ഖസാക്കിെൻറ ഇതിഹാസകാരനായി മലയാള സാഹിത്യ ചരിത്രത്തിൽ ഇടംപിടിച്ച ഒ.വി. വിജയൻ ഒരു തനി പാലക്കാടൻ നാട്ടിൻപുറത്തുകാരനായിരുന്നു. ഉൗരുവിട്ട് പുറത്തുപോകേണ്ടിവരുന്ന ഗ്രാമീണർ തെൻറ സ്വന്തം ഉൗരിലേക്ക് തിരിച്ചെത്താൻ വെമ്പുന്നതുപോലൊരു വെമ്പൽ പാലക്കാടിെൻറ കാര്യത്തിൽ സദാസമയവും വിജയനിൽ ഉണ്ടായിരുന്നു. പാലക്കാടിെൻറ ഉൾത്തടങ്ങളിൽ വെറുതെ നടന്നുപോകുന്ന ഒഴിവുദിന സൗഭാഗ്യങ്ങളെ താൻ സ്വപ്നം കാണുന്നുവെന്ന് വി.കെ.എന്നിനോടും എം.പി. നാരായണപിള്ളയോടുമെല്ലാം അദ്ദേഹം തെൻറ ഡൽഹി വാസക്കാലത്ത് പറഞ്ഞിരുന്നു. ‘തിരുല്ലാമല’ എന്ന് തിരുവില്വാമലയെ അപഹസിച്ചിരുന്ന വി.കെ.എന്നിന് വിജയെൻറ ഇൗ പാലക്കാടൻ അഭിനിവേശങ്ങൾ വെറും നേരേമ്പാക്കുകളായാണ് തോന്നിയത്. പാലക്കാടുമായി ഉണ്ടായിരുന്ന ജൈവബന്ധത്തിെൻറ തുടർച്ചകളിൽനിന്ന് ഒ.വി. വിജയെൻറ രചനകളോ വരകളോ ഒഴിവായിരുന്നില്ല. കാർട്ടൂണിലെ കട്ടിക്കറുപ്പൻ വരകളെക്കുറിച്ചുള്ള സംസാരത്തിനിടയിൽ കട്ടിക്കറുപ്പൻ വരകൾ കരിമ്പനകളെയും അവയുടെ തായ്ത്തടിയെയും ഒാർമിപ്പിക്കുന്നുവെന്ന് പാലക്കാട് നഗരത്തിലെ വിജയെൻറ പ്രധാന സുഹൃത്തായിരുന്ന പി.കെ. നാരായണനോടു വെളിപ്പെടുത്തിയിരുന്നു.
നോവലുകളുടെ ഭൂമികയും കഥാപാത്ര ഘടനയും നിശ്ചയിക്കുന്നതിൽ പാലക്കാടിനെ ആശ്രയിച്ചതിലധികം മറ്റൊരു ദേശത്തെയും അവലംബിച്ചിരുന്നില്ല ഇൗ എഴുത്തുകാരൻ. വിളയൻ ചാത്തന്നൂരിലെ ഉൗട്ടുപുലായ്ക്കലെന്ന തറവാടിെൻറ വേരുകൾ പാലക്കാടിെൻറ ഉൾത്തടങ്ങളിലേക്ക് പടർന്നുകിടക്കുന്നവയായിരുന്നു. ആ വേരു പടലങ്ങളിലൂടെയെല്ലാം എഴുത്തുകാരനായ വിജയനിലേക്ക് പാലക്കാടൻ നന്മകളുടെ നനവും പശിമയും ചെന്നുചേർന്നിരുന്നു. പാലക്കാടിെൻറ ജാതീയവും സാമൂഹികവുമായ അവസ്ഥകളെയും ക്രമങ്ങളെയും കുറിച്ചുള്ള അനുഭവപാഠങ്ങളിൽനിന്നും പുരാവൃത്താന്തങ്ങളിൽനിന്നുമാണ് പല കഥാപാത്രങ്ങളുടെയും ശിൽപനിർമിതികൾ അദ്ദേഹം നടത്തിയത്. ഖസാക്കിെൻറ ഇതിഹാസത്തിൽനിന്നാണ് വിജയൻ എന്ന എഴുത്തുകാരൻ രചനാ സഞ്ചാരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ, ഇതിഹാസത്തിലേക്ക് ചെന്നുചേരുന്നത് പാലക്കാടിെൻറ പ്രാക്തന ഭൂതകാലങ്ങളിലൂടെയാണ്. ഒറ്റപ്പാലം മുതൽ കിഴക്ക് എലപ്പുള്ളിപ്പാറവരെയും വാളയാർവരെയും വടക്ക് മണ്ണാർക്കാട്ടുവരെയും തെക്ക് ആലത്തൂർ എരുമയൂർവരെയും വിശാലമായിക്കിടക്കുന്ന ഒരു പ്രാക്തന ഭൂമികയുടെ പ്രാചീനങ്ങളായ പല ശേഷിപ്പുകളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് സത്യത്തിൽ ഖസാക്കിെൻറ ഇതിഹാസമെന്ന നോവൽ.
കേവലം ഒരു തസ്രാക്കിെൻറ ഹ്രസ്വവൃത്തത്തിലേക്ക് ബാഹ്യങ്ങളായ നിരവധി കഥകളെയും കഥാപാത്രങ്ങളെയും അേദ്ദഹം കൊണ്ടുചെല്ലുന്നുണ്ട്. അതാണ് ഒരു പഴയ പനംവട്ടികയിലേക്ക് നാടൻ ചന്തയിൽനിന്നു ശേഖരിക്കുന്ന പലതരം വീട്ടാവശ്യ വസ്തുക്കളെ ഒന്നിച്ചുചേർക്കുന്നതു പോലെയാണ് ഖസാക്കിെൻറ ഇതിഹാസ നിർമിതി സംഭവിക്കുന്നത്. യഥാർഥ തസ്രാക്കും ഇതിഹാസത്തിലെ ഖസാക്കും തമ്മിലുള്ള വേർതിരിവും അവിടെനിന്നാണ് ആരംഭിക്കുന്നത് എന്നു കാണാം. നോവലിെൻറ ഭൂമിക എന്ന നിലയിൽ ഒരു ദേശത്തെയോ നാടിനെയോ സങ്കൽപിക്കുകയാണെങ്കിൽ, ഖസാക്കിെൻറ ഇതിഹാസെത്ത സംബന്ധിച്ച് അത് പാലക്കാടിെൻറ വിശാലമായ ഭൂമിക മൊത്തത്തിൽ തന്നെയാണ് എന്നു പറയാവുന്നതാണ്.
തസ്രാക്കിനെ മാത്രം പരിശോധിക്കുേമ്പാൾ അന്നും ഇന്നും അത് കേവലം ഒരു ഉൾനാടൻ ഗ്രാമത്തിെൻറ സർവത്ര ഇല്ലായ്മകളും വല്ലായ്മകളും തിങ്ങിനിറഞ്ഞ പ്രദേശം മാത്രമാണ്. തൊള്ളായിരത്തി അമ്പതു മുതൽക്കിങ്ങോട്ട് ഇൗ 2018 വരെയുള്ള 68 വർഷത്തിനിടയിൽ തസ്റാക്കിെൻറ തനതായ സാമൂഹിക ഗാത്രത്തിനകത്ത് വിസ്ഫോടനാത്മകവും പ്രസ്താവ്യാർഹവുമായ ഒരു പരിണാമങ്ങളും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത. കുറെയധികം വീടുകൾ പഴയ ചുമരുകളും ഒാലയും പനമ്പട്ടയും മേഞ്ഞ മേൽക്കൂരയും അഴിച്ചുകളഞ്ഞ് ഒാടുമേൽക്കൂരകളിലേക്കും ഏറ്റവും ഒടുവിൽ കോൺക്രീറ്റ് മേൽക്കൂരകളിലേക്കും മാറി. റോഡുകളും ഇടവഴികളും വികസിക്കുകയും ചെമ്മൺപാതകൾക്കും പച്ചിലപ്പടർപ്പുകൾ തിങ്ങിയ നാട്ടിടവഴികൾക്കും പകരം ടാറിട്ട റോഡുകൾ വന്നുചേരുകയും ചെയ്തു. അമ്പതുകളിൽ അസാന്നിധ്യമായിരുന്ന വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും പ്രത്യക്ഷപ്പെട്ടു.
എന്നാൽ, സാമൂഹികമായ അധിനിവേശങ്ങൾ ഒരിക്കലും ഉണ്ടായില്ല. പാലക്കാടിെൻറ ഉൾനാടുകളിൽ എല്ലായിടത്തും സംഭവിച്ചതുപോലെ തസ്രാക്കിലും സംഭവിച്ചത് നാഗരികതയുടെയും സംസ്കാരത്തിെൻറയും അധിനിവേശങ്ങൾ മാത്രമാണ്. ജനങ്ങൾ അധിനിവേശംനടത്താൻ മാത്രം പ്രേരണകളോ പ്രചോദനമോ ഒന്നും ഉള്ള പ്രദേശമായിരുന്നില്ല പാലക്കാടിെൻറ മറ്റുപല പ്രദേശങ്ങളുംപോലെ തസ്രാക്ക് ഗ്രാമവും. പിന്നെയും ജനങ്ങളുടേതായ അധിനിവേശവും അതിെൻറ തുടർച്ചയായ സാംസ്കാരിക മിശ്രണവും കൂടുതലായി സംഭവിച്ചത് പാലക്കാടിെൻറ നഗരഭാഗങ്ങളിലായിരുന്നു.
റാവുത്തർമാരായ മുസ്ലിംകളും ഇൗഴവരായ ഹിന്ദുക്കളും നായന്മാരായ സവർണരും ഉൾക്കൊള്ളുന്ന ഒരു ത്രികോണ രൂപമായിരുന്നു തസ്രാക്കിലെ സാമൂഹികതക്ക് ഉണ്ടായിരുന്നത്. അതിലുപരിയായ ജാതീയ സ്വത്വസാന്നിധ്യമോ ജാതികളെയും സമുദായങ്ങളെയും പ്രതിഫലിപ്പിക്കുന്ന സാമൂഹികാവസ്ഥകളെ എടുത്തുകാട്ടുന്ന ജീവിത വൈവിധ്യമോ ഒന്നും അമ്പതുകളിലെ തസ്രാക്കിന് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാൽ, ഖസാക്കിെൻറ ഇതിഹാസത്തിൽ നാം വായിക്കുന്ന ദേശത്തിന് വൈവിധ്യങ്ങളുടെ ഒരു കാഴ്ചപ്രതലമെന്ന സ്വഭാവമാണുള്ളത്. യഥാർഥ തസ്രാക്കിലെ ത്രികോണഘടനയുള്ള മുസ്ലിം^ഇൗഴവ നായർ ജാതിക്രമത്തിൽനിന്ന് ഭിന്നമായി നോവലിലെ ഖസാക്കിൽ കാണുന്ന ബഹുസ്വരമായ ജാതീയ സാന്നിധ്യങ്ങൾ തീർച്ചയായും ഒ.വി. വിജയൻ പാലക്കാടിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നോവലിെൻറ സാങ്കൽപിക ഭൂമികയിലേക്ക് കൂട്ടിക്കൊണ്ടു ചെന്ന് പ്രതിഷ്ഠിച്ചവ മാത്രമായിരുന്നു. ഇത്തരത്തിൽ കഥാപാത്രങ്ങൾ, മിത്തുകൾ, പഴയകാലവുമായി ബന്ധപ്പെടുന്ന വ്യക്തികളുടെ ഒാർമകൾ, ശൈഖ് മിയാൻ തങ്ങളുടെയും പുളിെകാമ്പത്തെ ഭഗവതിയുടെയും െഎതിഹ്യങ്ങൾ, ചെതലിമലയുടെ നിഗൂഢതകളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മിയാൻ തങ്ങളുടെ ശവകുടീരം, തങ്ങളും പക്കീരി എന്ന അലഞ്ഞുതിരിയുന്ന കഥാപാത്രം അലിയാർ എന്ന ചായക്കച്ചവടക്കാരൻ, നൈസാമലി എന്ന ദുരൂഹമായ കഥാപാത്രം എന്നിങ്ങനെ എണ്ണമറ്റ േനാവൽ ഘടകങ്ങളെയും പാത്രാംശങ്ങളെയും നോവലിസ്റ്റ് തസ്രാക്കിെൻറ ഭൂമികയിലേക്കു കൊണ്ടുചെല്ലുന്നത് പാലക്കാടിെൻറ വിശാല ഭൂമികയിൽനിന്നുതന്നെയാണ്. അതുകൊണ്ട് ഖസാക്കിെൻറ ഇതിഹാസത്തിെൻറ യഥാർഥ ഭൂമിക തസ്രാക്കെന്ന ഗ്രാമം മാത്രമല്ല, പാലക്കാട് മൊത്തത്തിൽ തന്നെയായിരുന്നു.
തസ്രാക്കും നോവലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാടിപ്പതിഞ്ഞ വിവരങ്ങളെ മാറ്റിനിർത്തിയാൽ അവശേഷിക്കുന്ന സത്യങ്ങൾ പലതും വേറെയാണ്. അവയിൽ ശ്രദ്ധേയമായതൊന്ന്, തസ്രാക്ക് എന്ന ഗ്രാമത്തെ നോവലിെൻറ പ്രദേശമായി കണിശമായൊരു തെരഞ്ഞെടുെപ്പാന്നും അദ്ദേഹം നടത്തിയിരുന്നില്ല എന്നതാണ്. പാലക്കാടിെൻറ മിത്തുകളെയും ജീവിതാവസ്ഥകളെയും ജീവിതാനുഭവങ്ങളെയും സ്വകീയ ഭാവനകളെയും കൂട്ടിയിണക്കി ഒരു നോവൽ എഴുതുകയെന്ന ഒ.വി. വിജയെൻറ ഇരുപതാം വയസ്സു മുതൽക്കുണ്ടായിരുന്ന ആഗ്രഹം പൂർത്തീകരിക്കാനായി അദ്ദേഹം ഏറ്റവുമാദ്യം കണ്ടെത്തിവെച്ചിരുന്ന ദേശം കുഴൽമന്ദത്തിനടുത്തുള്ള തോലന്നൂർ ആയിരുന്നു.
പാലക്കാട് ജില്ലയുടെ ഏറ്റവും പ്രാക്തനവും ദ്രവിഡീയ ഭൂതകാല സമൃദ്ധികൾ ഏറെയുള്ളതുമായ ഒരു പ്രദേശമായിട്ടാണ് തോലന്നൂരിലെ ഒ.വി. വിജയൻ മനസ്സിലാക്കിവെച്ചിരുന്നത്. തമിഴ്കവി ‘തോലറു’ടെ ജീവിതവുമായി ബന്ധപ്പെട്ടാണ് തോലന്നൂർ എന്ന പേരുതന്നെയും ഉരുത്തിരിഞ്ഞുവന്നത്. തോലന്നൂരുമായി ബന്ധപ്പെട്ട അറിവുകളുടെയും സ്മൃതികളുടെയും പശ്ചാത്തലം തെൻറ നോവലിനുവേണ്ടി ഉപയോഗിക്കാമെന്നതായിരുന്നു അദ്ദേഹത്തിെൻറ ആദ്യഘട്ടത്തിലെ നോവൽ പദ്ധതികളിലൊന്ന്.
എന്നാൽ, മലബാർ ഡിസ്ട്രിക്ട് ബോർഡിെൻറ കീഴിലുണ്ടായിരുന്ന ഏകാധ്യാപക വിദ്യാലയ ശൃംഖലയിൽ ഒന്ന് തസ്രാക്കിനു സമീപത്തായി ആരംഭിക്കാൻ തീരുമാനമുണ്ടാകുകയും അതിലെ അധ്യാപികയായി ഒ.വി. വിജയെൻറ സഹോദരി ഒ.വി. ശാന്തടീച്ചർ നിയമിക്കപ്പെടുകയും ചെയ്തതോടെയാണ് തസ്രാക്കിന് നോവലിെൻറ ഭൂമികയാകാനുള്ള ഭാഗധേയം ഉരുത്തിരിഞ്ഞു വരുന്നത്.
സഹോദരിയുടെ ക്ഷണം സ്വീകരിച്ച് കുറച്ചുകാലം സ്വസ്ഥമായി ഒരിടത്ത് ഒതുങ്ങിക്കൂടാൻ എത്തിയതായിരുന്നു ഒ.വി. വിജയൻ. പാലക്കാട് നഗരത്തിൽനിന്ന് പുതുനഗരം വഴി പോകുന്ന റോഡിലൂടെ തസ്രാക്കിലേക്ക് അദ്ദേഹം എത്തുേമ്പാൾ തെൻറ തോൽസഞ്ചിയിൽ ഖസാക്കിെൻറ ഇതിഹാസത്തിെൻറ പൂർവരൂപം ഉണ്ടായിരുന്നു എന്നതാണ് സത്യം. തസ്രാക്ക് വാസത്തിനുശേഷം തെൻറ മുൻകണക്കുകൂട്ടലുകളിലെ നോവൽഘടന അദ്ദേഹം മാറ്റിപ്പണിയുകയും മെച്ചപ്പെടുത്തുകയും ചെയ്തു. തസ്രാക്കിനുപുറത്തുള്ള വിപുലമായ പാലക്കാടൻ ജീവിതത്തിെൻറ വിവിധങ്ങളായ അംശങ്ങളെ അദ്ദേഹം ഇതിഹാസത്തിലെ ഖസാക്കിലേക്ക് കൊണ്ടുചെന്നു. അതേസമയംതന്നെ അദ്ദേഹത്തിെൻറ ഇതര നോവലുകളിലെല്ലാം പാലക്കാടിന് അപ്രധാനങ്ങളല്ലാത്ത പരിഗണനകൾ നൽകപ്പെട്ടിട്ടുണ്ട്.
പ്രവാചകെൻറ വഴി, മധുരം ഗായതി, ഗുരുസാഗരം, ധർമപുരാണം, തലമുറകൾ എന്നിവയിലെല്ലാം പാലക്കാടിന് സാന്നിധ്യമുണ്ട്. എന്നാൽ, തലമുറകളിലാവെട്ട പാലക്കാട് അതിെൻറ നെടുനായക സാന്നിധ്യംതന്നെ പ്രകടിപ്പിക്കുന്നതുകാണാം. പ്രവാചകെൻറ വഴിയിലെ കഥാപാത്രങ്ങളുടെ ഒാർമകളിലേക്ക് കടന്നുവരുന്ന ഭൂപ്രകൃതികൾ തീർച്ചയായും പാലക്കാടിേൻറതുതന്നെയാണ്. ‘ശിവാലിക് മലനിരകൾ’ എന്ന് ഒ.വി. വിജയൻ പ്രവാചകെൻറ വഴികളിൽ എഴുതുേമ്പാൾ കല്ലടിക്കോടൻ മലനിരകളെ ഒാർമകളിലേക്ക് കൊണ്ടുവരാതിരിക്കാൻ വായനക്കാരന് സാധിക്കുകയില്ലെന്നും വ്യക്തമാണ്. കുന്തിപ്പുഴയുടെ തീരങ്ങളിൽനിന്നാരംഭിച്ച ഒരു ജീവിത ദർശനത്തിെൻറ പ്രവാഹമാണ് ഗുരുസാഗരത്തിലെ ‘സാഗര’മായി വളരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ ചിന്തിച്ചുപോകുേമ്പാൾ ഒ.വി. വിജയെൻറ രചനകളിലെല്ലാംതന്നെ അദ്ദേഹത്തിെൻറ പാലക്കാടൻ സ്വത്വാംശങ്ങളുടെ നിഴലാട്ടങ്ങളും നിറഞ്ഞാട്ടങ്ങളും നമുക്ക് കണ്ടെത്തുവാൻ കഴിയുന്നതാണ്. ആ നിലക്ക് ഖസാക്കിെൻറ ഇതിഹാസത്തെ പാലക്കാടിെൻറ ഇതിഹാസമെന്ന് വളിക്കുകയും ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.