ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
എതിർ സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോലും അന്ന് ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. അതേസമയം, ഭരിക്കാൻ സി.പി.എം സമ്മതിച്ചില്ല. ഇവർ ഫയലുകൾ കത്തിക്കാൻ തുടങ്ങിയതായി സുഹറ ബാവ ഓർക്കുന്നു. അതോടെ കലക്ടർ ടിക്കാറാം മീണയെ ചെന്ന് കണ്ടു. കലക്ടർ ഇടപെട്ട് പൊലീസ് കാവൽ ഏർപ്പെടുത്തി.
മാള പഞ്ചായത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വികസനം നടത്തിയത് തന്റെ ഭരണകാലത്താണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഡി.സി.സി അംഗമാണ് ഇപ്പോൾ സുഹറ ബാവ. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയായും വനിത സഹകരണസംഘം പ്രസിഡന്റായും പ്രവർത്തിക്കുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും ശേഷിക്കുന്ന കാലത്തോളം പൊതുരംഗത്ത് നിറഞ്ഞുനിൽക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം. പിന്തുണയുമായി ഭർത്താവ് ബാവ ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.