20ാം നൂറ്റാണ്ട് കണ്ട അറബി നോവൽ ശാഖയിലെ കുലപതികളിലൊരാളായിരുന്നു ആഗസ്റ്റ് 21ന് ഡമസ്കസിൽ നിര്യാതനായ സിറിയൻ നോവലിസ്റ്റ് ഹന്നാ മീന. അറബി നോവലിൽ സോഷ്യലിസ്റ്റ് റിയലിസത്തിെൻറ പതാക വഹിച്ച ആദ്യ തലമുറയിലെ അവസാന കണ്ണിയാണ് ഇതോടെ അറ്റുപോകുന്നത്. തെൻറ മഹത്തായ സൃഷ്ടികളിലൂടെ ചൂഷിതരായ പാവങ്ങളെക്കുറിച്ച് മാത്രം ശബ്ദിച്ചുകൊണ്ടിരുന്നൊരാൾ. ഒന്നര സഹസ്രാബ്ദം നീണ്ട അറബി കവിതയുടെ ആധിപത്യത്തിനുമേൽ നോവൽ ശാഖയെ പ്രതിഷ്ഠിച്ച പ്രതിഭാശാലി.
ഒാേട്ടാമൻ സാമ്രാജ്യത്തിെൻറ തകർച്ചയെ തുടർന്ന് ഫ്രഞ്ച് മാൻഡേറ്റ് ഭരണത്തിലായ സിറിയയിലെ വടക്ക്-പടിഞ്ഞാറൻ തുറമുഖ നഗരമായ ലതാക്കിയയിലായിരുന്നു 1924ൽ ഹന്നാ മീന ജനിച്ചത്. പട്ടിണി കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാവാത്ത ബാല്യം. 1939ൽ തുർക്കിയുടെ ഭാഗമാകുന്നതുവരെ മറ്റൊരു തുറമുഖ നഗരമായ അലക്സാണ്ട്രാറ്റയായിരുന്നു കുട്ടിയായ ഹന്നാ മീന വളർന്നത്. തുടർന്ന് വീണ്ടും ലതാക്കിയയിൽ തിരിച്ചെത്തി.
ജീവിക്കാനായി ആ യുവാവിന് ചെയ്യേണ്ടിവന്ന േജാലികൾക്ക് കണക്കില്ല. ബാർബർ, മെക്കാനിക്, തുറമുഖത്തെ ചുമട്ടുകാരൻ, മരുന്നുകടയിലെ ജീവനക്കാരൻ അങ്ങനെ പലതും. ലതാക്കിയയിലെ അക്ഷരാഭ്യാസമില്ലാത്ത പാവപ്പെട്ട തൊഴിലാളികൾക്കായി പരാതികൾ എഴുതിനൽകുന്നതായിരുന്നു ഒഴിവുനേരങ്ങളിൽ ഹന്നാ മീനയുടെ പ്രധാന പണി. സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചതിെൻറ പേരിൽ സിറിയയിലെ വിവിധ ഭരണകൂടങ്ങൾ നിരന്തരമെന്നോണം അദ്ദേഹത്തെ വേട്ടയാടുകയും ജയിലിലടക്കുകയും ചെയ്തു. അതിനാൽതന്നെ അയൽ നാടായ ബൈറൂത്തിലായിരുന്നു കൂടുതൽ കാലവും കഴിയാൻ യോഗം.
1954ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അൽ-മസാബീഹ് അൽ-സുർഖ്’ (നീല റാന്തലുകൾ) എന്ന ആദ്യ നോവൽ മുതൽതന്നെ വർഗ സംഘർഷത്തിലൂന്നിയ പ്രമേയങ്ങളുടെ ആരാധകനാവുകയായിരുന്നു ഹന്നാ മീന. എഴുതിയ 30ഒാളം നോവലുകളിൽ എെട്ടണ്ണം പൂർണമായും കടലിനെയും അതിലെ മനുഷ്യരെയും ചുറ്റിപ്പറ്റിയാണ്. ഹന്നാ മീന ജീവിച്ചതൊക്കെയും കടൽത്തീര പ്രദേശങ്ങളിലായിരുന്നു. തുറമുഖത്തെ ചുമട്ടുകാരനായും നാവികനായും ജീവിച്ച അനുഭവങ്ങൾ വേറെയും.
കടലിനെ ഇത്രയേറെ ഹൃദ്യമായൊരനുഭവമായി ചിത്രീകരിച്ച വേറൊരു അറബി എഴുത്തുകാരനുമില്ല എന്ന് തന്നെ പറയാം. കടലും കടൽ ജീവിതവും അതിെൻറ സർവ ഭാവങ്ങളോടുംകൂടി പ്രത്യക്ഷപ്പെടുകയാണ് ഹന്നാ മീനയുടെ കൃതികളിൽ. ഇവയിൽ ഏതാണ്ട് മിക്ക കൃതികളും ആത്മ കഥാസ്പർശമുള്ളവയുമാണ്. തെൻറ ജീവിതമാകെ വിവിധ നോവലുകളിലായി വായനക്കാർക്ക് മുന്നിൽ തുറന്നുവെച്ചതിനാൽ ആത്മകഥയെഴുതാൻ തയാറാകാതിരുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം.
കടലിനെയും മുക്കുവരെയും നാവികരെയും കുറിച്ച് നിരന്തരമെഴുതാൻ ഹന്നാ മീനക്ക് ദാഹം തന്നെയായിരുന്നു. മാസ്റ്റർപീസ് കൃതിയായി വിലയിരുത്തപ്പെടുന്ന ‘അൽ-ശിറാഇ് വൽ-ആസിഫ’ (കപ്പൽപ്പായയും കൊടുങ്കാറ്റും), ‘ഹികായതു ബഹ്ഹാർ’ (ഒരു നാവികെൻറ കഥ), ‘അൽ-മർഫ ഉൽ ബഇൗദ്’ (വിദൂര തുറമുഖം), ‘അൽ-ബഹ്ർ വസ്സഫീന വഹിയ’ (കടലും കപ്പലും പിന്നെ അവളും) തുടങ്ങിയ നോവലുകളിലെല്ലാം അദ്ദേഹം കടലിനെക്കുറിച്ച് മാത്രമാണ് എഴുതിയത്. ’90കളിൽ വർഗ വ്യത്യാസത്തിലൂന്നിയ ആശയങ്ങൾ കൂടുതൽ പ്രതീകാത്മകമായി അവതരിപ്പിക്കാനാണ് ഹന്നാ മീന ശ്രദ്ധിച്ചത്. പാവങ്ങളുടെയും ചൂഷിതരുടെയും കഥകൾ പറയാൻ വിവിധ കാലങ്ങളിൽ വിവിധ സേങ്കതങ്ങൾ സ്വീകരിച്ചതിലൂടെ തെൻറ സർഗാത്മകതയിൽ വൈവിധ്യം നിലനിർത്താനും അദ്ദേഹത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.