കോഴിക്കോട്: സംരംഭകത്വത്തിലേക്ക് എത്തുന്ന സ്ത്രീകളുടെ പന്ഥാവിൽ വഴിവിളക്കായി തെളിയുകയാണ് ഷീ കണക്ട്. ‘ലിംഗസമത്വത്തിന് സാങ്കേതികവിദ്യ’ എന്നതാണ് ഇത്തവണത്തെ വനിതദിന മുദ്രാവാക്യം. അതിനോട് തീർത്തും ചേർത്തുവെക്കാവുന്ന ആശയവും സംരംഭവുമാണ് ഷീ കണക്ട്.
പൊതുസമൂഹത്തിൽ ദൃശ്യത ഇല്ലാത്ത വനിതസംരംഭകരെ ലോകത്തിനു മുന്നിലേക്ക് കൊണ്ടുവരുക, ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘ഷീ കണക്ട്’ കേരളത്തിലെങ്കിലും പുതുപുത്തൻ ആശയമാണ്. വളർന്നുകൊണ്ടിരിക്കുന്ന സ്ത്രീ സംരംഭകരെ കൂട്ടിച്ചേർക്കുകയും പരസ്പരം സഹായിക്കുന്ന കണ്ണിയായും പ്രവർത്തിക്കുകയാണ് ഷീ കണക്ട്.
സ്റ്റാർട്ട് അപുകൾ, ചെറിയ രീതിയിൽ ബിസിനസ് തുടങ്ങിയവർ, ഓൺലൈൻ സംരംഭകർ എന്നിവർക്കും ഇവരുടെ ബ്രാൻഡുകൾക്കും ദൃശ്യത കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണ്. അവരെയാണ് ഷീ കണക്ട് പ്രധാനമായും അഭിസംബോധന ചെയ്യുന്നത്.
മസ്കത്തിൽ 17 വർഷത്തിലധികം ജോലിചെയ്ത ഡോ. ആസ്യ നസീം ഡെന്റൽ ടൂറിസം രംഗത്തേക്ക് കടക്കുക എന്ന ആഗ്രഹത്തോടെയാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ, നിനച്ചിരിക്കാതെ വന്നെത്തിയ കോവിഡ് മഹാമാരി സ്വപ്നങ്ങളെയാകെ തകിടം മറിച്ചു.
മസ്കത്തിൽ സ്ത്രീകളുടെ രംഗത്ത് പ്രവർത്തിച്ച അനുഭവ സമ്പത്തുമായി, ബിസിനസ് രംഗത്തെ വനിതകളെ കൂട്ടിയിണക്കാൻ ശ്രമിച്ചെങ്കിലും എവിടെയോ എന്തോ കുഴപ്പമുണ്ടല്ലോ എന്നായിരുന്നു ആസ്യയുടെ ആശങ്ക. അങ്ങനെയാണ് ആസ്യ ഷീ കണക്ട് ലോഞ്ച് ചെയ്തത്. വനിതസംരംഭകർക്ക് ആത്മവിശ്വാസം നൽകുകയാണ് ഷീ കണക്ട് ആദ്യം ചെയ്യുന്നത്. ഇതിനായി ബിസിനസ് മീറ്റ് അപ്പുകളും ക്ലാസുകളും നൽകുന്നു.
സംരംഭകർക്ക് അത്യാവശ്യമായ ബന്ധങ്ങൾ, പ്രമോഷൻ നൽകുന്നതിലാണ് ഷീ കണക്ടിന്റെ ഊന്നൽ. വിവിധ രംഗത്ത് പ്രവർത്തിക്കുന്ന 30, 40 വനിതസംരംഭകരെ മാത്രം ഉൾപ്പെടുത്തി ചാപ്റ്ററുകൾ ആരംഭിക്കുകയാണ് ആദ്യപടി. ബേക്കർമാർ, മേക്ക് അപ് ആർട്ടിസ്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, ഡ്രസ് ഡിസൈനർമാർ, ആർക്കിടെക്ടുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ചെറിയ ചെറിയ ചാപ്റ്ററുകൾ.
ചാപ്റ്ററിലുള്ള മറ്റ് ബിസിനസ് സംരംഭകരെക്കുറിച്ച് ഓരോ സംരംഭകയും തന്റെ ഉപഭോക്താക്കളോട് സംസാരിക്കുകയും തനിക്കൊപ്പം മറ്റുള്ളവർക്ക് വേണ്ടിയും അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
30ഓളം പേരുള്ള ചാപ്റ്ററിൽ 29 ബ്രാൻഡ് അംബാസഡർമാരെയും അങ്ങനെ ഓരോ സംരംഭകക്കും ലഭിക്കുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽമാത്രം ഇപ്പോൾ ഷീ കണക്ടിന് ആറ് ചാപ്റ്ററുകളുണ്ട്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ആഗോളതലത്തിലും ഷീ കണക്ടിന്റെ സേവനങ്ങൾ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ആസ്യ.
ഷീ കണക്ട് നൽകുന്ന ആത്മവിശ്വാസത്തിന്റെ തണലിൽ വനിതകളുടെ ബിസിനസുകൾ തഴച്ചുവളരുകയാണെന്ന് ഡോ. ആസ്യ സാക്ഷ്യപ്പെടുത്തുന്നു. ഷീ കണക്ടിലെ സംരംഭകരിലേറെയും മലപ്പുറത്തുനിന്നാണ്.
വേസ്റ്റ് വാട്ടർ മാനേജ്മെന്റ് പ്ലാന്റ് എന്ന ആശയവുമായി എത്തിയ ഷാഹിന, തന്റെ ബിസിനസ് പടർന്നുപന്തലിച്ചപ്പോൾ വിദേശത്തുള്ള ഭർത്താവിനെക്കൂടി സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ രംഗത്തെ പ്രമുഖയായ ഷാഹിനയുടേതുപോലെ അനേകം വനിതകളുടെ കഥ പറയാനുണ്ട് ആസ്യക്ക്.
എന്തുകൊണ്ട് സ്ത്രീകളെമാത്രം കണക്ട് ചെയ്യുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. പുരുഷന്മാർക്ക് ബന്ധങ്ങൾ കൂടുതലുണ്ട്. സ്ത്രീകൾക്കാണ് സഹായം ആവശ്യമുള്ളത്. ഓരോ സംരംഭകക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതാണ് ഷീ കണക്ടിന്റെ പ്രവർത്തനങ്ങളുടെ കാതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.