ആർട്ട് ഡി'ജിപ്റ്റിന്റെ ‘ഫോർ എവർ ഈസ് നൗ’ എന്ന എക്സിബിഷന്റെ അഞ്ചാമത് എഡിഷൻ ഈജിപതിൽ നടക്കുകയാണ്. ലോകത്തെ നിരവധി കലാകാരൻമാരുടെ സൃഷ്ടികൾ പരിചയപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തമായ ഗിസ പിരമിഡുകൾ സ്ഥിതി ചെല്ലുന്ന പീഠഭൂമിയിലാണ് കലാസൃഷ്ടികൾ പ്രദർശപ്പിച്ചിരിക്കുന്നത്.
പിരമിഡുകൾക്ക് മുമ്പിൽ ഭൂമിയിൽനിന്ന് ഉയർന്നുവരുന്നതായി തോന്നുന്ന ഒരു സ്തൂപത്തിന്റെ രൂപത്തിലെ സൃഷ്ടിയായിരുന്നു സന്ദർശകരെ ഏറ്റവും ആകർഷിച്ചത്. ഇമാറാത്തി കലാകാരിയായ സൈനബ് അൽ ഹാഷിമിയായിരുന്നു ആ മനോഹര ശിൽപത്തിന് പിന്നിലെ സർഗാത്മക ബുദ്ധികേന്ദ്രം.
കലാപരമായി വലിയ പാരമ്പര്യമൊന്നുമില്ലാത്ത പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന് ലോകപ്രശസ്തയായ ഇമാറാത്തി കലാകാരിയെന്ന നിലയിൽ ഉയർന്ന വനിതയാണിവർ. ദുബൈയിൽ ജനിച്ചു വളർന്ന ദുബൈയിലെ സായിദ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ആർട്സിൽ ബിരുദം നേടിയത്. ഗ്രാഫിക് ഡിസൈനിലായിരുന്നു താൽപര്യം.
ഓരോ പുതിയ പ്രോജക്റ്റിലും പുതിയ മെറ്റീരിയലുകളും ടെക്നിക്കുകളും പരീക്ഷിക്കാൻ തുടങ്ങിയതോടെ മനോഹരമായ സൃഷ്ടികൾ രൂപപ്പെടാൻ തുടങ്ങി. ചരിത്രത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ആശയങ്ങൾ നിറഞ്ഞതായിരുന്നു ഇവയെല്ലാം. വ്യത്യസ്തതയുള്ള കലാസൃഷ്ടികൾ രൂപപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
2011ൽ മരുഭൂമിയിൽ നിന്നുള്ള 40 കവിതകൾ അടിസ്ഥാനമാക്കി ചെയ്ത കലാസൃഷ്ടിക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഇതേ വർഷം തന്നെ അബുദാബി എയർപോർട്ട് സെന്റർ പ്രോജക്ടിൽ പങ്കാളിയായി. നിരവധി പദ്ധതികളിൽ വളരെ ശ്രദ്ധേയമായ നിരവധി കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനായത് മുതൽകൂട്ടായി.
ഷാർജ ബിനാലെയിലും ദുബൈയിൽ നടന്ന എക്സ്പോ 2020യിലെ സുസ്ഥിരത പവലിയനിലും അൽ ഹാഷിമിലുടെ കൈയാപ്പ് പതിഞ്ഞു. പാസ്റ്റ് ഫോർവേഡ്, വാഷിംഗ്ടൺ ഡി.സി(2014), അർബൻ ഫാന്റസ്മഗോറിയ, ക്വഡ്രോ ഗാലറി ദുബൈ (2014), ഡിസൈൻ ഡേയ്സിലെ തഷ്കീൽ ഗാലറി ദുബൈ(2014), ക്യാപിറ്റൽ ഡിയിലെ സ്റ്റുഡിയോ ഷോ(2013), ഷാർജ ബിനാലെ-11(2013), ഡിസൈൻ ഡേയ്സ് ദുബെ(2013), ആർട്ട് ഇൻ റെസിഡൻസ് എയർ ദുബൈ(2012), അബയ ദ അറ ഗാലറി(2012) എന്നീ എക്സിബിഷനുകളിൽ സാന്നിധ്യമറിയിച്ചു.
ചെറിയ കാഴ്ചപ്പാടുകളെ ലോകത്തിന് മുന്നിൽ അൽഭുതകരമായ രീതിയിൽ അവതരിപ്പിച്ച് വിജയിക്കാൻ സാധിച്ച ജീവലതമാണ ഇവരുടേത്. ഇപ്പോഴും പ്രധാനമായും ശിൽപങ്ങളും ഇൻസ്റ്റാലേഷനുകളും രൂപപ്പെടുത്തുന്നതിനാണ് പ്രവർത്തിക്കുന്നത്.
ഓരോ പ്രോജക്റ്റിനും പുതിയ മെറ്റീരിയലുകളും സാങ്കേതികതകളും പരീക്ഷിക്കുന്നു എന്നതാണ് സവിശേഷതയായി വിലയിരുത്തപ്പെടുന്നത്. കലാ പ്രേക്ഷകർക്ക് അപ്പുറം വിശാലമായ പൊതുജനങ്ങളിലേക്ക് എത്തുന്ന ശിൽപങ്ങളും രൂപങ്ങളിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ ലോക വേദികളിൽ തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.