പ്രതിഷേധാഗ്നിയുമായി എഴുത്താളര്‍

ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന അസഹിഷ്ണുത ചര്‍ച്ചയില്‍ കേരളത്തിലെയും ഇന്ത്യയിലെയും സാഹിത്യ-സാംസ്കാരിക നായകര്‍ മുമ്പെങ്ങുമില്ലാത്ത വിധം തങ്ങളുടെ പ്രതിഷേധവും അതുവഴി സാന്നിധ്യവും അറിയിച്ച വര്‍ഷമായിരുന്നു 2015. നയന്‍താര സെഹ്ഗാള്‍ ആരംഭിച്ച സമരം പൊടുന്നനെയാണ് ജ്വാലയായി മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സഹോദരീ പുത്രിയായ 88 കാരിയായ സെഹ്ഗാള്‍  1986ല്‍ 'റിച്ച് ലൈക്ക് അസ്' എ ഇംഗ്ളീഷ് നോവലിന് ലഭിച്ച അവാര്‍ഡാണ് തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്തെ സാംസ്കാരിക വൈവിധ്യം കാത്തു സൂക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച്  'അണ്‍മേയ്ക്കിങ് ഇന്ത്യ' എന്ന പേരില്‍ തയ്യാറാക്കിയ കുറിപ്പില്‍ സര്‍ക്കാരിന്‍്റെ ഹിന്ദുത്വ അജന്‍ഡകള്‍ക്കെതിരെയും ശക്തമായ വിമര്‍ശനമുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധവുമായി എഴുത്തുകാർ
 

സെഹ്ഗാളിന് പിന്നാലെ വിവിധ ഭാഷകളിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കലാകാരന്മാരും തങ്ങളുടെ പ്രതിഷേധവുമായി രംഗത്തുവന്നു. മറ്റെല്ലാ സമരങ്ങളേക്കാളും ഫാസിസ്റ്റുകളെ ഒരുപക്ഷെ വിറളി പിടിപ്പിച്ച സമരമുറയും അതുതന്നെയായിരുന്നു. സെപ്തംബര്‍ 28ന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം പശുമാംസം ഭക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെ മര്‍ദിച്ച് കൊന്നത് ഇന്ത്യയില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു. എം.എം. കല്‍ബുര്‍ഗി അടക്കമുള്ള സാഹിത്യകാരന്‍മാരുടെ കൊലപാതകവും ഇതില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മൗനവും എഴുത്താരെ ചൊടിപ്പിച്ചു. വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് സാഹിത്യകാരന്മാരും സാഹിത്യകാരികളും സമരത്തില്‍ പങ്കാളികളായത്. കേരളത്തിലും ഇതിന്‍്റെ അലയൊളികള്‍ ഉയരാന്‍ ഒട്ടും വൈകിയില്ല. കവി സച്ചിദാനന്ദവും സാഹിത്യകാരി സാറാജോസഫും പി.കെ. പാറക്കടവും മറ്റനേകം പേരും പ്രതിഷേധവുമായി രംഗത്തുവന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫും കേന്ദ്രസാഹിത്യ അക്കാദമിയിലെ സ്ഥാനമാനങ്ങള്‍ രാജിവെക്കുന്നതായി കവി സച്ചിദാനന്ദനും പി.കെ.പാറക്കടവും പ്രഖ്യാപിച്ചു.

വിവാദങ്ങൾ

സുധീന്ദ്ര കുൽക്കർണിക്ക് നേരെ കരിഓയിൽ അഭിഷേകം

മുന്‍ ബി.ജെ.പി നേതാവും ചിന്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത് ഇന്ത്യ ചരിത്രത്തിൽ കറുത്ത ലിപികളാൽ രേഖപ്പെടുത്തിയ ദിനമായിരുന്നു. കുല്‍ക്കര്‍ണി ചെയര്‍മാനായ ദി ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനാണ് മുൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ 'നീദര്‍ എ ഹോക്ക് നോര്‍ എ ഡേവ്: ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന്‍ പോളിസി' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങ് മുംബൈയില്‍ സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടി മുംബൈയില്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ശിവസേന പ്രവർത്തകർ കരി ഓയില്‍ ഒഴിച്ചത്. പാകിസ്താനി ഗസല്‍ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

വാർത്താസമ്മേളനത്തിനിടെ സുധീന്ദ്ര കുൽക്കർണിയും കസൂരിയും
 

ശ്രീദേവി കര്‍ത്തയെ പ്രകാശനചടങ്ങില്‍ നിന്ന് വിലക്കിയ നടപടിയില്‍ പ്രതിഷേധം

എ.പി.ജെ അബ്ദുള്‍ കാലാമിന്‍റെ പുസ്തക പ്രകാശന ചടങ്ങില്‍ പുസ്തകത്തിന്‍്റെ വിവര്‍ത്തകയെ വിലക്കിയതിലൂടെ വലിയ വിവാദങ്ങള്‍ക്ക് കേരളം സാക്ഷിയായി. പുസ്തകം വിവര്‍ത്തനെ ചെയ്ത ശ്രീദേവി എസ് കര്‍ത്തയെ വിലക്കിയ പ്രസാധകരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ അരങ്ങേറിയ പ്രതിഷേധം/ശ്രീദേവി.എസ്.കർത്ത കറണ്ട് ബഷീര്‍ പ്രസിദ്ധീകരിച്ച എ.പി.ജെ അബ്ദുള്‍ കലാമിന്‍്റെ അവസാന പുസ്തകമായ കാലാതീതം വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയോട് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രസാധകര്‍ ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. കലാമിന്‍റെ ആത്മീയഗുരുവിന്‍റെ പ്രതിനിധിയായ ബ്രഹ്മവിഹാരി ദാസ് എത്തുന്നതിനാലാണ് എഴുത്തുകാരിയെ ഒഴിവാക്കിയതെന്നാണ് ആരോപണം. ആശ്രമപ്രതിനിധി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ളെന്ന് നിബന്ധനയുണ്ടെന്നും ഇതാണ് ശ്രീദേവി എസ് കര്‍ത്തയെ ക്ഷണിക്കാതിരിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിവര്‍ത്തക ശ്രീദേവി എസ് കര്‍ത്ത തന്നെയാണ് ഫേസ്ബുക്കിലൂടെ രംഗത്തത്തെിയത്.

തൃശൂർ സാഹിത്യ അക്കാദമിയിൽ പുസ്തക പ്രകാശന ചടങ്ങിൽ നടന്ന പ്രതിഷേധം/ശ്രീദേവി എസ്.കർത്ത
 

നിശബ്ദനാക്കപ്പെട്ട എഴുത്തുകാരൻ

വര്‍ഗ്ഗീയവാദികളുടെ പീഡനം സഹിക്കവയ്യാതെ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ തന്‍റെ സർഗജീവിതം അവസാനിപ്പിച്ചു. 'പെരുമാള്‍ മുരുകന്‍ മരിച്ചിരിക്കുന്നു. അയാളെ വെറുതെ വിടുക' എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് അദ്ദേഹം സാഹിത്യലോകത്ത് നിന്ന്പിൻവാങ്ങിയത്. രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ച മതൊരുഭാഗന്‍ എന്ന  നോവലാണ് വിവാദങ്ങള്‍ക്കും പിൻവാങ്ങലിനും വഴിയൊരുക്കിയത്. മാതൊരുഭാഗൻ പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആക്ഷേപം.

എഴുത്തിൽ നിന്ന് പിൻവാങ്ങുന്നുവെന്നറിയിക്കുന്ന പെരുമാൾ മുരുകന്‍റെ പോസ്റ്റ്
 

 

പുരസ്ക്കാരങ്ങൾ 2015

നോബല്‍ സമ്മാനം സ്വറ്റ്ലാന അലക്സിവിച്ചിന്

സ്വെറ്റ്ലാന അലക്സിവിച്ച്
 

2015ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ബെലാറസ് എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ സ്വറ്റ്ലാന അലക്സിവിച്ചിന് ലഭിച്ചു. സാഹിത്യ നോബല്‍ നേടുന്ന പതിനാലാമത്തെ വനിതയും ആദ്യത്തെ മാധ്യമ പ്രവര്‍ത്തകയുമാണ് അലക്സിവിച്ച്. സമകാലീന ജീവിതത്തിലെ ക്ളേശങ്ങളുടേയും ധൈര്യത്തിന്‍റെയും സ്മാരകമാണ് അലക്സിവിച്ചിന്‍റെ രചനകള്‍. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീകളുമായുള്ള അഭിമുഖത്തില്‍ നിന്നായിരുന്നു അലക്സിവിച്ചിന്‍റെ സൃഷ്ടികള്‍ ജനിച്ചത്. ചെര്‍ണോബില്‍ ആണവ ദുരന്തത്തെ കുറിച്ചുള്ള വോയിസസ് ഫ്രം ചെര്‍ണോബില്‍, സോവിയറ്റ് അഫ്ഗാന്‍ യുദ്ധത്തെ കുറിച്ചുള്ള ബോയ്സ് ഇന്‍ സിങ്ക് എന്നിവ അലക്സിവിച്ചിന്‍റെ രചനകളാണ്.

മാര്‍ലോണ്‍ ജയിംസിന് മാന്‍ ബുക്കര്‍ പുരസ്കാരം

2015ലെ മാന്‍ ബുക്കര്‍ പുരസ്കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന് ലഭിച്ചു. 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്സ്' എന്ന പുസ്തകത്തിനാണ് പുരസ്കാരം. 1976ല്‍ സംഗീതജ്ഞന്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമത്തെ പശ്ചാത്തലമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നത്. തന്‍്റെ മൂന്നാമത്തെ പുസ്തകത്തിലൂടെയാണ് ജയിംസിനെ തേടി മാന്‍ ബുക്കര്‍ പുരസ്കാരമത്തെിയത്. ബോബ് മാര്‍ലിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന നോവല്‍ തീക്ഷ്ണമായ ജമൈക്കന്‍ അനുഭവങ്ങളുടെ നേര്‍ ചിത്രമാണ്. 47 വര്‍ഷം നീണ്ട ബുക്കര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജമൈക്കക്കാരന്‍ പുരസ്കാരത്തിന് അര്‍ഹനായത്


വയലാര്‍ അവാര്‍ഡ്
പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ആദ്യ നോവലായ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിക്കാണ് അവാര്‍ഡ്. തച്ചനക്കര എന്ന ഗ്രാമത്തിന്‍റെ നൂറ് വര്‍ഷത്തെ ചരിത്രമാണ് മനുഷ്യന് ഒരു ആമുഖം. തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രനിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഈ നോവലിന് 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും  േ2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഓടക്കുഴല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 
സുഭാഷ് ചന്ദ്രൻ
 
എഴുത്തച്ഛന്‍ പുരസ്കാരം

പ്രമുഖകവിയും ഭാഷാഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രനാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരത്തിന് പുതുശേരി അര്‍ഹനായത്.

പുതുശേരി രാമചന്ദ്രൻ
 

വള്ളത്തോള്‍ പുരസ്കാരം
വള്ളത്തോള്‍ സാഹിത്യ സമതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം ആനന്ദിന്. ഒരുലക്ഷത്തി പതിനോരായിരത്തി നൂറ്റിപതിനൊന്നു രൂപയുംകീര്‍ത്തി ഫലകവുമാണ് അവാര്‍ഡ്. മരണസര്‍ട്ടിഫിക്കറ്റ്, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്‍റെ യാത്രകള്‍ എന്നിവ മലയാളത്തിലെ ക്ളാസിക്കുകളാണെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.

ആനന്ദ്
 
 

വിയോഗങ്ങൾ വേർപാടുകൾ

ഫാത്വിമ മർനീസി
ഇസ്ലാമിക ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മര്‍നീസി അന്തരിച്ചു. നിലപാടുകളുടെ തീക്ഷ്ണത കൊണ്ടാണ് ഫാത്വിമയുടെ പേര് ലോകമെമ്പാടും അറിയപ്പെട്ടത്. മൊറോക്കോയിലെ എഴുത്തുകാരിയും സാമൂഹിക ശാസ്ത്രജ്ഞയുമായിരുന്നു അവര്‍. ബിയോണ്ട് ദി വെയിൽ, ഡ്രീംസ് ഒഫ് ട്രസ്പാസ്, ദി വെയില്‍ ആന്റ് ദി മെയില്‍ എലൈറ്റ്, ദി ഫൊര്‍ഗോട്ടണ്‍ ക്വിന്‍സ് ഒഫ് ഇസ്ലാം, ഇസ്ലാം ആന്‍റ് ഡെമോക്രസി തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഫാത്വിമ മെർനീസി
 

പ്രഫുൽ ബിദ്വായ്

മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും ആക്ടിവിസ്റ്റുമായ പ്രഫുല്‍ ബിദ്വായ് ആംസ്റ്റര്‍ഡാമില്‍ അന്തരിച്ചു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ കോളമിസ്റ്റായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബിദ്വായ്, ബിസിനസ് ഇന്ത്യ, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെ പത്രാധിപ സമിതികളില്‍ പ്രവര്‍ത്തിച്ചു. ഫ്രണ്ട്ലൈന്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, മാധ്യമം ഉള്‍പ്പെടെ നൂറോളം പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായിരുന്നു.

പ്രഫുൽ ബിദ്വായ്
 

ഫാബി ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു.  പെണ്ണുകാണലിന്‍റെ അന്നു തന്നെ ഫാത്തിമബീവിയെ ബഷീര്‍ ഫാബിയാക്കി. എഴുത്തുകാരിയല്ലെങ്കിലും ബഷീറുമൊത്തുള്ള ജീവിതം ഫാബിയെ എഴുത്തുകാരിയാക്കി മാറ്റി.‘ബഷീറിന്റെ എടിയേ’എന്ന പേരിൽ ഫാബി ആത്മകഥ എഴുതി.

ബഷീറും ഫാബിയും
 

നിലം പൂത്തു മലര്‍ന്ന നാള്‍/ചിത്തിരപുരത്തെ ജാനകി

2015ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ രണ്ടു നോവലുകളാണ് മനോജ് കുറൂരിന്‍്റെ നിലം പൂത്തു മലര്‍ന്ന നാള്‍, ഉഷാകുമാരിയുടെ ചിത്തിരപുരത്തെ ജാനകി എന്നിവ. കേരളത്തിന്‍്റെ രൂപീകരണകാലമായ സംഘകാല സവിശേഷതകളിലേക്കുള്ള സര്‍ഗാത്മക യാത്രയാണ് നിലം പൂത്തു മലര്‍ന്ന നാള്‍. ചിത്തിരപുരം ഗ്രാമത്തിലെ അങ്കണവാടി ജീവനക്കാരിയായ ജാനകിയെന്ന പെണ്ണിന്‍്റെ വിചാരങ്ങളും പ്രവൃത്തികളും അവളുടേതുമാത്രമായ കാഴ്ചകളുമാണ് നോവലില്‍ പ്രതിപാദിക്കുന്നത്.

തയ്യാറാക്കിയത്: അനുശ്രീ

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.