വാഴ്സോ: വിരലിലെണ്ണാവുന്ന വനിതകൾക്ക് മാത്രമേ സാഹിത്യനൊബേൽ ലഭിച്ചിട്ടുള്ളൂ. 2018ലെ സാഹിത്യനൊബേലിലൂടെ ആ പട്ടിക വികസിപ്പിക്കുകയാണ് 57 കാരിയായ ഓൾഗ ടൊകാർചുക്. പോളണ്ടിലെ ഏറ്റവും കഴിവുറ്റ എഴുത്തുകാരിൽ ഒരാളാണവർ. വലതുഭരണകൂടത്തിനെതിരെ വീറോടെ പൊരുതാനുള്ള ആയുധം കൂടിയാണ് അവർക്ക് എഴുത്ത്. സർക്കാറിനെ വിമർശിച്ചതിെൻറ പേരിൽ 2015ൽ വധഭീഷണികൾ വരെയുണ്ടായി.
ഒരു ഡസനിലേറെ പുസ്തകങ്ങളെഴുതിയ ഓൾഗക്ക് എണ്ണമറ്റ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫ്ലൈറ്റ്സ് എന്ന പുസ്തകത്തിലൂടെ കഴിഞ്ഞ വർഷത്തെ മാൻ ബുക്കർ ഇൻറർനാഷനൽ പുരസ്കാരവും പോളണ്ടിലെ വിഖ്യാതമായ നൈക് ലിറ്റററി പുരസ്കാരവും ഓൾഗക്കായിരുന്നു. നെക് പുരസ്കാരം ഒരിക്കൽകൂടി ലഭിച്ചു. അവരുടെ രചനകൾ നിരവധി നാടകങ്ങൾക്കും സിനിമകൾക്കും ഇതിവൃത്തമായി.
മാത്രമല്ല, കാറ്റലൻ, ഹിന്ദി, ജാപ്പാനീസ് അടക്കം 25ലേറെ ഭാഷകളിലേക്ക് കൃതികൾ വിവർത്തനം ചെയ്യപ്പെട്ടു. പോളണ്ടിെല സുലെചോവിൽ അധ്യാപക ദമ്പതികളുടെ മകളായി1962ലാണ് ജനനം. വാഴ്സോ യൂനിവേഴ്സിറ്റിയിൽനിന്ന് സൈക്കോളജിയിൽ ബിരുദം നേടി. നോവലിലേക്ക് വരുന്നതിനു മുമ്പ് കവിതയിലും കൈെവച്ചു. കുറച്ചുകാലം തെറപ്പിസ്റ്റായും ജോലിനോക്കി. വാനനിരീക്ഷണവും താൽപര്യമാണ്.
1993ൽ പ്രസിദ്ധീകരിച്ച ‘ദ ജേണി ഓഫ് ദ പീപ്ൾ ഓഫ് ദ ബുക്ക്’ ആണ് ആദ്യപുസ്തകം. അളന്നുമുറിച്ച കാവ്യഭാഷയാൽ സമ്പന്നമാണ് അവരുടെ എഴുത്ത്. വർണവൈവിധ്യവും ചലന നൈരന്തര്യവുമുള്ള ലോകവും കഥാപാത്രങ്ങളുമാണ് അതിൽ നിറയുന്നത്. സ്പൂർ എന്ന സിനിമക്കും തൂലിക ചലിപ്പിച്ചു. ഇതിനും പുരസ്കാരങ്ങൾ തേടിയെത്തി. 2018ലെ വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിലേക്ക് പോളണ്ടിെൻറ എൻട്രി സ്പൂർ ആയിരുന്നു. എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പോളണ്ടിലെ പടിഞ്ഞാറൻ നഗരമായ വാഴ്സോയിലെ മലഞ്ചെരുവിലെ വീട്ടിലാണ് താമസം. നല്ലൊരു മൃഗസ്നേഹിയും പരിസ്ഥിതി പ്രവർത്തകയും കൂടിയാണീ എഴുത്തുകാരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.