സ്മാരക ശിലകൾ എന്ന നോവൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച് തുടങ്ങുമ്പോൾ പത്താം ക്ലാസ് ജയിച്ച് ഫസ്റ്റ് പ്രീഡിഗ്രിയിലേക്ക് കയറുകയാണ് ഞാൻ. കിട്ടുന്നതെന്തും ആർത്തിയോടെ വായിക്കുന്ന കാലം. അന്ന് വടകര മെയിൻ റോഡിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് അഭിമുഖമായുള്ള ഒറ്റ മുറിയുടെ പുറത്ത് ഞാനൊരു ബോർഡ് കാണുകയാണ്– ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള എം.ബി.ബി.എസ്. ബോർഡ് കണ്ടപ്പോൾ എനിക്ക് ശങ്കയായി. ഈ പേര് ഞാൻ എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ... കേട്ടിട്ടുണ്ടല്ലോ... പിന്നെയാണ് ഞാനാലോചിച്ചത്. ഇദ്ദേഹത്തിെൻറ കുറെ കഥകൾ വായിച്ചിട്ടുണ്ടല്ലോ എന്ന്. പക്ഷേ, കഥയിൽ ഡോക്ടർ എന്ന് ഉണ്ടാകില്ലല്ലോ. ഞാനാകെ അങ്കലാപ്പിലായി. ഒരാളോട് അന്വേഷിച്ചു. അയാൾ പറഞ്ഞു: അതെ, കഥയെഴുതുന്ന ആള് തന്നെയാണ്. പക്ഷേ, എനിക്ക് ആ വലിയ കഥാകൃത്ത് അപ്രാപ്യനായിരുന്നു അന്ന്. ഞാനന്ന് ചെറിയ പയ്യൻ. പിന്നീട് വടകര മെയിൻ റോഡു വഴി പോകുമ്പോഴൊക്കെ ഞാൻ ആ ബോർഡ് വായിക്കും. ആ ക്ലിനിക്കിനകത്ത് എവിടെയോ പുനത്തിൽ കുഞ്ഞബ്ദുള്ളയുണ്ടെന്നും അദ്ദേഹം രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സങ്കൽപിച്ചു നോക്കും.
സ്മാരക ശിലകൾക്ക് കേന്ദ്ര സാഹിത്യ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും കിട്ടിയപ്പോൾ വടകര പൗരസമിതി കുഞ്ഞിക്കാക്കൊരു സ്വീകരണം നൽകി. ബി.എം സ്കൂളിൽ വെച്ചായിരുന്നു സ്വീകരണം. ഞാനന്ന് പയ്യൻ. കഥകളൊക്കെ എഴുതും എന്ന് നാട്ടിൽ ചിലർക്കൊക്കെ അറിയാം. ആ സമയത്തും ഞാനദ്ദേഹത്തെ അകലെ നിന്ന് ആരാധനയോടെ നോക്കി.
ഞാൻ ഫസ്റ്റ് പ്രീഡിഗ്രി ആയിരിക്കുമ്പോൾ മലയാള മനോരമ കോഴിക്കോട് വെള്ളിമാട്കുന്നിൽ ഒരു സാഹിത്യ ശിൽപശാല നടത്തി. ആ ക്യാമ്പിൽ വെച്ചാണ് മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരെയൊക്കെ ആദ്യമായി നേരിൽ കാണുന്നത്. വൈലോപ്പിള്ളി, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്, കെ.ടി. മുഹമ്മദ് എല്ലാവരും വരുകയാണ്. മൂന്ന് ദിവസത്തെ ക്യാമ്പായിരുന്നു. വൈലോപ്പിള്ളിയെ ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ കണ്ടത് ആ ക്യാമ്പിൽ വെച്ചാണ്. മൂന്നാമത്തെ ദിവസം വൈകുന്നേരമാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അരങ്ങേറ്റം. അദ്ദേഹം വന്ന് ഒരുഗ്രൻ പ്രസംഗമാണ്. പ്രസംഗത്തിന് ശേഷം ക്യാമ്പ് അംഗങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ്. ഓരോരുത്തരും ചോദിക്കുന്നു. ഞാനും വിചാരിച്ചു, എനിക്കും ഒന്ന് ചോദിേക്കണ്ടേ... ഇയാളെ ഒന്ന് തൊേടണ്ടേ... ആയിടക്ക് കുഞ്ഞിക്ക എഴുതിയ ഒരു ലേഖനം വായിച്ചിരുന്നു. അതിലൊരു വാചകമുണ്ട്– ‘കാലിൽ പൊടിതട്ടി ഒരു പ്രവാചകനെപ്പോലെ സഞ്ചരിക്കുക’. ഞാൻ ചോദിക്കാനെണീറ്റു. എെൻറ കൈയും കാലും വിറക്കുന്നു. ഞാൻ ചോദിച്ചു: കാലിലെ പൊടി തട്ടി പ്രവാചകനെപ്പോലെ സഞ്ചരിക്കുക എന്നു പറഞ്ഞാൽ അതിെൻറ അർഥമെന്താണ്?
കുഞ്ഞിക്കയുടെ മറുചോദ്യം ഉടനെ വന്നു: ‘‘എന്താ പേര്?’’
‘‘സുധീഷ്.’’
‘‘എവിടെയാ വീട്?’’
‘‘വടകരയാ...’’
‘‘വടകര എവിടാ?’’
‘‘സാറിെൻറ വീടിെൻറ അടുത്താണ്.’’
‘‘നിനക്ക് സൂക്കേടൊന്നും വരാറില്ലേ?’’
സത്യത്തിൽ എനിക്കാ ചോദ്യത്തിന് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
ആ സംഭവം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞാണ് കുഞ്ഞിക്കാക്ക് സ്വീകരണം കൊടുക്കുന്നത്. സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന എം.സി. അപ്പുണ്ണിയുണ്ട്. അദ്ദേഹം വടകരയിലെ ഒരു പൗരപ്രമാണിയാണ്. ഫോക്ലോറിൽ ഗവേഷണം നടത്തുന്ന ആളാണ്, കവിയാണ്, നാടകകൃത്താണ്. അദ്ദേഹമൊക്കെ ചേർന്നാണ് സ്വീകരണം ഏർപ്പാടാക്കിയത്. എം.സിയുടെ മകൻ ഹരീന്ദ്രനാഥ് എെൻറ കൂട്ടുകാരനാണ്. എം.സി എന്നോട് പറഞ്ഞു: സുധീഷും പ്രസംഗിക്കണം, ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട്. എനിക്ക് പ്രസംഗിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ, പേടിയുണ്ട്. ഏതായാലും സമ്മതിച്ചു. പ്രസംഗിക്കേണ്ട കാര്യങ്ങൾ മനസ്സിൽ സ്വരുക്കൂട്ടി. പത്തു മുപ്പത് പേർ പ്രസംഗിക്കാനുണ്ട്. അവസാനം എെൻറ പേരു വിളിച്ചു. എെൻറ കൈയും കാലും വിറക്കുന്നു. എന്താണ് പറയേണ്ടതെന്ന് അറിഞ്ഞുകൂടാ. അവസാനം പറഞ്ഞതൊക്കെ വിപരീതമായിപ്പോയി. പ്രസംഗം കേട്ട് സദസ്സാകെ ചിരിക്കുകയാണ്. ഞാൻ ക്യാമ്പിൽ വെച്ച് പരിചയപ്പെട്ട കഥയും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ എെൻറ വിറയൽ നിന്നു. അവസാനം പ്രസംഗം കഴിഞ്ഞു. മറുപടി പ്രസംഗത്തിൽ കുഞ്ഞിക്ക എന്നെ പറയാത്ത പുലഭ്യമില്ല. എനിക്ക് വിഷമമായി. എനിക്ക് ആരാധനയുള്ള ആളാണ്. പക്ഷേ, പറഞ്ഞതൊക്കെ വിപരീതമായിപ്പോയി. അതുംകഴിഞ്ഞ് പ്രീഡിഗ്രിയുടെ അവസാനത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എെൻറ കഥ വന്നു. ഒരു ദിവസം ഞാൻ നടന്നു പോവുകയാണ്. അപ്പോഴുണ്ട് കുഞ്ഞിക്ക എെൻറ നേരെ വരുന്നു. കൈയിൽ പെട്ടിയൊക്കെയുണ്ട്. ഞാൻ ബേജാറായി. ‘‘സുധീഷേ... നീയെന്താ മിണ്ടാെത പോകുന്നേ...? നമ്മൾ അയൽപക്കക്കാരൊക്കെ അല്ലേ?’’ എന്നും പറഞ്ഞ് എന്നെ ഒരു പിടിത്തമാ... അങ്ങനെയൊരു കഴിവുണ്ട് കുഞ്ഞിക്കാക്ക്. മനുഷ്യനെ വശീകരിക്കാനുള്ള കഴിവ്. കുഞ്ഞിക്ക അന്നേ എെൻറ കഥ വായിക്കുന്നുണ്ടായിരുന്നു. എെൻറ ഓരോ ചലനവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ പിടുത്തത്തിൽ നിന്ന് പിന്നീടൊരിക്കലും ഞാൻ മോചിതനായിട്ടില്ല.
ഞാൻ എഴുതിത്തുടങ്ങുന്ന കാലം. സെക്കൻറ് പ്രീഡിഗ്രിയിലേക്ക് വരുന്നു. സ്മാരക ശിലകൾ വായിച്ചുകൊണ്ടിരിക്കുന്നു. കുഞ്ഞിക്കാെൻറ വീടറിയാം. എെൻറ വീടി
െൻറ മൂന്നുനാല് വീടുകൾക്കപ്പുറത്താണത്. സന്ധ്യാനേരത്ത് ആ വഴി പോകുമ്പോൾ വീട്ടിലേക്ക് നോക്കും. വീടിന് മുകളിൽ വിളക്ക് കത്തുന്നത് കാണാം. ഞാനിങ്ങനെ ആലോചിക്കും. അവിടെ ഇരുന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക ശിലകൾ എഴുതുന്നുണ്ടാകും. എഴുതിക്കൊണ്ടിരിക്കുന്ന കഥാകാരനെ കാണാൻ ഈ വീടിനു മുമ്പിലൂടെ ഞാൻ പല തവണ നടന്നിട്ടുണ്ട്. ആയിടക്ക് ‘ആദ്യകഥ’ എന്ന പേരിൽ എം.ടി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു പരമ്പര തുടങ്ങിയിരുന്നു. ഓരോ എഴുത്തുകാരനും ആദ്യ കഥയെക്കുറിച്ച് ഒരനുഭവം എഴുതുന്നു. കുഞ്ഞബ്ദുള്ള ‘തകർന്ന മുരളി’ എന്നു പറഞ്ഞ് ഒരു സാധനമെഴുതി. സ്വാമിനാഥൻ എന്ന ഈ പ്രദേശത്തുള്ള ഒരു കഥാപാത്രത്തെ കുറിച്ച്. ആദ്യ കഥയുടെ വിത്ത്. ഇങ്ങനെ തകർന്ന മുരളിയൊക്കെ വായിച്ച് എെൻറ മനസ്സിലെ ഹീറോ ആയി കുഞ്ഞബ്ദുള്ള. അന്ന് വീട്ടിലൊന്നും ആഴ്ചപ്പതിപ്പ് വരുകയേ ഇല്ല. കുടുംബത്തിലാർക്കും സാഹിത്യവുമില്ല. വായിക്കണമെങ്കിൽ പബ്ലിക് ലൈബ്രറിയിൽ പോകണം. അപ്പോൾ തന്നെയാണ് ചെറുപ്രായത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും തൊട്ടടുത്ത വർഷം കേരള സാഹിത്യ അക്കാദമി അവാർഡും കിട്ടുന്നത്. അന്ന് ഒറ്റ നോവലേ അപ്പുറത്തുള്ളൂ. ലളിതാംബിക അന്തർജനത്തിെൻറ ‘അഗ്നിസാക്ഷി’. അഗ്നിസാക്ഷിക്ക് കിട്ടിയതിെൻറ അടുത്തവർഷം സ്മാരകശിലകൾക്ക് അവാർഡ് കിട്ടി.
കുഞ്ഞിക്കാെൻറ വീടിന് മുമ്പിലായിരുന്നു ഞങ്ങളുടെ കളിമൈതാനം. വോളിബാളാണ് പ്രധാനമായും കളിക്കുക. കളിക്കിടെ ഞാൻ ആ വീട്ടിലേക്ക് നോക്കും. അവിടെ ആരെങ്കിലും വരുന്നുണ്ടോ. പറയുന്നത് കേൾക്കാം, എസ്.കെ. പൊറ്റെക്കാട്ട് വരും കോട്ടയം പുഷ്പനാഥ് വരും എന്നൊക്കെ. ഞാനന്ന് കോട്ടയം പുഷ്പനാഥിെൻറ ഒരു ആരാധകനായിരുന്നു. ജനയുഗത്തിൽ പുഷ്പനാഥിെൻറ നോവൽ വരുന്നുണ്ട്.
ആയിടക്ക് കുഞ്ഞിക്കയുടെ ഇളയ സഹോദരൻ ഹുസൈനും ഞാനും ചങ്ങാത്തത്തിലായി. ഹുസൈൻ അത്യാവശ്യം കഥയൊക്കെ എഴുതുമായിരുന്നു. ഏറെക്കഴിയാതെ എെൻറയൊരു മാസ്റ്ററായി ഹുസൈൻ. നവയുഗത്തിൽ ഹുസൈൻ അതിമനോഹരമായൊരു കഥയെഴുതി. കുഞ്ഞിക്കയും തുരുതുരാ കഥകളെഴുതുന്നു. മൂന്ന് പ്രസിദ്ധീകരണങ്ങളുണ്ട് പ്രധാനമായി– മലയാളനാട്, കലാകൗമുദി, മാതൃഭൂമി. മൂന്നിലും കുഞ്ഞിക്കയുടെ കഥകളാണ്. ഒരുദിവസം ഞാനെഴുതിയ കഥകളൊക്കെ കവറിലാക്കി പോസ്റ്റ് ഓഫിസിലേക്ക് ഇറങ്ങി. സ്റ്റാമ്പിനുള്ള പൈസക്ക് വലിയ ബുദ്ധിമുട്ടാണ്. അമ്മയുടെ അടുത്തുനിന്നും കട്ടിട്ടാണ് പണമുണ്ടാക്കുക. വടകര പോസ്റ്റ് ഓഫിസിലേക്ക് കഥക്കെട്ടുകളുമായി പോകുമ്പോൾ എെൻറ മുമ്പിൽ ഒരാൾ രജിസ്ട്രേഡ് അയക്കാൻ നിൽക്കുന്നു. അയാളുടെ കൈയിൽ വലിയൊരു കെട്ടുണ്ട്. ഞാൻ നോക്കുമ്പോൾ അതിെൻറ മേൽവിലാസം– ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള. കഥക്കെട്ടുമായി നിൽക്കുന്ന ആളു പക്ഷേ, കുഞ്ഞിക്കയല്ല. സഹോദരൻ സത്താറാണ്. അതെല്ലാം കലാകൗമുദിയിലേക്ക് അയക്കുകയാണ്. എനിക്ക് അഭിമാനമായി. ഞാനാരോടോ പറഞ്ഞു– പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നോവൽ കലാകൗമുദിയിൽ ഉടനെ വരും എന്ന്. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അതാ വരുന്നു ‘കാട്ടുതീ!’ കലാകൗമുദി മാതൃഭൂമിയെ കടത്തിവെട്ടിക്കളഞ്ഞു.
കുഞ്ഞിക്ക വഴിയാണ് പല എഴുത്തുകാരെയും പരിചയപ്പെട്ടത്. മിക്കവാറും വൈകുന്നേരങ്ങളിൽ ആരെങ്കിലും ഉണ്ടാകും. കോവിലൻ, എം.ടി, ടി. പത്മനാഭൻ, ഒ.എൻ.വി, എം.വി. ദേവൻ, ചെറിയാൻ കെ. ചെറിയാൻ തുടങ്ങി എത്രയോ പേർ. ഔട്ട്ഹൗസ് പോലെ സജ്ജീകരിച്ച ഒരു മുറിയുണ്ട് വീടിന്. ദേവനെക്കൊണ്ട് പ്രത്യേകം ഡിസൈൻ ചെയ്യിച്ചത്. അവിടമായിരുന്നു എഴുത്തുകാരുടെ താവളം.
ഒരു പെരുന്നാൾ ദിവസം അനുജൻ സത്താറിെൻറ പക്കൽ കുഞ്ഞിക്ക ഒരു കുറിപ്പ് കൊടുത്തയക്കുന്നു. ഞാനത് വായിച്ചു– ഇന്ന് പെരുന്നാളാണ്. ഉച്ചക്ക് വീട്ടിൽ വരണം. ഭക്ഷണം കഴിക്കണം. എം.ടി വരുന്നുണ്ട്. ആ പെരുന്നാൾ ദിവസമാണ് എം.ടിയെ ഞാൻ പരിചയപ്പെടുന്നത്.
രണ്ടു മാസം മുമ്പാണ് കുഞ്ഞിക്കയെ ഒടുവിൽ കണ്ടത്. രണ്ടു മൂന്ന് പേർ കാണാനെത്തിയാൽ മുന്നിലുള്ള ആളെ മാത്രമേ അദ്ദേഹത്തിന് ആ സമയം കാണാനാവുമായിരുന്നുള്ളൂ. ഞാൻ സൈഡിലായിരുന്നു. കുഞ്ഞിക്കാക്ക് എന്നെ നോക്കാൻ പറ്റുമായിരുന്നില്ല. മാതൃഭൂമി ബുക്സ് ഇറക്കിയ പുനത്തിലിൻെറ സമ്പൂർണ കൃതികൾ കുഞ്ഞിക്കാക്ക് തന്നെ കൊടുത്താണ് അനൗപചാരിക പ്രകാശനം നടത്തിയത്. ഞാനാണത് കൊടുത്തത്. ആ സമയം കുഞ്ഞിക്ക എന്നെ നോക്കി. ആ കണ്ണുകൾ എന്നെ തിരിച്ചറിഞ്ഞു. വല്ലാത്തൊരു ആവേശവും കുസൃതിയും അദ്ദേഹത്തിൽ കണ്ടു. പിന്നീട് ആശുപത്രിയിൽ വെച്ചാണ് കാണുന്നത്. അപ്പോൾ ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞിരുന്നു.
ശ്മശാനവും ഉദ്യാനവും ഭക്ഷണശാലയുമാണ് കുഞ്ഞബ്ദുള്ളയുടെ സ്ഥലകാല കേന്ദ്രങ്ങൾ. ശ്മശാനത്തെ മരണവുമായിട്ടും ഉദ്യാനത്തെ ജീവിതവുമായിട്ടും ഭക്ഷണശാലയെ നമ്മുടെ ജീവിതകേന്ദ്രമായിട്ടുമായാണ് അദ്ദേഹം സങ്കൽപിച്ചിട്ടുള്ളത്. ഭക്ഷണമില്ലാതെ പുനത്തിലിന് ഒരു രചനയില്ല. വി.കെ.എന്നിന് ശേഷം തീൻമേശയെ ഇത്രമേൽ മലയാളത്തിലേക്ക് കൊണ്ടുവന്ന മറ്റൊരു എഴുത്തുകാരൻ വേറെയില്ല. നല്ല പാചകക്കാരൻ കൂടിയായിരുന്നു അദ്ദേഹം. കൈപുണ്യം എന്ന പേരിൽ ഒരു പുസ്തകവുമുണ്ട്. എം.എൻ. വിജയൻ പറഞ്ഞതുപോലെ ഗന്ധബിംബങ്ങൾ സാഹിത്യത്തിൽ ഉപയോഗിച്ചത് പുനത്തിലാണ്.
പുനത്തിലിൻെറ മൂന്ന് പുസ്തകങ്ങൾക്ക് ഞാൻ അവതാരിക എഴുതിയിട്ടുണ്ട്. മരിച്ചുപോയ എൻെറ അപ്പനമ്മമാർക്ക്, മലയാളത്തിൻെറ സുവർണകഥകൾ, കഥ പുനത്തിൽ എന്നിവക്ക്. ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് മരിച്ചുപോയ എൻെറ
അപ്പനമ്മമാർക്ക് എന്ന പുസ്തകത്തിന് ഞാൻ അവതാരിക എഴുതുന്നത്. ആ അവതാരിക അദ്ദേഹത്തിന് വളരെ ഇഷ്ടമായി. പല കഥകൾക്കും പേരിട്ടത് ഞാനാണ്. ജൂതന്മാരുടെ ശ്മശാനം, പെൻഷൻ പറ്റിയ ഒരു ഉദ്യോഗസ്ഥന് ഇന്ത്യൻ റെയിൽവേയോട് പറയാനുള്ളത്, മരിച്ചുപോയ
എൻെറ അപ്പനമ്മമാർക്ക് ഇതൊക്കെ ഞാൻ പേര് നിർദേശിച്ച ചിലതാണ്.
പുനത്തിലിനോട് അടുത്ത് ഇടപഴകുന്ന ഒരാൾ ഇദ്ദേഹം തന്നെയാണോ സ്മാരകശിലകളും മരുന്നും എഴുതിയത് എന്ന് അത്ഭുതപ്പെട്ടുപോകും. കാരണം അദ്ദേഹം ഒരു ശിശുവായിരുന്നു. കുസൃതിക്കാരനായ ഒരു കുട്ടിയുടെ സഹജഭാവങ്ങളായിരുന്നു അദ്ദേഹത്തിൽ എപ്പോഴും ഉണ്ടായിരുന്നത്. ആ അത്ഭുതവും കൗതുകവും ഇപ്പോഴും എനിക്ക് ശമിച്ചിട്ടില്ല. സ്വപ്നംപോലെ കടന്നുപോയ ഒരാൾ. അതായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള
(തയാറാക്കിയത്: പി. സക്കീർ ഹുസൈൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.