കോഴിക്കോട്: രണ്ടാമത് കേരള സാഹിത്യോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സാഹിത്യസംവാദങ്ങളുടെ നാലു പകലിരവുകള്‍ക്ക് തുടക്കമാവും. ആറു വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുന്നൂറോളം എഴുത്തുകാര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
കെ. സച്ചിദാനന്ദനാണ് ഡി.സി ബുക്സും സംസ്ഥാന ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്‍െറ ഡയറക്ടര്‍. സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രമുഖരുമായി ഫയര്‍സൈഡ് ചാറ്റ്, സാമൂഹികപ്രസക്തിയുള്ള ചലച്ചിത്രങ്ങളും ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രോത്സവം, പാചകോത്സവം, ഒ.വി. വിജയന്‍െറ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങിയവയാണ് സാഹിത്യോത്സവത്തില്‍ പ്രധാനമായും അരങ്ങേറുന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുടങ്ങുന്ന സ്റ്റുഡന്‍റ്സ് കെ.എല്‍.എഫ് ജില്ല കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ സദ്ഗുരു ജഗി വാസുദേവ് മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണാഫ്രിക്കന്‍ കവി ആരി സിതാസ്, പാകിസ്താനി നോവലിസ്റ്റ് ഖൈസ്ര ഷഹറാസ്, സ്ലൊവീനിയന്‍ എഴുത്തുകാരന്‍ എവാല്‍ദ് ഫ്ലിസാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് ആറിന് സദ്ഗുരുവും ശശികുമാറും തമ്മിലുള്ള മുഖാമുഖവും, തുടര്‍ന്ന് സദ്ഗുരുവും മഞ്ജു വാര്യറും തമ്മിലുള്ള മുഖാമുഖവും അരങ്ങേറും. ഫയര്‍സൈഡ് ചാറ്റില്‍ ഹര്‍ഷ് മാന്‍ഡലും കെ. രാമചന്ദ്രനും സംവദിക്കും.
ഞായറാഴ്ചയാണ് സാഹിത്യോത്സവം സമാപിക്കുക. സാഹിത്യോത്സവത്തിന്‍െറ മുന്നോടിയായി ബുധനാഴ്ച വൈകീട്ട് വിളംബരജാഥ സംഘടിപ്പിച്ചു. കോര്‍പറേഷന്‍ ഓഫിസ് പരിസരത്തെ സ്വാഗതസംഘം ഓഫിസില്‍നിന്നാരംഭിച്ച ജാഥ വേദിക്കു സമീപം സമാപിച്ചു. കെ.സച്ചിദാനന്ദന്‍, എ.കെ. അബ്ദുല്‍ ഹക്കീം, ദീദി ദാമോധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.