കാഴ്ചവെക്കുകയാണ് അസമിൽ നിന്നെത്തിയ മോനു കൻവർ. മൂന്ന് മക്കളുടെ അമ്മയായ ഇവർ ആറുപേർക്ക് കൂടി മാതാവിന്‍റെ കരുതലും വാത്സല്യവും പങ്കുവെക്കുന്നു.
മൂന്നാർ പീച്ചാടിലാണ് മോനുവും കുടുംബവും ഇപ്പോൾ താമസം. കരാട്ടേ പഠിക്കാൻ 2003ൽ അസമിലെ മാർഗരീത്ത ഗ്രാമത്തിൽനിന്ന് സഹോദരനൊപ്പം മൂന്നാറിലെത്തിയതാണ് മോനു.
തന്‍റെ ജന്മനാട്ടിൽനിന്ന് നിർധന കുടുംബങ്ങളിലെ ആറ് കുട്ടികളെ കരാട്ടേ കളരിയിലെത്തിച്ച് പരിചരണവും സംരക്ഷണവും സ്വയം ഏറ്റെടുക്കുകയായിരുന്നു.
രണ്ട് മുതൽ 16 വയസ്സ് വരെയുള്ള ആറ് കുട്ടികളെയാണ് മോനുവും ഭർത്താവ് സുദീപ് ടി.സിറിയക്കും ഒപ്പം താമസിപ്പിച്ച് വളർത്തിയത്. ഇതിനിടെ ഇവർക്കും മൂന്ന് കുട്ടികൾ ജനിച്ചു.
അസമിലെ മാർഗരീത്തയിൽനിന്നുള്ള ദിഗന്ത തൻവർ 16ആം വയസ്സിലാണ് ഇവരോടൊപ്പം എത്തുന്നത്. വിദ്യാഭ്യാസവും കരാട്ടേ പഠനവും പൂർത്തിയാക്കി ദിഗന്ത അസമിൽ ബന്ധുക്കൾക്കടുത്തേക്ക് മടങ്ങി. ഇപ്പോഴും സമയമുള്ളപ്പോഴെല്ലാം തന്‍റെ പ്രീയപ്പെട്ടവരെ കാണാൻ മൂന്നാറിലെത്തും.
16ആം വയസ്സിൽ മോനുവിന്‍റെ 'മകനാ'യ വിശ്വജിത് ലഗോൺ ഇപ്പോൾ രാജ്യാന്തര സർവിസ് നടത്തുന്ന കപ്പലിലെ പ്രധാന ഷെഫാണ്. സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെല്ലാം മോനുവിന്‍റെ അമ്മത്തണലിൽ ആയിരുന്നു. ഇപ്പോഴും കരയിലെത്തിയാൽ വിശ്വജിത് ഓടിയെത്തുന്നത് ഈ അമ്മയെ കാണാനാണ്. യു.എ.ഇയിൽ കരാട്ടേ പരിശീലകനായി ജോലിചെയ്യുന്ന ഭാസ്കർ 10 വയസ്സുള്ളപ്പോഴാണ് ഇവരുടെ അടുത്തെത്തുന്നത്.
നാല് വയസ്സുള്ളപ്പോൾ മോനുവിന്‍റെ കൈയിലെത്തിയ പങ്കജ് ഗോഗോയ് സി.ആർ.പി.എഫിൽ ചേരാൻ ഒരാഴ്ച് മുമ്പാണ് അസമിലേക്ക് പോയത്. ശാന്തൻ കുഫ് വൺ, ദീപാങ്കർ എന്നീ രണ്ടുപേർ പ്ലസ് ടു പഠനം കഴിഞ്ഞുനിൽക്കുന്നു.
ഈ ആറു മക്കളുടെ ഒരു കാര്യത്തിലും മോനു ഒരു കുറവും വരുത്തിയിട്ടില്ല.
പ്രസവിച്ചുകിടക്കുമ്പോഴും ഈ മക്കളുടെ കാര്യങ്ങൾ നോക്കാൻ മോനു വല്ലാതെ കഷ്ടപ്പെട്ടു. ഭർത്താവിന്‍റെ ഉറച്ച പിന്തുണ ഉണ്ടായിരുന്നു. 12കാരൻ യമാട്ടോ, നാലിൽ പഠിക്കുന്ന അനാക്കോ, നാല് വയസ്സുള്ള റിയു എന്നിവരാണ് മോനുവിന്‍റെ സ്വന്തം മക്കൾ. ഭർത്താവ് സുദീപ് കരാട്ടേ പരിശീലനവും മത്സരങ്ങളുമായി പലപ്പോഴും വിദേശരാജ്യങ്ങളിലടക്കം പോകുമ്പോൾ ഒമ്പത് മക്കളുടെയും എല്ലാ കാര്യങ്ങളും മോനു മടിയില്ലാതെ നോക്കിയിരുന്നു.
തനിക്ക് ജനിച്ചവരെന്നോ താൻ വളർത്തിയവരെന്നോ ഒരു വേർതിരിവും ഇന്നുവരെ തോന്നിയിട്ടില്ലെന്നാണ് മോനു പറയുന്നത്. തന്‍റെ പരിചരണം ആവശ്യമുള്ള കുട്ടികൾ ഇനിയും ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.