ഒരിക്കല്‍ അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കുവൈത്തിലെ വിമാനത്താവളത്തില്‍ ലഗേജ് ചെക്കിങ്ങില്‍ പൊലീസ് അധികൃതര്‍ എന്നെ മാറ്റിനിര്‍ത്തി. മിക്കവാറും എല്ലാ യാത്രക്കാരും പുറത്തുപോയിരിക്കും, ഒരു പൊലീസുകാരന്‍ എന്നെ വിളിച്ചു. അവിടെ മാറി ഒരു സ്ഥലത്ത് എന്‍െറ ബാഗ് തുറന്ന് വെച്ചിരിക്കുന്നത് കണ്ടു.
എപ്പോഴും തിരിച്ചുവരുമ്പോള്‍ ഒരു ബാഗ് മാത്രമാണ് ഉണ്ടാവുക, വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാകും അതില്‍. അവര്‍ക്ക് പുസ്തകങ്ങളായിരുന്നു പ്രശ്നം, പതിനഞ്ചോളം പുസ്തകങ്ങളാണ് ഇംഗ്ളീഷിലും മലയാളത്തിലും. എന്‍െറ ഇഷ്ടങ്ങളുടെ ശേഖരം, കവിതയും നോവലും സാമൂഹികശാസ്ത്രവും ഒക്കെയായി. രാജ്യം വിട്ടുപോരുമ്പോള്‍ കൂടെ കൊണ്ടുപോന്ന ഇഷ്ടമാണ് പുസ്തകങ്ങള്‍. എന്നോടൊപ്പം ആ ഇഷ്ടത്തിനും ആയുസ്സ് കൂടി. അല്ളെങ്കില്‍ ഓര്‍മയുടെ ഒരു ഭൂഖണ്ഡമാണത്, ചില കരകള്‍ കാണാതായി ചില കരകള്‍ പുതുതായി വന്നു, അതിര്‍ത്തികളും വിശ്വാസവുമായി ആ ഭൂഖണ്ഡം എപ്പോഴും കൂടെയുള്ള രാഷ്ട്രംപോലെയുമാണ്. അവിടെ ഉണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ പുസ്തകങ്ങള്‍ ഓരോന്നായി എടുത്ത് പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. ‘എന്തുതരം പുസ്തകങ്ങളാണ് ഇവ? അയാള്‍ ചോദിച്ചു. എനിക്കറിയാം, പൊതുവേ അവര്‍ തിരയുക ‘അശ്ളീല’മാണ്, പുസ്തകമോ ചിത്രമോ ഒക്കെ, അവ കണ്ടുകെട്ടും കരിതേയ്ക്കും. ‘കഥ, കവിത’ ഞാന്‍ പറഞ്ഞു.
തന്നെക്കാള്‍ പ്രായമുള്ള അമ്മായിയുമായി പ്രണയത്തിലായി ഒളിച്ചോടിയ ഒരു യുവാവിനെപ്പറ്റിയുള്ള ഒരു പുസ്തകം അതിലുണ്ട് എന്ന് ഞാന്‍ പറഞ്ഞില്ല, ഈശ്വരന്‍ ഇല്ല എന്ന് വിശ്വസിക്കുകയും കലഹിക്കുകയും ചെയ്യുന്ന വേറെയൊരു യുവാവിന്‍െറ കഥയുള്ളതും പറഞ്ഞില്ല. ഭരണകൂടങ്ങളുടെ സ്വഭാവം വിവരിക്കുന്ന വിപ്ളവങ്ങളുടെ സാധ്യത തേടുന്ന പുസ്തകങ്ങളും ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ‘നോവലാണ്’. അയാള്‍ക്ക് തൃപ്തിയായില്ല. അയാള്‍ മറ്റേ പൊലീസുകാരനോട് അവരുടെ ‘മേലെയുള്ള’ ഉദ്യോഗസ്ഥനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു. എനിക്ക് എന്‍െറ പുസ്തകങ്ങള്‍ നഷ്ടമാവുമെന്നു തോന്നി. അവ ഏതെല്ലാം എന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല, വിട്ടുപോവില്ല എന്ന് തോന്നി. പുതിയ ഓഫിസര്‍ പുസ്തകങ്ങള്‍ നോക്കിയില്ല, പകരം എന്നെ മാത്രം നോക്കി. എന്നെ വായിച്ചു. എന്‍െറ ജോലി, ജോലി ചെയ്യുന്ന കമ്പനി, കുവൈത്തിലെ താമസക്കാലം ഒക്കെ ചോദിച്ചു. എന്‍െറ മറുപടി അയാള്‍ക്കുള്ള മറുപടിയായി തോന്നിയിട്ടുണ്ടാവില്ല, അയാള്‍ പറഞ്ഞു, ‘അപ്പോള്‍ നീ അധ്യാപകനല്ല, പഠിപ്പിക്കുന്നില്ല, പിന്നെ ഈ പുസ്തകങ്ങള്‍ എന്തിനാണ്?’. എനിക്ക് വായിക്കാന്‍ ഇഷ്ടമാണ് എന്ന് ഞാന്‍ പറഞ്ഞു. എന്‍െറ ശ്വാസം എന്നെ തൊട്ടപോലെയായി. ‘ഇത്രയും പുസ്തകങ്ങള്‍?’ അയാള്‍ വീണ്ടും ചോദിച്ചു. ‘ഇനി ഞാന്‍ അവധിക്കുപോകുന്നത് ഒരു കൊല്ലം കഴിഞ്ഞായിരിക്കും’ ഞാന്‍ പറഞ്ഞു. ‘എനിക്ക് പുസ്തകങ്ങള്‍ ഇഷ്ടമാണ്. അതേ, ഇഷ്ടം ആ പതിനഞ്ചു പുസ്തകങ്ങളും അയാളോടും പറഞ്ഞിരിക്കണം, ഓഫിസര്‍ എന്നെ നോക്കി ചിരിച്ചു. എന്നോട് ബാഗ് എടുത്ത് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. പുസ്തകങ്ങളില്‍നിന്ന് ഒന്നെടുത്ത് അയാള്‍തന്നെ എന്‍െറ ബാഗിലിട്ടു.
നമ്മള്‍ പാര്‍ക്കുന്ന സ്ഥലവും നമ്മുടെ ഓര്‍മയുടെ ഒരു വിപുലീകരണമാണ്, അതുകൊണ്ടുകൂടിയാണ് സ്വന്തം ജന്മസ്ഥലം വിട്ടുപോയ എഴുത്തുകാര്‍, അവര്‍ പാര്‍ക്കുന്ന ഇടം അവരുടെ രാജ്യങ്ങളുടെതന്നെ വേറെ വേറെ റിപ്പബ്ളിക്കുകള്‍ ആയത്. ഏറ്റവും സങ്കടകരമായ നിമിഷങ്ങളെ, ഏകാന്തതയുടെ ഭ്രാന്തന്‍ചുഴികളെ ഞാന്‍ പലപ്പോഴും നേരിട്ടത് എന്‍െറ ചെറിയ പുസ്തക അലമാരിക്ക് മുന്നില്‍ വന്നു നിന്നുകൊണ്ടാണ്, അല്ളെങ്കില്‍ ഞാന്‍ കാല്‍ കഴയ്ക്കും വരെ നടക്കാന്‍ പോകും. ഇപ്പോഴും അറിവിന്‍െറ പ്രഹരശേഷിയെ പ്രതിരോധിക്കാന്‍ പാരമ്പര്യമായിത്തന്നെ സജ്ജമായതുപോലെയാണ് ഈ മേഖല, അതിനാല്‍ ഇപ്പോഴും പുസ്തകവും സിനിമയും ‘സെന്‍സര്‍’ ചെയ്യുന്നു.
അപ്പോഴും ഈ രാജ്യങ്ങളിലും കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളും ഉണ്ടാവുന്നു. ഭാഷയുടെ സ്വപ്നംപോലെ. കുവൈത്തില്‍ നല്ല പുസ്തകക്കടകള്‍ ഇല്ല, ഉള്ളവ പൂട്ടിപ്പോയി. ഒരുപക്ഷേ, പുസ്തകങ്ങളെപ്പറ്റി മാത്രം പറഞ്ഞുകൊണ്ട് എനിക്കും ഒരു ജീവിതകഥയുണ്ടാക്കാന്‍ പറ്റും. അത് ദാരിദ്ര്യത്തിന്‍െറയും മോഹത്തിന്‍െറയും കഥയുമാകും. ഭാവന ഒരാള്‍ക്ക് അല്ളെങ്കില്‍ അയാളുടെ അന്ത്യത്തോടെ അയാളോടൊപ്പം കഴിയുന്ന കഥയാണ്, തന്‍െറ ജീവിതത്തെ അയാള്‍ സഹ്യമാക്കിയ മറ്റൊരു ജീവിതംതന്നെ. ഏറ്റവും ദരിദ്രനായി ജീവിക്കുമ്പോഴും ഞാന്‍ പുസ്തകക്കടകള്‍ സന്ദര്‍ശിച്ചു. കീശയിലെ പണം സ്വപ്നം കണ്ട് ഞാന്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കി.
അങ്ങനെ ഒരു ദിവസം മുംബൈയിലെ ഫോര്‍ട്ടില്‍ ഒരു കടയില്‍ ഞാന്‍ സാമുവല്‍ ബെക്കറ്റിന്‍െറ നാടകങ്ങളുടെ ഒരു സമാഹാരം കണ്ടു. ആയിരത്തോളം രൂപ വിലയുള്ള ഒരു പുസ്തകം, എന്‍െറ കൈയില്‍ ഒരു പൈസയും ഇല്ല, പക്ഷേ ആ പുസ്തകം എന്‍േറതാണെന്ന് എനിക്ക് തീര്‍ച്ചയായി. ദരിദ്രനായി ജീവിക്കുമ്പോള്‍ വായിക്കാനായി പുസ്തകങ്ങള്‍ മോഷ്ടിച്ചിരുന്ന റോബര്‍ട്ടോ ബൊലാനോയെ ഞാന്‍ വായിക്കുന്നത് പിന്നെയാണ്. ഞാന്‍ പക്ഷേ, ചെയ്തത് അതല്ല, ആ പുസ്തകം എടുത്ത് ആരും കാണാതെ വേറെ ഒരിടത്ത് വേറെ പുസ്തകങ്ങളുടെ മറവില്‍ ഒളിപ്പിച്ചുവെച്ചു. ബെക്കറ്റ് ഒരിക്കലും അങ്ങനെ ഒരു സ്ഥലത്ത് പോയി ഇരിക്കില്ല എന്ന് ഉറപ്പിച്ചു, ആ കടയില്‍ അയാളെ തേടിവരുന്ന ആരും കണ്ടുപിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. നാലു മാസം കഴിഞ്ഞുകാണും, അത്രയും പൈസയുണ്ടാക്കി ഞാന്‍ ആ കടയില്‍ പോയി അതേ സ്ഥലത്തുനിന്നും പുസ്തകം കണ്ടെടുത്തു.
പുസ്തകങ്ങളെ പേടിക്കുന്നത് ഭരണകൂടങ്ങള്‍ മാത്രമല്ല, നമ്മുടെതന്നെ ഓര്‍മയും പുസ്തകങ്ങളെ ഭയക്കുന്നു. ഒരിക്കല്‍ വീട്ടില്‍ ഞാന്‍ ശേഖരിച്ച നക്സലൈറ്റ് സാഹിത്യം അച്ഛനും അമ്മയും തീവെച്ച് നശിപ്പിച്ചു, എനിക്ക് സങ്കടവും ദേഷ്യവും വന്നു. അമ്മ കരഞ്ഞു. പരമശിവന്‍െറ നെറുകില്‍ നൂറ്റൊന്നു പ്രാവശ്യം ധാര കഴിച്ചതുകൊണ്ടാണ് എന്‍െറ ‘തല തണുത്തത്’ എന്ന് അമ്മ എന്‍െറ ഭാര്യയോടും മക്കളോടും ഇപ്പോഴും പറയും. ‘അവന്‍ പോയതാണ്’ എന്ന് ഇപ്പോഴും കരയും. ഞാന്‍ പക്ഷേ നേരിട്ട കാലം ഓര്‍ക്കും. ഒപ്പം പോന്ന പുസ്തകങ്ങളെ ഓര്‍ക്കും, ആലോചനകളുടെ ആ വചനശേഖരം എന്നെ കടത്തിക്കൊണ്ടുപോന്ന ചുഴികള്‍ ഓര്‍ക്കും.
ഒരു രാത്രിയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്, ഇന്ന് അവധി കഴിഞ്ഞുവന്ന ഒരു സുഹൃത്ത് സമ്മാനിച്ചതും ഒരു പുസ്തകം : Rain: A Natural and Cultural History. ഈ ദിവസങ്ങളില്‍ കുവൈത്തിലെ ചൂട് അമ്പത് ഡിഗ്രിക്ക് മേലെയും. ഉറങ്ങാന്‍ പോകുന്നതിനും മുമ്പ് വായിക്കുന്ന പുസ്തകം, മഴയെപ്പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.