പാരമ്പര്യത്തിന്‍റെ കെട്ടുകളും വിലക്കുകളുടെ നൂലാമാലകളും പൊട്ടിച്ചെറിഞ്ഞ് വൃന്ദാവനിലെ ക്ഷേത്രത്തിൽ ചരിത്രത്തിലാദ്യമായി വിധവകൾ ഹോളി ആഘോഷിച്ചു. വിധവകളായിപ്പോയെന്ന ഒറ്റക്കാരണത്താൽ എല്ലാ ആഘോഷങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഒരൂ കൂട്ടം സ്ത്രീകളാണ് പ്രായം മറന്ന് ഹോളി ആഘോഷിച്ചത്.
അപശകുനമാണെന്ന കാരണത്താൽ വീട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തിയ വിധവകളെ വൃന്ദാവനിലെ കൃഷ്ണക്ഷേത്രമായ ഗോപിനാഥ് ക്ഷേത്രത്തിൽ കൊണ്ടുവന്ന് നടതള്ളുകയായിരുന്നു വീട്ടുകാരുടെ പതിവ്. ഇവർക്ക് ആഘോഷങ്ങളോ നിറങ്ങളുള്ള വസ്ത്രങ്ങളോ നല്ല ഭക്ഷണമോ നിഷിദ്ധമായിരുന്നു.
ഇവരോടുള്ള സമൂഹത്തിന്‍റെ മനോഭാവം മാറ്റിയെടുക്കാൻ സുലഭ് ഇന്‍റര്‍നാഷണല്‍ എന്ന സംഘടനയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. പരസ്പരം പനിനീര്‍ പൂക്കള്‍ എറിഞ്ഞും വിവിധ വര്‍ണങ്ങളിലുള്ള വെള്ളം തളിച്ചും ആവേശകരമായിരുന്നു വിധവകളുടെ ഹോളി ആഘോഷം. സുലഭ് ഇന്‍റര്‍നാഷണല്‍ 1,500 ഓളം വൃദ്ധരായ വിധവകളെ സംരക്ഷിക്കുന്നുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് വിധവകള്‍ താമസിക്കുന്ന ആശ്രമങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു വരാറുണ്ടെന്ന് സുലഭ് ഇന്‍റര്‍നാഷണലിന്‍റെ സാരഥി ബിന്ദേശ്വര്‍ പറഞ്ഞു. എന്നാല്‍ ഇതാദ്യമായാണ് അമ്പലത്തിനുള്ളില്‍ ഹോളി ആഘോഷം സംഘടിപ്പിക്കുന്നത്. വിധവകളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാനായി സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികളും പണ്ഡിതന്മാരും എത്തിയിരുന്നു.
ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്ന് കരുതിയവര്‍ക്ക് സന്തോഷവും ധൈര്യവും കരുത്തും പകരുന്നതിനായിരുന്നു ഇത്തരത്തിലൊരു ആഘോഷം സംഘടിപ്പിച്ചത്. സമൂഹത്തില്‍ അവര്‍ക്ക് അംഗീകാരം ലഭിക്കുകയെന്നതായിരുന്നു എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഹോളി ആഘോഷം കൊണ്ട് ലക്ഷ്യമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.