??.????. ??????

ഞങ്ങള്‍ വടകരക്കാര്‍ക്ക് ഓണനാളെന്നാള്‍ ഉത്രാടമാണ്. ബാക്കിയെല്ലാവരും ഉത്രാടത്തിന് തിരുവോണത്തെ വരവേല്‍ക്കാന്‍ പരക്കംപായുമ്പോള്‍ ഞങ്ങള്‍ ഓണാഘോഷത്തിന്‍െറ തിമിര്‍പ്പിലായിരിക്കും. കൂട്ടുകുടുംബമായതു കൊണ്ട് എല്ലാരും ഒത്തുചേരുന്നത് ഉത്രാടനാളിലാണ്. തിരുവോണമാകുമ്പോഴേക്ക് എല്ലാവരും മടങ്ങും. ബാക്കിയുള്ളവര്‍ തിരുവോണത്തിരക്കില്‍ അലിയുമ്പോള്‍ ഞങ്ങള്‍ ഒറ്റപ്പെടല്‍ അനുഭവിക്കും. കുട്ടികളായിരിക്കുമ്പോള്‍  ഞങ്ങളുടെ പൂ തേടിയുള്ള യാത്രകള്‍ക്ക് മറ്റു ചില ഉദ്ദേശ്യങ്ങള്‍ അല്ലെങ്കില്‍ പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു. രാവിലെത്തന്നെ വീട്ടിലെയും അയല്‍പക്കത്തെയും കുട്ടികള്‍ പുറപ്പെടും. കാടും മേടും താഴ് വരയും പറമ്പും പാടവുമെല്ലാം ഞങ്ങളുടെ കലപില ശബ്ദങ്ങളാല്‍ മുഖരിതമാകും. ഇന്നത്തെപ്പോലെ വീടുകള്‍ക്കും തൊടികള്‍ക്കും ഇടയില്‍ ആരും അതിര്‍ത്തി കെട്ടിയിട്ടില്ലായിരുന്നു. ആര്‍ക്കും ഏതു പറമ്പിലും പൂ തേടിച്ചെല്ലാം.

പൂക്കള്‍ ശേഖരിക്കുക മാത്രമല്ല ഞങ്ങളുടെ അലച്ചിലിന്‍െറ ഉദ്ദേശ്യം. നാട്ടിലെ അരുവികളില്‍നിന്നും ചെറിയ നീര്‍ച്ചോലകളില്‍നിന്നും മീന്‍ പിടിക്കുകയാണ് മറ്റൊരു കലാപരിപാടി. ചെറിയ പരല്‍മീനുകളാണ് ഞങ്ങളുടെ നിത്യ ഇരകള്‍. വെള്ളില കുമ്പിളാക്കി അതിലാണ് മീനുകളെ പിടിച്ചിടുക. പൂക്കള്‍ ഇറുത്തിടുന്നതും വെള്ളിലക്കുമ്പിളില്‍ത്തന്നെ. തുമ്പപ്പൂ, കാക്കപ്പൂ, വയലില്‍ കാണുന്ന നെല്ലരിപൂ എന്നിവയാണ് പ്രധാന പൂവിനങ്ങള്‍. പൂക്കള്‍ ശേഖരിച്ച് കളമൊരുക്കുക എന്ന ആചാരത്തിനപ്പുറം ഞങ്ങള്‍ കുട്ടികള്‍ക്ക് ഒത്തുചേരലിന്‍െറ പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു അതെല്ലാം. ഇന്നിപ്പോള്‍ പൂക്കളം റെഡിമെയ്ഡ് ആയി. തൊടികളും പറമ്പുകളുമില്ല. തുമ്പയൊന്നും കാണാനേയില്ല. നീര്‍ച്ചോലകളും വറ്റിവരണ്ടു കിടക്കുകയല്ലേ. കടയില്‍നിന്ന് കാശു കൊടുത്ത് പൂവാങ്ങുന്ന കാര്യം അന്ന് സ്വപ്നത്തിൽ പോലുമില്ലായിരുന്നു.

അമ്മപ്പായസം

കുട്ടിക്കാലത്തെ ഓണരുചികള്‍ ഇടക്ക് മനസ്സില്‍ തികട്ടിയെത്താറുണ്ട്. അതിലേറ്റവും പ്രധാനം അമ്മയുണ്ടാക്കുന്ന ചെറുപയര്‍പരിപ്പ് പായസം തന്നെ. അതിന്‍െറ രുചി അനന്യമാണ്. അമ്മക്ക് പ്രത്യേകമൊരു കൈപ്പുണ്യമായിരുന്നു. അതുകൊണ്ടു തന്നെ പാചകത്തിന് മേല്‍നോട്ടക്കാരി അമ്മ തന്നെ. സദ്യയില്‍ വെജിറ്റേറിയന്‍ വിഭവങ്ങളേ പാടുള്ളൂ എന്നൊന്നും ഞങ്ങള്‍ വടകര, തലശ്ശേരി ഭാഗത്തുള്ളവര്‍ക്കില്ല. മാത്രമല്ല, മത്സ്യം, ചിക്കന്‍ തുടങ്ങിയവ കൊണ്ട് വ്യത്യസ്തമായിരിക്കും അവിടത്തെ ഓണസദ്യ. ഭക്ഷണമെല്ലാം തയാറായിക്കഴിഞ്ഞല്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ച് സ്നേഹത്തോടെയിരുന്നാണ് ഓണസദ്യ കഴിക്കുക. അതിന്‍െറ സന്തോഷം ഒന്നു വേറെത്തന്നെയാണ്.

20 വര്‍ഷം മുമ്പ് കോഴിക്കോട്ടേക്ക് പറിച്ചുനടപ്പെട്ട എനിക്ക് നഗരത്തിലെ  പേരുകേട്ട ഹോട്ടലുകളാണ് ഇന്ന് ഓണരുചി വിളമ്പുന്നത്.  രുചിയേറിയ പാലട പ്രഥമനെല്ലാം കിറ്റില്‍ കിട്ടും. എങ്കിലും ഉത്രാടത്തിന് ഇന്നും അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ചെറുപയര്‍പരിപ്പ് പ്രഥമനും അവിയലും കൂട്ടിയുള്ള സദ്യ കഴിച്ചില്ലെങ്കില്‍ ഓണം അപൂര്‍ണമാകും. ഇന്ന് മിക്ക തിരുവോണസദ്യക്കും സുഹൃത്തുക്കളുടെ വീട്ടിലാണ് ഒത്തുചേരല്‍.

ചെറുപ്പത്തില്‍ നാട്ടില്‍ ഓണത്തിന് വിനോദങ്ങള്‍ അധികമില്ല. ആകെയുള്ളത് അടുത്തുള്ള മൂരാട് പുഴയിലെ വള്ളംകളിയാണ്. എന്നാല്‍,അതിനോട് ഞങ്ങള്‍ക്ക് വല്യ മമതയൊന്നുമില്ലായിരുന്നു. സദ്യ കഴിഞ്ഞാല്‍ പിന്നെയുള്ള പ്രധാന പരിപാടി ഓണത്തിനിറങ്ങുന്ന സിനിമ കാണുക എന്നതാണ്. ഉദയാ പിക്ചേഴ്സിന്‍െറയും മറ്റും നല്ല നല്ല ചിത്രങ്ങള്‍ അക്കാലത്ത് ഓണത്തിന് റിലീസ് ചെയ്യും. കുഞ്ചാക്കോയുടെ ഉദയാ നിര്‍മിക്കുന്ന ചിത്രങ്ങളേറെയും കടത്തനാടൽ വീരേതിഹാസങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. വടക്കന്‍പാട്ടിന്‍െറ നാട്ടുകാരെന്ന നിലക്ക് ആ ചിത്രങ്ങള്‍ നിര്‍ബന്ധമായും കാണുകയെന്നത് അഭിമാനത്തിന്‍െറ കൂടി വിഷയമായിരുന്നു. സ്കൂളിലൊക്കെ പഠിക്കുമ്പോഴാണിത്. ഓണനാളായാല്‍ തിരക്കുമൂലം ടിക്കറ്റ് കിട്ടില്ല.

എങ്കിലും ഇടിച്ചുകേറിയും മുന്നിലുള്ളവരെ തള്ളിമാറ്റിയും ടിക്കറ്റൊപ്പിച്ചിരുന്നു. വടകരയില്‍ അന്ന് രണ്ട് തിയറ്ററുകളുണ്ട്. അശോകും ജയഭാരതും. അവിടെ മൂന്നു മണിയുടെ മാറ്റിനിക്ക് കേറും. അതല്ലെങ്കില്‍ കോഴിക്കോട്ട് വരും. അന്നൊക്കെ വടകര നിന്ന് കോഴിക്കോട്ടു വരുന്നത് ഗള്‍ഫില്‍ പോകുന്നതു പോലായിരുന്നു. കുട്ടികള്‍ ഒരുമിച്ചാണ് സിനിമക്കും മറ്റും പോവുക.

അക്കാലത്ത് ഒട്ടേറെ മനോഹരമായ ഓണപ്പാട്ടുകളുടെ ഓഡിയോ കാസറ്റ് വിപണിയിലെത്തുമായിരുന്നു. യേശുദാസിന്‍െറ തരംഗിണി സ്റ്റുഡിയോ പുറത്തിറക്കുന്ന ശ്രീകുമാരന്‍ തമ്പി രചിച്ച് രവീന്ദ്രന്‍ മാഷും ദക്ഷിണാമൂര്‍ത്തിയുമെല്ലാം സംഗീതം നല്‍കിയ ഓണപ്പാട്ടുകളുടെ വരികള്‍ ഇന്നും മനസ്സിലുണ്ട്. ‘പൂവിളി പൂവിളി പൊന്നോണമായ്’, തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച കാണാന്‍’ തുടങ്ങി ഇന്നും ഓണനാളുകളായി  നമ്മുടെ ചാനലുകളില്‍ കേള്‍ക്കുന്ന പാട്ടുകളെല്ലാം ശ്രീകുമാരന്‍ തമ്പിയുടെ രചനകളാണ്.

വായനയുടെ വസന്തകാലം

ഓണസദ്യയും സിനിമയും പോലെത്തന്നെ ചെറുപ്പത്തില്‍ എന്നെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള മറ്റൊന്നായിരുന്നു പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ ഓണപ്പതിപ്പുകള്‍. വായനയുടെ പൂക്കാലം എന്നൊക്കെ പറയാം. മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരുടെയെല്ലാം രചനകള്‍ ഓണപ്പതിപ്പില്‍ ഒരുമിച്ചു വായിക്കാം. ഒരു വര്‍ഷത്തെ വായനയുടെ സമ്പൂര്‍ണതയായിരുന്നു അക്കാലത്ത് ഓണപ്പതിപ്പുകള്‍. സ്വന്തമായി വാങ്ങാനുള്ള പണമൊന്നുമില്ലായിരുന്നു. അതുകൊണ്ട് നാട്ടിലെ ലൈബ്രറികളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ഓണപ്പതിപ്പുകളെത്തിയാല്‍  ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കണം. അന്നത്തെ സ്വപ്നങ്ങളിലൊന്നായിരുന്നു ഓണപ്പതിപ്പില്‍ എന്‍െറ സൃഷ്ടിയും വെളിച്ചം കാണുകയെന്നത്. ഓണത്തെയോര്‍ക്കുമ്പോള്‍ മനസ്സില്‍ പൊടിയുന്ന നനുത്ത ഓര്‍മകളാണിവ.

ഇന്നിപ്പോള്‍ ഓണത്തിന് ബാഹ്യമായ പ്രകടനപരത മാത്രമേയുള്ളൂ. അന്നിന്‍െറ ഓണത്തെ ഇന്നത്തെ മക്കള്‍ക്ക് അനുഭവിപ്പിക്കാന്‍ കഴിയുന്നില്ലെന്ന ഖേദം മാത്രമേ ഉള്ളിലുള്ളൂ.  എന്നാല്‍, ആകെയുള്ള ആശ്വാസം കലാലയങ്ങളിലും വിദ്യാലയങ്ങളിലും കൊണ്ടാടുന്ന ജീവസ്സുറ്റ ഓണാഘോഷങ്ങളാണ്. 20 വര്‍ഷമായി അധ്യാപന രംഗത്തുള്ള എനിക്ക് അതിന്‍െറ നന്മയും മേന്മയും അറിയാം. വീട്ടകങ്ങളില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആഘോഷങ്ങള തിരിച്ചു പിടിക്കുകയാണ് പുതുതലമുറ.

ഓണാവധിക്ക് തൊട്ടു തലേന്നാള്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ ഓണപ്പാട്ടും പൂക്കളം തീര്‍ക്കലും വടംവലിയും ഓണസദ്യയൊരുക്കലുമെല്ലാം ഒരുമയുടെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നതാണ്. കുട്ടികള്‍ക്കറിയാം എങ്ങനെ ആഘോഷിക്കണമെന്ന്. അതുകൊണ്ടു തന്നെ ഇന്ന് ഓണക്കാലത്ത് വീട്ടില്‍കിട്ടാത്ത ആനന്ദം ഞാനനുഭവിക്കുന്നത് കോളജില്‍വെച്ചാണ്.

തയാറാക്കിയത്: നഹീമ പൂന്തോട്ടത്തില്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.