ജയറാമിന്‍റെ ജീവിതത്തിലെ അപൂർവമായ ഒരു നമിഷമായിരുന്നു അത്. തുഞ്ചൻപറമ്പിലെ അതിഥി മുറിയിൽവെച്ച് എം.ടി. വാസുദേവൻ നായർ നീട്ടിയ ആ ഫോട്ടോ വാങ്ങി നടൻ ജയറാം നോക്കിയത് ഒന്നും രണ്ടും തവണയല്ല. 35 വർഷം മുമ്പ് സിനിമയിലഭിനയിക്കാൻ ഇടംതേടി അമ്മാവൻ മലയാറ്റൂരിനെ താൻ ഏൽപ്പിച്ച ഫോട്ടോയാണെന്ന് തിരിച്ചറിഞ്ഞതിനിടെയുണ്ടായ പിരിമുറുക്കം നിമിഷനേരത്താൽ വലിയ ചിരിയായി മാറി. ‘‘മലയാറ്റൂരിെൻറ ചില പഴയ പുസ്തകങ്ങൾ പരതിയപ്പോൾ ലഭിച്ചതാണ്, വിദ്യാരംഭ കലോത്സവത്തിനെത്തിയാൽ സമ്മാനിക്കാമെന്ന് കരുതി സൂക്ഷിച്ചു’’ ^എം.ടി പറഞ്ഞുനിർത്തിയപ്പോൾ ജയറാമിെൻറ മുഖത്ത് ചമയങ്ങളില്ലാത്ത ചിരിതിളക്കം.
ഫോട്ടോയുടെ രഹസ്യം ജയറാം വെളിപ്പെടുത്തിയത് കലോത്സവ ഉദ്ഘാടന വേദിയിൽ. അതിങ്ങനെയാണ്: ‘‘ഡിഗ്രി പഠനത്തിന് ശേഷം സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി മലയാറ്റൂരിനെ സമീപിക്കുകയായിരുന്നു. സിനിമ തൊഴിലാക്കാനാണോ പരിപാടി എന്നായിരുന്നു ചോദ്യം. അങ്ങനെയൊന്നുമില്ലെന്ന് മറുപടി. എങ്കിൽ ഒരു ഫോട്ടോ താ, ശ്രമിക്കാം എന്ന് പറഞ്ഞു. അന്ന് കൈമാറിയ പടം മലയാറ്റൂർ എം.ടിക്കാണ് നൽകിയതെന്ന് ഇപ്പോഴാണറിയുന്നത്.
ദേശീയ പുരസ്കാരം ലഭിക്കുന്നതിനേക്കാൾ വലിയ സന്തോഷം പകരുന്നതാണിത്’’ ഫോട്ടോ ഉയർത്തി ജയറാം പറഞ്ഞു. കഴിഞ്ഞവർഷവും ക്ഷണിച്ചിരുന്നതാണെന്നും വിദേശ പരിപാടി ഉണ്ടായിരുന്നതിനാലാണ് സാധിക്കാതിരുന്നതെന്നും ജയറാം വ്യക്തമാക്കി. ഒടുവിൽ കമലഹാസനെ അനുകരിച്ച് മിമിക്രിയും അവതരിപ്പിച്ചതോടെ സദസ്സിൽ ആഹ്ലാദാരവമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.