പഴയ കാല കഥകള്‍ പകര്‍ത്തിയെഴുതി പുതുജീവിതത്തിനൊപ്പം നില്ക്കുന്ന ഒരിഴയടുപ്പം ഉണ്ടാകുമ്പോള്‍ മാത്രമാണ് ചരിത്രത്തിനു അര്‍ത്ഥവും വ്യക്തമായ ക്രമവും ആര്‍ജ്ജിക്കാനാവുന്നത്. തിരുവിതാംകൂറിലെ ആരാച്ചാരുടെ ജീവിത കഥ. അതും സ്വന്തം ജീവിതത്തെക്കാള്‍ ആ ഒരു മനുഷ്യന്‍്റെ കൈകള്‍ കറുത്തതുണികൊണ്ടു മുഖം മൂടിയ പ്രതികളുടെ അക്ഷരങ്ങളിലൂടെയുള്ള സഞ്ചാരവഴിയാണിത്. ഭൂതകാലത്തിന്‍്റെ അര്‍ഥം, ചരിത്രേതരവും മനസ്സിന്‍്റെ യുക്തിക്കതീതവുമായ ഒരപൂര്‍വ്വ സത്യത്തെ ആശ്രയിച്ചു ചരിത്രത്തെ ഈശ്വരനാല്‍ നിര്‍മിതമാക്കി മാറ്റാം. അതല്ളെങ്കില്‍ വെറും കെട്ടുകഥകളെന്നു വ്യാഖ്യാനിച്ചു, ഐതീഹ്യങ്ങളുടെ അടരുകള്‍ നിര്‍മ്മിച്ചു പറയുന്നതെന്തും ഒരു സാഹിത്യരുപമാക്കി എഴുതാം. മണ്‍മറഞ്ഞ കാലം ചരിത്രമെന്ന സത്യമായി എഴുതുകയെന്നത് കൃത്യനിഷ്ഠയുള്ള ഒരു മനസ്സിനും കാലത്തെ പുന:സൃഷ്ടിക്കാനുള്ള കഴിവുണ്ടെങ്കില്‍ മാത്രം സാദ്ധ്യമാകുന്നതെന്നും തെക്കുംഭാഗം മോഹന്‍റെ "തിരുവിതാംകൂറിലെ ആരാച്ചാര്‍' എന്ന അവസാനത്തെ ആരാച്ചാരുടെ ജീവിതമെഴുതിയപ്പോള്‍ വ്യക്തമാകുന്നു.
നാഞ്ചിനാടെന്ന ഇന്നത്തെ തമിഴകത്തെ ഒരു തുണ്ടു ഭൂമി ഒരിക്കല്‍ തിരുവിതാംകൂറിനു സ്വന്തമായിരുന്നു. അന്നത്തെ തിരുവിതാകൂറിന്‍്റെ തെക്കേയറ്റം ചരിത്രവും ഐതീഹ്യവും കഥകളും കേട്ടുകേഴ്വിയുടെ മായാജാലങ്ങളും നിറഞ്ഞ പ്രപഞ്ചമാണ്. അതിമാനുഷരായ ഭരണകര്‍ത്താക്കളും അവരെയെതിരിട്ട കൂട്ടത്തില്‍ തന്നെയുള്ളവരും ജാതികളും വര്‍ഗ്ഗങ്ങളും, ഒപ്പം പിന്നീടതിക്രമിച്ചു കയറിയ വിദേശികളും, അതിനെല്ലാമുപരി മാടനും മറുതയും യക്ഷിയുമൊക്കെ നിറഞ്ഞ ഒരു പ്രേതലോകത്തിന്‍്റെ ജീവിതവും ഉണ്ട്. പറഞ്ഞുകേട്ട കഥകളില്‍ നിന്നും വീരമായി മാറിയ അവസ്ഥയെ ചരിത്രത്തിന്‍്റെ ചെപ്പേടുകളിലേക്കു പകര്‍ത്തി, പിന്നെയെപ്പോഴോ ചരിത്രാന്വേഷകരാല്‍ ഖനനം ചെയ്യപ്പെടുന്ന മഹാസംഭവങ്ങളില്‍ നാഞ്ചിനാടിന്‍്റെ ഗ്രാമങ്ങളില്‍ ജീവിച്ചു തിരുവനന്തപുരത്തെ ജയിലില്‍ എത്തി വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ ശിക്ഷ നടപ്പാക്കി തിരിച്ചു പോകുന്ന ആരാച്ചാരുടെ കഥ കണ്ടേക്കാം. അതു വര്‍ത്തമാന കാലത്തില്‍ തന്നെ അവതരിപ്പിച്ചു എന്നതാണ് തിരുവിതാംകൂറിലെ ആരാച്ചാര്‍ എന്ന കൃതിയുടെ സവിശേഷത.
മരണമെന്നത് ഒരനുഷ്ഠാന കലയാക്കി മാറ്റി അവതരിപ്പിക്കുന്ന കലാകാരനാണ് ആരാച്ചാര്‍. ഒരര്‍ഥത്തില്‍ ഈശ്വരന്‍ നല്കിയ ജീവനെ തിരിച്ചെടുക്കുവാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളതുകൊണ്ടു യാതൊരുവിധ കേടുപാടുകളുമില്ലാതെ - ഒരു മുറിവുപോലുമില്ലാതെ - ശരീരത്തിലെ ജീവന്‍ ദൈവത്തിലേക്കു തിരിച്ചു കൊടുക്കുന്ന ഒരു കര്‍മ്മം ചെയ്യുന്നവന്‍. മരണത്തിനു ഒരാള്‍ രുപമുണ്ടെങ്കില്‍ അതാകുന്നു അയാള്‍.
പെരുവിള എന്ന നാഞ്ചിനാട്ടിലെ ഗ്രാമത്തില്‍ മരുമക്കത്തായ ദായക്രമമനുസരിച്ച് അരുണാചലം പിള്ളയില്‍നിന്നും തിരുമല ആണ്ടാര്‍പിള്ളയിലേക്കും അദ്ദേഹത്തില്‍നിന്ന് അവസാനത്തെ ആരാച്ചാരായി സ്ഥാനമേറ്റെടുക്കുമ്പോള്‍ വേലായുധപെരുമാള്‍പിള്ള സ്വയേച്ഛയിലല്ല സ്വീകരിച്ചത്. എന്നാല്‍ കുടുംബങ്ങളിലെ സകല സ്ത്രീകളും അമ്മമാരും തന്‍്റെ മക്കള്‍ ആരാച്ചാര്‍ എന്ന പദവിയിലേക്ക് എത്തുവാന്‍ ആഗ്രഹിച്ചിരുന്നു. ഒരര്‍ഥത്തില്‍ ചിലപ്പോള്‍ ലഭിക്കുന്ന സ്ഥാനവും രാജാവ് നല്കുന്ന സമ്പത്തുമൊക്കെ കാരണമാകാം. മുമ്പ് ഒരുപാട് ആരാച്ചാര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ധര്‍മ്മരാജാവിന്‍്റെ ഭരണകാലത്ത് ഒരാള്‍ക്കു മാത്രമായി ആരാച്ചാര്‍ സ്ഥാനം ഉറപ്പിച്ചു. പല ഭാഗത്തായി നടത്തിയ കഴുവേറ്റല്‍ പിന്നീട് തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള ജയിലിലേക്ക് മാറ്റി. ബാലരാമവര്‍മയുടെ കാലത്താണ് ജയില്‍ തുടങ്ങിയതും തൂക്കുമേട സ്ഥാപിച്ചതും . അരുണാചലംപിള്ള ആരാച്ചാരായി തുടങ്ങിയ കാലത്ത് തിരുവിതാംകൂറിന്‍്റെ തെക്കന്‍ അതിര്‍ത്തി കന്യാകുമാരി ഉള്‍പ്പെടുന്ന വിളവംകോട്, അഗസ്തിശ്വരം, കല്‍ക്കുളം ഒക്കെ ഒരരാച്ചാരുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നത്തെ പോലീസ് ഉദ്യോഗസ്ഥ അധികാരം പോലെ ഒരു കാവലാളിന്‍്റെ സ്ഥാനമേകിയിരുന്നു. ശിക്ഷിക്കപ്പെടുന്നവരെ അന്ന് ആരാച്ചാരുടെ വീടിന്‍്റെ കൂടെതന്നെ ഒരു തടവറയിലാക്കി പാര്‍പ്പിച്ചിരുന്നു. കുറ്റം ചെയ്യുന്ന മഹാപാപികളും ദൈവം വെറുക്കപ്പട്ടവരുമാണ് തൂക്കുമേടയില്‍ അവസാനിക്കുന്നത്. പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മദോഷങ്ങളുടെ ഫലമായി വീണ്ടുമൊരു ജന്മവും അതില്‍ അതിനികൃഷ്ഠമായ ഒരു അന്ത്യവും. ആ അവസാന നാടകമാടുന്ന ലോകത്തില്‍ ജീവന്‍ മുക്തമാക്കപ്പെടുന്ന ആ നരകത്തില്‍ ദൈവത്തിന്‍്റെ സാന്നിദ്ധ്യമായി വര്‍ത്തിക്കുന്ന ഒരു ആത്മജ്ഞാനിയാകുന്നു ആരാച്ചാര്‍.
അവസാനത്തെ ആരാച്ചാര്‍ വേലായുധപെരുമാര്‍പിള്ള നമ്മളോടു കഥപറയുകയാണ്. മണക്കാട് മാധേവന്‍ എന്ന ഗുണ്ടയെ തൂക്കിലേറ്റി ജോലിയില്‍ പ്രവേശിച്ച കഥപറഞ്ഞ് ആരാച്ചാരുടെ ജീവിതം തുടങ്ങുകയാണ്. ഓരോ മരണവും അയാള്‍ക്ക് പുതിയ പാഠങ്ങളും കാഴ്ചയും നല്കുന്നു. പ്രതികളുടെ ജീവിതവും അവരുടെ അന്ത്യകാലത്തെ അവസാനനിമിഷവും വ്യത്യസ്തമാണ്. തൂക്കുകയറില്‍നിന്നും രക്ഷപ്പെട്ട് പിന്നെയും തൂക്കാന്‍ വിധിച്ചപ്പോള്‍ "മരണംവരെ' എന്ന് ആദ്യമായി വിധിന്യായത്തില്‍ എഴുതിചേര്‍ത്ത് തൂക്കിയ കള്ളന്‍ മാണിക്യം. സകല ശുപാര്‍ശകള്‍ക്കും സാദ്ധ്യതയുള്ള ആള്‍ബലവും ബന്ധുബലവുമുള്ള കൂട്ടുകാരനായ ഡോക്ടറെ കൊന്ന ഹരിപ്പാട്ടു സമ്പന്നകുടുംബത്തിലെ അംഗമായ മണ്ണൂര്‍ നീലകണ്ഠപിള്ള, കല്ലറ പാങ്ങോട് ചന്തയിലെ അന്യായപിരിവിനെതിരെ സംഘടിച്ചതിന്‍്റെ പേരില്‍ ശിക്ഷ വാങ്ങിയ കൊച്ചാപ്പി, പട്ടാളം കൃഷ്ണന്‍, കോട്ടയത്ത് അച്ഛന്‍്റെ രണ്ടാം ഭാര്യയെ കൊന്ന കുരുവിള എന്ന പാവം പയ്യന്‍ കുമ്പളത്തു ശങ്കുപിള്ള ശിക്ഷിക്കുകയും പിന്നെ രക്ഷിക്കുകയും ആറു തവണ തൂക്കുകയറില്‍നിന്നും രക്ഷപെട്ട കെ. പി. എ. സി.യുടെ മാനേജര്‍ കോടാകുളങ്ങര വാസുപിള്ള, മിന്നല്‍ പരമേശ്വരന്‍ പിള്ളയുടെ അടിവാങ്ങിയ ശങ്കരന്‍, അന്ധവിശ്വാസത്തിന്‍്റെ ബലിയായ അഴകേശന്‍, തന്തയില്ലാത്തവന്‍ എന്ന് വിളിച്ചവനെ കൊന്ന വേലായുധന്‍ അതിനെല്ലാമുപരി കോഴിക്കോട് വീറ്റ് ഹൗസില്‍ അബ്ദുല്‍ റഹിമാന്‍ കൊലപാതകം ചെയ്ത മുഹമ്മദ് സ്രാങ്ക് കഥകളനവധി.
എന്നാല്‍ ഓരോ കഥയിലെയും ജീവിതം ഒരിക്കല്‍മാത്രം സംഭവിക്കുന്നത് ആരാച്ചാരുടെ മൊഴിയിലൂടെ കഥപറയുന്നത് കേള്‍ക്കുമ്പോള്‍ ഒരു കാലവും അതിന്‍്റെ സമയക്രമങ്ങളും ഒരു ചലച്ചിത്രംപോലും ദൃശ്യമാകുന്നു. അത് എഴുത്തുകാരന്‍ വായനക്കാരനെ കൊണ്ടുപോയി കാണിക്കുന്ന ചാരുതയാണ്. മുഹമ്മദ് സ്രാങ്കിന്‍്റെ കഥയില്‍ വിധിയില്‍ അഭയംകണ്ട ഒരു മനുഷ്യനെ കാണാം. കോഴിക്കോടിന്‍്റെ ചരിത്രത്തില്‍ ഈ കഥ സാഹിത്യമായും സിനിമയിലെ കഥയായും പുനര്‍സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തുകാരനും പാര്‍ലമെന്‍്റ് മെമ്പറുമായ എസ്. കെ. പൊറ്റെക്കാടിന്‍്റെ ജീവിതകഥയിലും മുഹമ്മദ് സ്രാങ്കുണ്ട്. ദൈവം കൊടുത്ത ജീവനെ അന്യായമായി കവര്‍ന്നെടുക്കുന്നത് പാപമാണെന്ന ചിന്തയുമായി ഇനി ഒരു മോക്ഷം സ്വന്തം മരണമാണെന്ന് കരുതി കഴിയുന്ന മനുഷ്യന്‍്റെ കഥ ഒരു നാടോടികഥപോലെ സജീവം. കാലം തെറ്റിയുള്ള അപ്രതീക്ഷിത മരണംപോലെ ഈ കഥകള്‍ ജീവിതത്തിന്‍്റെ കാഴ്ചതന്നെ മാറ്റുന്ന കാര്യവും തെക്കുംഭാഗം മോഹന്‍ എഴുതുന്നുണ്ട്. ഭാഷയുടെ ഉപയോഗം അത്രമേല്‍ വായനക്കാരെ കൂടെകൂട്ടുന്നു.
എങ്കിലും ആരാച്ചാരുടെ കഥയെഴുതി പൂര്‍ണ്ണമാക്കുന്നത് ഭാരതത്തിലെ മറ്റൊരു ആരാച്ചാരായ വിഷ്ണു സദാശിവത്തിന്‍റെ കഥപറഞ്ഞുകൊണ്ട് കൂടിയാണ്. മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് എഴുപത്തിയഞ്ച് പേരെ കൊല്ലാന്‍ ഭാരതം മുഴുവന്‍ വിമാനത്തില്‍ സഞ്ചരിച്ച ഒരാരാച്ചാര്‍. മരിച്ചവരില്‍ അപരാധികളും ചിലപ്പോള്‍ വിധിനിയോഗത്താല്‍ തൂക്കിലേറിയ നിരപരാധികളും ഉണ്ടാകാമെന്ന് വേവലാതിപ്പെട്ട് ശാന്തിയും സമാധാനവും തേടിയിറങ്ങിയ ഒരാളുടെ ജീവിതസഞ്ചാരം കൂടിപറയുന്നു. ഇനിയുള്ള കാലം പാപപരിഹാരമായ മോക്ഷയാത്രയിലാണ് നെതരെ. തിരുവിതാംകൂറിലെ അവസാനത്തെ ആരാച്ചാരെ കാണുന്നത് കുറ്റബോധത്താല്‍ വെന്തുനീറുന്ന ഒരു മനസ്സുമായാണ്. ആ മനുഷ്യനെ ഒരു ജ്ഞാനിയുടെമനസ്സുമായി ആശ്വസിപ്പിക്കുന്ന ഒരു ഋഷിയെ മോഹന്‍ വാക്കുകള്‍ക്ക് മനസ്സേകി വരയ്ക്കുന്നുമുണ്ട്. പുതിയ ചിന്തകളും ബോധവുമേകാന്‍ ജീവിച്ച ജീവിതം പ്രാപ്തമാകുന്നത് അസാധാരണമായ ഒരു കാഴ്ചയായി അനുഭവിപ്പിക്കുന്നു. തിരുവിതാംകൂറിലെ അവസാന ആരാച്ചാരുടെ വാഴ്വ് ഒരു ആത്മകഥ എന്നതിനെക്കാള്‍ ചരിത്രത്തിന്‍്റെ ചെമ്പോലയായി പുരാവസ്തുശേഖരാലയത്തില്‍ സൂക്ഷിക്കപ്പെടും. ഇനി വരാനിരിക്കുന്ന അന്വേഷകന്‍റെ അറിവിനാശ്വാസമായൊരു ലിഖിതമായ തിരുവിതാംകൂറിന്‍്റെ ചരിത്രവും അത് കേരളത്തിന്‍്റെ നീതിന്യായവികാസത്തിന്‍്റെ നാള്‍വഴി കണക്കുമാകുന്നു.
(തെക്കുംഭാഗം മോഹന്‍റെ "തിരുവിതാംകൂറിലെ ആരാച്ചാര്‍' എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.