?????? ???????????? ??????????????????? ?????????????????? ???????????? ????? ?????.

കാമ്പുള്ള ചോദ്യങ്ങളുമായി കുട്ടികള്‍; അദ്ഭുതമൊഴിയാതെ ബെന്‍ ഓക്രി

ദ മാന്‍ ബുക്കര്‍ സമ്മാന ജേതാവായ ബെന്‍ ഓക്രിയുമായി സംവദിക്കാന്‍ അവസരം കിട്ടിയതിന്‍െറ ആശ്ചര്യവും ആകാംക്ഷയും കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു. 650 ഓളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതിന്‍െറ ആവേശത്തോടെ നൈജീരിയന്‍ എഴുത്തുകാരന്‍ വേദിയിലൂം നിറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു ബെന്‍ ഓക്രിയും കുട്ടികളും തമ്മിലുള്ള ഇടപഴകല്‍. അര്‍ഥവത്തായ ഒരു മണിക്കൂറിന് ശേഷം  പരസ്പരം തിരിച്ചറിഞ്ഞ സംതൃപ്തിയോടെയാണ് എഴുത്തുകാരനും കുട്ടികളും കോണ്‍ഫറന്‍സ് ഹാള്‍ വിട്ടത്.
ആദ്യമായി ഗള്‍ഫില്‍ വരുന്ന ബെന്‍ ഓക്രിയുടെ ആമുഖപ്രഭാഷണം അവസാനിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു കുട്ടികള്‍. ഇനി ചോദ്യോത്തരമാണെന്ന അവതാരക പറഞ്ഞതോടെ സദസ്സില്‍ നിന്ന് നിരവധി കൈകള്‍ ഉയര്‍ന്നു.  ബുക്കര്‍ പ്രൈസ് ജേതാവിനെ  അദ്ഭുതപ്പെടുത്തിയ കാമ്പുള്ള ചോദ്യങ്ങളായിരുന്നു കുട്ടികള്‍  ഉയര്‍ത്തിയത്. തന്‍റെ പ്രധാന കൃതികളായ ഫാമിഷ്ഡ് റോഡ്, എ വേ ഓഫ് ബീയിങ് ഫ്രീ, സ്റ്റാര്‍ബുക്ക്, എ ടൈം ഓഫ് ന്യൂ ഡ്രീംസ് എന്നിവയെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചെല്ലാം കുട്ടികള്‍ ഉന്നയിച്ച ഓരോ ചോദ്യത്തിനും അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടായിരുന്നു എഴുത്തുകാരന്‍ മറുപടി പറഞ്ഞത്.

തന്‍െറ കുട്ടിക്കാലവും നൈജീരിയയിലെ ആഭ്യന്തരയുദ്ധം ഏല്‍പ്പിച്ച മുറിവുകളും എഴുതാനുണ്ടായ സാഹചര്യവും കുട്ടികള്‍ക്ക് മുമ്പില്‍ വിശദീകരിച്ചുകൊണ്ടാണ് ഓക്രി തുടങ്ങിയത്. എഴുത്ത് വലിയ ബോറടിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീടായിരുന്നു ചോദ്യോത്തരം. സദസ്സില്‍ നിന്ന് ആദ്യ ചോദ്യം ഉന്നയിച്ച കൊച്ചുബാലനെ വേദിക്ക് മുന്നിലേക്ക് ഓക്രി വിളിച്ചുവരുത്തി. കവിയും കഥകാരനും തമ്മിലുള്ള വ്യത്യാസം എന്തായിരുന്ന എന്നായിരുന്നു അവന് അറിയേണ്ടത്. കവിതയെഴുതിയാണ് തുടങ്ങിയതെന്ന് ഓക്രി പറഞ്ഞു. കവിതയെഴുതാനുണ്ടായ കാരണവും വിശദീകരിച്ചു. ചെറുപ്പത്തില്‍ ഒരു ചിത്രം വരക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ അതേ ചിത്രം അക്ഷരങ്ങളിലൂടെ വളരെ വേഗത്തില്‍ കവിതയായി വരച്ചിടാന്‍ തനിക്ക് സാധിച്ചു. അങ്ങനെ ആദ്യം കവിയായി. പിന്നെ ചില ലേഖനങ്ങള്‍ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ പലരും വിസമ്മതിച്ചതോടെ വാശിയായി. അങ്ങനെ ഒരുപാട് എഴുതി. പിന്നീട് കഥയിലേക്കും നോവലിലേക്കും മാറി.

സ്വന്തം ശൈലി ഉണ്ടാക്കിയെടുക്കുന്നതെങ്ങനെ എന്നതായിരുന്നു ആരതി എന്ന കുട്ടിയുടെ ചോദ്യം. സ്വന്തം ഭാഷയും ശൈലിയൂം ഉണ്ടാക്കിയെടുക്കുക പ്രധാനമാണെങ്കിലും അത് വളരെ മെല്ളെയുള്ള പ്രക്രിയയാണെന്നായിരുന്നു ബെന്‍ ഓക്രിയുടെ മറുപടി. ആദ്യം ആരാണ് താന്‍ എന്ന് തിരിച്ചറിയണം. ജീവിത പരിസരവും സാഹചര്യങ്ങളും പഠിക്കണം. എന്താണ് തന്‍െറ ചിന്തയെന്ന് മനസ്സിലാക്കണം. വെറുതെ ഒരു മുറിയിലിരുന്ന് എഴുതാനാവില്ല. ജീവിച്ചുകൊണ്ടാണ് എഴുതേണ്ടത്.  ജീവിതത്തിലും മറ്റെല്ലാത്തിലും താല്പര്യമുണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. അനുഭവങ്ങളും പ്രതീക്ഷകളും ഭയങ്ങളുമെല്ലാം എഴുതുക. ചുറ്റുവട്ടം നടക്കുന്നതെല്ലാം ശ്രദ്ധിക്കണം. മറ്റുള്ളവരെ കേള്‍ക്കാന്‍ സന്നദ്ധത കാണിക്കണം. കിട്ടുന്നതെല്ലാം വായിക്കുക. ഹൃദയത്തില്‍ നിന്നെഴുതുക. മാറ്റിയെഴുതിക്കൊണ്ടിരിക്കുക. അങ്ങനെ കുറേ സമയമെടുത്താലേ നിങ്ങളെന്ന യാഥാര്‍ഥ്യത്തെ കണ്ടത്തൊനാകൂ.-ഓക്രി വിശദീകരിച്ചു. 17ാം വയസ്സില്‍ എഴുതിയ ഒരു വാക്യമാണ് എഴുത്താണ് തന്‍െറ മാര്‍ഗമെന്ന തിരിച്ചറിവുണ്ടാക്കിയതെന്ന് ഓക്രി കൂട്ടിച്ചേര്‍ത്തു.
കഥയെഴുതുമ്പോള്‍ ഭാവന തന്നെയാണ് പ്രധാനം. കഥപാത്രങ്ങളും കഥാ പരിസരവുമെല്ലാം ഭാവനയില്‍ വിരിഞ്ഞുവരണം. ഒരിക്കലും പേടിച്ച് പിന്മാറരുത്. പാതിവഴിക്ക് എഴുത്തു നിര്‍ത്തുകയുമരുത്.

മുഹമ്മദ് കാഷിഫ് എന്ന പത്താം ക്ളാസുകാരന്‍ ബെന്‍ ഓക്റിയെ ഞെട്ടിച്ചു. താന്‍ ഒരു നോവല്‍ രചനയിലാണെന്നും നായകന്‍ താന്‍ തന്നെയാണോ അതോ മറ്റൊരാളാണോ എന്ന സന്ദേഹത്തിന് മറുപടിയാണ് ഈ പാക് ബാലന്‍ തേടിയത്. 15 ാം വയസ്സില്‍ നോവല്‍ എഴുതുന്ന കാഷിഫിനോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് ഓക്രി പറഞ്ഞു. പിന്നെ ചോദ്യത്തിനുള്ള മറുപടി. അത് ഇങ്ങനെ: എഴുത്തുകാരന്‍െറ ചിന്തയും ആശയവും അറിവും തന്നെയാണ് കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിക്കുന്നത്. പക്ഷെ എഴുത്തുകാരന്‍ കഥാപാത്രമാകരുത്. നോവലില്‍ നിന്ന് മാറിനില്‍ക്കണം. നോവലിന്‍െറ എല്ലാ അംശങ്ങളിലും എഴുത്തുകാരന്‍െറ സാന്നിധ്യമുണ്ടാകും. എന്നാല്‍ അദ്ദേഹം സൃഷ്ടിക്ക് പുറത്തുമായിരിക്കും. പ്രയാസമേറിയ പണിയാണിത്.
തന്നെ പോലുള്ളവരെ മാത്രം വായിക്കാതെ ക്ളാസിക് കൃതികളും വായിക്കണമെന്ന് ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലെ പത്തോളം സ്കൂളുകളില്‍ നിന്നത്തെിയ കുട്ടികളോട് ഓക്രി ഉപദേശിച്ചു.

പരിപാടിക്ക് ശേഷം കുട്ടികളോടൊപ്പം സെല്‍ഫിയെടുക്കാനും പുസ്തകത്തില്‍ ഒപ്പിട്ടുനല്‍കാനും ആഫ്രിക്കയുടെ അഭിമാനമായ ഓക്രി ക്ഷമകാട്ടി. കുട്ടികളുടെ ചോദ്യങ്ങള്‍ തന്നെ അദ്ഭുതപ്പെടുത്തിയെന്നും ആഴത്തിലുള്ള അറിവും വായനയും ഇത്ര ചെറുപ്പത്തിലേ സാധിക്കുന്നത് ചെറിയ കാര്യമല്ളെന്നും പരിപാടിക്ക് ശേഷം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കവെ ഓക്രി അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.