‘ഞാന്‍ ഒരു നല്ല ഹിന്ദു ആയതുകൊണ്ട് ഞാന്‍ ഒരു നല്ല മുസ്ലിം കൂടിയാണ്’ എന്ന ഗാന്ധിയുടെ വചനത്തിന് പ്രാമുഖ്യം കൂടിവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിനുകാരണം ‘നല്ല ഹിന്ദു’വിെൻറയും ‘നല്ല മുസ്ലി’മിെൻറയും നിര്‍വചനങ്ങള്‍ മാറി വരുന്നതാണ് എന്ന് എനിക്കു തോന്നുന്നു. മറ്റു മതങ്ങളെ വെറുക്കുകയും ദേശീയ മുഖ്യധാരയില്‍നിന്ന് അവരെ അപരവത്കരിക്കുകയും ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുണ്ടായിരുന്ന ഹിന്ദു-മുസ്ലിം സാഹോദര്യത്തെ അദൃശ്യവത്കരിച്ച് അധിനിവേശകാലത്തെ, ഇന്ത്യാ വിഭജനത്തിലേക്കും അതിെൻറ പ്രത്യാഘാതമായി ഉണ്ടായ കൂട്ടക്കൊലകളിേലക്കും നയിച്ച, ‘വിഭജിച്ചു ഭരിക്കുക’ എന്ന കൊളോണിയല്‍ നയം പുനഃസ്ഥാപിക്കുകയും ചരിത്രംതന്നെ തിരുത്തി വില്ലന്മാരെ നായകരും നായകരെ വില്ലന്മാരും ആക്കുകയും ചെയ്യുന്നവര്‍ ആണ് ‘നല്ല ഹിന്ദുക്കള്‍’ എന്നു വരുത്താന്‍ ഹിന്ദുമതത്തിെൻറ ഉത്തമവശങ്ങളോട് കലഹിക്കുകയും അതിെൻറ ഇരുണ്ട പ്രയോഗങ്ങളെ സ്വാംശീകരിക്കുകയുംചെയ്യുന്ന ഒരു ന്യൂനപക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഗാന്ധിയുടെ വാക്യം വീണ്ടും ഓര്‍മിക്കേണ്ടതുണ്ട്, രാഷ്ട്രത്തെ ഓര്മിപ്പിക്കേണ്ടതുമുണ്ട്. വിഭജനത്തിെൻറ വക്താക്കളായിരുന്ന രണ്ടു നേതാക്കളും- മുഹമ്മദലി ജിന്നയും വി. ഡി. സവര്‍ക്കറും- മതവിശ്വാസികള്‍ ആയിരുന്നില്ലെന്നും നാം ഓര്‍ക്കുന്നത് നന്ന്. മതമല്ല ഇന്ത്യയെ വിഭജിച്ചത്, ബ്രിട്ടീഷുകാരുടെ താൽപര്യങ്ങളും ചില നേതാക്കളുടെ രാഷ്ട്രീയമായ അത്യാഗ്രഹങ്ങളും ആണ്. ഒന്നിച്ചുപറഞ്ഞാല്, ചീത്ത രാഷ്ട്രീയമാണ് നമ്മുടെ നാടിനെ വിഭജിച്ചത് എന്നര്‍ഥം.
ഒപ്പംതന്നെ ‘മതേതരത്വം’ എന്നാല്‍ മതനിഷേധമാണ് എന്ന് ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലു മതത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം ജനതയെയും അന്യവത്കരിക്കുകയും സംഭാഷണത്തിനു കൊള്ളാത്തവരായി പുറത്തുനിര്ത്തുകയുമാണ് ചെയ്യുന്നത് എന്ന് കാണേണ്ടതുണ്ട്. ഈ രണ്ടു കൂട്ടര്‍ക്കും ഗാന്ധിയെപ്പോലെ ഒരു മഹാപുരുഷനെ മനസ്സിലാവുകയില്ല എന്നല്ല അംബേദ്കര്‍ എന്തു കൊണ്ട് യുക്തിവാദി ആകുന്നതിനുപകരം ബുദ്ധമതം സ്വീകരിക്കുകയും അത് സ്വീകരിക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തു എന്നും അവര്‍ക്ക് മനസ്സിലാവില്ല. എല്ലാ മതങ്ങളിലും ജീവിച്ച് എല്ലാം ഒരേ ലക്ഷ്യത്തിലേക്കുള്ള പല വഴികള്‍ മാത്രമാണ് എന്ന് പ്രസ്താവിച്ച ശ്രീരാമകൃഷ്ണെൻറയും സര്‍വമതങ്ങളുടെയും സാരം ഒന്നുതന്നെ എന്ന് ഗ്രഹിച്ച നാരായണഗുരുവിെൻറയും മതവിദ്വേഷത്തിനു പകരം മതസാഹോദര്യത്തില്‍ ഊന്നിയ തിരുമൂലരും ബസവണ്ണയും നാമദേവനും സലബേഗയും റഹീമും റസഖാനും കബീറും മുതല്‍ അമീര്‍ ഖുസ്രുവും ബുല്ലേ ഷായും ലാല്‍ ദെദ്ദും ഷാ അബ്ദുല്‍ ലത്തീഫുംവരെയുള്ള ഭക്തി-സൂഫി കവികളുടെയും മാനുഷികമായ ആത്മീയതയും അവര്‍ക്ക് അന്യമാണ്. അത് തങ്ങളുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും അവര്‍ തന്ത്രപൂര്‍വം മറച്ചുവെക്കുമെങ്കിലും. ഒരു മതത്തോടുള്ള വിദ്വേഷവും എല്ലാ മതങ്ങളോടുമുള്ള വിദ്വേഷവും ഒരേ നാണയത്തിെൻറ രണ്ടു വശങ്ങള് മാത്രമാണ്. നാം ഒറ്റപ്പെടുത്തേണ്ടത് എല്ലാ മതങ്ങളിലുമുള്ള വിദ്വേഷപ്രചാരകരെയാണ്, സ്നേഹപ്രചാരകരായ വിശ്വാസികളെയല്ല.
ഈ സന്ദര്‍ഭത്തിലാണ് ഇസ്ലാമിെൻറ അഞ്ചു തൂണുകളില്‍ ഒന്നായി കരുതപ്പെടുന്ന റമദാെൻറ സന്ദേശം അത്യധികം പ്രസക്തമാകുന്നത്. പ്രവാചകന് പുണ്യഗ്രന്ഥത്തിെൻറ ആദ്യവെളിപാടുണ്ടായ, ഇസ്ലാമികകലണ്ടറിലെ ഒമ്പതാം മാസത്തില്‍ (ചൂടുകാലത്ത് വരുന്നതുകൊണ്ട് റമദാന്- അൽ-റമദ് എന്നാല്‍ വരള്‍ച്ച, അത്യുഷ്ണം എന്നെല്ലാം അര്‍ത്ഥം) ഒരു മാസം നീണ്ടുനില്‍ക്കുന്ന സ്വയംശുദ്ധീകരണയജ്ഞമാണ് റമദാന് എന്ന് നമുക്കറിയാം. അേതസമയം ഇബ്രാഹിമിെൻറ ശാസനങ്ങളും മോശയുടെ നിയമങ്ങള്‍ അഥവാ തോറകളും ക്രിസ്ത്യന്വിശ്വാസികളുടെ സ്തോത്രങ്ങളും സുവിശേഷവുമായും ഈ മാസം ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ഒരു ദീര്‍ഘമായ പ്രവാചകപാരമ്പര്യത്തെത്തന്നെ പുണ്യമാസമായ റമദാന് പ്രതിനിധാനം ചെയ്യുന്നു. റമദാനിെൻറ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഒന്നാണ് ലൈലത്തുല്‍ ഖദ്ർ ( ദിവ്യശക്തിയുടെ രാത്രി, അഥവാ പ്രവാചകന് വെളിപാടുണ്ടായ രാത്രി) ആയി എണ്ണപ്പെടുന്നത്. ഹിജ്റ കഴിഞ്ഞു 18 മാസത്തിനു ശേഷമാണ്- പ്രവാചകനും അനുയായികളും മക്കയില്‍നിന്ന് മദീനയില്‍ എത്തിയ ശേഷം- റമദാന് ആചരണം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു.
ഈദുല്‍ ഫിത്റില്‍ അവസാനിക്കുന്ന റമദാന്, ദൈവഭയം അഥവാ തഖ്വ നേടാനുള്ള പകല്നിരാഹാരത്തിെൻറ മാസമാണ്. ശരീരത്തെ എന്ന പോലെ മനസ്സിനെയും ‘വിഷമുക്ത’മാക്കുന്ന (ഡി- ടോക്സിഫൈ ചെയ്യുന്ന) സമയം. ധ്യാനം, ത്യാഗം, ദാനം, നിര്ഭാഗ്യവാന്മാരോടുള്ള അനുകമ്പ, ചുറ്റുമുള്ള സമുദായങ്ങളുമായുള്ള മൈത്രി ഇവയെല്ലാമാണ് സുഹൂറിനു( സൂര്യോദയത്തിനു മുമ്പുള്ള ഭക്ഷണം) ശേഷം ഇഫ്താര്‍ ( സൂര്യാസ്തമയത്തിനു ശേഷമുള്ളത്) മാത്രം അനുവദനീയമായ ഈ മാസത്തില്‍ ആഘോഷിക്കപ്പെടുന്ന മൂല്യങ്ങള്‍. അങ്ങനെ സ്നേഹം, ദയ, സഹിഷ്ണുത, ആത്മാന്വേഷണം തുടങ്ങി ഇസ്ലാം മുന്നോട്ടു വെക്കുന്ന – ഒരുപേക്ഷ എല്ലാ മതങ്ങളുടെയും സാരമായി കാണാവുന്ന- മഹാമൂല്യങ്ങളുടെ മുഴുവന്‍ സന്ദേശമാണ് റമദാന് ഉള്‍ക്കൊള്ളുന്നത്. മുെമ്പന്നെത്തക്കാളും വിദ്വേഷം ഇന്ത്യന്‍ സമൂഹത്തില്‍ വിഷംപോലെ പടരുന്ന, അഥവാ ബോധപൂര്‍വം സംക്രമണം ചെയ്യപ്പെടുന്ന ഇക്കാലത്ത് അനിവാര്യമായ മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള ഒരു ഉണര്ത്തുചൊല്ലും സ്വന്തം മാതൃകയിലൂടെയുള്ള മാര്ഗനിനിര്ദേശവുമാണ് റമദാന്. ഈ കാരുണ്യോത്സവത്തിന് എെൻറ ഹൃദയം നിറഞ്ഞ ആശംസകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.