ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതോടെ ചരിത്രത്തിൽ അതൊരു നാഴികക്കല്ലായി മാറുകയാണ്. ബിൽ നിയമമായാൽ വനിതകളുടെ അംഗബലം ലോക്സഭയിലും നിയമസഭയിലും വളരയേറെ ഉയരും. നിയമത്തിനപ്പുറം സ്ത്രീ സുരക്ഷ, സമത്വം എന്നിവക്കും രാജ്യവും ഭരണാധികാരികളും പ്രാ ധാന്യം നൽകേണ്ടത് അനിവാര്യമാണ്. വനിത സംവരണ ബില്ലിനെ കുറിച്ച് ജില്ലയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ അവരുടെ അഭിപ്രായം ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
ജെൻഡർ ഗ്യാപ്പ് പരിഹരിക്കാൻ ഉപകാരപ്പെടും -പ്രിയ വാര്യർ
(സൈക്കോ സോഷ്യൽ കൗൺസലർ, ജി.എച്ച്.എസ്.എസ് കുന്നക്കാവ്)
ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് പട്ടികയിൽ 146 രാജ്യങ്ങളിൽ ഇന്ത്യക്ക് 127ാം സ്ഥാനമാണ്. വനിതകളുടെ രാഷ്ട്രീയ ശാക്തീകരണത്തിനും ജെൻഡർ ഗ്യാപ്പ് പരിഹരിക്കാനും ഇത്തരം സംവരണം ആവശ്യമാണ്. സ്ത്രീ ഭരണത്തിൽ ഇരിക്കുമ്പോൾ ഭരിക്കുന്നത് സ്ത്രീയല്ല മറിച്ച് പിറകിൽനിന്ന് പുരുഷനാണ് നിയന്ത്രിക്കുന്നത് എന്നൊരു നാട്ടുവർത്തമാനം നമ്മളെല്ലാം കേട്ടിരിക്കും. പക്ഷേ അതെല്ലാം വെറും അസൂയ പറച്ചിലുകൾ മാത്രമാണ് എന്നുള്ളത് തുറന്നമനസ്സോടെ സ്ത്രീ ഭരണാധികാരികളെ വീക്ഷിച്ചാൽ മനസ്സിലാക്കാനാകും. വളരെ കഴിവോടെയും നേതൃപാടവത്തോടെയും ഭരണം നടത്തുന്ന സ്ത്രീകൾ നമുക്കിടയിൽ എത്രയോ പേരുണ്ട്. ഈ ബില്ല് പാസാവുന്നതോടെ, കഴിവുകളുള്ള സ്ത്രീകൾ മുന്നോട്ടുവരുകയും, അവരുടെ നേതൃപാടവും ബുദ്ധിശക്തിയും ഭരണപാടവവുമെല്ലാം രാഷ്ട്രത്തിന്റെ പുരോഗമനത്തിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.
സ്ത്രീകൾക്ക് ആത്മവിശ്വാസം വർധിക്കും -എം. അമ്മിണി
(റിട്ട. അധ്യാപിക, പെരിന്തൽമണ്ണ)
രാജ്യത്ത് സ്ത്രീകൾ ഏറെക്കാലമായി കാത്തിരിക്കുന്നതാണ് വനിത ബില്ലും സ്ത്രീകൾക്ക് ഭരണതലത്തിലുള്ള അവസരങ്ങളും. സ്ത്രീകളെ സമൂഹത്തിലേക്ക് ഇറക്കാൻ ഇത് ഏറെ സഹായിക്കും. ഒന്നിനും കഴിയില്ലെന്ന് കരുതിയിരിക്കുന്ന സ്ത്രീകൾക്ക് വലിയ ആത്മവിശ്വാസം പകരാൻ വനിത ബില്ല് പാസാവുന്നതോടെ സാധിക്കുമെന്നാണ് കരുതുന്നത്. തുല്യാവകാശം ലഭിക്കാനുള്ള നിരന്തര പോരാട്ടത്തിലാണ് പുരോഗമന വനിത പ്രസ്ഥാനങ്ങൾ. എത്രയോ കാലമായി തെരുവിൽ ഇതിനായി മുദ്രാവാക്യം മുഴങ്ങുന്നു. തൊഴിൽ രംഗത്ത് തുല്യവേതനമടക്കം അവകാശങ്ങൾ പരിധിവരെ നേടിയെടുക്കാനായെങ്കിലും ഇപ്പോഴും ഭരണതലത്തിൽ നിന്ന് സ്ത്രീകൾ മാറ്റി നിർത്തപ്പെടുന്ന കാഴ്ചയാണ്. വനിത ബില്ല് പാസാവുന്നതോടെ ഇതിന് പരിഹാരമാവുമെന്നാണ് കരുതുന്നത്.
സ്ത്രീകൾ സജീവമായത് സംവരണം വന്നത് മുതൽ -അഡ്വ. സബീന തിരൂർ
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിത സംവരണ ബില്ല് സ്വാഗതാർഹമാണ്. നല്ലൊരു മുന്നേറ്റമാണിത്. സ്ത്രീകളുടെ കഴിവും പ്രാവീണ്യവും തെളിയിക്കാൻ കൂടുതൽ അവസരം നൽകുന്നതാണിത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വനിത സംവരണം കൊണ്ടുവന്നത് മുതലാണ് പൊതുരംഗത്ത് സ്ത്രീകൾ സജീവമായത്. വോട്ടു ശതമാനത്തിൽ കൂടുതലായ സ്ത്രീകൾക്ക് പൊതുരംഗത്ത് സജീവമാവാനുള്ള കൂടുതൽ അവസരം നൽകുന്നതാണ് വനിത സംവരണ ബില്ല്.
പാർലമെന്റിലും നിയമസഭയിലും സ്ത്രീപക്ഷ ശബ്ദങ്ങളായി ഉയരണം -അഡ്വ. നിമിഷ നാഗ്
(വഴിക്കടവ് ഗ്രാമ പഞ്ചായത്ത് അംഗം)
1996ൽ ആണ് ആദ്യമായി പാർലമെന്റിൽ വനിത സംവരണ ബിൽ അവതരിപ്പിച്ചത്. ഇടതു പാർട്ടികൾ ഉൾപ്പെടെയുള്ള കക്ഷികൾ അതിനെ പിന്തുണച്ചപ്പോൾ ബി.ജെ.പി ഉൾപ്പെടെ മറ്റു പാർട്ടികളുടെ സഹകരണമില്ലാത്തതുകൊണ്ടാണ് അന്നത് പാർലമെന്റിൽ പാസാവാതെ പോയത്. ബില് പാസായാലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില് അത് നടപ്പാകാന് സാധ്യതയില്ല. പാസാവുന്നതോടെ പാർലമെന്റിലും നിയമസഭകളിലും സ്ത്രീ ശബ്ദങ്ങൾ ഉയരുമെങ്കിലും അത് സ്ത്രീപക്ഷ ശബ്ദങ്ങളായി മാറേണ്ടത് ഏറെ പ്രധാനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 50 ശതമാനം സ്ത്രീ സംവരണം വന്നതോടെ സ്ത്രീകൾ ജനപ്രതിനിധികളായി വരുകയും സ്ത്രീകൾക്ക് അനുകൂലമായ ഒരുപാട് പദ്ധതികൾ കൊണ്ടുവരാൻ സഹായകമാവുകയും ചെയ്തിട്ടുണ്ട്. സ്ത്രീ അധികാര കേന്ദ്രങ്ങളിൽ എത്തുന്നത് സന്തോഷകരവും പ്രോത്സാഹനവുമാണ്. ബില്ലിനെ പിന്തുണക്കുന്നു.
സ്ത്രീ ക്ഷേമത്തിന് മുതൽക്കൂട്ട് -ഷെറീന മുഹമ്മദാലി
(വനിത ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ്)
സ്ത്രീകൾ ഭരണരംഗത്തേക്ക് വരുന്നത് താഴെക്കിടയിലുള്ളവരുടെ ക്ഷേമത്തിന് മുതൽക്കൂട്ടാവും. മുൻ കോൺഗ്രസ് സർക്കാർ വനിത സംവരണ ബിൽ കൊണ്ടുവരാൻ ശ്രമം നടത്തിയതാണ്. ബി.ജെ.പി ഉൾപ്പെട്ട പ്രതിപക്ഷങ്ങളുടെ സഹകരണമില്ലായ്മയാണ് ബില്ല് പാസാവാതെ പോയത്. സ്ത്രീ ശാക്തീകരണത്തിനും ദാരിദ്ര്യനിർമാർജനത്തിനും നിയമം വരുന്നതോടെ കൂടുതൽ വഴിതെളിയും. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സ്ത്രീകൾക്ക് സാധിക്കും എന്നതിന് തെളിവാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ ജനപ്രതിനിധികളുടെ ഇടപെടൽ.
സ്ത്രീകളുടെ പ്രശ്നങ്ങൾ ഭരണതലത്തിലെത്തും -അമ്പിളി മനോജ്
(പെരിന്തൽമണ്ണ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ)
സ്ത്രീകളുമായി ബന്ധപ്പെട്ട ഒട്ടേറെ ജീവൽ പ്രശ്നങ്ങൾ ഉണ്ട്. ഇവ പാർലമെൻറിലും നിയമസഭകളിലും വേണ്ടുന്ന ഗൗരവത്തിൽ ചർച്ച നടത്തി തീരുമാനങ്ങളുണ്ടാക്കാൻ കഴിയാത്തതിന് കാരണം സ്ത്രീ പ്രാതിനിധ്യം വേണ്ടത്ര ഇല്ലാത്തതാണ്. സ്ത്രീകൾ ഈ വേദികളിലുണ്ടെങ്കിൽ ഗൗരവ പൂർവം ഇക്കാര്യങ്ങളിൽ ചർച്ച നടക്കും. മുഖ്യമന്ത്രിയാവാനും പ്രധാനമന്ത്രിയാവാനും ശേഷിയും വിവരമുള്ള എത്രയോ സ്ത്രീകളുണ്ട്. അവസരം ലഭിക്കുന്നില്ല. അപൂർവമായി ലഭിച്ച അവസരങ്ങളിൽ ഭരണരംഗത്ത് തിളങ്ങിയ എത്രയോ വനിതകളെ കേരളത്തിൽ തന്നെ കാണാൻ കഴിയും. ഇന്ത്യയിലെ ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ബിൽ അവതരിപ്പിക്കുന്നതിലെ കേന്ദ്ര സർക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു.
വിശദാംശങ്ങൾ പഠിക്കേണ്ടതുണ്ട് -ഗിരിജ പാതേക്കര
(കവയിത്രി കോട്ടക്കൽ)
വനിത സംവരണ ബിൽ പാസായത് പോസറ്റീവായി കാണുന്നു. വർഷങ്ങളായി കാത്തു കാത്തിരുന്നതാണ്. പക്ഷെ വിശദാംശങ്ങൾ പഠിക്കേണ്ടതുണ്ട്. പുറത്തുവന്ന ശേഷമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ. ഒറ്റ നോട്ടത്തിൽ സ്വാഗതം ചെയ്യുന്നു.
മാറ്റത്തിന് തുടക്കമാവുമെന്ന് പ്രത്യാശിക്കുന്നു -ഫർസാന സി.എം.ടി തിരൂർ
വനിത സംവരണ ബിൽ നിയമമാക്കുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഒരു സുപ്രാധാന മാറ്റത്തിന് തുടക്കമാവുമെന്ന് പ്രത്യാശിക്കുന്നു. ഇതിലൂടെ ഇന്ത്യൻ നിയമ നിർമാണ സഭകളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യവും പൊതുരംഗത്തേക്ക് സ്ത്രീകളുടെ കടന്നുവരവും വർധിക്കും.
നിയമനിർമാണ സഭകളിലെ മാറ്റിനിർത്തൽ ഇല്ലാതാക്കും -എ. ഷഫ്ന അധ്യാപിക (പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്)
നിയമ നിർമാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം സ്ത്രീ ശാക്തീകരണത്തിന് അനിവാര്യമാണ്. സമൂഹത്തിന്റെ സമസ്ത മേഖലയിലും സ്ത്രീശക്തി തെളിയിക്കപ്പെട്ടതാണ്. 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിലൂടെ നിയമനിർമാണ സഭകളിലെ മാറ്റിനിർത്തപ്പെടൽ ഇല്ലാതാക്കുമെന്നതിൽ തർക്കമില്ല. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള വഴികൾ കൂടി നിയമ നിർമാണത്തിൽ ഉറപ്പാക്കേണ്ടതുണ്ട്.
സ്ത്രീ മുന്നേറ്റം സാധ്യമാവണം -സാദിയ ആലിക്കൽ
(സോഫ്റ്റ് വെയർ എൻജിനീയർ, പെരിന്തൽമണ്ണ)
സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെ കൂടി ബാധ്യതയാണ്. അതുകൊണ്ടുതന്നെ നിയമനിർമാണ സഭകളിലും വലിയ പ്രാതിനിധ്യം ഉണ്ടാവേണ്ടതുണ്ട്. എന്നാൽ, കേന്ദ്ര സർക്കാർ ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കൊണ്ടുണ്ടാക്കുന്ന ഈ നിയമത്തിന് പിന്നിൽ പ്രത്യേക അജൻഡകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും ഈ ബില്ല് കൊണ്ട് സത്രീ മുന്നേറ്റം സാധ്യമാകുമെങ്കിൽ അതിനെ അനുകൂലിക്കുന്നു.
കേരളം ഇന്ത്യക്ക് മാതൃക-ഷറീന ജൗഹർ
(മഞ്ചേരി നഗരസഭ കൗൺസിലർ)
ഇന്ന് ലോകസഭയിൽ അവതരിപ്പിച്ച വനിത ബില്ലിനെ പൂർണമായും അനുകൂലിക്കുന്നു. ഇന്ത്യയിൽ ഇത് വലിയ മാറ്റത്തിന് കാരണമാകും. 50 ശതമാനം സംവരണം തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കിയ കേരളം ഇന്ത്യക്ക് മികച്ച മാതൃകയാണ്. സ്ത്രീകളുടെ ഭരണമികവും നേതൃപാടവവും ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കാനുള്ള സുവർണാവസരമായി ഇതിനെ കാണുന്നു.
33 ശതമാനം എന്ന ഔദാര്യമല്ല ആവശ്യം -ജയശ്രീ രാജീവ്
(മലപ്പുറം നഗരസഭകൗൺസിലർ)
ഇന്ന് സമസ്ത മേഖലയിലും പുരുഷനോടൊപ്പം കാര്യക്ഷമതയും പ്രാപ്തിയും തെളിയിച്ച് സ്ത്രീകൾ മുന്നേറുകയാണ്. കേരളത്തിലെ പ്രാദേശിക ഭരണത്തിൽ 50 ശതമാനം സംവരണം സ്ത്രീകൾക്ക് ഉറപ്പാക്കിയത് ഇടതുപക്ഷ സർക്കാറിന്റെ കാലത്താണ്.
എന്നാൽ ഇന്ത്യൻ സമൂഹം പൊതുവിൽ സ്ത്രീവിരുദ്ധ പുരുഷാധിപത്യ ഫ്യൂഡൽ ബോധത്തിൽ അധിഷ്ഠിതമാണ്.
വനിത സംവരണ ബില്ലിനായി വിവിധ മഹിള സംഘടനകളുടെ നേതൃത്വത്തിൽ അനേകം സമരങ്ങൾ നടന്നു. അതുകൊണ്ടുതന്നെ 33 ശതമാനം എന്ന ഔദാര്യമല്ല ഞങ്ങൾക്കാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.