ആലപ്പുഴ: നിയമസഭകളിലും പാർലമെന്റിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുമ്പോൾ ഉയരുന്ന ചോദ്യം വരുമോ പാർട്ടി പദവികളിലും വനിത സംവരണം എന്നാണ്. സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളെല്ലാവരും പറയാറുണ്ടെങ്കിലും പാർട്ടി പദവികളിൽപോലും ആനുപാതികമായ നിലയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയിട്ടില്ല.
ജനപ്രതിനിധികളുടെ കാര്യത്തിൽ സംവരണത്തിലൂടെ വനിത പ്രാതിനിധ്യം ഉറപ്പാക്കുമ്പോഴും പാർട്ടി പദവികളിൽ കൂടി അത് നടപ്പാകുമ്പോഴാണ് വനിത മുന്നേറ്റം യാഥാർഥ്യമാകുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുതിയ സംവരണം നടപ്പായാൽ ജില്ലയിൽ വനിത എം.എൽ.എമാരുടെ എണ്ണം മൂന്നായി ഉയർന്നേക്കും. ഇതോടെ കൂടുതൽ വനിതകളെ നിയമസഭ സാമാജികരും എം.പിമാരും ആക്കാൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതമാകുകയാണ്. സംവരണ മണ്ഡലങ്ങൾ ഓരോ തെരഞ്ഞെടുപ്പിലും മാറിമറിഞ്ഞാൽ ചില മണ്ഡലങ്ങൾ സ്ഥിരം തട്ടകമാക്കിയിരിക്കുന്നവർക്ക് തുടർന്ന് അതിനു കഴിഞ്ഞില്ലെന്ന് വരും. 40 ജില്ല കമ്മിറ്റി അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. അതിൽ അഞ്ച് വനിതകൾ മാത്രമാണുള്ളത്. കൂടാതെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സി.എസ്. സുജാതയും ജില്ല കമ്മിറ്റിയിലുണ്ട്. 13 അംഗങ്ങളുള്ള ജില്ല സെക്രട്ടേറിയറ്റിൽ വനിതയായി രാജമ്മ മാത്രമാണുള്ളത്.
കോൺഗ്രസിൽ പദവികൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. 18 ബ്ലോക്കുകളിൽനിന്നായി 108 ഡി.സി.സി അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.
ഇതിൽ ഒരു ബ്ലോക്കിൽ കുറഞ്ഞത് ഒരാളെങ്കിലും പട്ടിക ജാതിയിൽനിന്നുള്ളതും ഒരാളെങ്കിലും വനിതയായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അങ്ങനെ 18 പട്ടികജാതിക്കാരും 18 വനിതകളും ഡി.സി.സിയിൽ അംഗങ്ങളായുണ്ട്. ഇവരാണ് വോട്ടവകാശമുള്ള ഡി.സി.സി അംഗങ്ങൾ. പക്ഷേ, ഇങ്ങനെ തെരഞ്ഞെടുത്ത് വരുന്നവരെ കൂടാതെ നേതാക്കളുടെ താൽപര്യാർഥം നോമിനേഷനിലൂടെ നിയമിക്കപ്പെടുന്നവർ 400ഓളം വരും. അതോടെ പാർട്ടി ഭരണഘടന നിഷ്കർഷിച്ച തെരഞ്ഞെടുപ്പും സംവരണവുമെല്ലാം അതിനടിയിൽ പെട്ടുപോകുന്ന സ്ഥിതിയാണ്. ഡി.സി.സി പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റുമാർ എട്ടും ജനറൽ സെക്രട്ടറിമാർ 96 പേരുമുണ്ട്.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായി 15 വനിതകളുണ്ട്. വൈസ് പ്രസിഡന്റായി ഒരു വനിതയുമുണ്ട്.
സി.പി.ഐ ജില്ല കൗൺസിലിൽ 55 പേരാണുള്ളത്. ഇത്തവണ 20 ശതമാനം വനിതാ സംവരണം വേണമെന്ന് പാർട്ടി നിർദേശിച്ചിരുന്നു. അതനുസരിച്ച് 10 വനിതകളുണ്ട്. ജില്ല എക്സിക്യൂട്ടിവിൽ 15 പേരാണുള്ളത്. അതിൽ രണ്ട് വനിതകളുണ്ട്. ജില്ല കൗൺസിലിൽ 20 ശതമാനം പേർ 50 വയസ്സിൽ താഴെയുള്ളവരായിരിക്കണമെന്ന നിർദേശവും പാർട്ടി വെച്ചിരുന്നു. അതും നടപ്പാക്കിയിട്ടുണ്ടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.