സമാഹും ഹിബയും

സൗദിയോട്​ മനസിൽ നന്ദി നിറച്ച്​ മുപ്പതാണ്ടിന്​ ശേഷവും സമാഹും ഹിബയും

ജിദ്ദ: ഒറ്റമെയ്യായി പിറന്ന തങ്ങളെ ഇരുമെയ്യാക്കി വേറിട്ട ജീവിതം നൽകിയ സൗദി അറേബ്യയോടുള്ള നന്ദിയും കടപ്പാടും മനസിൽ നിറച്ച്​ സമാഹും ഹിബയും. 30 വർഷം​ മുമ്പ്​ റിയാദിൽ വെച്ച്​ ആദ്യ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക്​ വിധേയരായ സുഡാനീസ്​ സയാമീസ്​ ഇരട്ടകളാണ്​ സമാഹും ഹിബയും​. ഈ ശസ്​​ത്രക്ര

യയിലൂടെ തങ്ങൾക്ക്​ 'പുതുജീവിതം' തിരിച്ചുകിട്ടിയതി​ന്‍റെ നന്ദിയും കടപ്പാടും വർഷങ്ങൾ പിന്നിട്ടിട്ടും ഇരുവരുടെയും മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുകയാണ്​. മനസ്സിൽ കാത്തുസൂക്ഷിച്ച ആ​ നന്ദിയും കടപ്പാടും അടുത്തിടെ കിങ്​ സൽമാൻ റിലീഫ്​ സെന്‍റർ അംബാസഡർ ആർട്ടിസ്​റ്റ്​ ഫാഇസ്​ അൽമാലികിനോട്​ ഇരുവരും തുറന്നുപറയുകയുണ്ടായി​. സൗദി ചാനലി​ൽ സംപ്രേഷണം ചെയ്യുന്ന 'ഹ്യൂമൻ' എന്ന പരിപാടിയുടെ ഭാഗമായി സുഡാനിലെത്തിയ​പ്പോഴാണ്​ ഫാഇസ്​ അൽമാലിക്​ സമാഹിനേയും ഹിബയേയും കണ്ടുമുട്ടിയത്​. ഇരുവരുടെയും ആരോഗ്യനില ഫാഇസ്​ ചോദിച്ചറിയുകയുണ്ടായി. ചെറുപ്പത്തിൽ തങ്ങളുടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക്​ വേണ്ട എല്ലാ സഹായങ്ങളും നൽകിയ സൗദി അറേബ്യ​ക്കും അതിന്​ നേതൃത്വം നൽകിയ ഡോ. അബ്​ദുല്ല അൽറബീഅയോടുമുള്ള കൂടിക്കാഴ്​ചക്കിടയിൽ ഇരുവരും നന്ദി പ്രകടിപ്പിച്ചു.

30 വർഷം മുമ്പ്​ അവർ സയാമീസ്​ ഇരട്ടകളായിരുന്ന​പ്പോൾ

താൻ രണ്ട്​ തവണ ജനിച്ചുവെന്നാണ്​ കരുതുന്നതെന്ന്​ ഹിബ പറഞ്ഞു. എന്നെ പ്രസവിച്ചത്​ ഉമ്മുദർമാനിലെ ലെഫ്​റ്റനൻറ്​ ആശുപത്രിയിലാണ്​. വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക്​ വിധേയമായത്​ കിങ്​ ഫൈസൽ ആശുപത്രിയിൽ വെച്ചുമാണ്​. സൗദി അറേബ്യയെ മറക്കാനാകില്ല. സൗദി അറേബ്യ ഞാൻ ഏറെ ഇഷ്​ടപ്പെടുന്നു. എന്നാലിപ്പോൾ സൗദിയും അവിടുത്തെ ജനങ്ങളെയും മിസ്​ ചെയ്യുന്നുവെന്നും ഹിബ പറഞ്ഞു. മജ്​മഅ്​ ഗവർണറേറ്റിൽ താമസിച്ചിരുന്നതിനാൽ താൻ 'സുദൈറി​ന്‍റെ പുത്രി' (ബിൻത്​ സുദൈർ) എന്നാണ്​ കരുതുന്നതെന്ന്​ സൗദി അറേബ്യയിലേക്ക്​ മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട്​ സമാഹ്​ പറഞ്ഞു.

റിയാദിലെ കിങ്​ ഫൈസൽ ആശുപത്രിയിൽ 1991 ഡിസംബറിലാണ്​ റിയാദിലെത്തിച്ച്​ സമാഹിനെയും ഹിബയേയും വേർപ്പെടുത്താനുള്ള ശസ്​ത്രക്രിയ നടത്തിയത്​. വളരെ സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു ഇരുവരുടെയുടെയും ശസ്​ത്രക്രിയ. വലിയ വിജയപ്രതീക്ഷ ശസ്​ത്രക്രിയ സംഘത്തിനുണ്ടായിരുന്നില്ല. സങ്കീർണതയും ഉയർന്ന അപകട സാധ്യതയും കണക്കിലെടുക്കുമ്പോൾ സമാഹി​ന്‍റെയും ഹിബയുടെയും ശസ്​ത്രക്രിയ വിജയകരമായത്​ സൗദി അറേബ്യയുടെ സയാമിസ്​ വേർപ്പെടുത്തൽ പദ്ധതി എന്ന ആശയത്തിലെ വഴിത്തിരിവായിരുന്നുവെന്ന്​ ഡോ. റബീഅ അന്ന്​ പറഞ്ഞിരുന്നു.

Tags:    
News Summary - Thirty years later Samah and Hiba are still grateful to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.