?.??.?? ????????

ആയിരം പൊൻത്തിങ്കള്‍ക്കല തൊട്ട കാവ്യജന്മം

‘നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകു’മെന്ന് പാടിയ മഹാകവി ഒ.എന്‍.വി. കുറുപ്പ് മലയാള കവിതയില്‍ നാളെയുടെ പാട്ടുകാരനും ഗാട്ടുകാരനുമായി നിലകൊള്ളുന്നുവെന്നത് കേവലമൊരു പ്രശസ്തിവചനമല്ല. ഒ.എന്‍.വിയുടെ കാവ്യജന്മത്തിന്‍െറ ഭാവിഫലകഥനം നടത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ മുണ്ടശ്ശേരിയാണ്. ‘ഒ.എന്‍.വി യൗവനത്തിലേക്ക് കടക്കുന്നതേയുള്ളൂ. പക്ഷേ, ഏതാണ്ടൊരായുസ്സിന്‍െറ ജോലി ചെയ്ത് തീര്‍ത്തിരിപ്പാണദ്ദേഹം -മറ്റൊരായുസ്സിന്‍െറ പണിക്ക് തയാറെടുത്തുകൊണ്ട്. എഴുതിത്തീര്‍ത്തേടത്തോളം കൃതികള്‍ പൊതുവേ ഒന്നു വിലയിരുത്തിനോക്കിയാലോ? അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടാവാം അദ്ദേഹം.

പക്ഷേ, ഞാനതിനൊരുക്കമല്ല. ഇത്ര കാലേതന്നെ വിലയിരുത്തി അദ്ദേഹത്തെ ഒരിടത്തു പിടിച്ചുകെട്ടാന്‍ എനിക്കിഷ്ടമല്ല, അദ്ദേഹത്തിനിനിയും വളരെ എഴുതാനുണ്ട്’ (ആമുഖം - ദാഹിക്കുന്ന പാനപാത്രം). 1955 ല്‍ മുണ്ടശ്ശേരി ഇതെഴുതുമ്പോള്‍ ഒ.എന്‍.വി കുറുപ്പിന് 24 വയസ്സാണ്. അതിനുശേഷമുള്ള 60 വര്‍ഷത്തെ കാവ്യജീവിതത്തിനിടയില്‍ ഒ.എന്‍.വി. കുറുപ്പ് മലയാള ഭാഷക്ക് നല്‍കിയ സംഭാവനകളെ മലയാള കാവ്യനിരൂപണം ഇനിയും വേണ്ടരീതിയില്‍ വിലയിരുത്തിയിട്ടില്ല.

കാല്‍പനിക ശൈലിയുടെ പിന്തുടര്‍ച്ചക്കാരന്‍ എന്ന പഴയൊരു പ്രസ്താവനയില്‍ പിടിച്ചുതൂങ്ങി നില്‍ക്കുകയാണ് മിക്കവരും. അതിന് മറുപടി മുണ്ടശ്ശേരി തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. ‘ സുപ്രശസ്ത കവികളില്‍ ഒരാളായ ഒ.എന്‍.വിയെ ഇടപ്പള്ളി പാരമ്പര്യത്തില്‍ നിന്നുകൊളുത്തിയ ഒരു പന്തം മാത്രമായി കണക്കാക്കാമോ? കണക്കാക്കുന്നവരുണ്ടെങ്കില്‍ അവര്‍ ശബ്ദകോശത്തിന്‍െറ കൊട്ടത്താപ്പിന്മേല്‍ കവിതയെ അളന്നുമറിക്കുന്നവരാണ്’ മലയാള കവിതയെ യാഥാസ്ഥിതികത്വത്തിന്‍െറ കൊഞ്ഞനംകാട്ടലില്‍നിന്ന് മോചിപ്പിച്ച് ജനപക്ഷത്ത് ഉറപ്പിച്ച കവികളില്‍ പ്രമുഖനാണ് ഒ.എന്‍.വി എന്ന് മുണ്ടശ്ശേരി എഴുതുന്നു.

മലയാള കവിതയെ ഇതിഹാസ പുരാണങ്ങളുടെയും വേദോപനിഷത്തുകളുടെയും ആത്മീയതയുടെ പാരമ്പര്യത്തില്‍നിന്നും മാനുഷികാനുഭവങ്ങളുടെയും ഭാവങ്ങളുടെയും ഭൗതികതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച പുരോഗമന കവികളുടെ മുന്‍നിരയില്‍ ഒ.എന്‍.വി നില്‍ക്കുന്നു. ആയിരം പൗര്‍ണമി തിങ്കള്‍ക്കും ആ നിലപാടില്‍നിന്ന് കവിയെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. പുരാണ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കവിതയിലേക്ക് കൊണ്ടുവരുന്നത് മാനവികതയുടെ വഴിത്താരയിലൂടെയാണ്.

‘ഇതിഹാസ പുരാണങ്ങള്‍, വേദങ്ങള്‍, പഴമകള്‍ത-
ന്നിരുള്‍തിങ്ങും ഖജനാവുകളൊന്നു പൊളിക്കൂ!
മധുരിക്കും വാക്കുള്‍ തന്‍ പൊന്‍പൂശിയൊരാക്കള്ള-
ക്കഥകള്‍ തന്‍ ചെമ്പുതെളിഞ്ഞുപോയി!’


എന്ന് 1949 ല്‍ തന്നെ ഒ.എന്‍.വി എഴുതുകയുണ്ടായി (അരിവാളും രാക്കുയിലും എന്ന കവിത) ഇതിഹാസ പുരാണങ്ങളെ ചരിത്രപാഠങ്ങളാക്കി വിഭാഗീയതയുടെ വേലിക്കെട്ടുകള്‍ നിര്‍മിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള ഒ.എന്‍.വിയുടെ നിലപാടിന് ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

‘ചീഞ്ഞുനാറുന്നൂ തൊണ്ട് പൊന്‍നാരായ് മാറീടുവാന്‍
ചീയുന്നതെന്തിനായി മര്‍ത്ത്യനീ മതഭ്രാന്തില്‍?
മാലിന്യക്കൂമ്പാരമായ് മാറ്റുന്നൂ മതദ്വേഷം
മാനവീയത പൂത്തുലഞ്ഞൊരീ നഗരത്തെ!’ (സൂര്യന്‍െറ മരണമെന്ന കാവ്യസമാഹാരം 2015)


മാനവികതക്കും മനുഷ്യബന്ധങ്ങളിലെ സ്വരലയങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത കവി മനുഷ്യന്‍ മൃഗീയാവസ്ഥയിലേക്ക് തരംതാഴുന്നത് കണ്ട് വേദനിക്കുന്നു. ‘വെട്ടുക, മുറിക്കുക, പങ്കുവെക്കുക ഗ്രാമം, പത്തനം ജനപദമൊക്കെയും! കൊന്നും തിന്നും വാഴുക പുലികളായ്, സിംഹങ്ങളായും, മര്‍ത്ത്യരാവുക മാത്രം വയ്യ! ജന്തുത ജയിക്കുന്നു! (അശാന്തിപര്‍വം) ഭക്തികാവ്യങ്ങളില്‍നിന്ന് കവിതയെ മനുഷ്യഗീതങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്ന കവികള്‍ക്ക് മനുഷ്യന്‍ മൃഗമായിത്തീരുന്ന സമകാലിക കാഴ്ചയാണ് കാണേണ്ടിവരുന്നത്. മഹാദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും ‘മനുഷ്യബന്ധങ്ങള്‍ വേണമീയൂഴിയില്‍’ എന്ന് ഒ.എന്‍.വി ഓര്‍മപ്പെടുത്തുന്നു. ‘സ്നേഹിച്ച് തീരാത്തവരുടെ ഒരു ലോകമാണ്’ കവി വിഭാവന ചെയ്യുന്നത്.

നമ്മള്‍ കൊയ്തിരുന്ന വയലുകളും നീന്തിത്തുടിച്ച ജലാശയങ്ങളും ഭൂമിയും നമ്മുടേതല്ലാതായിത്തീരുന്ന, കോര്‍പറേറ്റുമൂലധനത്തിന് തീറെഴുതുന്ന സമകാലികാവസ്ഥയില്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ ‘നാളെയുടെ ഗാട്ടുകാരനായി’തന്നെ ഒ.എന്‍.വി നില്‍ക്കുന്നു. കവിതകള്‍ അഥവാ പാട്ടുകള്‍ അതിനുള്ള ആയുധമാണ് (പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനല്ലേ?)

‘നിര്‍ധനത്വത്തെ വെല്ലുവാന്‍ സ്വന്ത-
മധ്വാനം മാത്രമുള്ളവര്‍ നമ്മള്‍
നൊന്തു ചോദിക്കയാണാര്‍ കവര്‍ന്നൂ
നമ്മുടേതായൊരാവയലെല്ലാം’
(നമ്മള് കൊയ്യും വയലെല്ലാം -പുനരപി)

കൃഷിക്കാരന്‍െറ ഭൂമി പിടിച്ചെടുക്കാനുള്ള ബില്‍ അവതരിപ്പിച്ചുകഴിഞ്ഞു. കൃഷിക്കാരുടെ ആത്മഹത്യകള്‍കൊണ്ട് മുഖരിതമാണ് ഇന്ത്യയിലെ ഓരോ ഗ്രാമവും. അവരോടൊപ്പംനിന്ന് ഒ.എന്‍.വി ഇപ്പോഴും ആയിരാമത്തെ പൗര്‍ണമിരാവിലും അവര്‍ക്കുവേണ്ടി പാടുന്നു നിശ്ചയം! ഭൂമിക്ക് ഞങ്ങളവകാശികള്‍ (എന്‍െറ ആഗ്നേയ ദിനങ്ങള്‍) സാമൂഹികമായ ദുര്‍നീതികളും അക്രമങ്ങളും പീഡനങ്ങളും ഒ.എന്‍.വിയുടെ നിനവിന്‍െറ ഓരോ ദിനങ്ങളെയും ആഗ്നേയ ദിനങ്ങളാക്കുന്നു. (എന്‍െറ ആഗ്നേയ ദിനങ്ങള്‍ 2014)

നമ്മുടെ ആവാസവ്യവസ്ഥയെക്കുറിച്ച്, ഭൂമിയെക്കുറിച്ച് ഉത്കണ്ഠാകുലനായി ഉണര്‍ന്നിരിക്കുന്ന കവിയാണ് ഒ.എന്‍.വി. 51 വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ ‘ഭൂമി’ എന്ന കവിതയില്‍ (കാണെക്കാണെ വയസ്സാവുന്നു മക്കള്‍ക്കെല്ലാമെന്നാലമ്മേ! വീണക്കമ്പികള്‍ മീട്ടുകയല്ലീനവതാരുണ്യം നിന്‍തിരുവുടലില്‍!) ഭൂമിയുടെ നിത്യതാരുണ്യത്തില്‍ വിസ്മയഭരിതനായെങ്കില്‍ വീണ്ടും 34 വര്‍ഷം കഴിഞ്ഞപ്പോള്‍ ഭൂമിയെക്കുറിച്ച് നിലവിളിക്കുന്നു. (ഭൂമിക്കൊരു ചരമഗീതം), കാണെക്കാണെ ഭൂമിയെ കൊന്നുകൊണ്ടിരിക്കുന്നു; ഭൂമി മരിച്ചുകൊണ്ടിരിക്കുന്നു.

‘ഇനിയും മരിക്കാത്ത ഭൂമി-നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി
ഇതു നിന്‍െറ (എന്‍െറയും) ചരമശുശ്രൂഷക്ക്
ഹൃദയത്തിലിന്നേകുറിച്ചഗീതം!

2014 ലും ഒ.എന്‍.വി എഴുതുന്നതും ‘ഭൂമിയെപ്പറ്റിതന്നെ’ (സൂര്യന്‍െറ മരണം എന്ന കൃതിയില്‍). (ഇനിയേതിടമെനിക്കിവിടല്ലാതെ, സ്നേഹം കിനിയുമൊരു മുഖം സ്വപ്നം കാണുവാന്‍, പാടാന്‍?). കവികള്‍ ലോകാനുരാഗികളായതുകൊണ്ട് ജീവല്‍ ഭാഷാകവികളായി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. സുഖദു$ഖ സമ്മിശ്രമായ ലോകജീവിതമാണ് അവരുടെ കവിതയുടെ മഷിപ്പാത്രം (ഹാ! മര്‍ത്ത്യന്‍ സുരഭാവമാര്‍ന്നിടുകിലും ഭൂ സ്നേഹി; നിര്‍ഹേതുക പ്രേമംതന്നെ ജയിപ്പൂ, ലോകമതുതാനന്ദ ദു:ഖാത്മകം -കുമാരനാശാന്‍ (പ്രരോദനം) നമ്മുടെ ആവാസ വ്യവസ്ഥയുടെമേല്‍, പ്രകൃതിക്കുമേല്‍ വന്നുപതിക്കുന്ന ദുരന്തങ്ങള്‍ക്കുള്ളില്‍നിന്ന് വേദനപ്പെടുമ്പോഴും ഒ.എന്‍.വി ശുഭാപ്തിവിശ്വാസിയാണ്.

‘നമ്മള്‍ ജയിക്കും, ജയിക്കുമൊരുദിനം
നമ്മളൊറ്റയ്ക്കല്ല! നമ്മളാണീ ഭൂമി!’
(ദിനാന്തം)


ഭൂമിക്ക് മുകളില്‍ ആകാശത്തിന്‍െറ നെറുകയില്‍തൊട്ട ആയിരം പൊല്‍ത്തിങ്കള്‍ക്കലകള്‍ ആയിരം പൗര്‍ണമിത്തിങ്കളായി വിരിഞ്ഞുമറയുമ്പോഴും മനുഷ്യജീവിതത്തിന്‍െറ അനുസൃതിയില്‍ കവി വിശ്വസിക്കുന്നു.

‘മനുഷ്യനെ തുയിലുണര്‍ത്തുവാനെന്നും
അതിന്‍െറ ചില്ലയിലൊരു കുയില്‍ പാടും
ഇവിടെയീ ഭൂമിയവസാനിപ്പോളം!
ഇവിടെയീ ഭൂമിയവസാനിപ്പോളം!
(ശേഷപത്രം).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.