കോഴിക്കോട് ആകാശവാണി നിലയം ഞാനാദ്യമായി കാണുന്നതും അവിടെ കയറിച്ചെന്ന് അകത്തെ സന്നാഹങ്ങള്‍ നോക്കിയും കണ്ടും അദ്ഭുതപ്പെടുന്നതും ഹൈസ്കൂള്‍ പഠനകാലത്തെ ഒരു എക്സ്കര്‍ഷന്‍ യാത്രാവേളയിലാണ്. മുന്‍കൂര്‍ സമ്മതം വാങ്ങി ഗേറ്റില്‍ പാറാവു നില്‍ക്കുന്നയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ്, അയാള്‍ സൂക്ഷിക്കുന്ന സന്ദര്‍ശകപുസ്തകത്തില്‍ പേരും മേല്‍വിലാസവും സന്ദര്‍ശനോദ്ദേശ്യവും എഴുതി പൂരിപ്പിച്ച് തുല്യംചാര്‍ത്തിയതുമൊക്കെ ടീം ക്യാപ്റ്റനായ മുഹമ്മദ് മാസ്റ്ററായിരുന്നു.
ഞങ്ങള്‍ കുട്ടികളുടെ കഴുത്തില്‍ കാമറകള്‍ തൂങ്ങുന്നുണ്ടായിരുന്നു. സംഘത്തിലെ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ആളാവാനുള്ള ഒരു തക്കിടി വിദ്യ. ആ വക ഏര്‍പ്പാടുകളൊക്കെ അനുവദനീയമല്ലായെന്നും പറഞ്ഞ് കഴുത്തിലെ കാമറകള്‍ അഴിച്ചെടുത്ത് പാറാവുകാരന്‍ തന്‍െറ കാബിനില്‍ മേശപ്പുറത്തുവെച്ചു. റേഡിയോ സ്റ്റേഷന്‍ കണ്ട് തിരിച്ചുപോകുമ്പോള്‍ മറക്കാതെയെടുക്കണമെന്നും ഉപദേശിച്ചു.
മൈലാഞ്ചിച്ചെടി ഭംഗിയായി അടുക്കി കത്രിച്ചുനിര്‍ത്തിയ പാതയിലൂടെ നടന്ന് ആകാശവാണി നിലയത്തിന്‍െറ പൂമുഖവാതില്‍ക്കല്‍ എല്ലാവരും അണിനിരന്നു. സ്വീകരണമുറിയുടെ കമാനാകൃതിയിലുള്ള വാതിലിന് മുന്നില്‍ മേശയും കസേരയുമിട്ട് പത്രാസ്സോടെയിരിക്കുന്ന വെളുത്ത് നീണ്ട സുമുഖനായ ഒരു യുവാവിനെയാണ് മുഹമ്മദ് മാസ്റ്റര്‍ സമീപിക്കുന്നത്. കൈയിലെ കടലാസുകള്‍ മൂപ്പരെയാണ് ഏല്‍പിക്കുന്നത്. അദ്ദേഹം ആ കടലാസുകള്‍ നോക്കി ഡ്യൂട്ടി റൂമില്‍ ഇരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ സമീപിച്ചു. അല്‍പനിമിഷങ്ങള്‍ക്ക് ശേഷം, ഇന്‍റര്‍കോമില്‍ മുകളിലുള്ള ആരോടോ സംസാരിച്ചശേഷമാവണം ആകാശവാണി നിലയത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിച്ചത്. സ്റ്റുഡിയോ വാതില്‍ തുറന്നുതന്നതും ഞങ്ങളെ അനുഗമിച്ച് കാര്യങ്ങള്‍ വിശദമായും കൃത്യമായും വിവരിച്ചു മനസ്സിലാക്കിത്തന്നതും നേരത്തേ കണ്ട സുഭഗസുന്ദരനായ യുവാവായിരുന്നു. ആകാരംപോലെതന്നെ ആ വേഷവും. വെണ്‍മയുള്ള കാലുറയും (പാന്‍റ്) ഫുള്‍ക്കൈയന്‍ ഷര്‍ട്ടും പോക്കറ്റിന്‍െറ മുകളിലായി ആകാശവാണിയുടെ സവിശേഷമായ ആ ചിഹ്നവും ഉണ്ടായിരുന്നുവെന്നാണോര്‍മ. കറുത്ത പ്രതലത്തില്‍ മഞ്ഞക്കസവു നൂലിനാല്‍ നെയ്തെടുത്ത എ.ഐ.ആര്‍ എന്ന മുദ്ര കുപ്പായ കീശക്ക് മുകളില്‍ ഭംഗിയായി പിന്‍ചെയ്ത് ഉറപ്പിച്ചുവെച്ചിരിക്കുന്നു. ചുവടെ അദ്ദേഹത്തിന്‍െറ പേരുണ്ടായിരുന്നുവോ? ഓര്‍മയില്ല.
വിശദവായനക്ക് മാധ്യമം ആഴ്ചപ്പതിപ്പ് കാണുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.