തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ് ദേശഭക്തി: ഗൗരി ലങ്കേഷ്

ഫാഷിസം, വര്‍ഗീയ ഹിന്ദുത്വം എന്നിവ ഒഴികെയുള്ള സര്‍വപ്രത്യയശാസ്ത്രങ്ങളും ദേശവിരുദ്ധമാണ്. നൈതികപരവും വ്യവസ്ഥാപിതവുമായ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ആര്‍.എസ്.എസും അതിെന്റ ശാഖകളും വിശ്വസിക്കുന്നത്. മറ്റുള്ളവരാണ് ആ നിയമങ്ങള്‍ അനുസരിക്കേണ്ടതെന്നും അവര്‍ ബോധ്യപ്പെടുത്തുന്നു.  അവരുടെ ഇത്തരം കാപട്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ജെ.എന്‍.യു. വിദ്യാര്‍ഥിയൂനിയന്‍ വിവാദം.

പാര്‍ലമെന്റ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി അഫ്‌സല്‍ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ 'നീതിയുടെ കാപട്യം' എന്നാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) വിശേഷിപ്പിച്ചത്. എന്നാല്‍ ജമ്മുകശ്മീരില്‍ അധികാരം നേടിയെടുക്കാന്‍ പി.ഡി.പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ആ പ്രസ്താവനയൊന്നും ബി.ജെ.പിക്ക്  പ്രശ്‌നമായില്ല. പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് മരിച്ച് തൊട്ടടുത്തമാസം ബിജെ.പിയുമായി സഖ്യം തുടരണോ എന്നതു സംബന്ധിച്ച്  മകള്‍ മെഹബൂബ മുഫ്തി കൂലങ്കൂഷമായ ചര്‍ച്ച തന്നെ നടത്തുകയുണ്ടായി. അതിന്റെ ഫലമറിയാന്‍  ആകാംക്ഷയോടെയായിരുന്നു ബി.ജെ.പിയുടെ കാത്തിരിപ്പ്. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ രാജ്യേദ്രാഹക്കുറ്റം ചുമത്തി ജയിലിലടച്ച അതേ ബി.ജെ.പിയാണ് പാര്‍ലമെന്റാക്രമണക്കേസിലെ പ്രതിക്ക് വധശിക്ഷ നല്‍കിയ കോടതിവിധിക്കു നേരെ  വിമര്‍ശനം ചൊരിഞ്ഞ പി.ഡി.പിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിനായി കാത്തിരുന്നത്. അതും അധികാരം തട്ടിപ്പറിക്കുന്നതിനായുള്ള കാത്തിരിപ്പ്.

ഡി.സി ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിന്‍റെ കവർ
 

ഇപ്പോള്‍ ആര്‍.എസ് എസും അവരുടെ ഉപവിഭാഗങ്ങളുമാണ് ഇന്ത്യന്‍ ജനതയെ ഏതുവിധേനയും ദേശീയതയും ദേശഭക്തിയും പഠിപ്പിക്കാന്‍  ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രത്തില്‍ ആര്‍.എസ് എസിന്‍റെ ദേശഭക്തിയെ സൂചിപ്പിക്കുന്ന ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ബ്രിട്ടിഷ് സാമ്രാജ്യത്തോടുള്ള സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ അവരുടെ ഏതെങ്കിലും നേതാവ് പങ്കെടുത്തതായും രേഖയില്ല. ജയിലില്‍ നിന്നു മോചിപ്പിക്കണമെന്നും ശിഷ്ടകാലം നിങ്ങള്‍ക്ക് അടിമപ്പണി ചെയ്തുകൊള്ളാമെന്നും ബ്രിട്ടീഷുകാരോടു കെഞ്ചിയ വി.ഡി സവര്‍ക്കര്‍ ആണ് ആര്‍.എസ് .എസിന്‍റെ 'ആദരണീയ' നേതാവ്. അടല്‍ ബിഹാരി വാജ്‌പേയിയെ പോലുള്ള അവരുടെ നേതാക്കള്‍ സ്വാതന്ത്ര്യസമരസേനാനികളെ ഒറ്റിക്കൊടുക്കാനും അവര്‍ക്ക് ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കാനും പ്രയത്‌നിച്ചവരായിരുന്നുവെന്നത് രസകരമായ വസ്തുതയാണ്. അടിയന്തരാവസ്ഥക്കാലത്തു പോലും ആര്‍.എസ്.എസ് നേതാവ് ബാലാസാഹേബ് ദേവറസ് ഇന്ദിരാഗാന്ധിയുടെ സേച്ഛാധിപത്യ ഭരണത്തിനായി
പോരാടാമെന്നും പകരമായി ആര്‍.എസ് എസിന് ഏര്‍പെടുത്തിയ നിരോധനം നീക്കണമെന്നും അഭ്യര്‍ഥിക്കുകയുണ്ടായി.

കനയ്യകുമാര്‍ അംഗമായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ (എ.ഐ.എസ്.എഫ്) ചരിത്രം പരിശോധിക്കാം. ആദ്യ അഖിലേന്ത്യാ വിദ്യാര്‍ഥി സംഘടനയാണ്
എ.ഐ.എസ്.എഫ്. ജവഹര്‍ ലാല്‍ നെഹ്‌റുവിെന്റ അധ്യക്ഷതയിലാണ്  1936ല്‍ ഈ  സംഘടന രൂപീകരിച്ചത്. ഭഗത്സിങ് ആയിരുന്നു സംഘടനയുടെ പ്രചോദന തോക്കളിലൊരാള്‍.  സുഭാഷ്ചന്ദ്രബോസും സംഘടനയുടെ രൂപീകരണത്തിന് പങ്കാളിത്തം വഹിച്ചു. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തവരായിരുന്നു എ.ഐ.എസ് എഫിന്റെ നേതാക്കള്‍. അവരില്‍ കൂടുതലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചിലര്‍ രക്തസാക്ഷികളായി. ഇടതുപക്ഷത്തിന്‍റെ കരുത്തരായ നേതാക്കളായ ജ്യോതിബസു, ഭൂപേഷ് ഗുപ്ത, എ.ബി ബര്‍ദന്‍ തുടങ്ങിയവരെല്ലാം എ.ഐ.എസ്.എഫ് അംഗങ്ങളായിരുന്നു. 'സമാധാനം, അഭിവൃദ്ധി, ശാസ്ത്രീയ സോഷ്യലിസം' എന്ന മുദ്രാവാക്യത്തിെന്റ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ യുവതലമുറയും പ്രവര്‍ത്തിക്കുന്നത്. 1925ല്‍ രൂപീകരിച്ച ബ്രിട്ടിഷ് ഭരണത്തിന് കുടപിടച്ച ആര്‍.എസ്.എസ് ഇന്ത്യന്‍ ജനതയെ ദേശഭക്തി പഠിപ്പിക്കുന്നുവെന്നത് തീര്‍ത്തും പരിഹാസ്യമല്ലേ?

ഇന്ത്യയില്‍ ഏതുതരത്തിലുള്ള ദേശീയതയാണ് കാവിസംഘം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത് എന്നു നോക്കാം. ഇന്ത്യന്‍ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ മോദിസര്‍ക്കാര്‍ കോര്‍പറേറ്റ് കമ്പനികളെ സഹായിക്കുന്നത് എങ്ങനെ എന്ന വിഷയത്തില്‍ മദ്രാസ് ഐ.ഐ.ടിയിലെ അംബേദ്കര്‍പെരിയാര്‍ സ്റ്റഡി സര്‍ക്കിളിലെ വിദ്യാര്‍ഥികള്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കാനുള്ള ശ്രമം നടത്തി. ഇത് മണത്തറിഞ്ഞ് മോദിക്കും ഹിന്ദുക്കള്‍ക്കുമെതിരെ ഈ വിദ്യാര്‍ഥികള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച്് സംഘികള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അജ്ഞാത സന്ദേശം അയച്ചു. ആ ഒറ്റ കാരണം മതിയായിരുന്നു സ്മൃതി ഇറാനിക്ക് സ്റ്റഡി സര്‍ക്കിളിനെ നിരോധിക്കാന്‍. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍,  അംബേദ്കര്‍ വിദ്യാര്‍ഥികളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയാണ് എ.ബി.വി.പിയും ബി.ജെ.പിയും ചെയ്തത്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ചതും അതേ കാരണം തന്നെ. അതുപോലെയാണ് ആര്‍.എസ്.എസിനെയും അതിന്‍റെ കാലാള്‍പ്പടയെയും ശക്തമായ എതിര്‍ക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെയും സുഹൃത്തുക്കളെയും രാജ്യേദ്രാഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.

ചിലരുടെ ചെയ്തികള്‍ ദേശവിരുദ്ധമാകാതിരിക്കുന്നതിന്‍റെ ഉദാഹരണങ്ങള്‍ വിവരിക്കാം. ചില ഹിന്ദുത്വ സംഘടനകള്‍ റിപബ്ലിക് ദിനം കരിദിനമായി ആചരിച്ചു. ജനുവരി 30 ന് ഇതേസംഘടനകള്‍ തന്നെ രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനം മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. അദ്ദേഹത്തിന്‍റെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ സ്മാരകമായി അമ്പലം പണിയണമെന്ന് ചിലര്‍ ഉദ്‌ഘോഷിച്ചു. ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന പുസ്തകം പുറത്തിറക്കണമെന്ന് മറ്റുചിലരും. ഈ കോലാഹലങ്ങള്‍ അവസാനിച്ച് കുറച്ചുദിവസങ്ങള്‍ക്കു ശേഷം ''മഹാത്മാഗാന്ധിയെ ഞങ്ങള്‍ വധിച്ചു, അരവിന്ദ് കെജ്രിവാളിനെ പോലുള്ള ദേശേദ്രാഹികളെയും ഞങ്ങള്‍ കൊല്ലുമെന്ന്'' ഹിന്ദുമഹാസഭ അംഗം പ്രഖ്യാപിക്കുകയുണ്ടായി. ഈ സംഭവങ്ങളിലൊന്നില്‍ പോലും ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയില്ല. ഇതേ ഹിന്ദുത്വബ്രിഗേഡുകള്‍ ബോംബുകള്‍ സ്ഥാപിച്ചുവെന്നും പാകിസ്താന്‍ പതാക ഉയര്‍ത്തിയെന്നും പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നും ആരോപണമുയര്‍ന്നാല്‍ ഒട്ടും അദ്ഭുതപ്പെടാനില്ല. ഫാഷിസം, വര്‍ഗീയ ഹിന്ദുത്വം എന്നിവ ഒഴികെയുള്ള സര്‍വപ്രത്യയശാസ്ത്രങ്ങളും ആര്‍.എസ്.എസും പരിവാര്‍ സംഘടനകളും ദേശവിരുദ്ധമായാണ് കണക്കാക്കുന്നത്. മോദിയുടെ വിമര്‍ശകര്‍ ഒരിക്കലും ദേശഭക്തരല്ല. ഗോമാംസം കഴിക്കുന്നവര്‍ ഏറ്റവും അനുയോജ്യം പാക് പൗരത്വമാണ്. അഫ്‌സല്‍ ഗുരു ശരിയായ വിചാരണ അര്‍ഹിക്കുന്നില്ല എന്നു വിധിയെഴുതുന്നവര്‍ കോടതിയലക്ഷ്യമാണ് നടത്തുന്നത്. കാവിസംഘങ്ങളെ എതിര്‍ക്കുന്നവര്‍ ഈ രാജ്യം വിട്ടുപോകേണ്ടവരാണ്. വധശിക്ഷയെ എതിര്‍ക്കുന്ന മാനവികതവാദികള്‍ തീവ്രവാദികളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം നക്‌സലുകളാണ്. ബി.ആര്‍ അംബേദ്കറുടെ അനുയായികള്‍ ഹിന്ദുക്കളുടെ ശത്രുക്കളാണ്. മതേതരവാദികള്‍ രാജ്യദ്രോഹികളാണ്. 'തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണ് ദേശഭക്തി' എന്ന് ബ്രിട്ടിഷ് എഴുത്തുകാരന്‍ സാമുവല്‍ ജോണ്‍സണ്‍ പറഞ്ഞത് എത്രത്തോളം അര്‍ഥവത്താണ്. 

(2016ഫെബ്രുവരി 15ന് ബാംഗ്ലൂര്‍ മിററിലെഴുതിയ ലേഖനം)

വിവര്‍ത്തനം: പി.ജസീല

Tags:    
News Summary - Guari Lankesh-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT