പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തിലെ വലിയ അബ്ദുള്ള, കുഞ്ഞാണെങ്കിലും ഞാനുമൊരു അബ്ദുള്ളയാണല്ലോ എന്ന് പാതി തമാശയായും പാതി കാര്യമായും പറയുന്ന കുഞ്ഞിക്ക ഒാർമയായി. ഞങ്ങളുടെ നാട്ടിലെ എഴുത്തുകാരനായിരുന്നു ഞങ്ങൾക്ക് കുഞ്ഞിക്ക. വളരെ ചെറുപ്പത്തിലേ ‘സ്മാരകശിലകൾ’ വായിച്ച് ഭ്രാന്തുപിടിച്ച് കുഞ്ഞബ്ദുള്ളയെ കാണാൻപോയത് ഒാർക്കുന്നു. തിരക്കുപിടിച്ച ഒരു ഡോക്ടറായിരുന്നു അന്നൊക്കെ അദ്ദേഹം. ശ്മശാനത്തിൽ കുടികൊള്ളുന്ന അസംഖ്യം കഥാപാത്രങ്ങൾ നോവലിെൻറരസതന്ത്രശാലയിൽ ഉയിർത്തെണീക്കുകയും അവരവരുടെ ജീവിതം ഒരിക്കൽകൂടി ആടിത്തീർക്കുകയും ചെയ്യുന്നു എന്ന് ഇൗ നോവലിനെക്കുറിച്ച് കോവിലൻ.
എഴുത്തുജീവിതത്തിൽ എന്നെ പ്രചോദിപ്പിച്ചവരിൽ കുഞ്ഞിക്കയുണ്ടായിരുന്നു. ഗൾഫിലുള്ളപ്പോൾ ഒട്ടകവും അറബിയും കഥാപാത്രമായി ഒരു നല്ല നോവൽ ഇനിയും മലയാളത്തിൽ വന്നിട്ടില്ലെന്നും വലിയ കാൻവാസിൽ നീ അത് എഴുതണമെന്നും കുഞ്ഞിക്ക കത്തെഴുതിയിരുന്നു. എഴുപതുകളിൽ ഇ.എം. ഹാഷിമും ഞാനുമൊക്കെ ചേർന്ന് നടത്തിയ ‘ജീവരാഗം’ മാസികയുടെ പത്രാധിപർ പുനത്തിലായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടുമൊത്ത് യു.എ.ഇയിൽ കുഞ്ഞബ്ദുള്ള വന്ന ഒാർമ. എസ്.കെയെക്കുറിച്ച് തമാശപറയുന്ന കുഞ്ഞിക്ക. എസ്.കെ എഴുതുന്ന ഡയറി ഞാൻ കട്ടുവായിക്കുമെന്ന് പറഞ്ഞ് ചിരിക്കുന്ന കുഞ്ഞിക്ക.
വിവാദം എന്നും തെൻറ കൈയിലുള്ള സ്യൂട്ട് കെയ്സുപോലെ കുഞ്ഞിക്ക കൊണ്ടുനടന്നു. ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ചതിനുശേഷം കാസർകോട് നടന്ന ഒരു സാഹിത്യസമ്മേളനത്തിൽ കുഞ്ഞിക്കയെ ഞങ്ങൾ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ക്ഷോഭിച്ചില്ല. കുഞ്ഞിക്കക്ക് അദ്ദേഹത്തിെൻറത് മാത്രമായ കാരണങ്ങളുണ്ടായിരുന്നു. ‘അവരാദ്യം വിളിച്ചു. ഞാൻ പോയി. സി.പി.എം ആദ്യം വിളിച്ചിരുന്നെങ്കിൽ അവരോടൊപ്പം പോകുമായിരുന്നു’
ചില കാര്യങ്ങളിൽ കമല സുറയ്യയെന്ന മാധവിക്കുട്ടിയുടെ ആൺരൂപമായിരുന്നു കുഞ്ഞിക്ക എന്ന് തോന്നിയിട്ടുണ്ട്. ജീവിതം കൊണ്ട് കളിച്ച എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. പക്ഷേ, രചനകളിൽ അദ്ദേഹം കഥപറച്ചിലിെൻറ സുൽത്താനായി. ആധുനികത കൊടികുത്തിവാണ കാലത്തായിരുന്നു അദ്ദേഹത്തിെൻറ രചനകൾ ഏറെയും വന്നത്. പക്ഷേ, മുകുന്ദെൻറയും സേതുവിെൻറയും കാക്കനാടെൻറയും രചനകളിൽനിന്ന് അദ്ദേഹത്തിെൻറ സൃഷ്ടികൾ വേറിട്ടുനിന്നു.
ഇന്നലെ അതിരാവിലെ ടി. പത്മനാഭൻ ഇന്ന് കോഴിക്കോട്ട് വരുന്നുണ്ടെന്നും കുഞ്ഞിക്കയെ കാണണമെന്നും പറഞ്ഞിരുന്നു. നമ്മുടെ ചങ്ങാതി പോയല്ലോ എന്ന സങ്കടത്തോടെ മുകുന്ദൻ. ‘‘യാ അയ്യുഹന്നാസ്’’ എന്ന ഒരു നോവൽ എഴുതണമെന്ന ആശ ബാക്കിവെച്ചാണ് കുഞ്ഞബ്ദുള്ള യാത്രയായത്. കഴിഞ്ഞവർഷം ഇതേ ഒക്ടോബറിലായിരുന്നു മാധ്യമം ആഴ്ചപ്പതിപ്പ് ‘പുനത്തിലിെൻറ എഴുത്തുജീവിതം’ എന്ന ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. ഞങ്ങൾ ഇൗ പതിപ്പുമായി കുഞ്ഞിക്ക താമസിക്കുന്ന ഫ്ലാറ്റിൽ പോയി അത് അദ്ദേഹത്തിന് സമർപ്പിച്ചു. മകൾ നസീമയും ഭർത്താവ് ജലീലുമുണ്ടായിരുന്നു ഞങ്ങളെ സ്വീകരിക്കാൻ. പിന്നെ ജലീൽ വിളിച്ചു പറഞ്ഞു: ‘‘ഇന്നലെ ഏറെക്കാലത്തിനുശേഷം ഒരു ഉൗർജം കിട്ടിയത് പോലെയായിരുന്നു അദ്ദേഹത്തിന്’’
വിവാദങ്ങളുടെ കാമുകനായിരുന്നു എന്നും. അംഗീകരിക്കപ്പെട്ട സദാചാര മൂല്യങ്ങളെ ഇൗ ബൊഹിമീയൻ ഒട്ടും തന്നെ പരിഗണിക്കുന്നില്ല എന്ന കെ.പി. അപ്പെൻറ നിരീക്ഷണം കുഞ്ഞിക്കയുമായുള്ള അഭിമുഖ സംഭാഷണത്തിനിടെ ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ കുഞ്ഞിക്ക ചിരിച്ചു: ‘‘ജോൺപോൾ വാതിൽ തുറക്കുന്നു’ എന്ന കഥ അടക്കം നബിവചനം ആസ്പദമാക്കി മൂന്നു കഥകൾ എഴുതിയിട്ടുണ്ട് എന്നു പറഞ്ഞു. വിരുദ്ധ ധ്രുവങ്ങളിൽ ഒരേ സമയം സഞ്ചരിക്കാനാവുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം.
സ്വന്തം രക്തം കൊണ്ടു വീഞ്ഞുണ്ടാക്കിയവൻ. ജീവിതം കൊണ്ട് കളിച്ച എഴുത്തുകാരൻ. വൈക്കം മുഹമ്മദ് ബഷീറിനുശേഷം ഏറ്റവുമേറെ വായനക്കാരെ കൂടെക്കൊണ്ടുനടന്ന വലിയ സാഹിത്യകാരൻ. പുനത്തിൽ കുഞ്ഞബ്ദുള്ള എല്ലാ അർഥത്തിലും സാഹിത്യത്തിലെ വലിയ അബ്ദുള്ള തന്നെയായിരുന്നു.
കുഞ്ഞബ്ദുള്ളയുടെ ഒരു കൊച്ചുകഥ
ഇങ്ങനെ:
‘‘എെൻറ അമ്മ മരിച്ചു.
ആദ്യം കരഞ്ഞത് സംഘടനാ
കോൺഗ്രസായിരുന്നു.
പിന്നെ ഭരണ കോൺഗ്രസ് നിലവിളിച്ചു.
മാർക്കീസ്റ്റുകാരും വലതരും മാറത്തടിച്ചു
കരഞ്ഞു.
എസ്.പിക്കാർ ചേരിതിരിഞ്ഞു കരഞ്ഞു.
എനിക്ക് കരയാൻ കഴിഞ്ഞില്ല.
അപ്പോഴേക്കും എെൻറ കണ്ണുനീർ
വറ്റിപ്പോയിരുന്നു
(അമ്മ മരിച്ചപ്പോൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.