മൈസൂർ ഡേയ്സ്

മാല്‍ഗുഡി എന്ന സങ്കല്‍പ പട്ടണച്ചിമിഴില്‍ ഇന്ത്യന്‍ ജീവിതത്തെ ഒതുക്കി നിര്‍ത്തിയ വിശ്രുത എഴുത്തുകാരന്‍ ആര്‍.കെ. നാരായണ്‍ കഥാപാത്രങ്ങളെ തേടി നടന്ന പ്രദേശമാണ് കൊട്ടാരനഗരമായ മൈസൂരു. സാധാരണ ജീവിതത്തിന്‍െറ അസാധാരണ മിടിപ്പുകള്‍ അനായാസം പിടിച്ചെടുത്ത നാരായണിന്‍െറ വൈഭവം തേടിച്ചെല്ലുമ്പോള്‍ മൈസൂരു  തെരുവുകളുടെ സ്പര്‍ശങ്ങളെമ്പാടും കാണാനാകും. നാലു പതിറ്റാണ്ടിലേറെ നാരായണ്‍ കഴിഞ്ഞുകൂടിയത്് ഈ നഗരത്തിലാണ്. ചെന്നൈയില്‍നിന്ന് പിതാവ് ജോലി ചെയ്യുന്ന മൈസൂരു പട്ടണത്തിലേക്ക് പറിച്ചുനടപ്പെട്ട നാരായണിന്‍െറ ജീവിതം പിന്നീട് സാഹിത്യചിന്തകളാല്‍ പുഷ്കലമാവുകയായിരുന്നു.

1906 ഒക്ടോബര്‍ 10ന് മദിരാശിയിലെ പുരശവല്‍ക്കം വെള്ളാള തെരുവില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ച ആര്‍.കെ. നാരായണ്‍ പഠനം നടത്തിയത് മൈസൂരുവിലായിരുന്നു. പിതാവ് കൃഷ്ണസ്വാമി മൈസൂരുവില്‍ അധ്യാപകനായിരുന്നു. ചെറുപ്പത്തില്‍ മദിരാശിയില്‍ അമ്മായി പാര്‍വതിയോടൊപ്പമായിരുന്നു താമസം. അമ്മായി കൊച്ചുനാരായണന് കണക്കും മിത്തുകള്‍ അടങ്ങിയ കഥകളും പറഞ്ഞുകൊടുത്തു. പോരാത്തതിന് സംസ്കൃതവും പഠിപ്പിച്ചു. ഭാവനയുടെയും സാഹിത്യാഭിരുചിയുടെയും ചിറകുകള്‍ അങ്ങനെ ചെറുപ്പത്തില്‍തന്നെ നാരായണന് ലഭിച്ചു. തുടര്‍ന്നാണ് മൈസൂരുവില്‍ പിതാവിന്‍െറ അടുത്ത് എത്തുന്നത്. മൈസൂരുവിലെ മഹാരാജാസ് കോളജില്‍നിന്ന് ബിരുദം നേടി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. എന്നാല്‍, സാഹിത്യമാണ് തട്ടകം എന്നറിഞ്ഞ് എഴുത്തിലേക്ക് തിരിഞ്ഞു.

രാശിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണ സ്വാമി എന്ന പേര് ആര്‍.കെ. നാരായണ്‍ എന്നാക്കി ചുരുക്കിയതിന്‍െറ പിന്നില്‍ പ്രശസ്ത ഇംഗ്ളീഷ് എഴുത്തുകാരന്‍ ഗ്രഹാംഗ്രീനിന്‍െറ പ്രേരണയുണ്ട്. നാരായണിന്‍െറ ‘സ്വാമിയും ചങ്ങാതിമാരും’ എന്ന നോവല്‍ 1932ലാണ് രചിക്കുന്നത്. സുഹൃത്തായ കിട്ടുപൂര്‍ണ എന്നയാള്‍ക്ക് നാരായണ്‍ നോവലിന്‍െറ കൈയെഴുത്ത് പ്രതി അയച്ചുകൊടുത്തു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ അണ്ടര്‍ ഗ്രാജ്വേറ്റ് ആയിരുന്നു കിട്ടുപൂര്‍ണ. നോവല്‍ വെളിച്ചം കാണാന്‍ ആദ്യം ചില പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഗ്രഹാംഗ്രീന്‍ നോവല്‍ വായിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. അദ്ദേഹം നോവല്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടത്തി. ഗ്രന്ഥകര്‍ത്താവിന്‍െറ പേര് ആര്‍.കെ. നാരായണ്‍ എന്നാക്കി മാറ്റാന്‍ നിര്‍ദേശിച്ചു. ഇംഗ്ളീഷ് വായനക്കാര്‍ക്ക് ഓര്‍മിക്കാന്‍ ഈ പേരാവും നന്നാവുക എന്നായിരുന്നു ഗ്രഹാംഗ്രീനിന്‍െറ പക്ഷം. 1935ലാണ് ‘സ്വാമിയും ചങ്ങാതിമാരും’ ഹാമിഷ് ഹാമില്‍ട്ടന്‍ കമ്പനി പ്രസിദ്ധീകരിക്കുന്നത്. ‘ബാച്ലര്‍ ഓഫ് ആര്‍ട്സ്’ (1937), ‘ഇരുട്ടുമുറി’ (1938), ‘മാല്‍ഗുഡി ഡെയ്സ്’ (1943), ‘ഇംഗ്ളീഷ് ടീച്ചര്‍’ (1945), ‘ഫിനാന്‍ഷ്യല്‍ എക്സ്പര്‍ട്ട്’ (1952), ‘ദ ഗൈഡ്’ (1952)  എന്നിവയാണ് നാരായണിന്‍െറ പ്രധാന കൃതികള്‍.  ആകസ്മികതകളുടെ ആകെ തുകയായിരുന്നു നാരായണിന്‍െറ ജീവിതം. വിവാഹത്തിന്‍െറ കാര്യത്തിലും അത് അങ്ങനെതന്നെയായിരുന്നു. കോയമ്പത്തൂരില്‍ സഹോദരിയുടെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് നാരായണ്‍ പതിനഞ്ചുകാരിയായ രാജത്തെ കണ്ടത്തെുന്നത്. തെരുവിലെ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്ന രാജത്തിന്‍െറ ചിത്രം നാരായണിന്‍െറ മനസ്സില്‍ പതിഞ്ഞു. ആദ്യനോട്ടത്തില്‍തന്നെ മനസ്സില്‍ പ്രേമം അങ്കുരിച്ചു. 1933 ജൂലൈയിലായിരുന്നു സംഭവം. പ്രേമത്തിന്‍െറ ശല്യം തുടങ്ങിയ നാളില്‍തന്നെ നാരായണ്‍ പെണ്‍കുട്ടിയുടെ പിതാവ് നാഗേശ്വര അയ്യരെ ചെന്നുകണ്ടു. മകളെ തനിക്ക് വിവാഹം ചെയ്തുതരണം എന്നായിരുന്നു അഭ്യര്‍ഥന. ജാതകവശാല്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഏറെ ദോഷങ്ങള്‍ രേഖപ്പെടുത്തിയതായിരുന്നു നാരായണിന്‍െറ ജാതകം. സാമ്പത്തികമായ ഉയര്‍ച്ചത്താഴ്ചകളും കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ നാരായണ്‍ രാജത്തെ ജീവിതസഖിയാക്കി. എന്നാല്‍, ഇവരുടെ ദാമ്പത്യജീവിതത്തിന് അധികം ആയുസ്സുണ്ടായില്ല. 1939ല്‍ ടൈഫോയ്ഡ് ബാധയെതുടര്‍ന്ന് രാജം മരിച്ചു. അന്ന് മകള്‍ ഹേമവതിക്ക് മൂന്ന് വയസ്സായിരുന്നു. മകള്‍ക്കുവേണ്ടിയായിരുന്നു പിന്നെ നാരായണ്‍ ജീവിച്ചത്. 1956ല്‍ ചന്ദ്രശേഖരനുമായി ഹേമാവതിയുടെ വിവാഹം നടന്നു. മകളുടെ ജീവിതവും തന്‍െറ കണ്‍മുന്നില്‍ വെച്ച് അവസാനിക്കുന്നത് കാണാനുള്ള ദുരവസ്ഥയും നാരായണിന് നേരിടേണ്ടിവന്നു. 1994ല്‍ കാന്‍സര്‍ ബാധിച്ച് ഹേമാവതി മരിച്ചതോടെ നാരായണ്‍ തീര്‍ത്തും ഇരുട്ടിലായി. പേരക്കുട്ടികളായിരുന്നു പിന്നീട് ആശ്വാസം പകര്‍ന്നിരുന്നത്.  

മൈസൂരു നഗരത്തിലെ ഓണ്ടിക്കൊപ്പല്‍ എന്ന സ്ഥലത്ത് ആര്‍.കെ. നാരായണ്‍ വീട് വെക്കുന്നത് 1948ലാണ്. സുഹൃത്തുക്കളുടെ ഒത്താശയോടെയായിരുന്നു ഇത്. സാഹിത്യരചനക്കുള്ള സങ്കേതം എന്ന നിലയിലാണ് വീട് വെച്ചത്. 48ല്‍ പണി തുടങ്ങിയെങ്കിലും 53ലാണ് താമസം തുടങ്ങാനായത്. ഇരുനില കെട്ടിടമായിരുന്നു. സ്വീകരണമുറിയിലും മുകളിലെ കിടപ്പ് മുറിയിലും എട്ട് ജനലുകള്‍ ഉണ്ടായിരുന്നു. ഏതിടത്തുനിന്ന് നോക്കിയാലും പുറത്തേക്ക് കാണണം എന്നതനുസരിച്ചായിരുന്നു ഇത്. 1990കളുടെ അവസാനം വരെ നാരായണ്‍ ഇവിടെ താമസിച്ചു. പിന്നീട് ചികിത്സയുടെ സൗകര്യവും മറ്റും കണക്കിലെടുത്ത് താമസം ചെന്നൈയിലേക്ക് മാറ്റി. ഡി.14, വിവേകാനന്ദ റോഡ്, യാദവഗിരി, മൈസൂരു എന്ന വിലാസം പതിച്ച മതിലിനകത്ത് ആര്‍.കെ. നാരായണിന്‍െറ വീട് കുറെക്കാലം ഉറങ്ങിക്കിടന്നു. ഇടക്കത്തെുന്ന പേരക്കുട്ടികള്‍ വീടിനെ ഉണര്‍ത്തി. ഒടുവില്‍ മൈസൂരു കോര്‍പറേഷന്‍ വസതി ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം പുതുക്കിപ്പണിയാന്‍ തുടങ്ങി. പഴയവീടിന്‍െറ മാതൃക നിലനിര്‍ത്തിയാണ് പുതുക്കിപ്പണിതത്. സ്വീകരണമുറിയിലെയും മുകളിലെ മുറിയിലെയും എട്ടു ജനലുകള്‍ പുതുക്കിപ്പണിതപ്പോള്‍ ആറായി കുറഞ്ഞു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും കാര്യമായി ഇല്ല. നാരായണിന്‍െറ കണ്ണട, ടൈറ്റന്‍ വാച്ച്, പേനകള്‍, അദ്ദേഹത്തിന് ലഭിച്ച അസംഖ്യം പുരസ്കാരങ്ങള്‍, സഹോദരനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ  ആര്‍.കെ. ലക്ഷ്മണ്‍ വരച്ച ചിത്രം എന്നിവ വീടിന്‍െറ സ്വീകരണമുറിയില്‍ കാണാം. നാരായണന്‍ ഇരുന്നിരുന്ന കസേര, പത്മഭൂഷന്‍, പത്മവിഭൂഷന്‍ ബഹുമതിപത്രങ്ങള്‍, 1989 ആഗസ്റ്റ് ഒന്നിന് ലഭിച്ച നാഷനല്‍ സിറ്റിസണ്‍ അവാര്‍ഡ് എല്ലാമിവിടുണ്ട്. 1973 മേയ് 15ന് ഡല്‍ഹി യൂനിവേഴ്സിറ്റിയും 1974 ഏപ്രില്‍ 30ന് വെങ്കിടേശ്വര യൂനിവേഴ്സിറ്റിയും ആര്‍.കെ. നാരായണിന് ഡി-ലിറ്റ് ബഹുമതി നല്‍കി ആദരിച്ചു. ഇതിന്‍െറയെല്ലാം രേഖകള്‍ സ്വീകരണമുറിയില്‍ കാണാം. നാരായണിന്‍െറ അഞ്ചാം വയസ്സിലെ ഫോട്ടോ, മാതാപിതാക്കള്‍ ഒരുമിച്ചുള്ള ഫോട്ടോ (1930), കുടുംബത്തോടൊപ്പമുള്ള ഫോട്ടോ എന്നിവയും കാണാം. മകള്‍ ഹേമയോടൊപ്പമുള്ള ഫോട്ടോയും ഉണ്ട്.
നാരായണ്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടുകളും മുണ്ടുകളും വേഷ്ടിയും പ്രത്യേകമായി റാക്കില്‍ തയാറാക്കിവെച്ചിട്ടുണ്ട്. അധികവും കോട്ടണ്‍ വസ്ത്രങ്ങളാണ്. ഐ.എസ്.എച്ച് മദ്രാസ് എന്ന ടെയ്ലര്‍ഷോപ്പിന്‍െറ വിലാസം കോളറില്‍ പതിപ്പിച്ചതുകാണാം. വെള്ളയും ഇളംനീലയും നിറത്തിലുള്ള ഷര്‍ട്ടുകളാണ് ഏറെയും. കള്ളിയും പുള്ളിയും എങ്ങുമില്ല. ഫുള്‍കൈ ഷര്‍ട്ടുകളാണൊക്കെ. പ്രത്യേക അവസരങ്ങളില്‍ ഉപയോഗിച്ചിരുന്ന പാന്‍റ്സും ഓവര്‍കോട്ടും മുകളിലെ മുറിയില്‍ അലങ്കരിച്ച നിലയില്‍ കാണാം. കോട്ടുകളില്‍ ചിലത് കമ്പിളിത്തുണി കൊണ്ടുള്ളതാണ്. തണുപ്പുള്ള വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ ഇതായിരിക്കും നാരായണ്‍ ഉപയോഗിച്ചിരുന്നത്. മുകളിലും താഴെയുമായി ആറു മുറികളാണ് ഉള്ളത്. ഡൈനിങ് ഹാളും അടുക്കളയും എല്ലാം പഴയപോലെ സജ്ജീകരിച്ചിരിക്കുകയാണ്. ആര്‍.കെ. നാരായണിന്‍െറ മരിക്കാത്ത ഓര്‍മകള്‍ ഇവിടെ തുടിക്കുന്നു.

വര്‍ഷം രേഖപ്പെടുത്താത്ത ഡയറികളും ബൈന്‍ഡ് ചെയ്ത നോട്ടുബുക്കുകളുമായിരുന്നു എഴുതാന്‍ വേണ്ടി നാരായണ്‍ ഉപയോഗിച്ചിരുന്നത്. ഫൗണ്ടന്‍ പേന കൊണ്ട് നീലമഷി ഉപയോഗിച്ചായിരുന്നു എഴുത്ത്. സാഹിത്യം എഴുതുന്നതിനുവേണ്ടി പഴയ ഡയറികള്‍ ശേഖരിക്കുന്നതും നാരായണിന്‍െറ വിനോദമായിരുന്നു. 2001 മേയില്‍ നാരായണ്‍ മരണമടയുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയില്‍ സന്ദര്‍ശിച്ച കാര്യം ദ ഹിന്ദു മുന്‍ എഡിറ്ററും കസ്തൂരിരംഗന്‍ സണ്‍സ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനുമായ എന്‍. റാം അനുസ്മരിച്ചിട്ടുണ്ട്. ചെന്നൈയില്‍ ആശുപത്രിയിലെ വെന്‍റിലേറ്ററിലേക്ക് മാറ്റുന്ന വേളയിലാണ് റാം ആര്‍.കെയെ അവസാനമായി കാണുന്നത്. ഒരു ഡയറി എനിക്ക് സംഘടിപ്പിച്ചു തരുമോ എന്നായിരുന്നു ആ സന്ദിഗ്ധഘട്ടത്തിലും നാരായണിന്‍െറ ചോദ്യം. തീര്‍ച്ചയായും എന്ന് റാം മറുപടി നല്‍കി. ‘‘ഏതുവര്‍ഷത്തേതായിരിക്കും, രണ്ടായിരമോ രണ്ടായിരത്തി ഒന്നോ?’’ നാരായണ്‍ വീണ്ടും ചോദിച്ചു. ഏതായാലും പ്രശ്നമില്ല എന്ന വിധത്തിലായിരുന്നു നാരായണിന്‍െറ ചോദ്യം. ‘‘2001ലേതുതന്നെ എത്തിക്കാം, റാം മറുപടി നല്‍കി. അങ്ങനെ വെന്‍റിലേറ്ററിലേക്ക് പോയ നാരായണ്‍ പിന്നീട് മടങ്ങിവന്നില്ല. ജീവന്‍െറ അവസാന നെയ്ത്തിരി കത്തുമ്പോഴും നാരായണ്‍ എഴുത്തിനെപ്പറ്റിയാണല്ളോ ആലോചിച്ചത് എന്ന് റാം വികാരഭരിതമായ മനസ്സോടെ അനുസ്മരിച്ചിട്ടുണ്ട്.

‘‘ഭൂതകാലം പൊയ്ക്കഴിഞ്ഞു. വര്‍ത്തമാനം പൊയ്ക്കൊണ്ടിരിക്കുകയാണ്. നാളെയാകട്ടെ മറ്റന്നാളിന്‍െറ ഇന്നലെയാണ്. അതുകൊണ്ട് നാം എന്തിനാണ് വെറുതെ ബേജാറാവുന്നത്. എല്ലാത്തിനും ഈശ്വരന്‍െറ അനുഗ്രഹമുണ്ടാകും.’’ നാരായണ്‍ പറഞ്ഞ വാക്കുകള്‍ ചുവരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ലളിതമായി ജീവിക്കുകയും ജീവിതത്തെപ്പറ്റി ഗാഢമായി ചിന്തിക്കുകയും ചെയ്ത നാരായണിന് മാത്രമേ ഇപ്രകാരം പറയാന്‍ പറ്റുകയുള്ളൂ. വീടിന്‍െറ മുകളിലും താഴെയുമായി അഞ്ച് അലമാരകളില്‍ ആര്‍.കെ. നാരായണിന്‍െറ പുസ്തകങ്ങള്‍ കാണാം. മാല്‍ഗുഡി ഡെയ്സ് മുതല്‍ മൈ ഡെയ്സ് എന്ന ആത്മകഥ വരെ ഇതിലുണ്ട്. നെഹ്റുവും ആര്‍.കെ. നാരായണും കൂടിക്കാഴ്ച നടത്തുന്ന അപൂര്‍വ ഫോട്ടോയും ഇവിടെയുണ്ട്.
വെള്ള പെയിന്‍റില്‍ വെയിലില്‍ കുളിച്ചുനില്‍ക്കുന്ന വീട് മനോഹരമായ കാഴ്ചയാണ്. മുറ്റത്ത് വളര്‍ന്നുനില്‍ക്കുന്ന ഈന്തപ്പന കാണാം. ഇറയത്തോട് ചേര്‍ന്ന് മനോഹരമായ പുല്‍ത്തകിടിയുണ്ട്. ഏതാനും ചെടികളും മുറ്റത്ത് വളര്‍ന്നുനില്‍ക്കുന്നു. പല ദേശങ്ങളില്‍നിന്ന് പല ഭാഷക്കാര്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍െറ ശേഷിപ്പുകള്‍ തേടി ഇവിടെയത്തെുന്നു. ആര്‍.കെ. നാരായണിന്‍െറ വിവിധ കാലങ്ങളിലുള്ള ഫോട്ടോകളും ഇവിടെ കാണാം.

വീട്ടിലെ കാര്‍ഷെഡ് വരെ അതേപോലെ സൂക്ഷിച്ചിരിക്കുകയാണ്. മൈസൂരു തെരുവുകളിലൂടെ കാറിലും കാല്‍നടയായും സഞ്ചരിക്കുന്നത് നാരായണിന്‍െറ സ്വഭാവമായിരുന്നു. ഇവിടത്തെ കച്ചവടക്കാരുമായും മറ്റും അദ്ദേഹം നിരന്തരം സംവദിച്ചു. അതില്‍നിന്ന് കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കണ്ടെടുത്തു. നാരായണിന്‍െറ കഥാപാത്രങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ എഴുത്തുകാരന്‍ ഇല്ലാത്ത വീട് അവരെ നോക്കിനില്‍ക്കുകയാണ്.               l

Tags:    
News Summary - Rk narayanans home at mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.