തൃശൂർ: അരുചിയേതുമില്ലാതെ, മനോഹരമായി വിളമ്പിയ ഒരു സദ്യവട്ടം. അതാണ് ഹരികുമാറിെൻറ കഥകൾ. വാക്കുകൾകൊണ്ടുള്ള കളിയില്ല, സാഹിത്യലോകത്തെ കോലാഹലമില്ലാതെ പതിഞ്ഞ് പോയ കഥാകാരൻ. സർഗപരമായ കഴിവുകൾക്കപ്പുറം കെട്ടുകാഴ്ചയും സാഹിത്യ ലോകത്തിെൻറ വരേണ്യതയും തൊട്ടുതീണ്ടിയിരുന്നില്ല അദ്ദേഹം.
ആറു പതിറ്റാണ്ടോളമെത്തിയ സർഗവഴിയിൽ ഹരികുമാർ മലയാളത്തിന് സമ്മാനിച്ചത് 170ഓളം കഥകൾ. ഒമ്പത് ചെറുനോവലും അഞ്ച് തിരക്കഥയും ഒരു നാടകവും വേറെ. മഹാകവി ഇടശ്ശേരിയുടെ മകനായിട്ടും എഴുത്തിലൂടെ കഴിവ് തെളിയിച്ചിട്ടും ഈ എഴുത്തുകാരനെ വേണ്ടപോലെ സാഹിത്യലോകം പരിഗണിച്ചോ എന്ന ചോദ്യമാണ് ഹരികുമാറിെൻറ വിയോഗം ഉയർത്തുന്നത്.
‘‘സാഹിത്യരചന എന്നെ സംബന്ധിച്ച് ഈ അന്വേഷണമാണ്. ദീര്‍ഘകാലമായുള്ള, എവിടെയും എത്തിയിട്ടില്ലാത്ത അന്വേഷണം. ജന്മാന്തരങ്ങളില്‍ ഞാന്‍ കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്യുകയും പിന്നീട് മറവിയുടെ ആഴങ്ങളിലെവിടെയോ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങളോ വ്യക്തികളോ ആയിരിക്കണം പിന്നീട് കഥാബീജമായും അതിലെ കഥാപാത്രങ്ങളായും എെൻറ മനസ്സില്‍ പ്രത്യക്ഷപ്പെടുന്നത്. ക്ഷണിക്കാതെ കടന്നുവന്ന അതിഥികള്‍ എെൻറ അബോധമനസ്സില്‍ സ്വന്തമായ ഒരു ജീവിതം നയിക്കാന്‍ തുടങ്ങുകയും മനസ്സിന് അത് താങ്ങാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ ഞാന്‍ കടലാസും പേനയുമെടുക്കുന്നു.’’-ഇ. ഹരികുമാർ തെൻറ എഴുത്ത് വരുന്ന വഴികളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
മലയാള കഥയിൽ ആധുനികത പച്ചപിടിച്ചുനിന്ന അറുപതുകളിലാണ് ഇദ്ദേഹത്തിെൻറ രചന തളിർത്തത്. നാട്ടിൻപുറ ജീവിത സംസ്കാരത്തിൽനിന്ന് ഉയിർകൊണ്ട ജീവിതഗന്ധിയായ കഥകളായിരുന്നു അദ്ദേഹത്തിേൻറത്. അസാമാന്യ കൈയൊതുക്കവും വാക്കുകൾ ഒരുക്കുന്ന താളവുമാണ് കഥകളെ സവിശേഷമാക്കുന്നത്. നാട്ടിൻപുറത്തുനിന്ന് പറിച്ചുനടപ്പെട്ടവരുടെ വേരുകൾ തേടിയുള്ള അന്വേഷണവും ബന്ധങ്ങളുടെ പുറംപൂച്ചുകളും ഏറെ കഥകളിൽ വിഷയമായി. പ്രവാസത്തിെൻറ എരിതീയിൽ നഗരജീവിതവുമായി സമരസപ്പെട്ട് ജീവിക്കുന്നവർ, അടഞ്ഞ വാതിലുകള്‍ക്കുള്ളിലെ ഇടുങ്ങിയ ലോകത്തിെൻറ കയ്പുണ്ണുന്നവർ, വിരസമായ ഏകാന്തത തള്ളിനീക്കുന്നവർ...ഇടത്തരം നഗരവാസികളുടെ വികാരങ്ങളെ ഇത്രയേറെ കഥയിൽ പ്രതിഫലിപ്പിച്ചവർ ചുരുക്കം. കരുത്തുറ്റ സ്ത്രീപക്ഷ കഥാകാരനായി സാഹിത്യലോകം വിലയിരുത്തുന്നുണ്ട്. അവർ ഭാര്യ, കാമുകി, സഹപ്രവര്‍ത്തക, അയല്‍ക്കാരി, സഹയാത്രിക എന്നിങ്ങനെ വ്യത്യസ്ത സ്ത്രീസാന്നിധ്യമായി എത്തുന്നു.
കുട്ടികളുടെ ഇഷ്ടപ്പെട്ട കഥാകാരൻ കൂടിയാണ് ഹരികുമാർ. ദിനോസറിെൻറ കുട്ടി, ഒരു കുങ്ഫു ഫൈറ്റര്‍, കാനഡയില്‍നിന്നുള്ള രാജകുമാരി, ശ്രീപാർവതിയുടെ പാദം തുടങ്ങി ഒട്ടെല്ലാ കഥകളുടേയും കേന്ദ്രസ്ഥാനത്ത് കുട്ടികളാണ്. ഒരുപക്ഷേ ഹരികുമാറിെൻറ ഏറെ ശ്രദ്ധേയ രചനകളും കുട്ടികളെ കേന്ദ്രീകരിച്ചുള്ളവയാണ്. സ്വാഭാവിക ജീവിത പരിസരം, കുളിർമഴപോലെ ബന്ധങ്ങളുടെ ഊഷ്മളത, കാത്തിരിപ്പ്, ചെറിയ ചെറിയ ദുഃഖങ്ങൾ... വായനക്കാരുടെ മനസ്സിൽ ചേർന്നുനിൽക്കും വിധം എന്തെങ്കിലും കിട്ടാതിരിക്കുമായിരുന്നില്ല, ആ പേനത്തുമ്പിൽ നിന്ന്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.