??????????? ??????: ?????? ????????

ലിപിയാശാൻ

ഭാഷയുടെ കാണപ്പെടുന്ന മുഖം അക്ഷരങ്ങളും അക്കങ്ങളുമാണ്. അതിന് നല്‍കുന്ന സൗന്ദര്യം ഭാഷയെ വാഴ്ത്തുന്നതിന് തുല്യവും. ‘ടൈപ്പോഗ്രഫി’ മേഖല കുത്തകകളുടെ പിടിയിലായ ഒരു കാലമുണ്ടായിരുന്നു. അന്ന് അക്ഷരങ്ങള്‍ക്ക് ചെറുതായൊന്ന് ഭംഗി കൂട്ടണമെങ്കില്‍കൂടി ലക്ഷങ്ങള്‍ മുടക്കണം. പണമുള്ളവനു മാത്രമായിരുന്നു അന്ന് വാക്കുകള്‍ക്ക് സൗന്ദര്യം നല്‍കാനുള്ള അവകാശം. ഇന്ന് വേര്‍ഡ് പാഡില്‍ വാചകങ്ങളെഴുതി ഒരു ചെലവുമില്ലാതെ ഇഷ്ടത്തിനനുസരിച്ച് ഭംഗികൂട്ടി അച്ചടിക്കുന്ന ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ‘ടൈപ്പോഗ്രഫി’ മേഖലയിലെ കുത്തകവത്കരണം തകര്‍ന്ന് ജനകീയമായത് എങ്ങനെയെന്ന്. അതിനുപിന്നില്‍ നമ്മള്‍ അറിയാതെപോയ ഒരു കലാകാരന്‍െറ വിയര്‍പ്പിന്‍െറ കഥയുണ്ട്. ‘MLkv’ എന്ന നാലക്ഷരത്തിനുള്ളില്‍ പലരും തളച്ചിട്ട വീരാന്‍കുട്ടിയെന്ന സാധാരണക്കാരന്‍െറ ജീവിതകഥ.

1980കളില്‍ ബോര്‍ഡുകളിലും ബാനറുകളിലും അക്ഷരങ്ങളെഴുതി ജീവിതം തുടങ്ങിയ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, അകമ്പാടം സ്വദേശി വീരാന്‍കുട്ടിക്ക് അക്ഷരങ്ങളോട് വല്ലാത്ത ഇഷ്ടമായിരുന്നു. ഇന്ന് കമ്പ്യൂട്ടറില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഓരോന്നും കൈകൊണ്ട് ചെയ്തിരുന്ന കാലം. 1983ല്‍ എഴുത്തിലും ഡിസൈനിങ്ങിലും അന്ന് കേരളത്തില്‍ ഏറെ മുന്‍പന്തിയില്‍ നിന്നിരുന്ന കോഴിക്കോട് ‘ചിത്രാലയ’യില്‍ ജോലിക്കാരനായാണ് വീരാന്‍കുട്ടിയുടെ തുടക്കം. അക്ഷരങ്ങള്‍ക്ക് നമ്മള്‍ കാണാത്ത പല ഭംഗികളുമുണ്ടെന്ന് മലയാളത്തിന് ആദ്യമായി കാണിച്ചുതന്ന വാസു പ്രദീപ് എന്ന കലാകാരനെ പിന്‍പറ്റിയായിരുന്നു വീരാന്‍കുട്ടിയുടെ പരീക്ഷണങ്ങള്‍. വാസു പ്രദീപ്, യൂസഫ് ചിത്രാലയ, രചന രാംദാസ് എന്നിവരായിരുന്നു അന്ന് ആ രംഗത്തെ അതികായര്‍. ഇതില്‍ യൂസഫ് ചിത്രാലയയാണ് വീരാന്‍കുട്ടിയുടെ ഗുരു. മറ്റ് രണ്ടുപേരും പലതരത്തില്‍ സ്വാധീനിച്ചു. എന്നും ജോലിത്തിരക്കിന്‍െറ ദിവസങ്ങളായിരുന്നു അന്ന്. അഞ്ച് ജില്ലകളില്‍നിന്നുള്ള ജോലിയെങ്കിലും ചിത്രാലയയില്‍ എന്നുമുണ്ടാകും. ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി സൗകര്യംപോലുമില്ലാത്ത ആ കാലത്ത് കൈവഴക്കംതന്നെയായിരുന്നു ആര്‍ട്ടിസ്റ്റുകളുടെ ശക്തി. പത്രങ്ങള്‍ക്കും മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടി എഴുതാന്‍ അന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തില്‍ ഒരാളായിരുന്നു വീരാന്‍കുട്ടിയും.

കാലംമാറി, വീരാന്‍കുട്ടിയും
കുടുംബസംബന്ധമായ കാരണങ്ങളാല്‍ 1995ല്‍ ചിത്രാലയയിലെ ജോലിയുപേക്ഷിച്ച് വീട്ടിലത്തെിയ വീരാന്‍കുട്ടിയുടെ ജീവിതത്തിന്‍െറ ഗ്രാഫ് പതിയെ താഴാന്‍ തുടങ്ങി. ആ ഭാഗങ്ങളിലൊന്നും തന്‍െറ ജോലിക്കുവേണ്ട സാധ്യതകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ വീണ്ടും ബോര്‍ഡെഴുത്തിലേക്ക്. ഫ്ളക്സ് ബോര്‍ഡുകള്‍ വരാത്ത കാലമായതുകൊണ്ടുതന്നെ വര്‍ക്കുകള്‍ ഒരുപാടുവന്നു. പലപ്പോഴും ചിത്രാലയയില്‍നിന്ന് തന്‍െറയടുത്തേക്ക് ആളുകളെപ്പറഞ്ഞയച്ചതും ആശ്വാസമായി. പക്ഷേ, ഫ്ളക്സിന്‍െറ വരവ് വീരാന്‍കുട്ടിയുടെ ജീവിതത്തില്‍ വിലങ്ങുതടിയായി. അങ്ങനെ ഓട്ടോറിക്ഷകള്‍ക്ക് നമ്പറെഴുതുന്ന ജോലിയിലേക്കുവരെ വീരാന്‍കുട്ടിയത്തെി. ‘റീത്തുകളില്‍ പേരെഴുതി വരുമാനം കണ്ടെത്തേണ്ടി വന്നിരുന്നു’ എന്ന് വാസു പ്രദീപ് പണ്ട് പറഞ്ഞതുപോലത്തെന്നെയായിരുന്നു വീരാന്‍കുട്ടിയുടെ അവസ്ഥയും. കമ്പ്യൂട്ടര്‍ പ്രിന്‍റിങ്ങും ഡിജിറ്റല്‍ ഡിസൈനിങ്ങും വന്നതോടെ ഒരുപാട് ബോര്‍ഡെഴുത്തുകാരുടെ കഞ്ഞികുടി മുട്ടി. മിക്കവരും തോല്‍വി സമ്മതിച്ച് പിന്തിരിഞ്ഞ് നടന്നപ്പോള്‍ പക്ഷേ, വീരാന്‍കുട്ടി കാലത്തിനൊപ്പം നടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. 2000ത്തില്‍ അനിയന്‍ നൗഷാദലി കമ്പ്യൂട്ടറില്‍ വീരാന്‍കുട്ടിക്ക് എത്തിപ്പിടിക്കാവുന്ന സാധ്യതകളെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കി ഒരു കമ്പ്യൂട്ടര്‍ വാങ്ങിനല്‍കി. അക്കാലത്ത് ഉള്‍നാടുകളിലൊന്നും കമ്പ്യൂട്ടറുകള്‍ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. പക്ഷേ, കമ്പ്യൂട്ടര്‍ തൊടാനുള്ള പേടികാരണം അതൊരു പാഴ്വസ്തുവായി. പിന്നീട് 2008ല്‍ മൂത്തമകന്‍ പ്ളസ് ടു കഴിഞ്ഞ് മള്‍ട്ടിമീഡിയ കോഴ്സിന് പോയിത്തുടങ്ങുമ്പോഴാണ് കമ്പ്യൂട്ടര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. പിന്നെ ഓരോന്നോരോന്നായി പഠിച്ചുതുടങ്ങി.

MLkv ayisha മുതല്‍...
കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ചെയ്യാതെ തന്നെ ഓരോന്നും സ്വയം ചെയ്തുപഠിക്കുകയായിരുന്നു വീരാന്‍കുട്ടി. അറിയാത്ത കാര്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പരതിക്കൊണ്ടിരുന്നു. പതിയെ എല്ലാം പഠിച്ചെടുത്തു. ഇന്ന് ഏതൊരാള്‍ക്കും ഏത് സോഫ്റ്റ്വെയറുകളെക്കുറിച്ചും ക്ളാസെടുക്കാന്‍വരെ പ്രാവീണ്യമുണ്ട് വീരാന്‍കുട്ടിക്ക്. പക്ഷേ, അതുകൊണ്ട് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗം മാത്രം അറിഞ്ഞില്ല. ചെറിയ പ്രായക്കാര്‍ക്കിടയില്‍ പഠിക്കാത്ത താന്‍ ജോലിക്കിറങ്ങുന്നതാലോചിച്ച് മടി തോന്നിയതിനാല്‍ ആ രംഗത്തേക്ക് ഇറങ്ങിയതുമില്ല. കമ്പ്യൂട്ടറിലിരിക്കുന്നതുകണ്ട് വീട്ടുകാര്‍വരെ ചീത്തപറയാന്‍ തുടങ്ങിയിരുന്നു. ഇതൊന്നും കാര്യമാക്കാതെ വീരാന്‍കുട്ടി പഠിച്ചുകൊണ്ടേയിരുന്നു. അങ്ങനെ വീരാന്‍കുട്ടി തന്‍െറ ആദ്യത്തെ ഫോണ്ട് തയാറാക്കി. ഭംഗിയുള്ള വളവുതിരിവുകളും ചതുര വടിവുകളും ചേര്‍ന്ന ആ അക്ഷരങ്ങള്‍ക്ക് കെ. വീരാന്‍കുട്ടിയെന്ന തന്‍െറ പേരിന്‍െറ ചുരുക്കവും ഉമ്മയെയും ചേര്‍ത്ത് ‘MLkv ആയിഷ’ എന്ന് പേരിട്ടു. തന്‍െറ മനസ്സിലെ ആശയങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തിത്തുടങ്ങിയതുമുതല്‍ വീരാന്‍കുട്ടി അക്ഷരങ്ങള്‍ക്കുപിറകെയാണ്. ഉമ്മയുടെ പേരില്‍ തുടങ്ങി ഭാര്യ സക്കീന, മക്കളായ ഷമില്‍ ജാവിദ്, ഷജില്‍, ഷഹന, ഷമിത ഷെറിന്‍ എന്നിവരുടെ പേരുകളിലെല്ലാം ഫോണ്ടുകള്‍ നിര്‍മിച്ചു. കുടുംബക്കാരുടെയും പ്രശസ്തരുടെയും സിനിമാക്കാരുടെയുമെല്ലാം പേരുകള്‍ വീരാന്‍കുട്ടിയുടെ ഫോണ്ടുകളായി. ഓരോ ഫോണ്ടും നിര്‍മിക്കാന്‍ വന്‍ കമ്പനികളും ടെക്നീഷ്യന്‍സും ആഴ്ചകളും മാസങ്ങളുമെടുക്കുമ്പോള്‍ അവ മണിക്കൂറുകള്‍കൊണ്ട് വീരാന്‍കുട്ടി നിര്‍മിച്ചുകൊണ്ടേയിരുന്നു. അടുത്ത ഫോണ്ടിന്‍െറ പേരെന്താണെന്ന് ചോദിക്കുമ്പോള്‍ വീരാന്‍കുട്ടിയുടെ മറുപടിയിങ്ങനെ...‘ഇനി ഏതുപേരാണ് ബാക്കിയുള്ളതെന്നറിയില്ല. അറിയാവുന്ന പേരുകളെല്ലാം ഫോണ്ടുകളായിക്കഴിഞ്ഞു’. ബ്രഷ് പെയിന്‍റിങ്ങില്‍ തുടങ്ങി ആര്‍ക്കും ഉപയോഗിക്കാവുന്ന യുനീകോഡ് ഫോണ്ടുകളില്‍വരെ എത്തിനില്‍ക്കുന്നു വീരാന്‍കുട്ടിയുടെ വൈദഗ്ധ്യം.

ഫോണ്ടുകളുടെ ജനകീയവത്കരണം
ഫോണ്ടുകള്‍ നിര്‍മിച്ചുതുടങ്ങിയ ശേഷമാണ് വീരാന്‍കുട്ടിക്ക് ‘ടൈപ്പോഗ്രഫി’ രംഗത്തെ കുത്തകവത്കരണത്തെക്കുറിച്ച് മനസ്സിലാകുന്നത്. ഓരോ ആളുകളും സ്ഥാപനങ്ങളും ഫോണ്ട് നിര്‍മിച്ചുകിട്ടാന്‍ വേണ്ടി കാത്തിരിക്കുന്ന സമയവും ചെലവാക്കുന്ന വലിയ തുകയുമെല്ലാം വീരാന്‍കുട്ടി കണ്ടറിഞ്ഞു. ഫോണ്ട് നിര്‍മിച്ചുനല്‍കുന്നവര്‍ അതിനെ കുത്തകയാക്കിവെക്കുന്ന രീതിയോട് യോജിക്കാത്തതിനാലാണ് ഫോണ്ടുകളുടെ ജനകീയവത്കരണം എന്ന ആശയത്തിലേക്ക് വീരാന്‍കുട്ടി കടക്കുന്നത്. താന്‍ നിര്‍മിച്ച അക്ഷരങ്ങള്‍ വിവിധ സെറ്റുകളാക്കി കൊണ്ടുനടന്ന് സ്ഥാപനങ്ങളിലും ആള്‍ക്കാര്‍ക്കും കുറഞ്ഞ തുകക്ക് വിറ്റുകൊണ്ടാണ് വീരാന്‍കുട്ടി ഈ രംഗത്തെ കുത്തകകള്‍ തകര്‍ത്തുതുടങ്ങുന്നത്. വീരാന്‍കുട്ടിയുടെ MLkv ഫോണ്ടുകള്‍ പിന്നീട് കേരളത്തില്‍ സൃഷ്ടിച്ചത് ഒരു തരംഗംതന്നെയാണ്. പക്ഷേ, വീരാന്‍കുട്ടിയുടെ ഫോണ്ടുകള്‍ ഉപയോഗിച്ചുപോന്ന ആര്‍ക്കും അതാരുടേതാണെന്ന് തിരിഞ്ഞുനോക്കാന്‍ സമയമുണ്ടായില്ല. ആരും അതിന് ശ്രമിച്ചതുമില്ല.

മോഷ്ടിക്കപ്പെട്ട അക്ഷരങ്ങള്‍
വീരാന്‍കുട്ടി തയാറാക്കി പലര്‍ക്കും കൈമാറിയ ഫോണ്ടുകള്‍ പക്ഷേ, പലപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെട്ടത് മറ്റു പല പേരുകളിലുമായിരുന്നു. ഫോണ്ടുകളുടെ പേരുമാറ്റി അത് മറ്റു പലരുടേതുമാക്കി മാറ്റിയവര്‍ നിരവധി. പലരും ഒരു മടിയുമില്ലാതെ അത് വീണ്ടും വിറ്റ് കാശുണ്ടാക്കി. പല സ്ഥലങ്ങളിലും യാത്രക്കിടെ തന്‍െറ ഫോണ്ടുകള്‍ ഉപയോഗിച്ച് ചെയ്ത ബോര്‍ഡുകളും ഫ്ളക്സുകളും കാണുമ്പോള്‍ വീരാന്‍കുട്ടി ആരോടും പരാതി പറയാറില്ല. നിയമത്തിന്‍െറ വഴിക്ക് നീങ്ങാറുമില്ല. ഫോണ്ടുകളുടെ ജനകീയവത്കരണം യാഥാര്‍ഥ്യമാകുന്നത് കാണുമ്പോഴും തനിക്കുണ്ടായ സങ്കടങ്ങള്‍ ചിലത് വീരാന്‍കുട്ടി മറച്ചുവെക്കുന്നില്ല. ഒരിക്കല്‍, 86 ഫോണ്ടുകളടങ്ങിയ പാക്കേജ് തയാറാക്കി പല സ്ഥലങ്ങളിലും ആവശ്യക്കാരെ അന്വേഷിച്ചുനടക്കുന്ന സമയം, ഫോണ്ട് വാങ്ങാനുള്ള ആളെക്കിട്ടിയപ്പോഴേക്ക് താന്‍ മുമ്പ് ഫോണ്ടുകള്‍ പരിചയപ്പെടുത്തിക്കൊടുത്ത മറ്റൊരാള്‍ ആ ഫോണ്ടുകള്‍ മറിച്ചുവിറ്റിരുന്നു.
ഫോണ്ടുകള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്കിടയിലാണ് വീരാന്‍കുട്ടിയുടെ ജീവിതവുമെന്ന് ഓര്‍ക്കണം. മറ്റൊരുതവണ എറണാകുളത്തുനിന്ന് വന്ന ഒരാള്‍ വീരാന്‍കുട്ടിയുമായി കച്ചവടമുറപ്പിച്ച് 10,000 രൂപയുടെ ചെക് നല്‍കി ഫോണ്ടുകള്‍ കൊണ്ടുപോയി. നല്‍കിയത് വണ്ടിച്ചെക്. അന്ന് അയാള്‍ കൊണ്ടുപോയ പല ഫോണ്ടുകളും പല സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതും വീരാന്‍കുട്ടി കണ്ടു. പലരും കൗതുകം നടിച്ച് അടുത്തുകൂടി ഫോണ്ടുകള്‍ പതിയെ അടിച്ചെടുത്ത് സ്ഥലംവിട്ടു. ഹിറ്റായ ചില സിനിമകളില്‍പോലും വീരാന്‍കുട്ടിയുടെ ഫോണ്ട് അദ്ദേഹമറിയാതെ ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലമായാല്‍ പിന്നെ നോക്കേണ്ടതില്ല. എല്ലാ പാര്‍ട്ടിക്കാരുടെ പോസ്റ്ററിലും കാണും വീരാന്‍കുട്ടിയുടെ ഒരു ഫോണ്ടെങ്കിലും.

ആശയങ്ങള്‍ ഗംഭീരമായതുകൊണ്ടുമാത്രം ഭാഷ ഭംഗിയുള്ളതാവില്ല. അതിന് മനോഹരമായ അക്ഷരങ്ങള്‍കൂടി വേണം. ഒരുവശത്ത് ലക്ഷങ്ങള്‍ പ്രതിഫലംവാങ്ങി അക്ഷരങ്ങള്‍ മോടികൂട്ടി കുത്തകയാക്കുന്നവര്‍, മറുവശത്ത് തുച്ഛമായ തുകവാങ്ങി മലയാളഭാഷക്ക് ഭംഗി കൂട്ടിക്കൊണ്ടേയിരിക്കുന്ന വീരാന്‍കുട്ടിയും. ചില പ്രസിദ്ധീകരണങ്ങളിലും വീരാന്‍കുട്ടി നിര്‍മിച്ച ഫോണ്ടുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ചിലപ്പോള്‍ ഫ്രീഫോണ്ടുകളായി, ചിലപ്പോള്‍ മറ്റ് പലരുടെയും പേരില്‍. ആരോടും വീരാന്‍കുട്ടിക്ക് പരിഭവമില്ല.

ചുറ്റിലും അക്ഷര വില്‍പനക്കാരുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്‍െറ കൊച്ചു വീട്ടില്‍ വീരാന്‍കുട്ടി തിരക്കിലാണ്, തന്‍െറ അക്ഷരങ്ങളുടെ സൗന്ദര്യലോകത്ത്. ആരോടും മത്സരിക്കാനല്ല, മറിച്ച് മലയാളഭാഷക്ക് തന്നാലാകുന്ന പുതുമോടികള്‍ നല്‍കാന്‍, ആര്‍ക്കും എപ്പോഴും ‘ഒരു ചോദ്യവും ചോദിക്കാതെ’ ഉപയോഗിക്കാന്‍ ‘MLkv’ എന്ന നാലക്ഷരം മായ്ച്ചുകളഞ്ഞ പുതിയ വടിവൊത്ത അക്ഷരങ്ങള്‍ സൃഷ്ടിക്കാന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.