2017 സാഹിത്യചരിത്രത്തിലും പ്രധാന സംഭവങ്ങൾ ബാക്കിവെച്ചാണ് പടിയിറങ്ങുന്നത്. നല്ല പുസ്തകങ്ങളും വായനകളും പുരസ്ക്കാരങ്ങളും നൽകി സന്തോഷിപ്പിച്ച വർഷം വിവാദങ്ങളുടേയും മതമൗലികവാദികളുടെ ഭീഷണികളുടെ കാര്യത്തിലും പുറകിലായിരുന്നില്ല. മറ്റ് മേഖലകളിലെന്ന പോലെ ഫാഷിസത്തിന്‍റെ വലിയ തോതിലുള്ള കടന്നുകയറ്റത്തിന് ഈ വർഷം സാക്ഷ്യം വഹിച്ചു. ഗൗരി ലങ്കേഷിന്‍റെ വധം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ നെഞ്ചിലേറ്റ വെടിയുണ്ടകളായിരുന്നു. എഴുത്തുകാരനായ കാഞ്ച ഐലയ്യക്ക് നേരെ നടന്ന കൈയേറ്റവും അറസ്റ്റും ഇതിന്‍റെ മറ്റൊരു മുഖമാണ്. എഴുതിയ നോവലിന്‍റെയും ലേഖനത്തിന്‍റെയും പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിടേണ്ടി വന്നു കെ.പി രാമനുണ്ണിക്ക്. സൈബർ ആക്രമണത്തെ തുടർന്ന് പവിത്രൻ തീക്കുനി കവിത പിൻവലിച്ചു. ഇതെല്ലാം കേരളത്തിന് നൽകുന്ന സന്ദേശങ്ങൾ ആശങ്കയുണർത്തുന്നതാണ്.
വിവാദങ്ങൾ
കാഞ്ച ഐലയ്യക്ക് നേരെ കൈയേറ്റവും അറസ്റ്റും
തെലങ്കാനയിലെ കോറുത്ല ടൗണിൽ ദലിത് എഴുത്തുകാരൻ കാഞ്ച ഐലയ്യക്ക് നേരെ ഹിന്ദുത്വവാദികൾ ഭീഷണിയുമായി കൈയേറ്റത്തിന് ശ്രമിച്ചു. കാറ് വളഞ്ഞ ഹിന്ദുസംഘടനാ പ്രവർത്തകർ അദ്ദേഹത്തോട് വന്ദേമാതരം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ തുടരണമെങ്കിൽ വന്ദേമാതരം ചൊല്ലണം അല്ലെങ്കിൽ ഇന്ത്യ വിടണമെന്നായിരുന്നു അവരുടെ ഭീഷണി. പ്ലക്കാർഡുകളും കാവികൊടിയുമായി കാറ് വളഞ്ഞ പ്രവർത്തകർ െഎലയ്യക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും മുട്ടയേറ് നടത്തുകയും ചെയ്തു. പൊലീസ് എത്തിയാണ് അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തെത്തിച്ചത്.
കാഞ്ച െഎലയ്യയുടെ ‘വൈശ്യർ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്തകം ആര്യ വൈശ്യർ എന്ന സമുദായത്തെ താറടിക്കുന്നതാണ് എന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയത്. കാഞ്ച ഐലയ്യക്കെതിരെ വധഭീഷണിയും മുഴക്കിയിരുന്നു. പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും സ്വതന്ത്രചിന്തയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തടയാനാവില്ലെന്ന് വ്യക്തമാക്കി കോടതി അത് തള്ളുകയായിരുന്നു. തുടർന്നാണ് ബന്ദുൾപ്പടെയുള്ള പ്രതിഷേധവുമായി ഇവർ മുന്നോട്ടുപോയത്.
ദിവസങ്ങൾക്ക് ശേഷം കര്‍ഷകരുടെ കൺവെൻഷനിൽ പങ്കെടുക്കാൻ തെലങ്കാനയിലെ ഖമ്മമിലെത്തിയ ഐലയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് വാദം. എന്നാല്‍ ആക്രമണസാധ്യത മുന്നില്‍കണ്ട് സംരക്ഷണം ആവശ്യപ്പെട്ട തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഐലയ്യ പ്രതികരിച്ചു.
അക്കാദമി അവാർഡ് വേണ്ടെന്ന് ഇൻക്വിലാബിന്റെ മകൾ
പ്രമുഖ തമിഴ് കവിയും നാടകകൃത്തുമായ ഇൻക്വിലാബിന് കേന്ദ്രസാഹിത്യ അക്കാദമി പ്രഖ്യാപിച്ച അവാർഡ് കുടുംബം നിരസിച്ചു. തമിഴ് കവിത വിഭാഗത്തിലാണ് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് പ്രഖ്യാപിച്ചത്.
‘‘എഴുത്തിെൻറ പേരിൽ അവാർഡ് സ്വീകരിക്കില്ലെന്നത് പിതാവിെൻറ തീരുമാനമായിരുന്നു. വർഗീയതക്കും ജാതി വിവേചനത്തിനും എതിരെ മൗനം പാലിക്കുന്ന ഒരു സർക്കാറിെൻറ അവാർഡ് അദ്ദേഹം ഒരിക്കലും സ്വീകരിക്കുമായിരുന്നില്ല. ഇൗ സർക്കാർ നൽകുന്ന അവാർഡിന് വർഗീയമുഖമുള്ളതിനാൽ സ്വീകരിക്കില്ലെന്ന് മരിക്കുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് നിരന്തരം വന്നിരുന്ന പൊലീസിൻറെ ഫോൺ വിളികളാണ് അദ്ദേഹം അവാർഡുകളായി പരിഗണിച്ചിരുന്നത്’’ -ഇൻക്വിലാബ് ട്രസ്റ്റിെൻറ മാനേജിങ് ട്രസ്റ്റി കൂടിയായ അമിന പറഞ്ഞു.
കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്
കെ.പി. രാമനുണ്ണിക്ക് അജ്ഞാതരുടെ ഭീഷണിക്കത്ത് ലഭിച്ചു. ‘മാധ്യമ’ത്തിൽ കഴിഞ്ഞ ജൂൺ 16 മുതൽ 22 വരെ ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരക്കെതിരെയാണ് ഭീഷണിക്കത്ത്. ആറുമാസത്തിനകം മതം മാറിയില്ലെങ്കിൽ കൈയും കാലും വെട്ടുമെന്നാണ് മേൽവിലാസമെഴുതാത്ത കത്തിലെ ഭീഷണി. അല്ലെങ്കിൽ പ്രൊഫ. ജോസഫിന്‍റെ അനുഭവമുണ്ടാകുമെന്നും കത്തിൽ പറയുന്നു.
പവിത്രൻ തീക്കുനിയുടെ കവിതക്കെതിരെ ഫേസ്ബുക്കിൽ പ്രതിഷേധം
ഫേസ്ബുക്കിൽ പവിത്രൻ തീക്കുനി പോസ്റ്റ് ചെയ്ത ‘പർദ’ എന്ന കവിത പിൻവലിച്ചു. ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നതാണ് കവിതയെന്ന വിമർശനം മൂലമാണ് അദ്ദേഹം കവിത പിൻവലിച്ചത്. പര്‍ദ്ദയെ കുറിച്ച് എവിടെയോ വായിച്ച ലേഖനമാണ് കവിതയിലെത്തിച്ചതെന്ന് പവിത്രൻ തീക്കുനി വിശദീരിച്ചു. ആഫ്രിക്കയില്‍ അടിമ വ്യാപാരത്തിന് ഉപയോഗിച്ച വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഏതായാലും ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് കവിത പിന്‍വലിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു കുറിപ്പും ഫേസ്ബുക്കിലിട്ടു. പിന്നീട് വിശദീകരണക്കുറിപ്പും അപ്രത്യക്ഷമായി. എന്തായാലും കവിത വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് പിന്നീട് കവി മാധ്യമപ്രവർത്തകരെ അറിയിച്ചു.
വായന അതിര് കടന്ന ശീലമാണ്: ശ്രീറാം വെങ്കിട്ടരാമൻ
മൂന്നാറിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിൽ അധികാരികളുടെ താൽപര്യത്തിന് വഴങ്ങിക്കൊടുക്കാത്തതിന് സ്ഥലംമാറ്റത്തിന് വിധേയനായ ഡെപ്യൂട്ടി കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ, ‘വായന അതിരുകടന്ന ശീലമാണ്’ എന്ന പ്രസ്താവന ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു. ഒരു പുസ്തകത്തിന് വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനെക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ ചെയ്യാന്‍ കഴിയുമെന്നാണ് ശ്രീറാം പറഞ്ഞത്.
ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നു. ഐ.എ.എസ് പരീക്ഷക്ക് കോപ്പി അടിച്ചതിന് പിടിയിലായ മലയാളിയാണ് സഫീര്‍ കരീമിന്‍റെ പേര് പറഞ്ഞാണ് എൻ.എസ് മാധവൻ ശ്രീറാം വെങ്കിട്ടരാമൻ മറുപടി പറഞ്ഞത്. 'പുസ്തകം വായിക്കാതെ സഫീർ കരീമിന് പഠിക്കണമെന്നാണ് പറയുന്നത്' എന്നാണ് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്.
സ്ത്രീവിരുദ്ധതയെ മുഖ്യധാരയിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നടിയെ ആക്രമിച്ച സംഭവം സാഹിത്യരംഗത്തും നിരവധി അഭിപ്രായപ്രകടനങ്ങൾക്ക് വേദിയായി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും സാഹിത്യകാരൻ സക്കറിയയും ദിലീപിനെ അനുകൂലിച്ചത് സാഹിത്യപ്രേമികളെ ഞെട്ടിച്ചു. അടൂരിന്‍റെയും സക്കറിയയുടേയും ചിത്രത്തിനൊപ്പം 'ദൈവം അകറ്റിയവരെ ദിലീപ് കൂട്ടിയോജിപ്പിച്ചു' എന്ന തലക്കെട്ടിൽ എൻ.മാധവൻകുട്ടി ട്വീറ്റ് ചെയ്തു. ചിലരുടെ ന്യായബോധം ഉണരുന്നത് ഹീനകൃത്യം മറക്കാനും പ്രതിക്കും വേണ്ടിയുമാണെന്ന് ആർക്കാണ് അറിയാത്തത് എന്ന് ദിലീപ് അനുകൂല പോസ്റ്റുകളെ വിമർശിച്ചുകൊണ്ട് എൻ.എസ് മാധവൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റം വിവാദമായിരിക്കെ പിണറായി വിജയനെ അനുകൂലിച്ച അശോകൻ ചരുവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായി. പ്രസംഗത്തിന്‍റെ വാര്‍ത്ത കൊടുക്കുന്നതിന് കൈക്കൂലി ചോദിച്ചതിനെക്കുറിച്ചും കടക്കൂ പുറത്തെന്ന് താൻ അലറിയതിനെക്കുറിച്ചുമാണ് ഫേസ്ബുക് പോസ്റ്റ്. സംഭവം വിവാദമായപ്പോൾ കേരളത്തിലെ പത്രപ്രവർത്തകരെക്കുറിച്ചല്ല താൻ ഉദ്ദേശിച്ചതെന്ന് എഴുത്തുകാരൻ വിശദീകരണവും നൽകി.
പുരസ്ക്കാരങ്ങൾ
കസുവോ ഇഷിഗുറോവിന് നോബല്‍ സമ്മാനം
സാഹിത്യത്തിനുള്ള 2017ലെ നോബൽ സമ്മാനം കാസുവോ ഇഷിഗുറോക്ക് ലഭിച്ചു. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. 1989 ൽ ബുക്കർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റിമൈന്‍സ് ഓഫ് ദ ഡേ, നെവര്‍ ലെറ്റ് മി ഗോ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ് നോബല്‍ സമ്മാനം. റിമൈന്‍സ് ഓഫ് ദ ഡേ സിനിമയായിട്ടുണ്ട്. എട്ട് ഗ്രന്ഥങ്ങളും നിരവധി തിരക്കഥകളും രചിച്ചിട്ടുണ്ട്. നാഗസാക്കിയില്‍ ജനിച്ച ഇദ്ദേഹം അഞ്ചാം വയസു മുതല്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലാണ് താമസം.
ജോർജ് സോൻഡേർസിന് മാൻബുക്കർ പ്രൈസ്
അമേരിക്കൻ സാഹിത്യകാരൻ ജോർജ് സോൻഡേർസിന് ബുക്കർ പ്രൈസ്. ചെറുകഥാകൃത്തായി അറിയപ്പെടുന്ന സോൻഡേർസിന്‍റെ നോവലായ ‘ലിങ്കൺ ദ ബാർഡോ’ എന്ന നോവലിനാണ് മാൻ ബുക്കർ പ്രൈസ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കൻറെ ജീവിതവുമായി ബന്ധപ്പെട്ട നോവലാണ് ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ’.
കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം
ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് 53ാമത് ജ്ഞാനപീഠ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം. ആധുനിക ഹിന്ദി സാഹിത്യത്തിലെ സ്ത്രീ നോവലിസ്റ്റുകളിൽ ഏറ്റവും ശ്രദ്ധേയയാണ്. വിഭജനത്തിനു മുമ്പും ശേ
ഷവുമുള്ള കാലഘട്ടങ്ങളിൽ ജീവിച്ച അവർ പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകളുടെ അസംസ്കൃതമായ തനിമയുടെ കരുത്ത് പുനരാവിഷ്കരിച്ചു.
പാകിസ്താനിലെ ഗുജറാത്ത് പ്രവിശ്യയിൽ 1925ലാണ് ജനനം. വിഭജനത്തെ തുടർന്നാണ് ഡൽഹിയിലെത്തിയത്. നോവൽ ‘സിന്ദഗി നാമ’ 1980ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. 1996ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിൽ കേന്ദ്ര സാഹിത്യ അക്കാദമി പുലർത്തുന്ന മൗനത്തിൽ പ്രതിഷേധിച്ച എഴുത്തുകാർക്കൊപ്പം ചേർന്ന് ഇരു ബഹുമതികളും അവർ തിരിച്ചുനൽകി. 2010ൽ പ്രഖ്യാപിക്കപ്പെട്ട പത്മഭൂഷണും അവർ നിരസിച്ചു. ടിൻ പഹദ്, ക്ലൗഡ് സർക്കിൾസൺ ഫ്ലവേഴ്സ് ഒാഫ് ഡാർക്ക്നസ്, ലൈഫ്, ഹം ഹഷ്മത് ബാഗ്, ദർവാരി, മിത്ര മസാനി, മനൻ കി മാൻ എന്നിവ പ്രധാന കൃതികൾ. ഇന്തോ- ആര്യൻ ഭാഷയായ ഡോഗ്രി എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്.
എഴുത്തച്ഛൻ പുരസ്ക്കാരം സച്ചിദാനന്ദന്
എഴുത്തച്ഛൻ പുരസ്കാരം കെ. സച്ചിദാനന്ദന് ലഭിച്ചു. ഒന്നര ലക്ഷമായിരുന്ന പുരസ്കാരം ഈ വർഷം മുതലാണ് അഞ്ച് ലക്ഷമായി ഉയർത്തിയത്.കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്കു സച്ചിദാനന്ദൻ അർഹനായിട്ടുണ്ട്. 1946 മേയ് 28ന് തൃശൂർ ജില്ലയിൽ ജനിച്ച സച്ചിദാനന്ദൻ 50ഓളം പുസ്തകങ്ങൾ രചിച്ചു. "മറച്ചു വച്ച വസ്തുക്കൾ' എന്ന കവിതാ സമാഹാരത്തിന് 2012ലാണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1989, 1998, 2000, 2009, 2012 എന്നീ വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കും സച്ചിദാനന്ദൻ അർഹനായി.
1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും സച്ചിദാനന്ദൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയുമാണ് സച്ചിദാനന്ദൻ.
കെ.പി. രാമനുണ്ണിക്കും കെ.എസ്. വെങ്കിടാചലത്തിനും കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം
കെ.പി. രാമനുണ്ണിക്കും കെ.എസ്. വെങ്കിടാചലത്തിനും കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം. കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തിെൻറ പുസ്തകം’ ആണ് മലയാള നോവൽ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.
വെങ്കിടാചലത്തിന് തർജമവിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. തമിഴ് സാഹിത്യകാരനായ ജയകാന്തെൻറ ‘തെരഞ്ഞെടുത്ത ചെറുകഥകൾ’ എന്ന കൃതിയുടെ ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പേരിലുള്ള മലയാളവിവർത്തനത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാരം. വിവർത്തനങ്ങൾക്ക് 50,000 രൂപയും വെങ്കലഫലകവുമാണ് പുരസ്കാരം.
വള്ളത്തോള്‍ പുരസ്‌ക്കാരം പ്രഭാവര്‍മ്മക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ അര്‍ഹനായി. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം.
ഓടക്കുഴല്‍ അവാര്‍ഡ് എം.എ. റഹ്മാന്
ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡിന് എം.എ. റഹ്മാന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന കൃതിക്കാണ് പുരസ്‌കാരം. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇടപെട്ട് നടത്തിയ പ്രതിരോധ പോരാട്ടങ്ങളുടെ നാള്‍വഴിയാണ് പുസ്തകം. പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെന്‍ററി ഫിലിം സംവിധായകന്‍ കൂടിയാണ് എം.എ. റഹ്മാന്‍.
വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണന്
ഈ വര്‍ഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ടി.ഡി. രാമകൃഷ്ണെൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ നോവലിന്. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ക്ക് മലയാറ്റൂർ പുരസ്‌കാരം, മാവേലിക്കര വായന പുരസ്‌കാരം, കെ. സുരേന്ദ്രൻ നോവൽ അവാർഡ്, എ.പി. കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച തമിഴ്- മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും ‘നല്ലി ദിശൈ എട്ടും’ അവാർഡും നേടിയിട്ടുണ്ട്.
വിയോഗങ്ങൾ
പുനത്തിൽ കുഞ്ഞബ്ദുള്ള
മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. നോവല്‍, ചെറുകഥ, ഓര്‍മക്കുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്.
സ്മാരകശിലകള്‍, മരുന്ന്, അലിഗഡിലെ തടവുകാർ, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍ എന്നിങ്ങനെ നിരവധി നോവലുകളും ചെറുകഥകളും യാത്രാവിവരണങ്ങളും കൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പുനത്തിൽ.
വി.സി ഹാരിസ്
എഴുത്തുകാരന്‍ ഡോ വി.സി ഹാരിസ് അന്തരിച്ചു. ഡോ ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ തുടക്കകാലം മുതല്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം സാഹിത്യ നിരൂപകന്‍, ചലച്ചിത്ര ഗവേഷകന്‍, നാടക, സിനിമാ അഭിനേതാവ്, സംവിധായകന്‍, വിവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.