??? ?????? ???????? ????????????

അബൂക്കയും കത്തിയും കാരക്കയും

എന്‍െറ പിതാവിന് തലയോലപ്പറമ്പ് ചന്തയില്‍ ഒരു കളരി മര്‍മ ചികിത്സാലയം ഉണ്ടായിരുന്നു. 1960കളില്‍ ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഹെര്‍ക്കുലീസ് സൈക്കിളിന്‍െറ മുന്‍വശത്തെ തണ്ടയില്‍ ഇരുത്തി ശനിയാഴ്ചകളില്‍ മുന്നിലും പിറകിലും മരുന്നുകളും അരിഷ്ടവുമൊക്കെ കെട്ടിവെച്ച് വെള്ളാശ്ശേരി, ചിറപ്പുറം, ആപ്പാഞ്ചിറ, മാന്നാര്‍ കടന്ന്, സിലോണ്‍ കവലയില്‍ എത്തുമ്പോള്‍ സൈക്കിള്‍ നില്‍ക്കും. പിന്നെ കയറ്റമാണ്. ‘‘മോനിറങ്ങ്’’, ഞാന്‍ ഊര്‍ന്നിറങ്ങും. സൈക്കിള്‍ തള്ളി പിന്നില്‍ നടക്കും. ആശുപത്രി കവലയിലത്തെുമ്പോള്‍ വീണ്ടും ഉഷാറായി അച്ഛന്‍ എന്നെയും പൊക്കിവെച്ച് തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയോടു ചേര്‍ന്നുള്ള ഞങ്ങളുടെ ചികിത്സാലയത്തില്‍ എത്തും. കട തുറക്കുമ്പോഴേ രോഗികളുടെ നിര, എനിക്കു പിന്നെ റോളില്ല.

തയ്യല്‍ക്കാരന്‍ മേനോന്‍ ചേട്ടന്‍െറ വെട്ടുകഷണം പെറുക്കി അബ്ദുക്കയുടെ കടയില്‍ ചെല്ലും. അബ്ദുക്ക വികലാംഗനാണ്. പേന, ടോര്‍ച്ച്, സ്റ്റൗ, വാച്ച് തുടങ്ങി ലോകത്തിലെ അന്നത്തെ സകലമാന ടെക്നോളജിയുടെയും സൂപ്പര്‍ ടെക്നീഷ്യന്‍. വല്യ മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാല്‍ യുക്തിയാല്‍ ഒരുത്തരം. കേട്ടുകഴിയുമ്പോള്‍ അദ്ദേഹത്തിന്‍െറ മകന്‍ ജലാലിക്ക എന്നെയും കൂട്ടി നേരെ മമ്മൂട്ടിക്കയുടെ ചായക്കടയിലെ നെയ്യപ്പത്തിന്‍െറ മുന്നിലേക്ക് പോകും. നേരെ മുഖത്തെ എണ്ണയും തുടച്ച് സാക്ഷാല്‍ അബൂക്കയുടെ കടയിലേക്ക് പൊട്ടിച്ചിരികളുടെയും ആള്‍ക്കൂട്ടത്തിന്‍െറയും മധ്യത്തില്‍ പൊട്ടനായി ഞാനിരിക്കുമ്പോള്‍  ‘‘ഇങ്ങോട്ടു വാടാ’’ എന്നൊരു വിളി. നാണത്തിന്‍െറയും പരിഭവത്തിന്‍െറയും പര്‍ദകൊണ്ട് മൂടി ഞാന്‍ അടുത്ത് ചെല്ലുമ്പോള്‍ എടുത്തുയര്‍ത്തി ചുംബനത്തിന്‍െറ പൂമഴയായിരുന്നു.  

ഇതിനിടയില്‍ അകത്തേക്കുപോയി കുറെ കാരക്ക (ഈത്തപ്പഴം) കൊണ്ടുവന്നു. ‘‘രണ്ടുദിവസം ബേപ്പൂരായിരുന്നു. അവിടന്ന് കൊണ്ടുവന്നതാ’’. സാക്ഷാല്‍ അറബിന്‍െറ മണമുള്ള കാരക്ക. ആദ്യമായി രുചിക്കുകയായിരുന്നു ഞാന്‍. വായനയുടെ വിസ്മയലോകത്തിലത്തെിയപ്പോള്‍ മലയാളത്തിന്‍െറ ദീപസ്തംഭങ്ങളായ എഴുത്തുകാരുടെ സ്വകാര്യ ജീവിതത്തിലേക്കും സ്നേഹവായ്പുകളിലേക്കും ഞാന്‍ ഒളിഞ്ഞുനോക്കുന്നത് അബൂക്കയിലൂടെയായിരുന്നു. മൂവാറ്റുപുഴയാറിന്‍െറ ഇരുകരകളിലൂടെ വിടര്‍ന്ന സ്നേഹവായ്പുകള്‍, സംസ്കൃതികള്‍, വിദ്വേഷങ്ങള്‍ എന്നിവയെല്ലാം സഹര്‍ഷം സ്വീകരിച്ച് മനനം ചെയ്ത് സാധാരണ ജീവിതം നയിച്ച ഒരു ഫക്കീര്‍, അതായിരുന്നു അബൂക്ക.

പിന്നെ ആദ്യത്തെ ചോദ്യം ‘‘അമ്മയുടെ കൂടെ അമ്പലത്തില്‍ പോയോ?’’
‘‘ഇല്ലല്ളേ’’
‘‘എന്താ പോകാഞ്ഞത്?’’
‘‘അച്ഛന് ഇഷ്ടമല്ല’’
‘‘അച്ഛന്‍െറ ഇഷ്ടത്തിനാണോടാ നീ ദൈവത്തെ കാണുന്നത്?’’. കാലങ്ങളേറെയെടുത്തു എനിക്ക് അബൂക്ക എന്ന സത്യവിശ്വാസിയെ മനസ്സിലാക്കാന്‍. ഒരുദിവസം ഞാന്‍ കടയില്‍ ചെല്ലുമ്പോള്‍ അച്ഛനും എന്നോടൊപ്പമുണ്ട്. കടയിലാളില്ല. നിശ്ശബ്ദം. പെട്ടെന്നൊരാള്‍ നീട്ടിപ്പിടിച്ച ഒരു കത്തിയുമായി ഞങ്ങളുടെ നേരെ, ഞാനുറക്കെ കരഞ്ഞു. നിക്കറിനുള്ളിലെ നനവറിഞ്ഞു. ചിരിച്ചുകൊണ്ടെന്നെ വാരിയെടുത്തിട്ടു ചോദിച്ചു, ‘‘മണ്ടാ... ഇതാണോ കളരിക്കാരന്‍.’’ അതും അബൂക്ക!
ഓളങ്ങള്‍ ഒഴുകിപ്പോയ മൂവാറ്റുപുഴയാര്‍. പൂത്താലിപോലെ പാലങ്ങള്‍ വന്ന മൂവാറ്റുപുഴയാര്‍. കച്ചവടങ്ങളില്ലാത്ത തലയോലപ്പറമ്പ് ചന്ത. ഒരിക്കല്‍ ഞാന്‍ ചോദിച്ചു ‘‘അബൂക്കക്കെഴുതാന്‍ വയ്യേ?’’ ചിരിച്ചുകൊണ്ടുള്ള ആറ്റുപടിയില്‍ ബഷീറെഴുതിയ കാലത്തിന്‍െറ പട്ടിണിയും  സ്നേഹംകൊണ്ട് സ്നേഹം മാത്രം വാങ്ങുന്ന ജനതയും പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യനും പ്രളയംകൊണ്ട് കുത്തിമറിഞ്ഞ് പെട്ടെന്ന് ശാന്തതീര്‍ഥമാകുന്ന പുഴയും  വയല്‍കിളികളും ബാങ്കുവിളികളും മന്ത്രധ്വനികളും ഉണ്ടായിരുന്നു. ശ്വസനപേടകത്തിന്‍െറ പരമാവധി ഉപയോഗിച്ച് നവംബര്‍ 18ന് രാവിലെ അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്, ഡോ. പോള്‍ കലാനിധിയുടെ പുസ്തകത്തിന്‍െറ പേരാണ്, When Breath Becomes Air.  

കാലത്തിന്‍െറ പ്രകാശധാരകളെ നിത്യം കണ്ട്, മൂവാറ്റുപുഴയാറിന്‍െറ ഓളക്രമവും അതിക്രമവും കണ്ട്, ഓളങ്ങളെയും പായലുകളെയും  കണ്ട്, കേരളീയ സമൂഹത്തിന്‍െറ സാംസ്കാരിക സാമ്പത്തിക മേഖലകളുടെ വേലിയേറ്റങ്ങള്‍ കണ്ട്, ഒരാസ്വാദകനെപ്പോലെ ഹാസ്യം പറഞ്ഞ്, ചിരിച്ചും ചിരിപ്പിച്ചും ഞാനേതുമല്ളെന്ന ഭാവത്തില്‍ സ്നേഹത്തൂവല്‍ വിടര്‍ത്തിയും അഹങ്കാരത്തിന്‍െറയും  മതത്തിന്‍െറയും പടംപൊഴിച്ചും കടന്നുപോയ എത്രയെത്ര പാവം മനുഷ്യര്‍ നമുക്കിടയില്‍ ജീവിക്കുന്നു, മരിക്കുന്നു. സെലിബ്രിറ്റി സംസ്കാരമുള്ള മലയാളിയുടെ മുഖത്തേക്ക് ഒരു പുച്ഛച്ചിരിയുമായി കിടന്ന അബൂക്കയെ കാണാന്‍ ഞാനും എന്‍െറ അനുജന്‍ ഡോ. ഷാജിയും അവസാന കാഴ്ചക്കത്തെുമ്പോള്‍ മൗനം... വെറും മൗനം.

Tags:    
News Summary - abu vaikkom muhammed basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.