കോഴിക്കോട്: ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ എം.ടി. വാസുദേവന്‍ നായര്‍ക്കൊപ്പം അദ്ദേഹത്തിന്‍െറ അപൂര്‍വ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കണ്ടുനടക്കുന്നതിനിടെ മന്ത്രി എ.കെ. ബാലന്‍െറ കണ്ണുകള്‍ ഒരു പ്രത്യേക ചിത്രത്തിലുടക്കി. കോഴിക്കോട്ട് മല്ലിക സാരാഭായിക്കൊപ്പം എം.ടി ഇരുന്ന് കുശലം പറയുന്ന ചിത്രത്തില്‍ അദ്ദേഹം ധരിച്ച ഷര്‍ട്ടിലായിരുന്നു മന്ത്രിയുടെ ശ്രദ്ധ. ഇപ്പോളിട്ടിരിക്കുന്ന ഷര്‍ട്ടും അന്നത്തെ ഷര്‍ട്ടും ഒരുപോലിരിക്കുന്നു. ആ ഷര്‍ട്ട് തന്നെയാണോ ഈ ഷര്‍ട്ട് എന്നായി മന്ത്രിയുടെ തമാശ കലര്‍ന്ന ചോദ്യം. മറുപടിയായിക്കിട്ടിയ പുഞ്ചിരിയോടൊപ്പം നടന്നുനീങ്ങി അവര്‍ മറ്റൊരു ചിത്രത്തിനടുത്തത്തെി. തനിക്കേറെ പ്രിയപ്പെട്ട ചിത്രമാണിതെന്ന് എം.ടി ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാവരുടെയും നോട്ടം അതിലേക്കായി.
വൈലോപ്പിള്ളി, തകഴി, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ക്കൊപ്പം ബീഡി വലിച്ചുനില്‍ക്കുന്ന ചെറുപ്പക്കാരനായ എം.ടിയുടെ ചിത്രമായിരുന്നു അത്. പകരുന്ന അഗ്നി, പടരുന്ന ജ്വാല എന്ന അടിക്കുറിപ്പ് നല്‍കിയ ചിത്രമെടുത്തത് പുനലൂര്‍ രാജന്‍. ഇങ്ങനെ വേറിട്ട മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ദേശാഭിമാനി എം.ടി ഫെസ്റ്റിവലിന്‍െറ ഭാഗമായി ‘കല, കാലം, ലോകം’ എന്ന പേരില്‍ ആര്‍ട്ട് ഗാലറിയിലൊരുക്കിയത്. എം.ടിയുടെ സ്വകാര്യശേഖരത്തില്‍നിന്നുള്ളതും പുനലൂര്‍ രാജന്‍, റസാഖ് കോട്ടക്കല്‍, പി. മുസ്തഫ, ബി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പകര്‍ത്തിയതുമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഒപ്പം അദ്ദേഹത്തിന് ലഭിച്ച എണ്ണമറ്റ പുരസ്കാരങ്ങള്‍ മുതല്‍ എഴുതിയ പേന വരെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതാനുപയോഗിച്ച എഴുത്തുമേശ, കസേര, ‘കാലം’, ‘നാലുകെട്ട്’ എന്നിവയുടെ വിവര്‍ത്തനങ്ങള്‍ എന്നിവക്കൊപ്പം എം.ടി എഴുതിയ കത്തുകളും ലേഖനങ്ങളുമെല്ലാം കൈയെഴുത്തു രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1949ല്‍ കൈപ്പറ്റിയ 76688 എന്ന രജിസ്റ്റര്‍ നമ്പറുള്ള എം.ടിയുടെ എസ്.എസ്.എല്‍.സി ബുക്കാണ് പ്രദര്‍ശനത്തിലെ മറ്റൊരാകര്‍ഷണം. എം.ടിയിലെ സാഹിത്യകാരനും കലാകാരനുമപ്പുറം അദ്ദേഹം കൗമാരപ്രായത്തില്‍ ഒരു മികച്ച ഫുട്ബാള്‍ കളിക്കാരന്‍ കൂടിയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് ആ എസ്.എസ്.എല്‍.സി ബുക്ക്. മന്ത്രി എ.കെ. ബാലന്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. എം.ടിയുടെ സാഹിത്യ കൃതികളുടെയും ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെയും സമ്പൂര്‍ണ ശേഖരമടങ്ങുന്ന മ്യൂസിയം സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഡോ. എം.ജി.എസ്. നാരായണന്‍ മുഖ്യാതിഥിയായി. എന്‍.പി. ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കമാല്‍ വരദൂര്‍, പ്രഭാകരന്‍, ഒ.പി. സുരേഷ്, പ്രമോദ് കോട്ടൂളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.