ആടുജീവിതം

ഗള്‍ഫ് രാജ്യങ്ങളില്‍പോയി മരുഭൂമിയുടെ കൊടുംചൂടില്‍ ഉരുകിത്തീര്‍ന്ന ജീവിതങ്ങള്‍ അധ്വാനിച്ച് നേടിയ സമ്പത്തിന്‍െറയും വിദേശനാണ്യശേഖരത്തിന്‍െറയും അടിത്തറയിലാണ് സാമ്പത്തികാവലോകന സദസ്സുകളില്‍ പ്രസിദ്ധമായ കേരള മോഡല്‍ വികസനം പടുത്തുയര്‍ത്തിയിട്ടുള്ളത്. ഗള്‍ഫുകാരുടെ സന്മനസ്സും സമ്പാദ്യവും പുഞ്ചിരിയോടെ കൈനീട്ടി വാങ്ങിക്കുകയും മാറിനിന്ന് അവരെ പുച്ഛിക്കുകയും ചെയ്യുന്ന മനോവൈകൃതം കേരളീയരുടെ പൊതുസ്വഭാവമാണ്. കഥ, നോവല്‍, സിനിമ, നാടകം, ഫീച്ചര്‍ തുടങ്ങി വിവിധ മാധ്യമങ്ങള്‍ വഴി ഗള്‍ഫ് അനുഭവങ്ങള്‍ പലതും ആവര്‍ത്തിച്ച് ചിത്രീകരിക്കപ്പട്ടിട്ടുണ്ടെങ്കിലും ഒരു സാധാരണ ഗള്‍ഫുകാരന്‍െറ കണ്ണീരിലും ചോരയിലും വിയര്‍പ്പിലും കുതിര്‍ന്ന ജീവിതത്തിന്‍െറ നേര്‍പകര്‍പ്പ് ചിത്രീകരിക്കുന്ന രചനകള്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ആ ശൂന്യതയിലേക്കാണ് ബെന്യാമിന്‍െറ ‘ആടുജീവിതം’ (2008) വായനക്കാരുടെ മനസ്സ് ഉലച്ചുകൊണ്ട് കടന്നുവന്നത്. ‘വന്നു, കണ്ടു, കീഴടക്കി’ എന്ന മട്ടുള്ള അനുഭവമാണ് അത് വായനാമണ്ഡലത്തില്‍ സൃഷ്ടിച്ചത്. 

ബെന്യാമിന്‍െറ പുസ്തകം സംശയത്തോടെയാണ് പലരും കൈയിലെടുത്തത്. എന്നാല്‍, വായിക്കാന്‍ തുടങ്ങുന്നതോടെ വായനക്കാരുടെ ഹൃദയസമ്മര്‍ദവും നാഡിമിടിപ്പും വര്‍ധിക്കുകയും പൂര്‍ണമായി ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ത്തശേഷം മാത്രമേ പുസ്തകം താഴെവെക്കാനാവൂ എന്ന അവസ്ഥ അവരില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യാനാവൂ. എന്തിനേറെ, ആറേഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി പതിപ്പുകളിലായി ഒരു ലക്ഷത്തിലധികം കോപ്പികളാണ് ഈ കൃതി പ്രചരിക്കപ്പെട്ടത്. മലയാള പുസ്തക പ്രസാധനചരിത്രത്തിലെ അപൂര്‍വാനുഭവമായി അത് മാറി. 

സുനില്‍ എന്ന സുഹൃത്ത് പറഞ്ഞ നജീബ് എന്ന പ്രവാസിയുടെ കഥയാണ് ഭാവനയുടെ മൂശയിലുരുക്കി ബെന്യാമിന്‍ ‘ആടുജീവിതം’ സൃഷ്ടിച്ചത്. ഏറെ പ്രതീക്ഷയോടെ സൗദി അറേബ്യയില്‍ വിമാനമിറങ്ങിയ നജീബിനെ ഓര്‍മിക്കാന്‍പോലും ആരും ആഗ്രഹിക്കാത്തവിധം കഠിന യാതനകളാണ് കാത്തിരുന്നത്. നാട്ടില്‍ തിരിച്ചത്തെുന്ന പലരും വസ്ത്രധാരണത്തിന്‍െറ വര്‍ണശബളിമയിലും സുഗന്ധദ്രവ്യങ്ങളുടെ സൗരഭ്യ പൂരത്തിലും മൂടിവെക്കാറുള്ള ആ ശപിക്കപ്പെട്ട ജീവിതത്തിന്‍െറ വൈരൂപ്യവും ദുര്‍ഗന്ധവുമാണ് ബെന്യാമിന്‍ ആവിഷ്കരിക്കുന്നത്. സൗദിയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ ഒരു അറബിയുടെ കൈയിലകപ്പെട്ട നജീബിന് കേട്ടറിവില്ലാത്ത യാതനകളാണ് അനുഭവിക്കേണ്ടിവന്നത്. 

നജീബിന്‍െറ അര്‍ബാബ് ആയി മാറിയ ആ അറബി മരുഭൂമിയിലെ കൂടാരത്തില്‍ തളക്കപ്പെട്ട ആടുകളുടെ സൂക്ഷിപ്പു ജോലിയാണ് അയാള്‍ക്ക് നല്‍കിയത്. ദാഹം തീര്‍ക്കാന്‍ ആവശ്യമുള്ള വെള്ളമില്ലാതെ, ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഭക്ഷണമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, ദേഹശുചീകരണത്തിനോ കുളിക്കോ ഒരു മാര്‍ഗവുമില്ലാതെ, കിടക്കാന്‍ സ്വന്തമായൊരു ഇടംപോലും ലഭിക്കാതെ, അറബിയുടെ ആട്ടും തുപ്പും ചവിട്ടും സഹിച്ച് ആടുകളുടെ വിസര്‍ജ്യങ്ങള്‍ പുരണ്ട് കൂടാരത്തിലെ തടവില്‍ അവക്കൊപ്പം തടവനുഭവിക്കേണ്ടിവന്ന നജീബിന്‍െറ ജീവിതം മൂന്ന് വര്‍ഷം, നാലു മാസം, ഒമ്പത് ദിവസം നീണ്ട ആടുജീവിതമായി പരിണമിക്കുന്ന കഥയാണ് ബെന്യാമിന്‍ ആവിഷ്കരിക്കുന്നത്. ഞണ്ടു രാഘവന്‍, മേരി മൈമുന, പരിപ്പുവിജയന്‍, പോച്ചക്കാരി രമണി തുടങ്ങി അയാള്‍ ഭാവനാ സുന്ദരങ്ങളായ പേരുകളിട്ട് വിളിച്ച ആടുകള്‍ മാത്രമായിരുന്നു ആ ഏകാന്തവാസത്തില്‍ ആശയ വിനിമയത്തിന് കിട്ടിയ ഏക അവലംബം. എന്നെങ്കിലും രക്ഷപ്പെടാനാവും എന്ന പ്രതീക്ഷയുടെ അണയാത്ത പ്രകാശത്തരി അയാള്‍ മനസ്സില്‍ സൂക്ഷിച്ചു. 

അര്‍ബാബില്ലാത്ത ഒരുദിവസം ആപല്‍ബാന്ധവനായി മാറിയ ഇബ്രാഹിം ഖാദരി എന്ന അറബിയുടെയും മറ്റൊരു ആടുജീവിതക്കാരനായ ഹക്കീമിന്‍െറയും കൂടെ അയാള്‍ ഒളിച്ചോടി. ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ അലഞ്ഞുതിരിഞ്ഞ മൂന്നു ദിവസത്തിനുശേഷം ആള്‍വാസമുള്ളിടത്ത് എത്തിച്ചേര്‍ന്നതോടെ, യാതനാപര്‍വത്തിന്‍െറ ഒരു ഭാഗം അവസാനിച്ചു. പൊലീസിന് മുന്നില്‍ സ്വയം കീഴടങ്ങിയശേഷം ഏതു നിമിഷവും തിരിച്ചറിയല്‍ പരേഡില്‍ വെച്ച് അര്‍ബാബ് പിടികൂടി കഠിനമായി മര്‍ദിച്ച് ആടുജീവിതത്തിലേക്ക് വീണ്ടും നയിച്ചേക്കാം എന്ന ഭീതിയോടെയായിരുന്നു പിന്നീടുള്ള കുറെ ദിവസങ്ങള്‍. നജീബ് ഇന്ത്യന്‍ എംബസിയിലൂടെ മോചനം പ്രാപിക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു. 

ജീവിതത്തിന്‍െറ അര്‍ഥരാഹിത്യത്തെക്കുറിച്ചും നരജീവിതമായ വേദനയെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനും മനസ്സിന്‍െറ വിചാര ചക്രവാളത്തെ വികസ്വരമാക്കുന്നതിനും സഹായകമാണ് ഈ കൃതിയുടെ വായന. ട്രാജഡിയുടെ മേന്മയായി പണ്ട് അരിസ്റ്റോട്ടില്‍ നിര്‍ദേശിച്ച ഹൃദയ വിമലീകരണ ശക്തി അനുഭവിപ്പിക്കുന്നു ആ വായന എന്നത് ആടുജീവിതമെന്ന രചനയുടെ വൈശിഷ്ട്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ബെന്യാമിന്‍: ജീവിതരേഖ

യഥാര്‍ഥ നാമം: ബെന്നി ദാനിയല്‍
ജനനം: 1971 പന്തളത്തിനടുത്ത് കുളനട 
ജോലി: 23 വര്‍ഷമായി ബഹ്റൈനില്‍ ജോലിചെയ്തിരുന്നു. ഇപ്പോള്‍ നാട്ടില്‍
പ്രധാന കൃതികള്‍: പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്‍െറ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍, മഞ്ഞവെയില്‍ മരണങ്ങള്‍ എന്നീ നോവലുകള്‍ക്കു പുറമെ കഥാസമാഹാരങ്ങള്‍, അനുഭവം, യാത്രാ വിവരണം തുടങ്ങി വിവിധ ശാഖകളില്‍ കൃതികള്‍.

പുരസ്കാരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2009), പത്മപ്രഭ സാഹിത്യ സമ്മാനം (2015)

Tags:    
News Summary - Aadujeevitham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.