ചില ദുഃഖവെളിവുകള്‍

എസ്.ഹരീഷ് കൂടി പങ്കെടുക്കേണ്ടിയിരുന്ന ഒരു സാഹിത്യ പരിപാടിക്കിടയില്‍ വച്ചാണ്, അനവധി ഹിന്ദു സംഘടനകളുടേയും വര്‍ഗ്ഗീയ രാഷ്ട്രീയ ശക്തികളുടേയും മതവിശ്വാസികളുടേയും എതിര്‍പ്പിന്‍റെ ഫലമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനും എസ് ഹരീഷിനും മീശ എന്ന നോവല്‍ ആഴ്ചപ്പതിപ്പിലെ തുടര്‍ പ്രസിദ്ധീകരണത്തില്‍നിന്നും പിന്‍വാങ്ങേണ്ടിവന്നതായ സന്ദര്‍ഭത്തെപ്പറ്റി അറിയാനിടയായത്. എന്തും ചെയ്യാന്‍ കരുതിക്കൂട്ടി വരുന്ന സവിശേഷബുദ്ധിയില്ലാത്ത ആള്‍ക്കൂട്ടത്തിനു മുന്നില്‍ തോറ്റുപോകുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പും എസ്. ഹരീഷുമാണെന്ന് ഞാന്‍ കരുതുന്നില്ല. തോറ്റുപോയത്, ഈ സാഹചര്യത്തിലേക്ക് നമ്മളെ എത്തിച്ച മഹാശയന്മാരാണ്. മലയാളിയെ മനുഷ്യനാക്കിയ നൂറ്റാണ്ടിന് വിത്തിട്ട മഹാമനീഷികള്‍. നൂറ്റാണ്ടുകള്‍ കടന്നു ഇനിയും പ്രോജ്വലിക്കുമെന്ന് അവര്‍ വിഭാവനം ചെയ്ത സംസ്‌കാരമാണ് സമീപകാലത്തെ ഏതാനും വര്‍ഷങ്ങളുടെ ഫലമായി ഇന്ന് നശിച്ചുപോയത്. നമുക്ക്, ചിന്താശേഷിയും വകതിരിവുമുള്ള സാധാരണക്കാര്‍ക്ക് ശിരസ്സ് കുനിക്കേണ്ടിവന്നത് ഇങ്ങനെ സംഭവിച്ചതിലാണ്. നമ്മളതിന് സാക്ഷിയാകേണ്ടിവന്നതിന്‍റെ കറ നമ്മളുള്ളിടത്തോളം കാലം നമ്മില്‍നിന്നും മായുകയില്ല. 

കേരളത്തിന്‍റെ, മലയാളിയുടെ രൂപീകരണം എവിടെ മുതലാണ് ? കൃത്യമായി കണക്കാക്കിയാല്‍ പത്തൊമ്പതാം ശതകത്തിന്‍റെ ആരംഭത്തിലാണ്, അതായത് 1800 ല്‍, ബ്രിട്ടീഷുകാരുടെ അധീനത്തിലേക്ക മലബാര്‍ എന്ന നാട്ടുരാജ്യം ചേരുന്നത് മുതലാണെന്ന് കാണാം. കൊച്ചിയും തിരുവിതാംകൂറും ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയെ അംഗീകരിക്കുന്നതും അതോടെയാണല്ലോ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഭാരത മഹാജനസഭ 1885 ല്‍ സ്ഥാപിതമായി. 

ദേശീയ പ്രസ്ഥാനത്തിന്‍റെ വിത്ത് ഇന്ത്യന്‍ മണ്ണില്‍ വീഴുന്നതോടെ കേരളീയര്‍ക്ക് നാം ഇന്ത്യയുടെ ഭാഗമാണെന്ന ആദ്യത്തെ ബോധം തലയില്‍ വന്നു. അതായത്, ഇന്ന് ഹൈന്ദവ സംഘടനകള്‍ ആക്രോശിക്കുന്ന ഹിന്ദുദേശീയതയുടെ ഭാഗമായി നാം മാറിയിട്ട് ഒരു നൂറ്റാണ്ടിന്‍റെ ആയുസ്സേ ആയിട്ടുള്ളുവെന്നര്‍ത്ഥം. അതുവരെ തിരുവിതാംകൂറിലും കൊച്ചിയിലും ജാതിപ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊള്ളുകയായിരുന്നു. മതം അവിടെ ഒരു ചര്‍ച്ചയായിരുന്നില്ല. മലബാറിലാവട്ടെ, ഈ ജാതിബോധം വേരുപിടിച്ചിരുന്നുമില്ല. ഇങ്ങനെ ജാതിയാല്‍ നശിച്ചു പോകാന്‍ വെമ്പിനിന്ന ഒരു സമൂഹത്തെയാണ് നവോത്ഥാനശില്പികള്‍ മാനാഭിമാനവും ജീവഭയവും ദാരിദ്ര്യവും മാറ്റിവച്ച് ഉണര്‍ത്തിയെടുക്കാന്‍ നോക്കിയത്. അയ്യാ വൈകുണ്ഠസ്വാമികളും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും മന്നത്ത് പത്മനാഭനും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും പണ്ഡിറ്റ് കെ. പി കറുപ്പനും സന്യാഹുല്ലാ മക്തി തങ്ങളും വി. ടി ഭട്ടതിരിപ്പാടും ഒക്കെച്ചേര്‍ന്നാണ് കേരളത്തിന്‍റെ മണ്ണിനെ സാംസ്‌കാരികമായി പാകപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം ഗുണ്ടര്‍ട്ടും ബെഞ്ചമിന്‍ ബെയ്‌ലിയും തോമസ് നോള്‍ട്ടണും ഉള്‍പ്പെടുന്ന വലിയ സംഘം മിഷണറിമാരുമുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസത്തിന് വഴി തെളിച്ച ജസ്യൂട്ട് മിഷണറിമാരും ഉന്നത വിദ്യാഭ്യാസത്തിന് തുടക്കമിട്ട ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും മൂന്നായി കിടന്ന നാട്ടുരാജ്യങ്ങളെ ഭാഷാപരമായി ഏകോപിപ്പിക്കുന്നതിനും സാംസ്‌കാരികമായി നവീകരിക്കുന്നതും ഒട്ടേറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കേരളത്തിലെ നാട്ടുരാജ്യങ്ങളില്‍ ദുരമൂത്ത് നിന്നിരുന്ന ജാതിഭ്രാന്ത് ഇല്ലാതായില്ലായിരുന്നെങ്കില്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം കമ്യൂണിസം കൂടി ത്വരിതപ്പെടുത്തി ജന്മിത്വം ഇല്ലാതാക്കിയില്ലായിരുന്നുവെങ്കില്‍, ഇന്ന് ഹൈന്ദവനെന്ന് ആക്രോശിക്കാന്‍ അണികളെ കിട്ടില്ലായിരുന്നു സംഘപരിവാര രാഷ്ട്രീയത്തിന്. ഹിന്ദു എന്ന ബോധത്തിലേക്ക് മലയാളി വന്നെത്തിയത് ഈ നാട്ടില്‍ ജാതി ഇല്ലാതായതോടെയാണ്. 
പൂര്‍ണമായും ഇന്നും ഇല്ലാതായിട്ടില്ലാത്ത ജാതിയാണ് കേരളത്തിലങ്ങോളമിങ്ങോളം അവര്‍ണരെ ദുഖാകുലരാക്കിയും പതിതരാക്കിയും അവശേഷിപ്പിച്ചുനിര്‍ത്തുന്നതെന്നതൊരു വലിയ സത്യമാണല്ലോ. ഇതറിയാത്തവരല്ല ഇന്ന് ഹൈന്ദവരെന്ന് ഊറ്റം കൊള്ളുന്ന സവര്‍ണ ജാതിക്കാര്‍. അവരുടെ കൂട്ടത്തില്‍ കീഴാളനില്ല. മിശ്രവിഹാഹിതനില്ല. ശാസ്ത്രയുക്തിയോടെ ചിന്തിക്കുന്നവനില്ല. കീഴാളന്‍ ഇന്നും സവര്‍ണ ഹിന്ദുവിന്‍റെ കണ്ണില്‍ ഉത്തമഹിന്ദുവല്ല. കീഴാളനും വനവാസിയും കടലോരവാസിയും ഇന്നും മലയാളിക്ക് മനുഷ്യന്‍ പോലുമല്ല. അവനെ 'അഡ്ജസ്റ്റ് ' ചെയ്യുന്നു എന്നേയുള്ളൂ. ഇതാണ് യാഥാര്‍ത്ഥ്യം. കേരളത്തെ ഉത്തരേന്ത്യയും മദ്ധ്യേയിന്ത്യയും ആക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സംഘശക്തികളുടെ നേതൃത്വത്തിന്, കണ്ണില്ലാത്ത ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള ബുദ്ധിയുണ്ട്. അവരുടെ ഇന്നലെകളെ ഓര്‍മ്മിപ്പിച്ചുകൊടുക്കാന്‍ ആളില്ലാത്തിടത്തോളം കാലം ഹിന്ദു എന്ന ദേശീയ ബോധത്തിനു വേണ്ടി ഈ ചരിത്രബോധമില്ലാത്ത ജനത പോരാടും. അതാണിവിടെ കാണുന്നത്. 

മീശ എന്ന നോവിലിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണത്തെ ചൊല്ലി സംഘടിക്കുന്നത് സാധാരണക്കാരാണെന്ന് ഞാന്‍ കരുതുന്നില്ല. സംഘടിപ്പിച്ചെടുക്കുന്ന ഒരു പറ്റം മനുഷ്യരാണ് സാധാരണക്കാരുടെ പ്രതിച്ഛായ സ്വീകരിച്ച് വ്രണപ്പെട്ട മതവികാരത്തിന് പകരം ചോദിക്കാന്‍ മുന്നോട്ടുവരുന്നത്. ഇത്തരത്തില്‍ സംഘടിപ്പിച്ചെടുക്കുന്ന ആള്‍ക്കൂട്ടം വായിക്കുന്നവരോ ചിന്തിക്കുന്നവരോ ആകുകയില്ല. അത് വിശാലഹിന്ദു എന്ന ഐക്യത്തെ പ്രതിനിധീകരിക്കാന്‍ നിയുക്തരാക്കപ്പെട്ടവരാണ്. ഈ വിശാലഹിന്ദു ഉണ്ടായത് ഇവിടെ ജാതിക്കൊടുമ ഇല്ലാതായപ്പോഴാണ്. അതെപ്പോഴാണ് വിശാലഹിന്ദുവിന്‍റെ ബാനറിനുകീഴില്‍ മുണ്ടുമടക്കിയുടുത്ത് നില്‍ക്കുന്ന അടിസ്ഥാനവര്‍ഗ്ഗം, ദളിത് വിഭാഗം തിരിച്ചറിയുന്നത്..? തങ്ങള്‍ ഒറ്റപ്പെട്ടവരും ഇന്നും അധകൃതരുമാണെന്ന് അവര്‍ തിരിച്ചറിയാത്തിടത്തോളം കാലം വിശാലഹിന്ദു എന്ന ലേബല്‍ കേരളത്തില്‍ വിജയിക്കും. അതിന്‍റെ കൂടെ നിൽക്കാന്‍ ആളുണ്ടാവും. അവരെ ചേര്‍ത്തുനിര്‍ത്തി ലക്ഷ്യം നിറവേറ്റാനാണ്, അത് വിജയിപ്പിക്കാനാണ് ഇത്തരം കൊലവിളികളുടെ അണിയറശിൽപികള്‍ കേരളത്തിലെ ഹിന്ദുക്കളില്‍ ദൈവത്തെയും മതത്തേയും കൂട്ടുപിടിച്ചുള്ള കലാപങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത്. ശരിക്കാലോചിച്ചാല്‍ ഇതൊന്നും, മീശയെ ചൊല്ലിയുണ്ടാകുന്ന വിവാദങ്ങളൊന്നും, സാധാരണക്കാരന്റെ പ്രശ്‌നമല്ല. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രശ്‌നവുമല്ല. കാരണം, ഈ സാധാരണക്കാരും അടിസ്ഥാനവര്‍ഗ്ഗവും കൂടിയാണ് കാലാകാലങ്ങളില്‍ കേരളത്തില്‍ തുള്ളലും സാമൂഹിക നാടകങ്ങളും കഥാപ്രസംഗങ്ങളും വിജയിപ്പിച്ചിട്ടുള്ളത്. അല്ലാത്തവര്‍ അമര്‍ഷം ഉള്ളിലൊതുക്കി മിണ്ടാതിരിക്കുകയാണ് ചെയ്തത്. അവരാണ് ഭൂരിപക്ഷം. തുള്ളലിലും രാഷ്ട്രീയ സാമൂഹിക നാടകങ്ങളിലും അതത് കാലത്തെ വ്യവസ്ഥിതിക്കു നേരെ രൂക്ഷമായ വിമര്‍ശനം നടത്തിയിട്ടുള്ളതും ഈ പാവപ്പെട്ട കലാകാരന്മാരും അവരെ കാണാന്‍ ചെന്നിരുന്ന സാധാരണക്കാരുമായിരുന്നു. അന്ന് മറഞ്ഞുനിന്ന ഭൂരിപക്ഷമാണ് ഇന്ന് വാളെടുത്ത് മുന്നോട്ടുവരുന്നത്. 

ഇതിന്റെ ഭാഗമായി വാദിക്കാം, ഇന്നുള്ളത് അന്നത്തെ കേരളമല്ലെന്ന്. അങ്ങനെ പറയാന്‍ വരട്ടെ. അന്നത്തെ കേരളം തന്നെയാണിന്നും. അന്നത്തെ മലയാളി എങ്ങും പോയിട്ടില്ല. അതായത് അന്നും ഒരു ന്യൂനപക്ഷമാണ് പുരോഗമന പക്ഷത്തുനിന്നിട്ടുള്ളത്. ബാക്കിവരുന്ന ഭൂരിപക്ഷം നാരായണഗുരു മുതല്‍ ഇ. എം. എസ് വരെയുള്ള നവോത്ഥാന ദേശീയ പുരോഗമന വാദികളും സോഷ്യലിസ്റ്റുകളുമായ നേതാക്കന്മാരെ കൊഞ്ഞനം കുത്തിക്കൊണ്ട് മാറിനില്‍ക്കുകയായിരുന്നു. അത് വ്യക്തമായത് അടുത്ത കാലത്ത് നവസാമൂഹിക മാധ്യമങ്ങള്‍ ഇത്ര ശക്തമായപ്പോഴാണ്. ഫേസ് ബുക്കും വാട്‌സ്ആപ്പും ജനകീയവും സക്രിയവുമായ ഘട്ടത്തിലാണ് അവരുടെ തനിനിറം പുറത്തുവന്നുതുടങ്ങിയത്. മനുഷ്യനെ സൃഷ്ടിച്ച നൂറ്റാണ്ടെന്നൊക്കെ ഈ ശതകത്തെ വിശേഷിപ്പിക്കാമെങ്കിലും അതൊക്കെ വെറുമൊരു സങ്കല്‍പ്പം മാത്രമായിരുന്നുവെന്നും ജാതിവെറികളുടേയും ഉച്ചനീചത്വങ്ങളുടേയും കെട്ടനാറ്റത്തില്‍നിന്നും മലയാളി തരിമ്പും മാറിയിട്ടില്ലെന്നും നാമറിഞ്ഞത് നവമാധ്യമങ്ങള്‍ സജീവമായപ്പോഴാണ്. പുരോഗമനത്തിന്റെയും സോഷ്യലിസത്തിന്റേയും ചുവന്ന ഉടുപ്പിന്റെ ഉള്ളില്‍ മലയാളിയിട്ട കാവിയുടേയും പച്ചയുടേയും മറ്റ് വര്‍ഗ്ഗീയഫാസിസത്തിന്റെയും അടിയുടുപ്പുകള്‍ നാം തിരിച്ചറിഞ്ഞത് സങ്കുചിത ജീര്‍ണ സ്വരൂപങ്ങളില്‍ മലയാളി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയപ്പോഴാണ്. അതുകൊണ്ട് സംസ്‌കാരത്തിനെതിരെയുള്ള പോരാട്ടം എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വൈകാരികനാടകം പെട്ടെന്ന് രൂപപ്പെട്ടു വന്നതാണെന്ന് കരുതുക വയ്യ. ഈ നാടകത്തെ ഏറ്റെടുക്കാന്‍ , ഇതിനെ കലാപമാക്കി മാറ്റിയെടുക്കാന്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള മലയാളി കാത്തിരിക്കുകയായിരുന്നു. ഇതിന് ഇനി വംശീയതയുടെ നിറം വരും. വംശശുദ്ധീകരണത്തിന്‍റെ അടര്‍ക്കളവും വൈകാതെ രൂപപ്പെടും. അപ്പോഴാണ് വിശാലഹിന്ദുവില്‍ അവര്‍ണനും വനവാസിയും മുക്കുവനും ഒന്നുമുണ്ടാവുകയില്ലെന്ന് അവര്‍ തിരിച്ചറിയുക. 
ഇത് ഘട്ടം ഘട്ടമായുള്ള പേടിപ്പിക്കലുകളുടെ ഒരു അവസ്ഥ മാത്രമാണ്. അതിനിത്ര വേഗത കൈവരിക്കാനായത് ഉപരിവര്‍ഗ്ഗ, മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ കൈയില്‍ നവമാധ്യമശൃംഖല ലളിതമായതോടെയാണ്. ഫേസ്ബുക്കും വാട്‌സ്ആപ്പുമില്ലായിരുന്നെങ്കില്‍ മീശയ്‌ക്കെതിരെയുള്ള സംഘടിത, സംയുക്ത ആക്രമണം ഇത്രകണ്ട് അസഹിഷ്ണുതയെ വാരിപ്പുണര്‍ന്ന് മുന്നോട്ടു കുതിക്കുകയില്ലായിരുന്നു. അതിനുള്ള വാര്‍ത്താവിതരണസൗകര്യം മുമ്പില്ലാതിരുന്നു. ഇന്നുണ്ട്. അതുപയോഗിക്കാന്‍ അവസരം നോക്കിയിരിക്കുന്നവര്‍ക്ക് അതാകുന്നുമുണ്ട്. അതില്‍ ഭൂരിപക്ഷവര്‍ഗ്ഗീതയുടേയും ന്യൂനപക്ഷവര്‍ഗ്ഗീതയുടേയും അധികാരികള്‍ ഒരുപോലെയുണ്ട്. 

വര്‍ഗ്ഗീയ ഫാസിസം അതിന്റെ പല്ലും നഖവും പ്രയോഗിക്കുന്നത് പല രൂപത്തിലാണെന്ന് സമീപകാലത്ത് കേരളത്തിലും നാം കണ്ടു കഴിഞ്ഞു. കുരീപ്പുഴ ശ്രീകുമാറിനെ മര്‍ദ്ദിക്കുന്നതും അഭിമന്യുവിനെ കൊല്ലുന്നതും സക്കറിയയെ ക്രൂശിക്കുന്നതും എല്ലാം വര്‍ഗ്ഗീയ ഫാസിസത്തിന്റെ പേയിളകിയ സാന്നിദ്ധ്യത്തെ മാത്രമാണ് വ്യക്തമാക്കുന്നത്. ഇതിനെതിരെ പ്രതിരോധ നിരയുണ്ടാകേണ്ടത് ചരിത്രത്തെ പുനര്‍വായിച്ചുകൊണ്ടും ചരിത്രം മറന്നവരെ അതോര്‍മ്മിപ്പിച്ചുകൊണ്ടും വേണം. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ നാടാണെന്നും ഇടതുപക്ഷത്തിന് ഭൂരിപക്ഷവും അധികാരവും ഉള്ള നാടാണെന്നും നമുക്കിടയില്‍ ബംഗ്ലാദേശും ഗൗരി ലങ്കേഷും പെരുമാള്‍ മുരുകനും ഒന്നും സംഭവിക്കുകയില്ലെന്നും വെറുതെ ജപിച്ചിരുന്നാല്‍ തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകിയതിന്റെ കൊടിയ വില കൊടുക്കേണ്ടിവരും. ഇരയെ ഭയപ്പെടുത്തി തനിക്ക് വശംവദരാക്കുകയെന്ന ഫാസിസത്തിന്റെ തന്ത്രത്തെ അതിജീവിക്കാന്‍ ഒന്നിച്ചുനിന്നെങ്കില്‍ മാത്രമേ സാധിക്കൂ. ഒന്നാം ലോക മഹായുദ്ധകാലത്തെ ചാരസാന്നിദ്ധ്യമെന്ന് കുപ്രസിദ്ധി നേടിയ മാതാഹരിയുടെ ഛായയുമായി ഭാഷാപോഷിണിയില്‍ ടോം. ജെ. വട്ടക്കുഴി അന്ത്യഅത്താഴത്തിന് ചിത്രകാരന്റെ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് ദ്യശ്യവ്യാഖാനം ചമച്ചപ്പോള്‍ മലയാള മനോരമയ്ക്ക് ചെയ്യേണ്ടിവന്നതും മറ്റൊന്നല്ല. ടോം ജെ. വട്ടക്കുഴിയെ പുറത്താക്കി മനോരമയ്ക്ക് വിശ്വാസികളില്‍ നിന്നും രക്ഷ നേടേണ്ടിവന്നു. മാസങ്ങള്‍ക്കിപ്പുറം, ഇപ്പോള്‍ ഒരുപടി കൂടി കടന്ന് ഹരീഷിന് തന്നെ തന്റെ നോവല്‍ പിന്‍വലിക്കേണ്ടതായി വന്നിരിക്കുന്നു. വാസ്തവത്തില്‍ ഉണ്ടാവേണ്ടിയിരുന്നത് ആ നോവലിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തെ ചൊല്ലി, അല്ലെങ്കില്‍ ആ ചിത്രത്തെച്ചൊല്ലി വായനാലോകം നടത്തേണ്ട ആശയപരമായ തര്‍ക്കമാണ്. അത്തരത്തിലുള്ള തര്‍ക്കത്തിനുള്ള ഇടത്തെ ഇല്ലാതാക്കാന്‍ കാലങ്ങളായി കൊതിച്ചിരുന്ന ജീര്‍ണ്ണമലയാളിയുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ മുണ്ട് മാടിക്കുത്തിയിറങ്ങിയിരിക്കുന്നതെന്ന് തിരിച്ചറിയുക. അതിനാല്‍ നാം മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട മഹാശയന്മാരുടെ പിന്മുറക്കാരാണെന്ന് ദുഖത്തോടെ തിരിച്ചറിയാം.

Tags:    
News Summary - Susmesh about Meesha Novel-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.