ഹ്യൂഗ് ഹെഫ്നറുടെ മരണം പ്ലേബോയ് എന്ന പ്രസിദ്ധീകരണത്തിന്‍റെ ഇന്നലെകളിലേക്ക് നോക്കാൻ വായനക്കാരന് പ്രേരണ നൽകുന്നു. ഇന്ന് ലോകത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നാണ് പ്ലേ ബോയ്. യാഥാസ്ഥിതികമായ അമേരിക്കൻ ലോകത്തിന് കനത്ത ആഘാതം ഏൽപ്പിച്ചുകൊണ്ടാണ് 1953ൽ ഹെഫ്നർ 'പ്ളേബോയ്' ആരംഭിച്ചത്. പുരുഷന്മാര്‍ക്കുള്ള വിനോദങ്ങൾ ഉള്ളടമാക്കിയിരുന്ന പ്ലേ ബോയ് വനിതാ മോഡലുകളുടെ നഗ്‌ന, അര്‍ധ നഗ്‌ന ചിത്രങ്ങള്‍ മധ്യഭാഗത്തെ പേജുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. നടുവിലെ പേജിൽ മർലിൻ മൺറോയുടെ ചിത്രവുമായാണ് ആദ്യത്തെ പ്ളേ ബോയ് മാഗസിൻ അമേരിക്കൻ ജനതയുടെ കൈകളിലെത്തിയത്.
തന്‍റെ പക്കലുള്ള 600 ഡോളറും അമ്മയിൽ നിന്നും കടംവാങ്ങിയ ആയിരം ഡോളറും മുടക്കുമുതലാക്കിയാണ് ഹെഫ്നർ പ്ളേബോയ് ആരംഭിച്ചത്. അന്നത്തെ ലോകത്തിന് പരിചയമില്ലാതിരുന്ന തരത്തിൽ പുരുഷന്മാരുടെ പ്രശ്നങ്ങളും നടിമാരുടെ നഗ്ന ചിത്രങ്ങളും അതോടൊപ്പം ആഴമുള്ള ലേഖനങ്ങളും പ്രമുഖരുടെ അഭിമുഖങ്ങളും പ്ളേബോയിൽ പ്രസിദ്ധീകരിച്ചു. തന്‍റെ മാഗസിൻ വിതരണം ചെയ്യില്ലെന്ന് പറഞ്ഞ യു.എസ് പോസ്റ്റ് ഓഫിസിന്‍റെ നിലപാടിനെതിരെ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയയാളാണ് ഹ്യൂഗ് ഹെഫ്നർ.
ലൈംഗിക വിപ്ളവത്തിന് തുടക്കം കുറിച്ച മാഗസിനായിരുന്നു പ്ളേബോയ് എന്നാണ് ആ മാഗസിൻ തുടക്കം മുതൽ കേട്ടിരുന്ന വിമർശനം. എന്നാൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും ഒപ്പം ലൈംഗിക സ്വാതന്ത്ര്യത്തിനുവേണ്ടിയും വാദിച്ചിരുന്നയാളാണ് തന്‍റെ പിതാവാണെന്നാണ് ഹെഫ്നറെക്കുറിച്ച് പുത്രൻ കൂപ്പർ ഹെഫ്നർ അനുസ്മരിച്ചത്.
മാഗസിന്‍റെ വിജയത്തോടെ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു ഹെഫ്നറുടെ സാമ്രാജ്യം. ഹോട്ടൽ ബിസിനസ്സിലാണ് പിന്നീട് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. കുപ്രസിദ്ധിയാർജിച്ച ബണ്ണി ഹോസ്റ്റസുകളുമായി പ്ളേബോയ് എന്‍റർപ്രൈസസ് ക്ളബുകളും ആരംഭിച്ചു. വിനോദ വ്യവസായത്തിലും ഭാഗ്യം പരീക്ഷിക്കുകയും ടി.വി. ഷോകളിൽ അവതാരകനാകുകയും ചെയ്തു ഹെഫ്നർ. എഴുപതുകളിൽ പ്ളേബോയ് മാഗസിൻ അതിന്‍റെ ഉയരങ്ങളിലായിരുന്നു. മാഗസിന്‍റെ 70 ലക്ഷം കോപ്പികൾ ഒരു മാസം വിറ്റഴിഞ്ഞിരുന്നു
2016ഓടുകൂടി നഗ്ന വിപ്ളവത്തിന് അന്ത്യം കുറിച്ചുകൊണ്ട് മുഖംമിനുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു പ്ളേബോയ്. നഗ്ന ചിത്രങ്ങൾക്കുപരി മറ്റൊരു ഇമേജാണ് തങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
കാലിഫോർണിയയിൽ മർലിൻ മൺറോയുടെ ശവകുടീരത്തിനടുത്ത് തന്നെയാണ് ഹെഫ്നറുടേയും അന്ത്യവിശ്രമസ്ഥാനമൊരുക്കുക. ഇതിനുവേണ്ടി നേരത്തേ തന്നെ സ്ഥലം വാങ്ങിയിട്ടുണ്ട് ഹെഫ്നർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.