ഇതാ ഇവിടെയുണ്ട്, പുനത്തില്‍ കുഞ്ഞബ്ദുള്ള. പഴയ തമാശകളും കുസൃതികളും പൊട്ടിച്ചിരികളുമായി. സ്മാരക ശിലകളും മരുന്നും കന്യാവനങ്ങളും എഴുതിയ കൈകള്‍ക്ക് ഇനിയും കരുത്തുണ്ട്. ഓര്‍മകളില്‍ പഴയ സൗഹൃദത്തിന്‍െറ അടരുകളുണ്ട്. ശരീരം തളരുമ്പോഴും തളരാത്ത നര്‍മബോധവും ജീവിതത്തോടുള്ള ആവേശവുമുണ്ട്. വ്യാഴാഴ്ച രാവിലെ ചിരകാല സുഹൃത്തും എഴുത്തുകാരനുമായ എം. മുകുന്ദന് മുന്നില്‍ പഴയ കുസൃതിക്കാരനായി മലയാളത്തിന്‍െറ പ്രിയ സാഹിത്യ ഭിഷഗ്വരന്‍. വീല്‍ച്ചെയറിലായിരുന്നെങ്കിലും സംസാരിച്ചുതുടങ്ങിയപ്പോള്‍ മുഖത്ത് പ്രകാശം നിറഞ്ഞു. മയ്യഴിയും കാരക്കാടും തമ്മില്‍ വലിയ അകലമില്ല.
1963ല്‍ അലീഗഢില്‍ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് ഡല്‍ഹിയില്‍ മുകുന്ദനെ നേരില്‍ കണ്ടത്. സൗത് എക്സ്റ്റന്‍ഷനിലെ ഫ്രഞ്ച് എംബസിയുടെ മുറിയില്‍ പനിച്ചുകിടക്കുകയായിരുന്നു മുകുന്ദന്‍. അന്ന് മുകുന്ദന്‍ കൊതുകിന്‍റെ അത്രയേ വലുപ്പമുണ്ടായിരുന്നുള്ളൂവെന്ന് പുനത്തില്‍. ഇപ്പോള്‍ ഒരിടവേളക്കുശേഷം ഡോക്ടറെ പഴയ രോഗി വന്നുകാണുന്നു. മനസ്സിലിപ്പോഴും എഴുത്തിന്‍െറ താളമാണ്.
യാ അയ്യുഹന്നാസ് (ജനങ്ങളേ...) പുതുതായി എഴുതുന്ന നോവല്‍ എഴുതിത്തീര്‍ക്കണം. പക്ഷേ, കൈ നന്നായി വഴങ്ങുന്നില്ല. മറ്റാരെയുംകൊണ്ട് എഴുതിച്ചുകൂടെയെന്ന് മുകുന്ദന്‍ ചോദിച്ചു. എഴുതിക്കണം. നമുക്ക് ഒന്നിച്ചിരുന്ന് എഴുതാം. ഒന്നിച്ച് അവാര്‍ഡും വാങ്ങണം -പുനത്തില്‍ പറഞ്ഞു. കാമറകള്‍ തുടര്‍ച്ചയായി മിന്നിയപ്പോള്‍, കുറച്ചൊരു അസഹ്യത. വീണ്ടും പഴയ തമാശകളിലേക്ക്... അല്‍പം ഇരുന്ന് സംസാരിച്ചപ്പോള്‍ അസ്വസ്ഥത തോന്നി. അല്‍പം കിടക്കട്ടെ. യാത്രപറയാനുള്ള സമയമായിരുന്നു പിന്നീട്. ‘നീ ഇടക്കിടക്ക് വരണട്ടോ’ എന്ന് പറഞ്ഞാണ് മുകുന്ദനെ യാത്രയാക്കിയത്. മടങ്ങവെ, എം.ടി. വാസുദേവന്‍ നായരെ കണ്ട്് വിവരങ്ങള്‍ ധരിപ്പിച്ചാണ് മുകുന്ദന്‍ മയ്യഴിയിലേക്ക് തിരിച്ചത്.
പുനത്തിലിന്‍െറ ഓര്‍മകളും സൗഹൃദങ്ങളും ജീവചരിത്രവും ആത്മകഥാ കുറിപ്പുകളും അടങ്ങുന്ന സമ്പൂര്‍ണ ഓര്‍മപുസ്തകം മേയില്‍ പുറത്തിറങ്ങുന്നതിന്‍െറ ഭാഗമായിക്കൂടിയായിരുന്നു കൂടിക്കാഴ്ച. പുസ്തകത്തിന്‍െറ എഡിറ്റര്‍ എ.കെ. അബ്ദുല്‍ ഹക്കീമിന്‍െറ നേതൃത്വത്തിലാണ് പുനസ്സമാഗമത്തിന് വേദിയൊരുങ്ങിയത്. ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ കോഴിക്കോട്ടെ പണിക്കര്‍ റോഡിലെ ഫ്ളാറ്റിലെ പത്താം നിലയില്‍ വിശ്രമിക്കുകയാണിപ്പോള്‍ പുനത്തില്‍. വാര്‍ത്തകള്‍ കാണും. പത്രം വായിച്ചു കേള്‍പ്പിക്കും. എല്ലാ ദിവസവും രാവിലെ വീല്‍ച്ചെയറില്‍ ഫ്ളാറ്റിനുചുറ്റും ഒരു റൗണ്ടടിക്കും. ഇടക്ക് അളകാപുരിയില്‍ പോയി ഭക്ഷണം കഴിക്കും. ഇതിനിടെ വീല്‍ച്ചെയറില്‍നിന്ന് വീണ് തലക്ക് ചെറിയ പരിക്കേറ്റതിനാല്‍ ചെറിയ ഓര്‍മക്കുറവും വാര്‍ധക്യസഹജമായ അവശതകളും ഒഴിച്ചാല്‍ മറ്റു അസുഖങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മകള്‍ നാസിമ, ഭര്‍ത്താവ് ജലീല്‍, മകന്‍ ആസാദ് അബ്ദുല്ല, സഹോദരന്‍ ഇസ്മയില്‍, സഹായി ബാബു ആന്‍റണി എന്നിവരാണ് കൂടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.