സാഹിത്യം@60

കഥകളും കവിതകളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ മലയാളം. നമ്മുടെ ഭാഷാസാഹിത്യത്തിന്‍െറ വേരുകള്‍ പഴമയിലാണ്. തമിഴ് അതിപ്രസരത്തില്‍നിന്ന് മലയാളത്തെ രക്ഷിച്ച ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍െറ കാലത്തിനുമുമ്പുള്ളതാണ് പ്രാചീനമലയാളസാഹിത്യം എന്നറിയപ്പെടുന്നത്. പ്രാചീനമലയാളകാലത്തെ കരിന്തമിഴ് കാലമെന്നും മലയാണ്‍മ കാലമെന്നും രണ്ടായി തിരിക്കാം. രാമചരിതത്തിന്‍െറ രചനക്കുമുമ്പുള്ള കാലമാണ് കരിന്തമിഴ് കാലം. മലയാളം സ്വതന്ത്ര അസ്തിത്വം നേടിത്തുടങ്ങിയ കാലമാണ് മലയാണ്‍മ കാലം. രാമചരിതത്തിന്‍െറ രചനാകാലം. ലീലാതിലകവും ഈ കാലഘട്ടത്തിലാണ് പിറവിയെടുക്കുന്നത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും പ്രാചീനമലയാളത്തിലുള്‍പ്പെടുന്ന കൃതിയാണ്. 17ാം നൂറ്റാണ്ട് മുതലാണ് ഭാഷയുടെ നവീനകാലം ആരംഭിക്കുന്നത്.

15ാം നൂറ്റാണ്ടില്‍ ജീവിച്ച ചെറുശ്ശേരിയും (കൃഷ്ണഗാഥ), 16ാം നൂറ്റാണ്ടില്‍ ജീവിച്ച എഴുത്തച്ഛനും (അധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകള്‍) 18ാം നൂറ്റാണ്ടില്‍ ജീവിച്ച കുഞ്ചന്‍നമ്പ്യാരും (കല്യാണസൗഗന്ധികം, കിരാതം, നളചരിതം തുടങ്ങിയ തുള്ളല്‍ കൃതികള്‍) ചേര്‍ന്നതാണ് പ്രാചീന കവിത്രയം. ഇന്നത്തെ ലക്ഷണമൊത്ത മലയാളകവിതയുടെ ആരംഭം ആധുനിക കവിത്രയത്തില്‍നിന്നാണ്. കുമാരനാശാന്‍ (വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ), ഉള്ളൂര്‍ (കര്‍ണഭൂഷണം, പിംഗള, പ്രേമസംഗീതം, ഉമാകേരളം, ഭക്തിദീപിക, ചിത്രശാല), വള്ളത്തോള്‍ (ചിത്രയോഗം, അച്ഛനും മകളും, ശിഷ്യനും മകനും, മഗ്ദലനമറിയം) എന്നിവര്‍ ചേര്‍ന്നതാണ് ആധുനികകവിത്രയം.

കവിത, കേരളപ്പിറവിക്കുശേഷം

പി. ഭാസ്കരന്‍: 1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരില്‍ ജനിച്ചു. വയലാര്‍ ഗര്‍ജിക്കുന്നു, മര്‍ദിതര്‍, വില്ലാളി, രണഭേരി, കവിയുടെ കാല്‍പാടുകള്‍, മുള്‍ക്കിരീടം, ഓടക്കുഴലും ലാത്തിയും, ഞാറ്റുവേലപ്പാട്ടുകള്‍, പുഴ പിന്നെയും ഒഴുകുന്നു, സത്രത്തില്‍ ഒരു രാത്രി, ഓര്‍ക്കുക വല്ലപ്പോഴും, മുഖത്തോടുമുഖം, ഒറ്റക്കമ്പിയുള്ള തംബുരു, പി. ഭാസ്കരന്‍െറ തെരഞ്ഞെടുത്ത കവിതകള്‍ എന്നിവ പ്രധാന കൃതികള്‍. ഒറ്റക്കമ്പിയുള്ള തംബുരു എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. 3000ല്‍പരം സിനിമാഗാനങ്ങള്‍ രചിച്ചു.
വയലാര്‍: 1928 മാര്‍ച്ച് 25ന് വയലാറില്‍ ജനിച്ചു. വിപ്ളവകവിതകളാല്‍ ശ്രദ്ധേയനായി. പാദമുദ്രകള്‍, കൊന്തയും പൂണൂലും, എനിക്ക് മരണമില്ല, മുളങ്കാട്, ഒരു യൂദാസ് ജനിക്കുന്നു, എന്‍െറ മാറ്റൊലിക്കവിതകള്‍, ആയിഷ തുടങ്ങിയവ പ്രധാന കൃതികള്‍. സര്‍ഗസംഗീതത്തിന് കേരള സാഹിത്യ അക്കാദി അവാര്‍ഡ്. 1974ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി.

ഒ.എന്‍.വി. കുറുപ്പ്:  1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. യഥാര്‍ഥ പേര് ഒ.എന്‍. വേലുക്കുറുപ്പ്. മയില്‍പ്പീലി, വളപ്പൊട്ടുകള്‍, ഒരു തുള്ളി വെളിച്ചം, നീലക്കണ്ണുകള്‍, കറുത്ത പക്ഷിയുടെ പാട്ട്, ഭൂമിക്കൊരു ചരമഗീതം, അഗ്നിശലഭങ്ങള്‍, അക്ഷരം, ഉപ്പ്, ഭൈരവന്‍െറ തുടി തുടങ്ങി നിരവധി കാവ്യങ്ങള്‍. പത്മശ്രീ, പത്മഭൂഷണ്‍, ജ്ഞാനപീഠം, റഷ്യന്‍ സര്‍ക്കാറിന്‍െറ പുഷ്കിന്‍ അവാര്‍ഡ് എന്നിവ ലഭിച്ചു.
കുഞ്ഞുണ്ണിമാഷ്: 1927 മേയ് 10ന് തൃശൂരില്‍ ജനിച്ചു. ചെറിയ വരികളില്‍ വലിയ ആശയങ്ങള്‍ നിറച്ച കവിതകള്‍. കുഞ്ഞുണ്ണിയുടെ കവിതകള്‍, കവിത, രാഷ്ട്രീയം, കടങ്കഥകള്‍, വിത്തും മുത്തും, കുറ്റിപ്പെന്‍സില്‍, ഊണുതൊട്ടുറക്കംവരെ, കുഞ്ഞുണ്ണിക്കവിതകള്‍ എന്നിവ പ്രധാന കൃതികള്‍. കുഞ്ഞുണ്ണിക്കവിതകള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.  

പാലാ നാരായണന്‍ നായര്‍: 1911 ഡിസംബറില്‍ പാലായില്‍ ജനിച്ചു. കേരളം വരുന്നു, തരംഗമാല, മലനാട്ടിലെ നര്‍ത്തകി, ഓളങ്ങള്‍, മലനാട്, എനിക്ക് ദാഹിക്കുന്നു, അമൃതകല, മനുഷ്യര്‍ തുടങ്ങി നിരവധി കൃതികള്‍. കേരളസര്‍ക്കാറിന്‍െറ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് 1906 ഡിസംബര്‍ 23ന് ജനിച്ചു. ശക്തിയുടെ കവി. അളകാവലി, കറുത്ത ചെട്ടിച്ചികള്‍, പുത്തന്‍കലവും അരിവാളും, വിവാഹസമ്മാനം, കാവിലെ പാട്ട് തുടങ്ങിയ കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അക്കിത്തം: 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ ജനിച്ചു. മുഴുവന്‍ പേര് അക്കിത്തം അച്യുതന്‍ നമ്പൂതിരി. ബലിദര്‍ശനം, അരങ്ങേറ്റം, ദേശസേവിക, മധുവിധു, മന$സാക്ഷിയുടെ പൂക്കള്‍, ഇരുപതാം നൂറ്റാണ്ടിന്‍െറ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്‍െറ കഥ തുടങ്ങി നിരവധി കൃതികള്‍. ബലിദര്‍ശനം എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഒളപ്പമണ്ണ: 1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴിയില്‍ ജനനം. യഥാര്‍ഥ പേര് സുബ്രഹ്മണ്യന്‍ നമ്പൂതിരി. നങ്ങേമക്കുട്ടി, വീണ, കല്‍പന, കുളമ്പടി, കിലുങ്ങുന്ന കയ്യാമം, അശരീരികള്‍, ഇലത്താളം, തീത്തൈലം, പാഞ്ചാലി, ഒലിച്ചുപോകുന്ന ഞാന്‍ എന്നിവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചു.
ജി.ശങ്കരക്കുറുപ്പ്: ആദ്യ ജ്ഞാനപീഠ പുരസ്കാരം നേടി. 1901 ജൂണ്‍ മൂന്നിന് എറണാകുളം ജില്ലയില്‍ ജനിച്ചു. ‘ഓടക്കുഴല്‍’ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.

പി. കുഞ്ഞിരാമന്‍ നായര്‍: 1906 ഒക്ടോബര്‍ 25ന് കാസര്‍കോട് ജനിച്ചു. താമരത്തോണി എന്ന കവിതാസമാഹാരത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അന്തിത്തിരി, ഓണസദ്യ, കളിയച്ഛന്‍, നിറപറ, പൂക്കളം, മണിവീണ, ശംഖനാദം, സൗന്ദര്യദേവത തുടങ്ങിയ കവിതാസമാഹാരങ്ങള്‍.
വൈലോപ്പിള്ളി ശ്രീധരമേനോന്‍: കവി എന്നതിലുപരി നാടകകൃത്തും. കന്നിക്കൊയ്ത്ത്, ശ്രീരേഖ, വിത്തും കൈക്കോട്ടും, ഓണപ്പാട്ടുകള്‍, കുന്നിമണികള്‍, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത് തുടങ്ങിയവ പ്രധാന കൃതികള്‍.
ചങ്ങമ്പുഴ കൃഷ്ണപിള്ള: 1911 ഒക്ടോബര്‍ 10ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ജനിച്ചു. കവിത്രയത്തിനുശേഷം പുതിയൊരു കാവ്യലോകം സൃഷ്ടിച്ച കവി. കാല്‍പനിക കവിതകളിലൂടെ ജനകീയനായി. കൃതികള്‍: രമണന്‍, നിര്‍വൃതി, സുധാംഗദ, ഉദ്യാനലക്ഷ്മി, കലാകേളി, യവനിക, സ്പന്ദിക്കുന്ന അസ്ഥിമാടം.
എന്‍.എന്‍. കക്കാട്: 1927 ജൂലൈ 14ന് കോഴിക്കോട് ജില്ലയിലെ അവിടനെല്ലൂരില്‍ ജനിച്ചു. നാരായണന്‍ നമ്പൂതിരി എന്ന് യഥാര്‍ഥ പേര്. സഫലമീ യാത്ര, ശലഭഗീതം, പാതാളമുഴക്കം, വജ്രകുണ്ഡലം, പകലറുതിക്ക് മുമ്പ്, കക്കാടിന്‍െറ കൃതികള്‍ തുടങ്ങിയവ പ്രധാന രചനകള്‍. സഫലമീയാത്രക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.

കടമ്മനിട്ട രാമകൃഷ്ണന്‍: 1935 മാര്‍ച്ച് 17ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയില്‍ ജനിച്ചു. കവിതയുടെ ജനകീയവത്കരണത്തില്‍ പങ്കാളിയായി. കവിത, കടമ്മനിട്ടക്കവിതകള്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നിവ കവിതാസമാഹാരങ്ങള്‍. കടമ്മനിട്ട രാമകൃഷ്ണന്‍െറ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, കറുത്ത കോപ്പ എന്നിവ കടമ്മനിട്ടയുടെ മറ്റ് പ്രധാന രചനകള്‍.
അയ്യപ്പപ്പണിക്കര്‍: 1930 ഒക്ടോബര്‍ 12ന് കുട്ടനാട്ടില്‍ ജനിച്ചു. അയ്യപ്പപ്പണിക്കരുടെ കൃതികള്‍ (കേരള സാഹിത്യ അക്കാദമി അവാര്‍ഡ്), കുരുക്ഷേത്രം, ഗോത്രയാനം, സി.വി. രാമന്‍പിള്ള, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ എന്നിവ പ്രധാന കൃതികള്‍.
 വിഷ്ണുനാരായണന്‍ നമ്പൂതിരി, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ജി. ശങ്കരപ്പിള്ള, അയ്യപ്പന്‍, ഡി. വിനയചന്ദ്രന്‍ തുടങ്ങി മലയാളത്തിന് പ്രിയപ്പെട്ട കവികള്‍ ഇനിയുമേറെ.

കവിതയിലെ സ്ത്രീസാന്നിധ്യം

ബാലാമണിയമ്മ: 1909 ജൂലൈ 19ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് ജനിച്ചു. മാതൃത്വത്തിന്‍െറ കവി. കൂപ്പുകൈ, അമ്മ, കുടുംബിനി, ധര്‍മമാര്‍ഗത്തില്‍, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയില്‍, ഊഞ്ഞാലിന്മേല്‍, കളിക്കൊട്ട, ഒരു മഴുവിന്‍െറ കഥ എന്നിവ പ്രധാന കവിതാ സമാഹാരങ്ങള്‍.
സുഗതകുമാരി: 1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. പ്രശസ്ത കവി ബോധേശ്വരന്‍െറ മകളാണ്. സ്വപ്നഭൂമി, മുത്തും ചിപ്പിയും, പാവം മാനവഹൃദയം, ഇരുള്‍ച്ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ തുടങ്ങിയവ പ്രധാന കൃതികള്‍. പത്മശ്രീ, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സരസ്വതി സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്.
ഒ.വി. ഉഷ: 1948 നവംബര്‍ നാലിന് പാലക്കാട്ട് ജനനം. നോവലിസ്റ്റ് ഒ.വി. വിജയന്‍െറ സഹോദരിയാണ്. ധ്യാനം, ചുവന്ന കോട്ടയുടെ മുന്നില്‍, അഗ്നിമിത്രനൊരു കുറിപ്പ്, സ്നേഹഗീതങ്ങള്‍ എന്നിവ പ്രധാന കവിതാസമാഹാരങ്ങള്‍.
വിജയലക്ഷ്മി: 1960ല്‍ ജനനം. തച്ചന്‍െറ മകള്‍, മൃഗശിക്ഷകന്‍, ഹിമസമാധി, അന്ത്യപ്രലോഭനം, മഴതന്‍ മറ്റേതോ മുഖം തുടങ്ങിയ കവിതാസമാഹാരങ്ങള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍െറ ഭാര്യയാണ്.
നന്ദിത, ജാനകിക്കുട്ടി, വരദേശ്വരി, ജ്യോതി ഗംഗാധരന്‍, രാധാമാധവന്‍, ടി. ഗിരിജ എന്നിങ്ങനെ സാന്നിധ്യമറിയിച്ച കവയിത്രിമാര്‍ ഇനിയും നിരവധിയുണ്ട്.

സിനിമാഗാനങ്ങള്‍
അഭയദേവ്, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, എസ്. രമേശന്‍ നായര്‍, ശ്രീകുമാരന്‍തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി, ഷിബു ചക്രവര്‍ത്തി, ഭരണിക്കാവ് ശിവകുമാര്‍, കെ. ജയകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, മുരുകന്‍ കാട്ടാക്കട, പ്രഭാവര്‍മ തുടങ്ങിയവര്‍ 60 വര്‍ഷത്തിനിടെ സിനിമാഗാനരചനയില്‍ തിളങ്ങിയ കവികളാണ്.

ആക്ഷേപഹാസ്യകാരന്മാര്‍
കുഞ്ചന്‍നമ്പ്യരാണ് മലയാളത്തില്‍ ആക്ഷേപഹാസ്യധാരക്ക് തുടക്കംകുറിച്ചത്. മാണിക്കോത്ത് രാമുണ്ണിനായര്‍ എന്ന സഞ്ജയന്‍ പിന്നീട് ഈ രംഗത്ത് ശ്രദ്ധേയനായി. അസ്ത്രം, ആഗ്നേയാസ്ത്രം, ആവനാഴി എന്നതൊക്കെയാണ് കവിതാസമാഹാരങ്ങള്‍. സാഹിത്യനികല്‍പം, അന്ത്യോപഹാരം എന്നിവ പ്രധാന കൃതികള്‍.

 

ചെറുകഥയും നോവലും
മലയാളത്തിലെ ആദ്യത്തെ ചെറുകഥ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ ‘വാസനാവികൃതി’ ആണ്. ഭാഷയിലെ ആദ്യ നോവല്‍ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ്. (1887ല്‍ എഴുതപ്പെട്ടിട്ടുള്ളതാണ് ഈ കൃതി.) എന്നാല്‍, ലക്ഷണമൊത്ത ആദ്യനോവല്‍ 1889ല്‍ എഴുതപ്പെട്ട ഒ. ചന്തുമേനോന്‍െറ ഇന്ദുലേഖയാണ്. മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ, രാമരാജബഹദൂര്‍ തുടങ്ങിയ നോവലുകളുമായി സി.വി. രാമന്‍പിള്ളയും രംഗത്തത്തെി.  

കേശവദേവ്: നവോത്ഥാന കാലത്തിന്‍െറ ശക്തനായ വക്താവ്. ഓടയില്‍നിന്ന്, അയല്‍ക്കാരന്‍, നടി, ഭ്രാന്താലയം, അധികാരം, സ്വപ്നം തുടങ്ങി 20ഓളം നോവലുകളും ഭാവിവരന്‍, പ്രേമിക്കാന്‍ നേരമില്ല, കാമുകന്‍െറ കത്ത്, ദീനാമ്മ, അന്നത്തെ നാടകം, തെരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും എതിര്‍പ്പ്, തിരിഞ്ഞുനോട്ടം തുടങ്ങിയ ആത്മകഥകളും രചിച്ചു.
തകഴി ശിവശങ്കരപ്പിള്ള: തൊഴിലാളികളുടെയും കര്‍ഷകരുടെയും കഥകള്‍ എഴുതി. ചെമ്മീന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, ഏണിപ്പടികള്‍, തോട്ടിയുടെ മകന്‍, തെണ്ടിവര്‍ഗം, ബലൂണുകള്‍ തുടങ്ങിയ നോവലുകളും വെള്ളപ്പൊക്കത്തില്‍, ചാത്തന്‍െറ കഥ, ഒരസാധാരണ ത്യാഗം, കൃഷിക്കാരന്‍, ഭാഗം, പെണ്‍മക്കള്‍, കെട്ടുതാലിയുടെ കഥ തുടങ്ങിയ കഥകളും എഴുതി.
വൈക്കം മുഹമ്മദ് ബഷീര്‍: മലയാളത്തിന്‍െറ പ്രിയങ്കരനായ എഴുത്തുകാരന്‍. ബാല്യകാലസഖി, ശബ്ദങ്ങള്‍, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നൂ, പാത്തുമ്മായുടെ ആട് തുടങ്ങിയ നോവലുകളും അമ്മ, ഭാരതമാതാ, കൈവിലങ്ങുകള്‍, പൊലീസുകാരന്‍െറ മകള്‍, ജയില്‍പ്പുള്ളിയുടെ ചിത്രം, പൂവന്‍പഴം, ജന്മദിനം, വിശപ്പ് തുടങ്ങിയ കഥകളും അദ്ദേഹത്തിന്‍േറതായുണ്ട്.
എസ്.കെ. പൊറ്റെക്കാട്ട്: സഞ്ചാരസാഹിത്യകാരന്‍. മൂടുപടം, ഒരു തെരുവിന്‍െറ കഥ, വിഷകന്യക തുടങ്ങിയ നോവലുകളും എസ്.കെ. പൊറ്റെക്കാട്ടിന്‍െറ കഥകള്‍, സമ്പൂര്‍ണ കഥകള്‍, ഇന്ദ്രനീലം, ജലതരംഗം, നിശാഗന്ധി, പുള്ളിമാന്‍ തുടങ്ങിയ കഥകളും.
ഉറൂബ്: യഥാര്‍ഥ പേര് പി.സി. കുട്ടികൃഷ്ണന്‍. ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, മിണ്ടാപ്പെണ്ണ്, അമ്മിണി, കുഞ്ഞമ്മയും കൂട്ടുകാരും തുടങ്ങിയ നോവലുകളും തേന്‍മുള്ളുകള്‍, നവോന്മേഷം, കതിര്‍ക്കറ്റ, നീര്‍ച്ചാലുകള്‍, വെളുത്ത കുട്ടി തുടങ്ങിയ കഥാസമാഹാരങ്ങളും.
എം.ടി. വാസുദേവന്‍ നായര്‍: വളര്‍ത്തുമൃഗങ്ങള്‍, ഇരുട്ടിന്‍െറ ആത്മാവ്, കുട്ട്യേടത്തി, നിന്‍െറ ഓര്‍മക്ക്, ബന്ധനം, വാരിക്കുഴി, പതനം, കളിവീട്, ഡാര്‍ എസ്. സലാം, വാനപ്രസ്ഥം, ഒരു പിറന്നാളിന്‍െറ ഓര്‍മക്ക് തുടങ്ങിയ കഥകളും മഞ്ഞ്, കാലം, അസുരവിത്ത്, രണ്ടാമൂഴം തുടങ്ങിയ നോവലുകളും. ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, എഴുത്തച്ഛന്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍.
ടി. പത്മനാഭന്‍: പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ഗൗരി, ശേഖൂട്ടി, മഖന്‍സിങ്ങിന്‍െറ മരണം, വീട് നഷ്ടപ്പെട്ട കുട്ടി തുടങ്ങിയ കഥകള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍, വയലാര്‍ അവാര്‍ഡുകള്‍  എന്നിവ നേടി.
കമലാ സുരയ്യ: എഴുത്തിലൂടെ മലയാളിയെ ഞെട്ടിച്ച കഥാകാരി. കോലാട്, പക്ഷിയുടെ മണം, സ്വയംവരം, തരിശുനിലം, കല്യാണി, കുളക്കോഴികള്‍ തുടങ്ങിയവ പ്രശസ്ത കഥകള്‍. മതിലുകള്‍, പത്തുകഥകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍െറ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ് തുടങ്ങിയ കഥാസമാഹാരങ്ങള്‍.
കോവിലന്‍: തകര്‍ന്ന ഹൃദയങ്ങള്‍, എ മൈനസ് ബി, ഈ ജീവിതം അനാഥമാണ്, ഹിമാലയം, ശകുനം, ഭരതന്‍, തോറ്റങ്ങള്‍ തുടങ്ങിയവ പ്രശസ്തകൃതികള്‍.
എം. മുകുന്ദന്‍: വീട്, നദിയും തോണിയും, അഞ്ചരവയസ്സുള്ള കുട്ടി, ഹൃദയവതിയായ പെണ്‍കുട്ടി തുടങ്ങിയ കഥാപുസ്തകങ്ങളും മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ഡല്‍ഹി, കേശവന്‍െറ വിലാപങ്ങള്‍, ദൈവത്തിന്‍െറ വികൃതികള്‍ തുടങ്ങിയ നോവലുകളും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.
ഒ.വി. വിജയന്‍: കഥാകൃത്തും കാര്‍ട്ടൂണിസ്റ്റും. ഖസാക്കിന്‍െറ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരംഗായതി, പ്രവാചകന്‍െറ വഴി, തലമുറകള്‍ എന്നീ നോവലുകളും വിജയന്‍െറ കഥകള്‍, ഒരു നീണ്ട രാത്രിയുടെ ഓര്‍മക്കായി, കടല്‍ത്തീരത്ത്, അശാന്തി, കാറ്റു പറഞ്ഞ കഥ തുടങ്ങിയ കഥാസമാഹാരങ്ങളും.
പുനത്തില്‍ കുഞ്ഞബ്ദുള്ള: ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു, ക്ഷേത്രവിളക്കുകള്‍, മലമുകളിലെ അബ്ദുള്ള, കത്തി, കാലാള്‍പടയുടെ വരവ്, ജൂതന്മാരുടെ ശ്മശാനം, കൃഷ്ണന്‍െറ രാധ തുടങ്ങിയ കഥകളും സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, ഖലീഫ, സംഘം, പരലോകം തുടങ്ങിയ നോവലുകളുമെഴുതി.
സക്കറിയ: ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, ആര്‍ക്കറിയാം, സലാം അമേരിക്ക, കണ്ണാടി കാണ്‍മോളവും, കന്യാകുമാരി തുടങ്ങിയ കഥാപുസ്തകങ്ങളും പ്രെയ്സ് ദ ലോര്‍ഡ്, എന്തുണ്ട് വിശേഷം പിലാത്തോസേ, ഇതാണെന്‍െറ പേര്, ഭാസ്കരപട്ടേലരും എന്‍െറ ജീവിതവും തുടങ്ങിയ നോവലുകളും രചിച്ചു.
ആനന്ദ്: പൂജ്യം, വീടും തടവും, നാലാമത്തെ ആണി, സംവാദം തുടങ്ങിയ കഥാസമാഹാരങ്ങളും ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, മരുഭൂമികള്‍ ഉണ്ടാകുന്നത് തുടങ്ങിയ നോവലുകളുമെഴുതി.   
ലളിതാംബിക അന്തര്‍ജനം: അഗ്നിസാക്ഷി എന്ന ഒറ്റനോവല്‍ കൊണ്ട് മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടി. ആദ്യത്തെ കഥകള്‍, മൂടുപടത്തില്‍ തകര്‍ന്ന തലമുറ, കാലത്തിന്‍െറ ഏടുകള്‍, സത്യത്തിന്‍െറ സ്വരം തുടങ്ങിയ കഥാസമാഹാരങ്ങള്‍.
മലയാറ്റൂര്‍ രാമകൃഷ്ണന്‍: വേരുകള്‍, യക്ഷി, വേഴാമ്പല്‍, പൊന്നി, അഞ്ചുസെന്‍റ്, യന്ത്രം തുടങ്ങിയ നോവലുകള്‍ അദ്ദേഹത്തിന്‍േറതായുണ്ട്.
സാറാ ജോസഫ്: പെണ്‍വായനയുടെയും പെണ്ണെഴുത്തിന്‍െറയും ശക്തിയേറിയ സ്വരം. ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍ തുടങ്ങിയ നോവലുകളും മനസ്സിലെ തീ മാത്രം, കാടിന്‍െറ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ് അറിയുന്നു, കാടിതു കണ്ടായോ കാന്താ, ഒടുവിലത്തെ സൂര്യകാന്തി തുടങ്ങിയ കഥാസമാഹാരങ്ങളും രചിച്ചു.
വി.കെ.എന്‍, സേതു, എന്‍.പി. മുഹമ്മദ്, കാക്കനാടന്‍, പൊന്‍കുന്നം വര്‍ക്കി, എന്‍.എസ്. മാധവന്‍, കാരൂര്‍ നീലകണ്ഠപിള്ള, മുട്ടത്തുവര്‍ക്കി, രാജലക്ഷ്മി, സി. രാധാകൃഷ്ണന്‍, വൈശാഖന്‍, സി.വി. ശ്രീരാമന്‍, പി. വത്സല, നന്തനാര്‍, പാറപ്പുറത്ത്, ചെറുകാട്, പി.കെ. ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ പുതൂര്‍, അക്ബര്‍ കക്കട്ടില്‍, യു.കെ. കുമാരന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബെന്യാമിന്‍, കെ.പി. രാമനുണ്ണി, കെ.ആര്‍. മീര, അഷിത, പ്രിയ എ.എസ്, മേതില്‍ രാധാകൃഷ്ണന്‍, പി.കെ. പാറക്കടവ്, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങി ഈ പട്ടിക അവസാനിക്കുന്നില്ല.

മലയാളത്തിന്‍െറ ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാര്‍

നമുക്കഭിമാനിക്കാന്‍ കേരളത്തില്‍ വേരുകളുള്ള ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാര്‍ നിരവധിയുണ്ട്.
കമല ദാസ്: മലയാളത്തിന്‍െറ പ്രിയപ്പെട്ട കമലാ സുരയ്യ ആദ്യകാലങ്ങളില്‍ കമല ദാസ് എന്ന പേരില്‍ ഇംഗ്ളീഷില്‍ എഴുതി. സാഹിത്യത്തിന് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സമ്മര്‍ ഇന്‍ കൊല്‍ക്കട്ട, ആല്‍ഫബെറ്റ് ഓഫ് ലസ്റ്റ്, ദ ഡിസന്‍ഡന്‍റ്സ്, ഓള്‍ഡ് പ്ളേ ഹൗസ് ആന്‍ഡ് അദര്‍ പോയംസ്, ഓണ്‍ലി ദ സോള്‍ നോസ് ഹൗ ടു സിങ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
അനിത നായര്‍: പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ജനിച്ചു. ഇദ്രിസ്, ലെസന്‍സ് ഇന്‍ ഫോര്‍ഗെറ്റിങ്, ദ ബെറ്റര്‍ മാന്‍, മിസ്ട്രസ്,  മലബാര്‍ വിന്‍ഡ്, ഗുഡ്നൈറ്റ് ആന്‍ഡ് ഗോഡ് ബ്ളെസ്, മാജിക്കല്‍ ഇന്ത്യന്‍ മിത്സ് തുടങ്ങിയവ പ്രധാന കൃതികള്‍.
അരുന്ധതി റോയ്: ക്രിസ്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ മലയാളിയായ മേരി റോയിയുടെ മകള്‍. കേരളം പശ്ചാത്തലമാക്കിയ നോവല്‍ ‘ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സി’ന് 1997ല്‍ ബുക്കര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.
ശശി തരൂര്‍: ലണ്ടനില്‍ പാലക്കാട് വേരുകളുള്ള മലയാളി കുടുംബത്തില്‍ ജനനം. ഇന്ത്യ ശാസ്ത്ര: റിഫ്ളക്ഷന്‍സ് ഓണ്‍ ദ നേഷന്‍ ഇന്‍ അവര്‍ ടൈം, ഇന്ത്യ: ദ ഫ്യൂച്ചര്‍ ഈസ് നൗ, പാക്സ് ഇന്‍ഡിക്ക: ഇന്ത്യ ആന്‍ഡ് ദ വേള്‍ഡ് ഓഫ് ദ ട്വന്‍റിഫസ്റ്റ് സെഞ്ച്വറി, ഷാഡോസ് എക്രോസ് ദ പ്ളേയിങ് ഫീല്‍ഡ്: 60 ഇയേഴ്സ് ഓഫ് ഇന്ത്യ–പാകിസ്താന്‍ ക്രിക്കറ്റ്, ദ എലിഫന്‍റ് ദ ടൈഗര്‍ ആന്‍ഡ് ദ സെല്‍ ഫോണ്‍: റിഫ്ളക്ഷന്‍സ് ഓണ്‍ ഇന്ത്യ- ദ എമര്‍ജിങ് ട്വന്‍റിഫസ്റ്റ്് സെഞ്ച്വറി പവര്‍, ബുക്ലെസ് ഇന്‍ ബഗ്ദാദ്, റയറ്റ്, ദ ഫൈവ് ഡോളര്‍ സ്മൈല്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ്, ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍, ഇന്ത്യ: ഫ്രം മിഡ്നൈറ്റ് ടു ദ മില്ളേനിയം ആന്‍ഡ് ബിയോണ്ട് തുടങ്ങിയവ പ്രധാന കൃതികള്‍.
ജീത് തയ്യില്‍: കേരളത്തില്‍ ജനനം. നാര്‍ക്കോപൊളിസ്, ദീസ് എറേഴ്സ് ആര്‍ കറക്ട്, ഇംഗ്ളീഷ്, അപ്പോകാലിപ്സോ, ജെമിനി എന്നിവ പ്രധാന കൃതികള്‍.
കൂടാതെ, ഇരിങ്ങാലക്കുടയില്‍ ജനിച്ച പ്രശസ്ത എഴുത്തുകാരനും ബ്ളോഗറുമായ സിദിന്‍ വടുകുറ്റ് (ഡോര്‍ക് ട്രിലജി), കോട്ടയം സ്വദേശി മനു ജോസഫ് (സീരിയസ് മെന്‍, ദ ഇല്ലിസിറ്റ് ഹാപ്പിനെസ് ഓഫ് അദര്‍ പീപ്ള്‍), ആനന്ദ് നീലകണ്ഠന്‍ (അസുര: ടെയില്‍ ഓഫ് ദ വാന്‍ക്വിഷ്ഡ്, അജയ സീരീസ്), തകഴി ശിവശങ്കരപ്പിള്ളയുടെ കൊച്ചുമകള്‍ ജയശ്രീ മിശ്ര (ആന്‍ഷ്യന്‍റ് പ്രോമിസസ്, സീക്രട്ട്സ് ആന്‍ഡ് ലൈസ്, എ ലവ് സ്റ്റോറി ഫോര്‍ മൈ സിസ്റ്റര്‍) തുടങ്ങി നിരവധി എഴുത്തുകാര്‍ കൊച്ചുമലയാളത്തിന്‍െറ ഖ്യാതി ലോകത്തോളം ഉയര്‍ത്തിയിട്ടുണ്ട്.

മലയാളത്തിലെ ജ്ഞാനപീഠ ജേതാക്കള്‍
ജി. ശങ്കരക്കുറുപ്പ് (1965), എസ്.കെ. പൊറ്റെക്കാട്ട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവന്‍ നായര്‍ (1995), ഒ.എന്‍.വി. കുറുപ്പ് (2007) .

തയാറാക്കിയത്: വൃന്ദ വേണുഗോപാല്‍

 

Tags:    
News Summary - kerala@60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.