തൃശൂര്‍: കേരള സാഹിത്യ അക്കാദമിയെക്കുറിച്ച് പുറത്തിറങ്ങിയ ചരിത്ര പുസ്തകത്തില്‍ അക്കാദമിയുടെ ചരിത്രത്തിലെ നിര്‍ണായക സാഹിത്യ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടമില്ല. ‘ദീപശിഖേവ’ എന്ന പേരില്‍ ഡോ. സി. ഭാമിനി എഴുതി അക്കാദമി വ്യാഴാഴ്ച പുറത്തിറക്കിയ പുസ്തകമാണ് നാള്‍വഴി കുറിപ്പായത്. 373 പേജും 300 രൂപയുമുള്ള പുസ്തകം ഗവേഷണത്തിന് ആരെങ്കിലും ഉപയോഗിച്ചാല്‍ അക്കാദമിയുടെ ചരിത്രത്തിലെ വഴിത്തിരിവായ പലതും കാണില്ല. ഒരു ഗവേഷണ പ്രബന്ധത്തിലും കാണാത്ത വിധം അടുത്തിടെ രാജിവെച്ച പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍െറയും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍െറയും അഭിമുഖവും കാണാം. അക്കാദമിയുടെ ആരംഭകാലത്ത് അലയടിച്ച ‘മൂക്കണാഞ്ചി’ വിവാദം മുതല്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഏറെ വിമര്‍ശത്തിന് ഇടയാക്കിയ വിശ്വമലയാള മഹോത്സവം വരെ ഇല്ല.
അക്കാദമിക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ സെക്രട്ടറിയായിരുന്നു അന്തരിച്ച പവനന്‍. അക്കാദമിയുടെ വികാസ പരിണാമങ്ങള്‍ക്ക് അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം കാരണമായിട്ടുണ്ട്. തായാട്ട് ശങ്കരന്‍ ‘ദേശാഭിമാനി’ പത്രാധിപരായിരുന്ന കാലത്ത് പവനനോട് അക്കാദമി ചരിത്രം എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം സമ്മതിച്ച പവനന്‍ പിന്നീട്, താന്‍ എഴുതിയാല്‍ പല വിവാദങ്ങള്‍ക്കും ഇടയാക്കുമെന്ന് പറഞ്ഞ് പിന്മാറി. ‘ദീപശിഖേവ’ എന്ന പുസ്തകത്തിന്‍െറ ഗവേഷണ ഗൈഡായി പ്രവര്‍ത്തിച്ച കടാങ്കോട് പ്രഭാകരന്‍ പവനനെക്കുറിച്ച് ‘അക്കാദമിയിലെ പവനശില്‍പം’ എന്ന പേരില്‍ അധ്യായം എഴുതിയിരുന്നതായി പറയുന്നുണ്ടെങ്കിലും പുസ്തകത്തില്‍ ഇല്ല.
പുത്തേഴത്ത് രാമന്‍ മേനോന്‍ അക്കാദമി പ്രസിഡന്‍റായിരുന്ന കാലത്ത് ജ്ഞാനപീഠ പുരസ്കാരത്തിന് പേരുകള്‍ നിര്‍ദേശിക്കാന്‍ ജ്ഞാനപീഠ സമിതി അക്കാദമിയോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പുരസ്കാരത്തിന് അര്‍ഹരായി ആരുമില്ളെന്നാണ് ഭരണസമിതി മറുപടി നല്‍കിയത്. എന്നാല്‍, ആ കാലയളവിലാണ് ജി. ശങ്കരക്കുറിപ്പിന് ജ്ഞാനപീഠം ലഭിച്ചത്. അക്കാദമിയുടെ ഒഴിഞ്ഞുമാറ്റം ‘മൂക്കണാഞ്ചി’ നിലപാട് എന്ന പേരില്‍ ഏറെക്കാലം വിവാദമുയര്‍ത്തി. അക്കാര്യങ്ങളൊന്നും പുസ്തകത്തില്‍ ഇല്ല.
എം.പി. നാരായണപിള്ളയുടെ ‘പരിണാമ’ത്തിന് അവാര്‍ഡ് തീരുമാനിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പണം ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ച, കെ.എം. തരകന്‍െറ നേതൃത്വത്തിലുള്ള ഭരണസമിതി അവാര്‍ഡ് റദ്ദാക്കി. അതില്‍ പ്രതിഷേധിച്ച് സുകുമാര്‍ അഴീക്കോട് അക്കാദമി വിശിഷ്ടാംഗത്വം തിരിച്ചുനല്‍കി. ഇത്തരം വിവാദങ്ങള്‍ക്ക് അപ്രധാനമായാണുള്ളത്. വിലാസിനി സ്മാരക ഒ. ചന്തുമേനോന്‍ അവാര്‍ഡ് കെ.എം. തരകന് നല്‍കാന്‍ തീരുമാനിച്ചതും തര്‍ക്കം ഉയര്‍ന്നതും ‘വിലാസിനി അവാര്‍ഡ്’ എന്ന് പുനര്‍നാമകരണം ചെയ്തതും വന്‍ വിവാദം ഉയര്‍ത്തിയതാണെങ്കിലും അതും പുസ്തകത്തില്‍ അപ്രസക്തമാണ്.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നടന്ന വിശ്വമലയാള മഹോത്സവവും ചരിത്രപുസ്തകം മറന്നു. മാത്രമല്ല, 2011-2016 കാലത്ത് അക്കാദമി ഭരണസമിതിയില്‍ രണ്ട് വൈസ് പ്രസിഡന്‍റുമാര്‍ ഉണ്ടായിരുന്നുവെന്നും നല്‍കുന്നുണ്ട്. വിവാദവും വിമര്‍ശവുമായ വിവരങ്ങള്‍ നീക്കിയാണ് പുസ്തകം പ്രസിദ്ധീകരിച്ചതത്രേ. ഈ പുസ്തകമാണ് ഇനി സാഹിത്യ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും റഫറന്‍സിന് കിട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.