സാധാരണക്കാരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി കെട്ടിട നിർമാണ മേഖലയിൽ പകരം വെക്കാനില്ലാത്ത മാതൃകയുമായി ശ്രീ ദീപം കൺസ്ട്രക്ഷൻ യൂനിറ്റിലെ സ്ത്രീ രത്നങ്ങളുടെ വിജയഗാഥ. കുടുംബശ്രീയുടെ കീഴിലുള്ള ജില്ലയിലെ സ്ത്രീകളുടെ കൺസ്ട്രക്ഷൻ ഗ്രൂപ്പുകളിൽ കഴിഞ്ഞ എട്ടുവർഷത്തിലധികമായി ശ്രദ്ധേയമായ നേട്ടവുമായി പനമരം ആസ്ഥാനമായുള്ള ഈ ആറംഗ വനിത സംഘം മുന്നേറുകയാണ്.
സ്ത്രീകൾ അധികം കടന്നുവരാത്ത കെട്ടിട നിർമാണ മേഖലയിൽ കഴിഞ്ഞ എട്ടുവർഷത്തിലധികമായി ഇവർ സാന്നിധ്യം ഉറപ്പിച്ചിട്ടും ഈ വനിത ദിനത്തിലും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ആണുങ്ങളുടെ കുത്തകയായ കെട്ടിട നിർമാണ മേഖലയിൽ ജോലിയെടുക്കുമ്പോഴും അതിനായി പോകുമ്പോഴുമൊക്കെ കേൾക്കുന്ന പരിഹാസങ്ങളെ ചിരിച്ചുതള്ളിയാണ് കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണയോടെ ഇവർ വിജയഗാഥ തീർക്കുന്നത്.
ഇതിനോടകം 16ലധികം വീടുകളും ചെറുതും വലുതുമായ 30ലധികം മറ്റു കെട്ടിടങ്ങളും ഇവർ സ്വന്തമായി നിർമിച്ചിട്ടുണ്ട്. കമ്പളക്കാട് ഒന്നാം മൈൽ കുമ്മാളി വീട്ടിൽ റംല അഷ്റഫിന്റെ നേതൃത്വത്തിൽ ഏച്ചോം സ്വദേശിനികളായ വീണ രാജേന്ദ്രൻ, ഷീജ സന്തോഷ്, ടെസി, പനമരം സ്വദേശിനി ജമീല അഷ്റഫ്, നീർവാരം സ്വദേശിനി ശ്രീജ സുധാകരൻ എന്നീ ആറുപേരാണ് ശ്രീ ദീപം കൺസ്ട്രക്ഷൻ യൂനിറ്റിലെ അംഗങ്ങൾ. പനമരം, പൊഴുതന, നടവയൽ തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് ഇതുവരെയായി വീടുകൾ നിർമിച്ചുനൽകിയിട്ടുള്ളത്.
15ാം വയസ്സിൽ ഫാൻസി കടയിൽ ജോലിക്ക് കയറിയ റംല 18 വർഷത്തിനുശേഷം സ്വന്തമായി മെസ് തുടങ്ങി. ഇതിനുശേഷം 39ാം വയസ്സിലാണ് നിർമാണ മേഖലയിലേക്ക് കടന്നുവരുന്നത്. റംല ഉൾപ്പെടെയുള്ളവർക്ക് കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ കെട്ടിട നിർമാണത്തിൽ 40 ദിവസത്തെ പ്രാക്ടിക്കലും തിയറി പരിശീലനവും ലഭിച്ചിരുന്നു.
അതുകഴിഞ്ഞ് പനമരത്ത് ടോയ് ലറ്റും ടാങ്കും നിർമിച്ചതാണ് ആദ്യമായി ചെയ്ത നിർമാണം. അതിനുശേഷം കമ്യൂണിറ്റി കിച്ചനുകൾ ഉൾപ്പെടെ നിർമിച്ചുനൽകി. പനമരം ഒമ്പതാം വാർഡിൽ 420 ചതുരശ്ര അടിയുടെ വീട് നിർമിച്ചുകൊണ്ടാണ് ആറംഗ സംഘം വീടുനിർമാണത്തിലേക്ക് ചുവടുവെക്കുന്നത്. വെട്ടുകല്ല് ഉൾപ്പെടെയുള്ള പണികൾക്ക് കെട്ടുപണിക്കാരനായി ഒരാളെ കൂടെക്കൂട്ടാറുണ്ട്. വാർപ്പിന് സഹായത്തിനായി മറ്റുള്ളവരെയും വിളിക്കും.
അതല്ലാതെ മറ്റെല്ലാ പ്രവൃത്തിയും ഇവർ തന്നെയാണ് ചെയ്യുന്നത്. ജോലിയില്ലാത്ത സമയത്ത് നെയ്യപ്പം ഉൾപ്പെടെയുണ്ടാക്കി നൽകിയാണ് റംല വരുമാനം കണ്ടെത്തുന്നത്. മറ്റു അഞ്ചുപേരും തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് നിർമാണ മേഖലയിലെത്തുന്നത്.
സർക്കാർ പദ്ധതിക്ക് കീഴിൽ കുടുംബശ്രീ ജില്ല മിഷൻ വഴി ലഭിക്കുന്ന ടെൻഡറുകളാണ് ഇവർ പ്രധാനമായും ഏറ്റെടുക്കുന്നത്. പൊഴുതനയിൽ 420 ചതുരശ്ര അടിയുടെ ഒമ്പതു വീടുകളും 800 ചതുരശ്ര അടിയുടെ ഒരു വീടും നിർമിച്ചുനൽകിയിട്ടുണ്ട്. കാരാപ്പുഴ പുനരധിവാസ പദ്ധതിക്ക് കീഴിൽ ആറു വീടുകളും ഇവർ നിർമിച്ചുനൽകി. ഇതിന് പുറമെ പനമരത്ത് നിരവധി വീടുകൾ അറ്റകുറ്റപ്പണി നടത്തി.
പുത്തുമലയിൽ ഉരുൾപൊട്ടിയശേഷം അവിടത്തെ കേടായ ലയങ്ങൾ ഉൾപ്പെടെയുള്ള വീടുകൾ നവീകരിച്ചുനൽകിയിട്ടുണ്ട്. പനമരം സ്കൂളിന്റെ ചുറ്റുമതൽ, നടവയലിലെ ട്രൈബൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കണിയാമ്പറ്റ പഞ്ചായത്തിൽ 29 കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങിയ നിരവധി നിർമാണ പ്രവൃത്തിയും വിജയകരമായി പൂർത്തിയാക്കി.
ട്രൈബൽ വകുപ്പിന്റെ കീഴിൽ 25 വീടുകൾ നിർമിക്കാനുള്ള കരാർ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഫണ്ടിന്റെ കുറവ് പരിഹരിച്ചശേഷം ഇവയുടെ പ്രവൃത്തിയും ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കാനൊരുങ്ങുകയാണിവർ.
ഏതു തൊഴിലിനും അതിന്റേതായ പ്രാധാന്യവും വിലയുമുണ്ടെന്നും അതിൽ മുന്നേറാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്നും കെട്ടിട നിർമാണ മേഖലയിൽ ചുവടുറപ്പിച്ച കുടുംബശ്രീയുടെ കൺസ്ട്രക്ഷൻ യൂനിറ്റുകളുടെ സെക്രട്ടറി കൂടിയായ റംല അഷ്റഫ് പറയുന്നു. 420 ചതുരശ്ര അടിയുള്ള വീട് നിർമിക്കാൻ അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുക.
പണിയെല്ലാം കഴിഞ്ഞ് ബാക്കിയുള്ള പതിനായിരമോ ഇരുപതിനായിരമോ പരസ്പരം വീതിച്ചെടുക്കും. കൂലിയായി 600 രൂപയാണെടുക്കുന്നത്. അതേസമയം, കെട്ടുപണിക്ക് വിളിക്കുന്നയാൾക്ക് കൂലിയായി 1000 മുതൽ 1200 രൂപവരെ നൽകേണ്ടിയും വരുന്നുണ്ട്.
കൂലി കൂട്ടിയാൽ വീട് നിർമാണം പൂർത്തിയാകാത്ത സാഹചര്യമുണ്ടാകുമെന്നും പലപ്പോഴും ലാഭവിഹിതം കുറവാണെങ്കിലും നിർധനരായവർക്ക് സ്വന്തമായൊരു വീട് നിർമിച്ചുനൽകുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്നും റംല പറയുന്നു. ന്യായമായ കൂലിയും ചെറിയ ലാഭവും മാത്രമെടുത്താണ് വീടുനിർമാണം.
എട്ടുവർഷമായി പലയിടത്തായി വീടുനിർമിച്ചുനൽകിയിട്ടുണ്ടെങ്കിലും സ്വന്തം പഞ്ചായത്തായ കണിയാമ്പറ്റയിൽ ഇതുവരെ വീടു നിർമിച്ചുനൽകാനായിട്ടില്ലെന്നും അതാണ് ഇനിയുള്ള വലിയ ആഗ്രഹങ്ങളിലൊന്നെന്നും റംല പറയുന്നു. സ്വന്തം നാട്ടിൽ വീടുനിർമിക്കാൻ കഴിയാത്തതിനാൽ തന്നെ ഇപ്പോഴും ആളുകൾക്ക് അംഗീകരിക്കാൻ മടിയുണ്ട്.
ഇപ്പോഴും വയസ്സാൻ കാലത്ത് കല്ലൊക്കെ പൊന്തിക്കാൻ കഴിയുമോ കോൺക്രീറ്റ് പണിക്കാണോ പോകുന്നതെന്ന തരത്തിലുള്ള പരിഹാസങ്ങൾ കേൾക്കാറുണ്ട്. എത്ര സർട്ടിഫിക്കറ്റുകളും അംഗീകാരവും ലഭിച്ചാലും ആളുകളുടെ മനോഭാവം ഇനിയും മാറേണ്ടതുണ്ടെന്നും അവർ പറയുന്നു. എന്ത് റിസ്ക് ആണെങ്കിലും സ്ത്രീകൾ അത് ചെയ്യാൻ തയാറാകണം, ആരും ഒന്നിൽനിന്നും മാറി നിൽക്കരുത്. പരിഹാസങ്ങൾ ചിരിച്ചുകൊണ്ട് തരണം ചെയ്ത് മറുപടി നൽകണമെന്നും റംല പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.