കോട്ടയം: കഥാകൃത്ത് ടി. പദ്മനാഭനെയും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയെയും എം.ജി സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ചാൻസലറായ ഗവർണർ ജസ്റ്റിസ് പി. സദാ ശിവം ഡോക്ടറേറ്റ് സമ്മാനിച്ചു.
ടി. പദ്മനാഭൻ അക്ഷരങ്ങളിലൂടെ സാഹിത്യത്തിലും എം. എ. യൂസഫലി നവീനാശയങ്ങളിലൂടെ വ്യവസായസംരംഭകത്വത്തിലും പുതുസാമ്രാജ്യം കെട്ടിപ്പെടുത്തവരാണെന്ന് ഗവർണർ പറഞ്ഞു. ഇരുവരും നൽകിയ സംഭാവനകൾ ഭാവിസമൂഹത്തെ സമ്പന്നമാക്കുന്നതാണ്. അനിവാര്യമെന്ന് തോന്നുമ്പോഴാണ് പദ്മനാഭൻ കഥകൾ എഴുതുന്നത്. മനുഷ്യവികാരങ്ങളുടെ സൗന്ദര്യവും നിഗൂഢതയും അക്ഷരങ്ങളിലൂടെ അനശ്വരമാക്കി. നൂറ്റിഅറുപതോളം കഥകൾകൊണ്ട് സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും സദാശിവം പറഞ്ഞു.
34,000 പേർക്ക് ഉപജീവനമേകുന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കഴിഞ്ഞ യൂസഫലി കേരളത്തിെൻറ വ്യവസായവത്കരണത്തിൽ നിർണായക പങ്കാണ് വഹിച്ചത്. വിദേശനിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ദേശങ്ങൾക്കും മതങ്ങൾക്കും അതീതമായി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ യൂസഫലിക്ക് കഴിഞ്ഞെന്നും ഗവർണർ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ സംസാരിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ബഹുമതിപത്രം വായിച്ചു. ടി. പദ്മനാഭനും എം.എ. യൂസഫലിയും മറുപടി പ്രസംഗം നടത്തി. രജിസ്ട്രാർ എം.ആർ. ഉണ്ണിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.