നരിക്കുനി: മക്കളും മരുമക്കളും ബന്ധുക്കളും പേരക്കുട്ടികളുമടക്കം 86 പേർക്ക് സ്നേഹക്കടലായി പാത്തുമ്മ ഹജ്ജുമ്മ. ഇവരുടെ പരിലാളനം ആവോളം ആസ്വദിക്കുകയാണ് ഉറ്റവരും ഉടയവരുമായ ബന്ധുജനങ്ങൾ. നെടിയനാട് നൂനിക്കുന്നുമ്മൽ കിഴക്കേകര പരേതനായ കലന്തന്റെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മയാണ് (92) മക്കളടക്കം നാല് തലമുറക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പർശം തൂവുന്നത്.
സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ഈ അമ്മമനസ്സിന്റെ പ്രീതി നേടിയവരിലേറെയും സ്വസമുദായത്തേക്കാളേറെ മറ്റ് സമുദായക്കാരായിരുന്നു. നൂനിക്കുന്നുമ്മൽ വീട്ടുമുറ്റത്തെത്തുന്ന അതിഥികൾക്ക് ഒരിക്കലും നിരാശരാവേണ്ടിവന്നിട്ടില്ല.
ആയിഷ, കുട്ടി ഹസ്സൻ (മാപ്പിളപ്പാട്ട് രചയിതാവ് ഹസ്സൻ നെടിയനാട്), മറിയോമ്മ, പരേതനായ കോയക്കുട്ടി, ആസ്യ എന്നിങ്ങനെ അഞ്ചുമക്കളുടെ ഉമ്മയാണ്. നാലാമത്തെ മകനായ കോയക്കുട്ടി മേലടി എ.എം.എൽ.പി സ്കൂൾ അധ്യാപകനായിരിക്കെ മരിച്ചു. ആ മരണം ഈ അമ്മമനസ്സിനെ ഏറെക്കാലം വേദനിപ്പിച്ചു.
മകന്റെ ഓർമയുമായി നൂനിക്കുന്നുമ്മൽ വീട്ടിൽ കഴിയുന്ന പാത്തുമ്മ ഹജ്ജുമ്മക്ക് മക്കളുടെ ഭാര്യമാരും പെൺമക്കളുടെ ഭർത്താക്കന്മാരും ബന്ധുക്കളും പേരമക്കളും മരുമക്കളുമായി 86 പേർക്ക് കരുതലും കരുത്തുമായി കൂടെയുണ്ട്. മൂത്തമകളുടെ മക്കളടങ്ങുന്നതാണ് നാലാം തലമുറയിലെത്തിനിൽക്കുന്നത്.
സ്വന്തം മക്കളെ എങ്ങനെ വളർത്തണമെന്നറിയാത്തവരാണ് ഇന്നത്തെ അമ്മമാരെന്ന് ഈ അമ്മ സാക്ഷ്യപ്പെടുത്തുന്നു. പഴയതലമുറയിലെ അമ്മമാർ മക്കളെ പഠിപ്പിക്കാനും വളർത്താനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പാത്തുമ്മ ഹജ്ജുമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.