മലയാളികളെ എന്നും വിസ്മയിപ്പിച്ച എഴുത്തുകാരനായ എം.ടി വാസുദേവൻ നായരുടെ തൂലികയിൽ നിന്നും അമൂല്യങ്ങളായ ഒട്ടനവധി രചനകൾ പിറന്നുവീണിട്ടുണ്ട്. അവയിൽ പലതും സിനിമകളായി. അതും എം.ടിയുടെ തൂലികയിൽ നിന്നു തന്നെ. ഇവയെല്ലാം മലയാള സിനിമക്ക് വലിയ ഹിറ്റുകൾ സമ്മാനിച്ചു. ഈ നിരയിൽ നിന്നും അഭ്രപാളിയിലേക്ക് എത്തുന്ന രണ്ടാമൂഴത്തിന്‍റെ ദൃശ്യവത്കരണം എത്രത്തോളം നോവലിനോട് നീതിപുലർ്തതും എന്ന് കാത്തിരിക്കുകയാണ് മലയാളി വായനാസമൂഹം.
മഹാഭാരതത്തിലെ കഥാപാത്രങ്ങളായ കർണന്‍റെയും ദുര്യോധനന്‍റെയും വീക്ഷണകോണിൽ നിന്ന് മഹാഭാരത കഥ പറഞ്ഞ രചനകൾ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. വടക്കൻ കേരളത്തിലെ ഇതിഹാസ തുല്യനായ ആരോമൽ ചേകവരുടെ കഥ വില്ലനായി നാമെന്നും കരുതിപ്പോന്ന ചന്തുവിന്‍റെ വീക്ഷണത്തിൽ നിന്ന് അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ എം.ടിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ ഭാഷയും സാഹിത്യ ഭാഷയും ഒരുപേലെ വഴങ്ങുന്ന അപൂർവം എഴുത്താകാരിൽ അഗ്രഗണ്യനാണ് എം.ടി. അതിനാൽ എം.ടി രചിക്കുന്ന രണ്ടാമൂഴത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല.
എന്നാൽ ഇപ്പോൾ അതല്ല ,പ്രശ്നം. കാലം മാറി. ദേശഭക്തി അളക്കുന്ന തുലാസായി ദേശീയതയും ദേശീയ ഗാനവും കൊണ്ടുനടക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈ കാലത്ത് മഹാഭാരത കഥ ഭീമസേനന്‍റെ പക്ഷത്ത് നിന്ന് നോക്കിക്കാണുന്നത് അത്ര എളുപ്പമാകില്ല എന്നാണ് ചില സംഭവങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടാണ് രണ്ടാമൂഴം പുറത്തിറങ്ങുന്നുവെന്ന മോഹൻലാന്‍റെ വെളിപ്പെടുത്തൽ അത്യാഹ്ളാദത്തോടെയാണെങ്കിലും കുറച്ച് ആശങ്കയോടെ കാണാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്നത്.
സഹോദരൻ യുധിഷ്ഠിരനു ശേഷം ദ്രൗപദിയുമൊത്തുള്ള പ്രണയ ജീവിതത്തിനായി ആകാംക്ഷാപൂർവം ഊഴം കാത്തിരിക്കുന്ന ഭീമസേനനെയാണ് രണ്ടാമൂഴം എന്ന തലക്കെട്ട് സൂചിപ്പിക്കുന്നത്. എല്ലായിടത്തും രണ്ടാംസ്ഥാനക്കാരനായി എത്തേണ്ടി വരുന്നതിന്‍റെ പരിവേദനവും നോവലിൽ പലയിടത്തും ഉയർന്നുവരുന്നു. വിവാദമുണ്ടാക്കിയേക്കാവുന്ന പല രംഗങ്ങളും നോവലിലുണ്ട്. പുതിയ രാഷ്ട്രീയ പരിതസ്ഥിതിക്ക് ചേരാത്ത രംഗങ്ങൾ സിനിമയിൽ എങ്ങനെ ചിത്രീകരിക്കും എന്നുള്ളതായിരിക്കും സിനിമയുടെ അണിയറ ശിൽപികളുടെ വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.