കൊയിലാണ്ടി: സാഹിത്യത്തിലും ജീവിതത്തിലും താൻ പിന്നിട്ട ഇന്നലെകൾ വെള്ളിവെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ യു.എ. ഖാദറിെൻറ മനസ്സ് തരളിതമായി. മുഖം തുടുത്തു. തന്നെക്കുറിച്ച് തയാറാക്കിയ ഡോക്യുമെൻററി വീക്ഷിക്കുകയായിരുന്നു ഖാദർ. മാതാവ് മരിച്ചതിനെ തുടർന്ന് ബർമയിൽനിന്ന് ഏഴാം വയസ്സിൽ കൊയിലാണ്ടിയിലെത്തുകയും പൂർണ മലയാളിയായി മാറുകയുമായിരുന്നു മലയാളത്തിെൻറ പ്രിയപ്പെട്ട എഴുത്തുകാരൻ. താൻ ജീവിക്കുന്ന ചുറ്റുപാടുകൾ ആഴത്തിൽ പഠിച്ച് കടലാസിലേക്ക് തേൻറതു മാത്രമായ ശൈലിയിൽ കോറിയിട്ടപ്പോൾ അത് മലയാളസാഹിത്യത്തിലെ വേറിട്ട ചിന്താധാരയായി. പുതിയ മാറ്റങ്ങളാണ് അത് ഭാഷക്കും സാഹിത്യത്തിനും നൽകിയത്. ഈ പശ്ചാത്തലത്തിലാണ് ഡോക്യുമെൻററി തയാറാക്കിയത്. നഗരസഭയുടെ ഓണം ബക്രീദ് ഫെസ്റ്റായ നാഗരികത്തിലെ സാംസ്കാരിക സായാഹ്നത്തിലാണ് ‘ഉറഞ്ഞാടുന്ന ദേശങ്ങൾ’ എന്ന ഡോക്യുമെൻററിയുടെ സാക്ഷാത്കാരം നിർവഹിച്ചത്.
‘ദേശപ്പെരുമയുടെ കഥാകാരൻ യു.എ. ഖാദർ എഴുത്തും ജീവിതവും’ പരിപാടി ഡോ. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലെ നിർണായക സംഭവവികാസങ്ങൾക്ക് പലതിനും വേദിയായ പന്തലായനിയുടെ സാംസ്കാരിക അന്തരീക്ഷമാണ് യു.എ. ഖാദറിെൻറ എഴുത്തിന് വളക്കൂറായതെന്ന് എം.ജി.എസ് പറഞ്ഞു. ഏറെ കെടുതികൾ വരുത്തിയ ലോകയുദ്ധം മലയാളത്തിന് നൽകിയ അമൂല്യ സംഭാവനയാണ് ഖാദറെന്ന് യു.കെ. കുമാരൻ പറഞ്ഞു. ആഴമേറിയ സ്നേഹവും കരുതലുമായി കുഞ്ഞുഖാദറിനെ ബർമയിൽ ഉപേക്ഷിക്കാതെ കൊയിലാണ്ടിയിലെത്തിച്ച മൊയ്തീൻകുട്ടിയെന്ന ബാപ്പയോട് നാം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊയിലാണ്ടിയുടെ മണ്ണും മനുഷ്യരുമാണ് തെൻറ കഥകളുടെ വേരുകളെന്ന് യു.എ. ഖാദർ പറഞ്ഞു. സാംസ്കാരിക വേലിക്കെട്ടുകൾ ഇല്ലാതിരുന്ന പ്രദേശമായിരുന്നു കൊയിലാണ്ടി. പുതിയകാലത്ത് അവിടെയും ഇവിടെയും പ്രവേശന വിലക്കുകളും വേലിക്കെട്ടുകളും ഉണ്ടാകുന്നു. സാംസ്കാരിക സമന്വയത്തിെൻറ പഴയ അനുഭവങ്ങൾ പുതുതലമുറക്ക് പകരാൻ തെൻറ രചനകൾക്ക് കഴിഞ്ഞെങ്കിൽ താൻ ധന്യനാണ് -ഖാദർ പറഞ്ഞു. നഗരസഭ ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. കെ. ബിജു, എൻ.ഇ. ഹരികുമാർ, ഡോ. ശശി കീഴാറ്റുപുറത്ത്, എൻ.പി. സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.