കൂച്ചുവിലങ്ങിൽ ഹൗസ് -കഥ

ഗേറ്റിനു വെളിയിൽ നിന്ന് നാലഞ്ചു തവണ ഹോണടിച്ചിട്ടും ആരെയും പുറത്തുകാണാത്തതുകാരണം ബൈക്ക് സ്റ്റാൻഡിൽ വെച്ചിട ്ട് പോസ്റ്റുമാൻ ഗേറ്റ് തുറന്നുവന്ന് കോളിങ്​ ബെല്ലമർത്തി. നസീമാത്ത അപ്പോൾ അടുക്കളയിൽ പപ്പടം വറുക്കുന്ന തിരക്ക ിലായിരുന്നു. കോളിങ്​ ബെല്ലിന് ഉത്തരം കൊടുക്കാനായി സ്റ്റൗ സിമ്മിലിട്ട് നസീമാത്താ മുൻവാതിലിലേക്ക് പായുമ്പോൾ പ ോസ്റ്റുമാൻ ഒന്നുകൂടി ബെല്ലമർത്തി. ബെല്ലിൽ നിന്ന് അയാൾ കയ്യെടുക്കുമ്പോഴേക്ക് കതകു വലിച്ചുതുറന്ന് എടുത്തവായി ലേ നസീമാത്ത ചോദിച്ചു: "ആർക്കാടാ ഇത്ര ധൃതി?" കയ്യിലിരുന്ന പപ്പടംകോരി വെളിച്ചപ്പാടിൻെറ കയ്യിലെ വാളുപോലെ വിറച്ച ു.

പോസ്റ്റുമാൻ വിരണ്ട് പിന്നിലേക്ക് മാറി. ചോദ്യത്തിലെ കലിപ്പുഭാവം മനസ്സിലാക്കിയ അയാൾ 'ഏയ് ഞാനെങ്ങുമല്ല' എന്ന് തോളുകൾ കുലുക്കി. വരണ്ടുപോയ തൊണ്ട ഒരല്പം ഉമിനീരിറക്കി നനച്ചു. അയാളുടെ നിൽപ്പിൽ എന്തോ പന്തികേടുണ്ടെന്നു ക രുതി പുരികത്തിൽ സംശയം വളച്ചുവെച്ച് നസീമാത്ത ചോദിച്ചു: "ആരാ?"

പോസ്റ്റുമാൻ പറഞ്ഞു: "ഞാനാ.. പോസ്റ്റുമാൻ.."

ന സീമാത്തയുടെ പുരികം മറ്റൊരു രൂപം പൂണ്ടു. അത് നെറ്റിയിലേക്ക് കടന്നുചെന്ന് അത്ഭുതത്തിൻെറ കമാനമായി. അവരുടെ കൃഷ്ണ മണികൾ വികസിച്ചു. 'പോസ്റ്റ്മാൻ' - അവർ ആ വാക്ക് കേട്ടിട്ടുതന്നെ കുറേക്കാലമായിരുന്നു. പണ്ടുപണ്ട് വിരഹത്തിൻെറ സുവ ർണ്ണ കാലങ്ങളിൽ മുഹബ്ബത്തിൻെറ അത്തറു നിറച്ച എയർമെയിൽ കവറുമായി വന്നിരുന്നവൻ. ആ കത്തുകൾ തുറക്കുമ്പോഴുണ്ടാവുന്ന സുഗന്ധം പോലൊന്ന് ഇപ്പോൾ 'പോസ്റ്റുമാൻ' എന്ന വാക്കിലും നസീമാത്ത മണത്തു.

മറ്റെല്ലാ ഗൾഫുകാരുടെ ഭാര്യമാർക്കു മെന്നപോലെ നസീമാത്തായ്ക്കും അന്നൊക്കെ രണ്ടുതരം കാത്തിരിപ്പുകൾ ഉണ്ടായിരുന്നു. ഒന്ന് പോസ്റ്റുമാനുവേണ്ടിയുള്ള കാത്തിരിപ്പ്. രണ്ട് പ്രാണനാഥനുവേണ്ടിയുള്ള കാത്തിരിപ്പ്. രണ്ടിനും ഏതാണ്ട് ഒരേ ദൈർഘ്യമായിരുന്നു. രണ്ടാഴ്ചകളും രണ്ടു വർഷങ്ങളും ഒരുപോലെ. ആ കാലം പിന്നീട് പതിയെപ്പതിയെ ഇല്ലാതെയായി. പോസ്റ്റുമാനെ കാണാതെയായി. ഇപ്പോഴിതാ, ഭൂതകാലത ്തിൻെറ കുടത്തിൽ നിന്ന് ആരോ മോചിപ്പിച്ചു വിട്ടപോലൊരു പോസ്റ്റുമാൻ സിറ്റൗട്ടിൽ നിൽക്കുന്നു. കുടത്തിനുള്ളിൽ കാല ങ്ങളോളം ഞെരുങ്ങിയിരുന്നതുകൊണ്ടാവും കഴുത്തു നീണ്ട് നെഞ്ച് മെലിഞ്ഞ് നെഞ്ചിനു താഴെ വികസിച്ച ഒരു കുടം പോലെതന്നെ യായിരുന്നു അയാളുടെ രൂപം. ഒരു പോസ്റ്റുമാൻെറ യാതൊരു പകിട്ടുമില്ല. എങ്കിലും പോസ്റ്റുമാൻ പോസ്റ്റുമാനല്ലാതാകുന്ന ില്ലല്ലോ. നസീമാത്ത അയാളെ നോക്കി നിന്നുപോയി.

അവരിങ്ങനെ അന്തം വിട്ട് നിൽക്കുന്നതു കണ്ടപ്പോൾ പോസ്റ്റുമാൻ തൻെറ വിരണ്ടു പോയ കണ്ണുകളെ വീണ്ടെടുത്ത് സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നു. ഏതാണ്ട് അതേ സമയത്ത് നസീമാത്തയും അന്ധാളിപ്പിൽ നിന്ന് തിരിച്ചെത്തി.

പോസ്റ്റുമാൻ ചോദിച്ചു: "ഇതാണോ കൂച്ചുവിലങ്ങിൽ ഹൗസ്?"

"അതെ"

പോസ്റ്റുമാൻ തൻെറ പുറം കൈ കൊണ്ട് വായപൊത്തി ഒരു ചിരി ചിരിച്ചിട്ടു പറഞ്ഞു: "ഒരു രജിസ്റ്റേഡ് പോസ്റ്റ് ഉണ്ടായിരുന്നു"

നസീമാത്തായ്ക് ക് ആ ചിരി ഇഷ്ടപ്പെട്ടില്ല. അവർ പറഞ്ഞു: "പോസ്റ്റ് അവിടെ നിക്കട്ടെ. നീയെന്താ ചിരിച്ചത്?"

"ഈ വീട്ടുപേരു കേട്ടപ് പോ…."

"കേട്ടപ്പോ?"

"അതല്ല, അതു കേട്ടപ്പോ.."

"കേട്ടപ്പോ?"

"അതല്ല, ഒരു വെറൈറ്റി പേര്.."

"ഇതുപോലുള് ള വെറൈറ്റി പേരു കേട്ടാൽ നീ ചിരിക്കുവോ?" - നസീമാത്ത തൻെറ സ്വരം കടുപ്പിച്ചു.

അവരുടെ ചോദ്യങ്ങളിൽ നിന്ന് എങ്ങനെയ െങ്കിലും രക്ഷനേടാനായി പോസ്റ്റുമാൻ ധൃതി കൂട്ടി: "ഇത്താ.. ഈ... അബ്ദുൽ ഹമീദ് ആരാ? ഈ പാഴ്സൽ ഒന്ന് ഒപ്പിട്ടു വാങ്ങിയിരു ന്നെങ്കിൽ പോകാമായിരുന്നു"

"ഇരിക്കെടാ അവിടെ" കയ്യിലിരുന്ന പപ്പടംകോരി കസേരയിലേക്ക് ചൂണ്ടി നസീമാത്ത ആജ്ഞാ പിച്ചു.

ഇതെന്തുജാതി സ്ത്രീ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടും അല്പം ഭയപ്പെട്ടുകൊണ്ടും സിറ്റൗട്ടിലെ കസേരകളി ലൊന്നിൽ പോസ്റ്റുമാൻ ഇരുന്നുപോയി. പപ്പടംകോരി വിറപ്പിച്ചുകൊണ്ട് നസീമാത്ത അയാളോടു ചോദിച്ചു:

"നീ ഇവിടെ പുതിയ പോസ്റ്റുമാനാണോ?"

"അതേ"

"ങാ.. അതുകൊണ്ടാണ് നിനക്ക് കൂച്ചുവിലങ്ങുകാരെക്കുറിച്ച് അറിയാത്തത്. ഇതേ.. വെറുതേ ഇ ട്ട പേരൊന്നുമല്ല. ഇതിനൊരു ചരിത്രമുണ്ട്. നീ പുറത്തിറങ്ങി നാട്ടുകാരോട് ചോദിച്ചാൽ അവരു പറഞ്ഞുതരും. നിനക്ക് കുടിക ്കാനെന്താ വേണ്ടത്? തണുത്തതോ ചൂടോ?"

പോസ്റ്റുമാന് ആകെ കൺഫ്യൂഷനായി. തണുത്തതോ ചൂടോ എന്നതിലല്ല; ഈ ഇത്ത ഇതെന്താണി ങ്ങനെ എന്നതിൽ. അവരുടെ മുഖത്ത് ശടപടേന്ന് ഭാവങ്ങൾ മാറിമറിയുന്നു. അവിടുന്നും ഇവിടുന്നുമെല്ലാം വാക്കുകൾ പെറുക്കി വെക്കുന്നു. ചിലത് വെളിച്ചത്തൂന്നുള്ളവ. ചിലത് ഇരുട്ടത്തൂന്നുള്ളവ. ആകെയൊരു കൺഫ്യൂഷൻ.. പേടിപ്പെടുത്തുന്ന കൺഫ്യൂ ഷൻ. ഇവിടുന്നിപ്പോൾ ഒന്നും വേണ്ട. തണുത്തതും വേണ്ട ചൂടും വേണ്ട. പോസ്റ്റുമാൻ തീരുമാനിച്ചു: "ഒന്നും വേണ്ട. ഈ പാഴ്സൽ ഒന്ന് ഏൽപ്പിച്ചാൽ മതി. ആരാ അബ്ദുൽ ഹമീദ്?" - പോസ്റ്റുമാൻ എഴുന്നേൽക്കാൻ ആഞ്ഞു.

"ഇരിക്കെടാ അവിടെ.."

പോസ്റ്റു മാനെ അവർ പിന്നെയും ഇരുത്തി.

ഇറങ്ങി ഓടിയാലോ എന്ന് പോസ്റ്റുമാൻ ആലോചിച്ചെങ്കിലും വേണ്ടെന്നുവെച്ചു. ചിലപ്പോൾ ചട്ടുകമെടുത്ത് മുതുകത്തെറിഞ്ഞെങ്കിലോ? കള്ളൻ കള്ളനെന്ന് വിളിച്ചുകൂവി ഈ സ്ത്രീ നാട്ടാരെയെല്ലാം വിളിച്ചുകൂട് ടിയാലോ? അങ്ങനെയെങ്കിൽ കള്ളനല്ലെന്ന് താനെങ്ങനെ തെളിയിക്കും?. അത് വളരെ ശ്രമകരമായിരിക്കും. അതിനുള്ള രേഖകളൊന്നും ഇപ്പോൾ തൻെറ കൈവശമില്ല.

താൻ ഒരു കൂച്ചുവിലങ്ങിൽ പെട്ടതുപോലെ പോസ്റ്റുമാന് തോന്നി. ഒരു കട്ടൻ ചായയ്ക്ക് പറഞ് ഞിരുന്നെങ്കിൽ അവർ അതിനായി അടുക്കളയിലേക്ക് പോകുമ്പോൾ രക്ഷപ്പെടാൻ പറ്റിയേക്കുമെന്ന് അയാൾ കരുതി.

"വിരോധമി ല്ലെങ്കി ഒരു കട്ടനാവാം" - പോസ്റ്റുമാൻ പറഞ്ഞു.

നസീമാത്തയാവട്ടെ, അതു ഗൗനിക്കാതെ പോസ്റ്റുമാൻെറ മുന്നിലേക്ക് ഒരു കസേര വലിച്ചിട്ട് അതിലിരുന്നു. പ്രായം പത്തമ്പത്തെട്ടുണ്ടെങ്കിലും, തലയിലെ തട്ടം നേരേയാക്കാനും അതിൻെറ തുമ്പ് മാറിലേക്ക് വിരിച്ചിട്ട് അദബും നെറിയും കാട്ടാനും അവർ മറന്നില്ല. നസീമാത്ത കസേരയിൽ അല്പം മുന്നോട്ട് ആഞ്ഞിരുന്നു പറഞ്ഞു: " അബ്ദുൽ ഹമീദ് എൻെറ കെട്ട്യോനാണ്. ജുമാ നിസ്കരിക്കാനായിട്ട് പള്ളീലോട്ട് പോയി. ഉടനേ വരും. അതുവരെ നീ ഇവിടിരിക്ക്. എനിക്ക് പോസ്റ്റുമാന്മാരെ വലിയ ഇഷ്ടമാ. പണ്ട് ഈ നാട്ടിലൊരു പോസ്റ്റുമാനുണ്ടായിരുന്നു. ഒരു ശിവരാമൻ.. പോസ്റ്റുമാനെന്നുപറഞ്ഞാൽ അവനായിരുന്നു പോസ്റ്റുമാൻ.. ശിവരാമൻ കത്തു വായിച്ചുതരുന്നതുപോലെ ഒരാളും വായിച്ചുതന്നിട്ടില്ല. ശിവരാമനോടുള്ള ഇഷ്ടം കാരണം ദാ.. എൻെറ ഈ കയ്യിൽ കിടന്ന രണ്ടു വളകൾ ഊരി ഞാൻ അയാൾക്ക് കൊടുത്തിട്ടുണ്ട്, അറിയോ?"

'ങാഹാ.. അതുകൊള്ളാമല്ലോ' പുതിയ പോസ്റ്റുമാൻ ആത്മഗതം ചെയ്തുകൊണ്ട് നസീമാത്തായുടെ കയ്യിലെ വളകളിലേക്ക് നോക്കി. അവയിൽ രണ്ടെണ്ണത്തിൽ പച്ചക്കല്ലുകൾ പതിച്ചിരിക്കുന്നതായി അയാൾ കണ്ടു.

പോസ്റ്റുമാൻ ഒരു സഹൃദയനായ പോസ്റ്റുമാനായിരുന്നു. പോസ്റ്റുമാന്മാരെക്കുറിച്ചുള്ള കഥകൾ അയാൾക്ക് ഏറെ ഇഷ്ടവുമായിരുന്നു. ആരുടേയും കത്തുകൾ തുറന്നു വായിച്ചിട്ടില്ലെങ്കിലും ലോകത്തെ മാറ്റിമറിച്ച കത്തുകൾ തേടിപ്പിടിച്ച് വായിക്കാൻ അയാൾ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. രണ്ടുലോകങ്ങൾക്കിടയിലെ ഒരു കണ്ണിയാണ് പോസ്റ്റുമാൻ എന്ന് അയാൾ എപ്പോഴും ഓർക്കും. രണ്ടു കഥകൾക്കിടയിൽ ഓടിനടക്കുന്ന കഥാപാത്രം. അതുകൊണ്ടുതന്നെ മറ്റു പോസ്റ്റുമാന്മാരെക്കുറിച്ച് അറിയാൻ അയാൾക്ക് വളരെ താല്പര്യമായിരുന്നു. അയാൾ ചോദിച്ചു:

"എന്നിട്ട്?"

എന്നിട്ടെന്താ, നസീമാത്ത ശിവരാമൻെറ കഥ മുഴുവൻ പുതിയ പോസ്റ്റുമാനോടു പറഞ്ഞു. പോസ്റ്റുമാന്മാരെ അത്രയേറെ മാനിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് ധൃതിപ്പെട്ടു പോകാൻ പുതിയ പോസ്റ്റുമാൻ അപ്പോൾ ആഗ്രഹിച്ചുമില്ല.

ശിവരാമൻ കത്തുകൾ വായിച്ചുകൊടുക്കുന്ന സമയത്തൊക്കെ നസീമാത്ത വിചാരിക്കും 'അക്ഷരം പഠിക്കാഞ്ഞത് എത്ര നന്നായി'. അത്രയേറെ ഹൃദ്യമായിരുന്നു അയാളുടെ വായന. 'പ്രിയപ്പെട്ട നസീമാ', 'എനിക്കേറ്റവും പ്രിയപ്പെട്ട നസീമാ' എന്നെല്ലാം വായിച്ചു തുടങ്ങുമ്പോൾത്തന്നെ ആ വാക്കുകൾക്കുള്ളിൽ ശ്രോതാവിനു വേണ്ടതും അതിലധികവും അനുഭൂതി നിറയ്ക്കാൻ ശിവരാമന് കഴിയുമായിരുന്നു. എന്നുവെച്ച് ശിവരാമൻെറ വായന അത്ര നാടകീയമായിരുന്നുവെന്ന് കരുതരുത്. അത്യന്തം സ്വാഭാവികമായൊരു വായന മാത്രമായിരുന്നു അത്. ഹമീദിക്ക അരികിലിരുന്ന് അടക്കം പറയുന്നതുപോലൊരു തോന്നലാണപ്പോൾ നസീമാത്തയ്ക്ക് ഉണ്ടാവുക. എന്നുവെച്ച്, അടക്കം പറയുന്നതുപോലെയാണ് ശിവരാമൻ വായിക്കുന്നതെന്ന് കരുതരുത്. അത്യന്തം സ്വാഭാവികമായൊരു വായന മാത്രമായിരുന്നു അത്. സ്വാഭാവികതയ്ക്കുള്ളിൽ നാടകീയത നിറയ്ക്കുവാൻ പ്രത്യേക കഴിവുതന്നെ വേണം. ശിവരാമന് അത് വേണ്ടുവോളമുണ്ടായിരുന്നു.

ഹമീദിക്ക പണ്ട് അയച്ച കത്തുകളൊക്കെ നസീമാത്തായ്ക്ക് ഹൃദിസ്ഥമായിരുന്നു. ഓരോ കത്തുകളും ശിവരാമനെക്കൊണ്ട് അവർ പലവട്ടം വായിപ്പിക്കും. കുറുവിലങ്ങാട്ടുകാരനായ ശിവരാമൻ പോസ്റ്റോഫീസിനോടു ചേർന്നുള്ള കടമുറിയിൽ ഒറ്റയ്ക്കായിരുന്നു താമസം. അന്ന് അയാൾക്ക് മുപ്പത്തഞ്ചോ നാല്പതോ വയസ്സുകാണും.

അക്കാലത്ത് അയാളെ പുറത്തുകണ്ടാലുടൻ ആളുകൾ ചോദിച്ചു തുടങ്ങും: 'കത്തുവല്ലതുമുണ്ടോ പോസ്റ്റുമാനേ?'. രാത്രിയെന്നില്ല, പകലെന്നില്ല, അവധി ദിവസമെന്നില്ല, അല്ലാത്ത ദിവസമെന്നില്ല, ഒരു നൂറു പേരെങ്കിലും അയാളോട് അതു ചോദിക്കും. ഉണ്ടെങ്കിലും അയാൾ ഇല്ലെന്നേ പറയുമായിരുന്നുള്ളൂ. വഴിയിൽ വെച്ച് കത്തുകൾ കൊടുക്കുന്നത് അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല. കത്തുകൾ അതിൻെറ വിലാസത്തിൽ എത്തണമെന്ന കണിശക്കാരനായിരുന്നു ശിവരാമൻ. 'ഇല്ല' എന്നു പറഞ്ഞു പറഞ്ഞ് മടുത്തിട്ടാണ് 'ഇല്ല' എന്നു സൂചിപ്പിക്കാനായി അയാൾ കീഴ്ചുണ്ട് മലർത്തിക്കാട്ടാൻ തുടങ്ങിയത്. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ അയാളുടെ കീഴ്ച്ചുണ്ട് മലർന്നു പോവുകപോലുമുണ്ടായി.

ഹമീദിക്കായുടെ ഒരു കത്തു വന്നുകഴിഞ്ഞാൽപ്പിന്നെ നസീമാത്ത ഇടയ്ക്കിടെ ശിവരാമൻ താമസിക്കുന്നിടത്ത് പോകും. കത്ത് ഏതാണ്ട് മന:പാഠമാകും വരെ അവർ ശിവരാമനെക്കൊണ്ട് വായിപ്പിക്കും. മന:പാഠമായിക്കഴിഞ്ഞാൽപ്പിന്നെ നസീമാത്ത സ്വന്തമായി വായിച്ചുകൊള്ളും. ശിവരാമൻ പേജ് മറിക്കുന്ന സ്ഥലങ്ങളിലെല്ലാം നസീമാത്തയും കൃത്യമായി മറിക്കും.

ഗൾഫ് യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന അവസരത്തിൽ ഹമീദിക്ക തുടരെത്തുടരെ കത്തുകൾ അയച്ചുകൊണ്ടിരുന്നു. ആ കത്തുകളൊക്കെയും നസീമാത്തയ്ക്ക് വളരെയേറെ ഇഷ്ടവുമായിരുന്നു. നസീമാത്തയെ കാണാനുള്ള ഹമീദിക്കായുടെ ഉത്ഘടമായ ആഗ്രഹമായിരുന്നു ആ കത്തുകൾ നിറയെ. അവ വായിച്ചു കേട്ടശേഷം കത്ത് തിരികെ മടക്കി ബ്ലൗസിനുള്ളിലേക്ക് ആഴ്ത്തുമ്പോൾ അവരുടെ നെഞ്ചകം ഹമീദിക്കായുടെ വരവിനായി കൊതിച്ച് വികസിച്ചു വിങ്ങും. അതിൻെറ സുഖത്തിൽ അന്നൊന്നും യുദ്ധം ഒരു പാപമായിട്ട് നസീമാത്തായ്ക്ക് തോന്നിയിട്ടില്ല.

യുദ്ധകാലത്തെ ഒരു കത്ത് വായിച്ചു തീർന്നപ്പോഴുണ്ടായ ആനന്ദാതിരേകത്താലാണ് അത് സംഭവിച്ചത്. കയ്യിലെ വളകളിൽ രണ്ടെണ്ണം ഊരി ശിവരാമന് കൊടുത്തിട്ട് നസീമാത്ത പറഞ്ഞു: "എടുത്തോ.." ശിവരാമൻ വളകൾവാങ്ങി തൻെറ കണ്മുന്നിലേക്കുയർത്തി തിരിച്ചു തിരിച്ചു നോക്കി. അവയിൽ പതിച്ച ചുവന്ന കല്ലുകൾ പ്രകാശിച്ചു. തൻെറ ഭാര്യയുടെ കൈയ്യളവ് വളകൾക്കുള്ളിലൂടെ അയാൾ ഓർത്തെടുത്തു.

നസീമാത്ത ചോദിച്ചു: "ചേരുമോ?"

"മ്..." - ശിവരാമൻ മൂളി.

യുദ്ധം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ശിവരാമൻ പത്തിരിപ്പാറയിലേക്ക് ട്രാൻസ്ഫറായി. വിവരം അറിഞ്ഞ് നസീമാത്ത വളരെയധികം ദു:ഖിച്ചു. ജീവിതത്തിൽ അവർ അത്രയേറെ ദു:ഖിച്ച ദിവസങ്ങൾ നന്നേ കുറവാണ്. അയാൾ യാത്ര പറയാനായി വന്നപ്പോൾ നസീമാത്ത ചോദിച്ചു: "ശിവരാമന് ഈ നാട്ടിൽത്തന്നെ നിന്നൂടേ?"

ശിവരാമൻ പറഞ്ഞു: "കേന്ദ്രസർക്കാരിൻെറ തീരുമാനമല്ലേ, നമുക്കെന്തു ചെയ്യാൻ പറ്റും?"

അയാൾ വേലികടന്ന് പോയുടനേ നസീമാത്ത തലയിൽ കൈവെച്ച് പ്രാകി: "കേന്ദ്രസർക്കാർ തുലഞ്ഞു പോകട്ടെ!". അന്ന് ആദ്യമായാണ് നസീമാത്ത കേന്ദ്ര സർക്കാരിനെ പ്രാകുന്നത്. അതിൻപ്രകാരം തൊട്ടടുത്ത ദിവസങ്ങളിൽ ചന്ദ്രശേഖർ മന്ത്രിസഭ തുലഞ്ഞുപോവുകയും ചെയ്തു.

വൈകുന്നേരമായപ്പോൾ നസീമാത്ത ട്രങ്ക് കോൾ ബുക്ക് ചെയ്ത് ഹമീദിക്കായെ വിളിച്ചു. പോസ്റ്റുമാൻ പോയതിലുള്ള സങ്കടം പറഞ്ഞ് അവർ കരഞ്ഞു. അന്ന് രാത്രി നസീമാത്തയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്ന് രാത്രി ഹമീദിക്കായും ഉറങ്ങിയില്ല. നസീമ എന്തിനാണ് ഇങ്ങനെ കരയുന്നത് എന്നോർത്ത് ഹമീദിക്ക അസ്വസ്ഥനായി. തൻെറ ഡബിൾ ഡക്കർ കട്ടിലിലേക്ക് ആ അസ്വസ്ഥത പടർന്നു. ഓരോന്നു ചിന്തിച്ചുകൊണ്ട് അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കട്ടിൽ ഉലഞ്ഞുകൊണ്ടിരുന്നു. അതുകാരണം താഴെ തട്ടിൽ കിടന്നിരുന്ന വെൽഡർ ഡെന്നീസിനും ഉറങ്ങാൻ കഴിഞ്ഞില്ല. അസ്വസ്ഥപ്പെട്ട അയാൾ ഇടയ്ക്കിടെ കതകുതുറന്ന് പുറത്തുപോയിവന്നു. കതക് തുറന്നടയ്ക്കുന്ന ശബ്ദവും തുറക്കുമ്പോഴെല്ലാം ഇരച്ചുകയറുന്ന വെളിച്ചവും റൂമിലെ മറ്റു രണ്ടുപേരുടെകൂടെ ഉറക്കം കെടുത്തി. അങ്ങനെ, പോസ്റ്റുമാൻെറ സ്ഥലം മാറ്റം അയാളുമായി ബന്ധമില്ലാത്തതും ബന്ധമുള്ളതുമായ ഒട്ടേറെപ്പേരെ അസ്വസ്ഥരാക്കി. അവരുടെ ഉറക്കം കെടുത്തി.

ശിവരാമൻ പോയശേഷം ഹമീദിക്ക ധൃതിപ്പെട്ട് നാട്ടിൽ ഒരു ഫോൺ കണക്ഷനെടുത്തു. അതോടെ കത്തുകളുടെ എണ്ണം വളരെ കുറഞ്ഞു. നസീമാത്ത ഇടയ്ക്കിടെ നിർബന്ധിക്കുമ്പോൾ മാത്രം ഹമീദിക്ക ഒരു കത്തെഴുതിയെങ്കിലായി എന്ന അവസ്ഥയിലെത്തി. ശിവരാമനു ശേഷം എത്തിയ പോസ്റ്റുമാൻ അത്ര സുമാറില്ലാത്തവനായതിനാൽ നസീമാത്ത സാക്ഷരതാ മിഷനിൽ ചേർന്നു പഠിക്കാൻ തീരുമാനിച്ചു. പഠിച്ചു. നല്ല ഫസ്​റ്റ്​ ക്ലാസ്സിൽ പാസ്സാവുകയും ചെയ്തു. ആദ്യമൊക്കെ തപ്പിത്തടഞ്ഞെങ്കിലും കത്തുകളിലൂടെ മാത്രം തനിക്ക് മനസ്സിലാകുമായിരുന്ന ഹമീദിക്കയുടെ ഹൃദയം അവർ വായിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ അവർ പഴയ കത്തുകളും എടുത്തുവെച്ച് വായിക്കും. അപ്പോഴൊക്കെ അവർ ശിവരാമനെയും ഓർക്കും.

നാളുകളേറെക്കഴിഞ്ഞ് ഒരു വൈകുന്നേരം ശിവരാമൻെറ ഭാര്യ സരസ്വതിയമ്മ നസീമാത്തയെ തേടിയെത്തി. ശിവരാമൻ കുറച്ചുനാൾ മുമ്പ് മരണപ്പെട്ടതായി അവർ പറഞ്ഞു. വാർത്ത കേട്ട് നസീമാത്തയുടെ കണ്ണുകൾ നിറയുന്നത് സരസ്വതിയമ്മ കണ്ടു.പറ്റേ കിടപ്പിലായശേഷം തൻെറ ഭർത്താവ്, 'പ്രിയപ്പെട്ട നസീമാ, എൻെറ പ്രിയപ്പെട്ട നസീമാ.. എന്നെല്ലാം പിറുപിറുത്തുവെന്ന് സരസ്വതിയമ്മ പറഞ്ഞു. ജീവിതത്തിൻെറ അന്ത്യ നിമിഷങ്ങളിൽ തൻെറ ഭർത്താവ് മറ്റൊരു സ്ത്രീയുടെ പേര് പുലമ്പിക്കൊണ്ടിരുന്നത് സരസ്വതിയമ്മയെ വല്ലാതെ തളർത്തിയിരുന്നു. ക്ഷയം ബാധിച്ച് ക്ഷയിച്ച് കിടക്കയുടെ അരികിലേക്ക് ഒരു പഴംതുണിക്കഷണം പോലെ ചുരുണ്ടുകൂടിയ അയാളെ പരിചരിക്കുന്നതിലുള്ള താല്പര്യം പോലും അവസാന കാലങ്ങളിൽ സരസ്വതിയമ്മയ്ക്ക് നഷ്ടപ്പെട്ടുപോയി. ശിവരാമൻെറ മരണശേഷവും 'പ്രിയപ്പെട്ട നസീമാ' എന്ന ശിവരാമൻെറ പുലമ്പൽ അവരുടെ സ്വസ്ഥത നശിപ്പിച്ചു. അതിൽ നിന്ന് രക്ഷനേടാൻ എത്ര ശ്രമിച്ചിട്ടും അവർക്ക് ആയില്ല.

നസീമാത്ത പഴയ കത്തുകളുടെ കെട്ടുകൾ സരസ്വതിയമ്മയ്ക്കുമുമ്പിൽ വിതറിയിട്ടു. ഓരോ കത്തുകളും ശിവരാമൻ പലയാവൃത്തി വായിച്ചിരുന്നെന്നും അതാവാം കാരണമെന്നും നസീമാത്ത പറഞ്ഞു. ശിവരാമൻെറ ഭാര്യ കരഞ്ഞുംകൊണ്ട് തിരികെപ്പോയി. ഗേറ്റ് കടക്കുമ്പോൾ അവരുടെ വളകളിലെ ചുവപ്പ് കല്ലുകൾ നസീമാത്തയുടെ മുഖത്തേക്ക് പ്രകാശം തെറിപ്പിച്ചു. അവ തന്നെ നോക്കി ചിരിക്കുന്നതുപോലെ അവർക്കു തോന്നി. നിറഞ്ഞ കണ്ണുകളോടെ നസീമാത്തയും അവയെ നോക്കി മന്ദഹസിച്ചു.

കുടത്തിൽ നിന്നിറങ്ങിവന്ന പുതിയ പോസ്റ്റുമാൻ നസീമാത്തയുടെ പച്ചക്കല്ലു പതിച്ച വളകളിലേക്ക് ഒരിക്കൽക്കൂടി നോക്കി. അവരുടെ കൈകൾ ഇളകുമ്പോൾ അവ തുരുതുരെ മിനുങ്ങുന്നുണ്ടായിരുന്നു. താൻ എന്നെങ്കിലും ആരാലും സ്നേഹിക്കപ്പെടുന്ന ഒരു പോസ്റ്റുമാനാകും എന്ന് അയാൾക്ക് അപ്പോൾ തോന്നിയില്ല. താൻ സ്നേഹത്തിൻെറതായ ഒരു രേഖയും കൊണ്ടുനടക്കുന്നില്ലല്ലോ എന്ന് പോസ്റ്റുമാൻ ഓർത്തു. തൻെറ കൈകളിൽ എന്താണുള്ളത്? ഭീഷണികൾ.. കുറേ ഭീഷണികൾ.. ഭീഷണികൾ മാത്രം കൊണ്ടുനടന്ന് വിതരണം ചെയ്യുന്നൊരാൾ മാത്രമാണ് താൻ. തൻെറ കയ്യിലുള്ള കത്തുകളുടെ കറ്റകൾ മണത്തു നോക്കിയാൽ അതിൽ ജീവിതമില്ല. സ്നേഹമില്ല. കാരുണ്യമില്ല. കുറേ ഭീഷണികൾ.. ജപ്തി ഭീഷണികൾ, ബാങ്കിൽ നിന്നുള്ള നോട്ടീസുകൾ, കോടതിയിൽ നിന്നുള്ള ആജ്ഞകൾ, സർക്കാർ വക തിട്ടൂരങ്ങൾ.. ആരാലും സ്നേഹിക്കപ്പെടുന്നൊരാളാകാൻ പറ്റില്ലെന്നതോ പോകട്ടെ, എല്ലാവരാലും വെറുക്കപ്പെട്ടവനായിത്തീർന്നേക്കാവുന്നൊരാൾ മാത്രമാണ് തൻെറ തലമുറയിലെ എല്ലാ പോസ്റ്റുമാന്മാരുമെന്ന് അയാൾ ദു:ഖത്തോടെ ഓർത്തു.

ഹമീദിക്കായെ കാത്ത് തൻെറ കയ്യിലിരിക്കുന്ന പാഴ്സലും ഒരു ഭീഷണി തന്നെയാണെന്ന് പോസ്റ്റുമാന് ഉറപ്പായിരുന്നു. From: Government of India എന്നെഴുതി, നാലു ദിക്കിലേക്കും തിരിഞ്ഞുനിന്ന് ഗർജ്ജിക്കുന്ന സിംഹങ്ങളുടെ മുദ്രയോടുകൂടി വന്നിരിക്കുന്ന ഈ പാഴ്സൽ മറ്റെന്തെങ്കിലുമാകാൻ വഴിയില്ല. ഏതെങ്കിലും ഗവണ്മ​​െൻറ തങ്ങളുടെ പ്രജകൾക്ക് എന്നെങ്കിലും സമ്മാനം അയച്ചതായി ഇന്നുവരെ കേട്ടുകേഴ്വി പോലുമില്ല. ഹമീദിക്കയുടെ പാഴ്സൽ തൻെറ കയ്യിലിരുന്ന് ഭാരം കൂടുന്നതുപോലെ പോസ്റ്റുമാനു തോന്നി. ആ ഭാരം പെട്ടെന്ന് ഇറക്കിവെച്ചെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു.

ഇടവഴിയിൽ ഹമീദിക്കയുടെ എൻഫീൽഡ് മുഴങ്ങുന്നതു കേട്ട് നസീമാത്ത എഴുന്നേറ്റു. ഗേറ്റിലേക്ക് അല്പനേരം കണ്ണുനട്ടുകൊണ്ട് അവർ പോസ്റ്റുമാനോട് പറഞ്ഞു: "ഹമീദിക്കയാണ്."

ബുള്ളറ്റും കൊണ്ടു നടക്കാനുള്ള ആരോഗ്യമൊന്നും ഹമീദിക്കായ്ക്ക് ഇല്ല. എന്നാലും അതിനോടുള്ള ഇഷ്ടം കൊണ്ട് അതിലാണ് യാത്രയെല്ലാം. മക്കളില്ലാത്ത ഹമീദിക്ക തൻെറ മകനെപ്പോലെയാണ് ബുള്ളറ്റിനെ കാണുന്നത്. അതിനെ എപ്പോഴും തൂത്തും തുടച്ചും വെക്കും. കൃത്യസമയങ്ങളിൽ സർവീസ് ചെയ്യും. അതിൻെറ ശബ്ദത്തിന് എന്തെങ്കിലും വ്യത്യാസമോ മറ്റോ വന്നാൽ ഉടനേ തന്നെ മെക്കാനിക്കിൻെറയടുത്ത് കൊണ്ടുപോകും. രസം അതല്ല. ബാപ്പയ്ക്കും മകനും ഒരേ പ്രായമാണ്. രണ്ടുപേരും 1965 മോഡൽ.

അല്പം ജോലികൂടി ബാക്കിയുള്ളതിനാൽ നസീമാത്ത ധൃതിപ്പെട്ട് അടുക്കളയിലേക്ക് നടന്നു. സ്റ്റൗ സിമ്മിലിട്ടിരുന്നെങ്കിലും പോസ്റ്റുമാനോട് സംസാരിച്ചിരുന്ന നേരത്ത് പപ്പടച്ചട്ടിയിലെ എണ്ണ വറ്റി അത് ചൂടുപിടിക്കുകയും അതിൽ നിന്ന് പുക വമിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. അവർ അതിലേക്ക് വീണ്ടും എണ്ണ പകരുമ്പോൾ ഹമീദിക്കയുടെ ബുള്ളറ്റിൻെറ ശബ്ദം ഗേറ്റ് കടന്ന് മുറ്റത്തെത്തിയിരുന്നു. നസീമാത്ത അടുക്കളയിൽ നിന്ന് ധൃതിപ്പെട്ട് ഉമ്മറത്തേക്ക് വന്ന് പോസ്റ്റുമാനോട് പറഞ്ഞു: "ബുള്ളറ്റ് സ്റ്റാൻറിൽ വെക്കാൻ ഒന്നു സഹായിക്കണേ.."

ഹമീദിക്ക തൻെറ ബുള്ളറ്റ് സൈഡ് സ്റ്റാൻറിൻൽ വെക്കാറില്ല. അത് ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് പണ്ടുതൊട്ടേ ഇഷ്ടമല്ല. അത്ര ബലിഷ്ഠമെന്നു തോന്നിക്കുന്ന ഒരു ടൂവീലർ പക്ഷാഘാതം സംഭവിച്ചതുപോലെ ഒരു വശത്തേക്ക് തളർന്നിരിക്കുന്നത് കാണുന്നത് അദ്ദേഹത്തിന് എന്തോ അസ്വസ്ഥതയാണ്. തൻെറ ബുള്ളറ്റ് മാത്രമല്ല, മറ്റുള്ളവരുടേതായാലും അങ്ങനെ തന്നെ. ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കും. സ​​െൻറർ സ്റ്റാൻറിലിരിക്കുമ്പോഴാണ് ബുള്ളറ്റിനെ കാണാൻ ഗൗരവം എന്നാണ് ഇക്കായുടെ അഭിപ്രായം.

കുറച്ചുനാളായി ബുള്ളറ്റ് വലിച്ച് സ​​െൻറർ സ്റ്റാൻറിൽ വെക്കാനുള്ള ആരോഗ്യമില്ലാത്തതു കാരണം ഒരാളുടെ സഹായം കൂടി തേടേണ്ടിവരുന്നുണ്ട്. വീട്ടിലാകുമ്പോൾ അതിനു സഹായിക്കുന്നത് നസീമാത്തയാണ്. ഹമീദിക്ക സ്റ്റാൻറ്​ നിലത്തൂന്നിക്കൊണ്ട് ഹാൻറിലിലും സീറ്റിലും പിടിക്കും. നസീമാത്ത പിൻ സീറ്റിൻെറ പിന്നിൽ പിടിച്ച് വലിക്കും. വലിയൊരാശ്വാസത്തോടെ ബുള്ളറ്റ് പിന്നിലേക്ക് ആഞ്ഞിരിക്കും. ആ നേരത്ത് രണ്ടുപേർക്കും എന്തോ ഒരു സംതൃപ്തിയാണ്. അതെന്താണെന്ന് കൃത്യമായി പറയാനാവില്ല. കുട്ടികളില്ലാത്ത ദമ്പതികൾക്കു മാത്രമേ അത്തരത്തിലുള്ളൊരു സംതൃപ്തി തോന്നുകയുള്ളായിരിക്കാം.

പോസ്റ്റുമാൻ ഇറങ്ങിച്ചെന്ന് ഹമീദിക്കയെ സഹായിച്ചു. ബുള്ളറ്റ് പിന്നിലേക്ക് വലിക്കുന്ന അവസരത്തിൽ പോസ്റ്റുമാൻ പറഞ്ഞു: "ഒരു രജിസ്റ്റേഡ് ഉണ്ട്"

"രജിസ്റ്റേഡൊക്കെ ഭക്ഷണം കഴിച്ചുകഴിഞ്ഞ്"- സ​​െൻറർ സ്റ്റാൻറിൽ ഗരിമയോടെ ഇരിപ്പുറപ്പിച്ച ബുള്ളറ്റിനെ നോക്കിക്കൊണ്ട് ഹമീദിക്ക പറഞ്ഞു.

പോസ്റ്റുമാന് 'ഇതെന്തു കൂത്തെ'ന്നു തോന്നി. ഒരു ചെറിയ ഒപ്പിട്ട് പാഴ്സൽ കൈപ്പറ്റുന്നതിന് ഭക്ഷണം കഴിക്കുന്നതു വരെ കാത്തിരിക്കണോ? അയാൾ അക്ഷമനായിപ്പറഞ്ഞു: "അല്പം ധൃതിയുണ്ടായിരുന്നു.. ഇവിടെ വന്നിട്ട് ഇപ്പോൾ കുറേ നേരമായി"

"അത്രയും നേരമായ സ്ഥിതിക്ക് ഇനി ഊണു കഴിച്ചിട്ട് പോയാൽ മതി" - ഹമീദിക്കാ പറഞ്ഞു.

പോസ്റ്റുമാൻ വേണ്ടെന്നു പറഞ്ഞെങ്കിലും ഹമീദിക്കയുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവന്നു. അധികനേരം നിഷേധിച്ചു നിൽക്കാൻ ആവാത്തവിധം താൻ ഒരു കൂച്ചുവിലങ്ങിൽ പെട്ടതുപോലെയാണ് അപ്പോൾ പോസ്റ്റുമാനു തോന്നിയത്. പോസ്റ്റുമാനും ഹമീദിക്കയും കൈ കഴുകി ഡൈനിംഗ് ടേബിളിന് ഇരുവശത്തായി ഇരിക്കുമ്പോഴേക്ക് ബീഫ് ബിരിയാണിയുടെ മണം ദം പൊട്ടി ഒഴുകിയിരുന്നു. നസീമാത്ത ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പുമ്പോൾ വീട്ടുകാരിക്ക് ഒരു പ്രശംസയിരിക്കട്ടെ എന്നവണ്ണം ഹമീദിക്ക പറഞ്ഞു: "എൻെറ കെട്ട്യോളു വെക്കുന്ന ബിരിയാണിയുടെ മുന്നിൽ മുസ്ലീം പെണ്ണുങ്ങളുപോലും മാറിനിൽക്കും.. ചിലപ്പോൾ ആണുങ്ങളും മാറിനിൽക്കും. പോസ്റ്റുമാൻ ഇതൊന്ന് കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറയണം" പോസ്റ്റുമാന് അപ്പോൾ ആ പറഞ്ഞതിലെ ചില ആശയങ്ങൾ മനസ്സിലായില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയുള്ള സംഭാഷണങ്ങൾക്കു ശേഷം മാത്രമാണ് സംശയങ്ങൾ നീങ്ങിയത്.

ഹമീദിക്കയുടേത് മിശ്രവിവാഹമായിരുന്നു. അന്ന് ഹമീദിക്കയുടെ പേര് ഹമീദെന്നും നസീമാത്തയുടെ പേരു സീമയെന്നുമായിരുന്നു. ഒട്ടുനാളത്തെ പ്രണയത്തിനൊടുവിൽ സംഭവബഹുലമായ വിവാഹം. ആദ്യം രജിസ്​ട്രാർ ഓഫീസിൽ വെച്ചും, പിന്നീട് സീമ മതം മാറി നസീമ ആയ ശേഷം കൂച്ചുവിലങ്ങിൽ വെച്ചും. ഹമീദിക്കയാണ് സീമയ്ക്ക് നസീമ എന്ന് പേരു നിർദ്ദേശിച്ചത്. സീമ ലംഘിച്ചു വന്നവളായതുകൊണ്ട് നസീമ എന്ന പേരു ചേരുമെന്ന് അയാൾ അവളോടു വിശദീകരിച്ചിരുന്നു.

ഹമീദിക്ക ഗൾഫിൽ നിന്ന് അയച്ചിരുന്ന കത്തുകളിലെ അറബി പദങ്ങൾ നസീമാത്തയ്ക്ക് അപരിചിതമായിരുന്നില്ലെങ്കിലും അവയ്ക്കുള്ളിൽ നിന്ന് കിനിയുന്ന മധുരം ഒരു പെണ്ണിൻെറ ഖൽബിലേക്ക് ചെറു ചാലുകൾ കീറി ഒഴുകിപ്പരക്കുമെന്നറിയുന്നത് വിവാഹശേഷമാണ്. 'മൊഞ്ചത്തീ, എൻെറ ഖൽബിൽ എന്നും നിൻെറ മുഖമാണ്' എന്നതിൽ കവിഞ്ഞ് ഒരു നല്ലവാചകവും ഒരാൾക്കും തൻെറ ഭാര്യയോട് പറയാനാവില്ലെന്ന ഏകപക്ഷീയ ചിന്തപോലും മതം മാറി നസീമയായ നസീമാത്ത കൊണ്ടു നടന്നു. 'മൊഞ്ചത്തി'യേക്കാൾ സുന്ദരിയായ ഒരു പെണ്ണും ഭൂമിയിലില്ലെന്ന് അവർ വാദിച്ചു. തെക്കനായ ഹമീദിക്കയാവട്ടെ, തൻെറ പ്രണയലേഖനങ്ങൾക്കുള്ള വാക്കുകളിൽ അധികവും വടക്കുനിന്നും പെറുക്കിക്കൊണ്ടുവന്നു. പോരാത്തത് മാപ്പിളപ്പാട്ടുകളിൽ നിന്ന് പകർത്തിയെടുത്തു.

തീൻ മേശയിലെ സംഭാഷണം കത്തുകളിലൂടെ കടന്നുപോകുമ്പോൾ പോസ്റ്റുമാൻ വെറുതേ ശിവരാമനെക്കുറിച്ച് ഓർത്തു. ശിവരാമൻ തന്നെയായിരുന്നു കത്തുകൾ എഴുതാൻ നസീമാത്തയെ സഹായിച്ചിരുന്നത്. അതിൻെറ രൂപരേഖയെപ്പറ്റി അറിയാൻ പോസ്റ്റുമാന് വെറുതേ കൗതുകം തോന്നി. എന്നാൽ അതേപ്പറ്റി സംഭാഷണങ്ങളിൽ ഒന്നും പറഞ്ഞതായി കേട്ടില്ല.

ഭക്ഷണ ശേഷം ലിവിംഗ് റൂമിലെ സോഫയിലേക്ക് തളർന്നിരിക്കുമ്പോൾ ഹമീദിക്ക പറഞ്ഞു: "ഇനി ആ പാഴ്സലിങ്ങോട്ടു താ" പോസ്റ്റുമാൻ ചൂണ്ടിക്കാണിച്ച സ്ഥാനത്ത് ഒപ്പിട്ട ശേഷം ഹമീദിക്ക പാഴ്സൽ കയ്യിൽ വാങ്ങി. കവർ പൊട്ടിക്കുമ്പോൾ അതിനുള്ളിൽ ഒരു കത്തും ഒപ്പം ഇൻസ്റ്റ്രുമ​​െൻറ്​ ബോക്സിനേക്കാൾ വലിപ്പമുള്ളൊരു കാർഡ് ബോർഡ് പെട്ടിയും ഉണ്ടായിരുന്നു. കത്ത് തുറന്നു നോക്കിയെങ്കിലും ഹിന്ദിയിൽ ആയിരുന്നതിനാൽ ഹമീദിക്ക പോസ്റ്റുമാനോട് ചോദിച്ചു: "ഇതൊന്ന് വായിച്ച് അർഥം പറയാമോ?"

പോസ്റ്റുമാൻ കത്തുവാങ്ങി വായിച്ചു. അർഥം പറഞ്ഞു. 'കത്തു ലഭിച്ച് രണ്ടാഴ്ചകൾക്കുള്ളിൽ പൗരത്വ രേഖകൾ ഹാജരാക്കണം. അല്ലാത്ത പക്ഷം തടങ്കൽ പാളയത്തിലേക്ക് അയക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരും. തടങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കത്തിനൊപ്പമുള്ള പെട്ടിയിൽ അടക്കം ചെയ്തിട്ടുണ്ട്' - ഇതായിരുന്നു ചുരുക്കം. പോസ്റ്റുമാൻ കത്തിനൊപ്പമുണ്ടായിരുന്ന പെട്ടി തുറന്നു. അതിനുള്ളിൽ മടക്കുമടക്കുകളായി സൂക്ഷിച്ചിരുന്ന ലഘുലേഖ പുറത്തെടുക്കുമ്പോൾ കൂടയ്ക്കുള്ളിൽ നിന്ന് ഒരു പാമ്പിനെ പുറത്തെടുക്കുന്നതുപോലെ തോന്നിച്ചു. നിവർത്തിപ്പിടിച്ചാൽ, പൗരത്വ ബില്ലിൻെറ ഗുണങ്ങൾ വിശദീകരിക്കാൻ നാടുനീളെ നടന്നിരുന്ന ആളുകളുടെ കയ്യിലുണ്ടായിരുന്ന ലഘുലേഖയേക്കാൾ പത്തിരട്ടി നീളമെങ്കിലും അതിനുണ്ടായിരുന്നു. പതിനാറു ഭാഷകളിലായി ഡിറ്റൻഷൻ ക്യാമ്പുകളെക്കുറിച്ചും അവിടെ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അതിൽ വിവരിച്ചിരുന്നു. പതിനാറു ഭാഷകളിൽ മൗനിയായിരുന്നു എന്നു പറയുമ്പോലെ പതിനാറു ഭാഷകളിൽ വാചാലമായൊരു ലഘുലേഖ.

പോസ്റ്റുമാൻ അതു വായിക്കാൻ നിന്നില്ല. കത്തും ലഘുലേഖയും തിരികെ ഏൽപ്പിച്ച് അയാൾ ധൃതിയിൽ പുറത്തേക്കു പോയി. ഗേറ്റരികിൽ നിന്ന് തൻെറ ബൈക്കുമെടുത്ത് അയാൾ ഇടവഴിയിലൂടെ പാഞ്ഞു. 'കത്തുവല്ലതുമുണ്ടോ പോസ്റ്റുമാനേ' എന്നു ചോദിക്കുന്ന ആരെയും താൻ വഴിയിലെങ്ങും കണ്ടുമുട്ടുന്നില്ലെന്ന കാര്യം ആ തിരക്കിനിടയിലും അയാൾ ശ്രദ്ധിച്ചു. ഒരുപക്ഷേ ‌ആളുകൾ തന്നിൽ നിന്ന് ഒഴിഞ്ഞു നടക്കാൻ താല്പര്യപ്പെടുന്നതായിപ്പോലും പോസ്റ്റുമാനു തോന്നി.

പോസ്റ്റോഫീസ് എത്തും മുമ്പ് പൊടിയൻെറ കടയിൽ നിന്ന് അയാൾ ഒരു കന്നാസ് പെട്രോൾ വാങ്ങിയിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് പെട്രോൾ തളിക്കുമ്പോൾ പോസ്റ്റ്മാസ്റ്റർ ഭയന്നുകൊണ്ട് പുറത്തേക്ക് ചാടി. ഷെൽഫുകളിൽ നിന്ന് രേഖകളും കത്തുകളും നോട്ടീസുകളും ചാക്കുകെട്ടുകളും വലിച്ചു പുറത്തിട്ട് അയാൾ അവയിലും പെട്രോൾ തളിച്ചു. പുറത്തു വന്നുനിന്ന് തീപ്പെട്ടി ഉരച്ച് അകത്തേക്കെറിയുമ്പോൾ അയാൾ ആക്രോശിച്ചു : 'തുലയട്ടെ!'

ഒരു ദിവസം ഏതൊക്കെയോ ഗൂഢമാർഗങ്ങളിലൂടെ നസീമാത്തയ്ക്ക് ഒരു കത്തുവന്നു. വാപസി കേന്ദ്രത്തിൻെറ ക്യാമറകൾക്ക് ഒളിഞ്ഞുനോക്കാനാവാത്ത വായനാമൂലയിൽ പോയിരുന്ന് ആരും കാണാതെ അവർ ആ കത്തു വായിച്ചു:

'എനിക്ക് ഏറ്റവും പ്രിയപ്പെട്ട നസീമാ,

ഈ കത്ത് അവിടെ എത്തിച്ചേരുമോ എന്നെനിക്കറിയില്ല. കുറേക്കാര്യങ്ങൾ നിന്നോടു പറയണമെന്നുണ്ട്. പക്ഷേ ഇവിടെയിരുന്ന് ഒരു ദീർഘിച്ച കത്തെഴുതാനുള്ള സൗകര്യമില്ല. ക്യാമ്പിലെ നോട്ടക്കാരുടെ കണ്ണുവെട്ടിച്ച് അല്പാല്പമായാണ് ഇതുതന്നെ എഴുതുന്നത്. പേനയും പേപ്പറും കണ്ടുകഴിഞ്ഞാൽ അവർ പിടിച്ചുവാങ്ങും. അവർക്ക് ഇത്രയേറെ ഇഷ്ടപ്പെടാത്ത മറ്റൊരു സംഗതിയില്ല.

നിനക്ക് സുഖമാണോ? ഇവിടെ എനിക്ക് സുഖമെന്നു പറയാം. പതിനായിരം പേരെങ്കിലും ഇവിടെ താമസക്കാരായുണ്ടെങ്കിലും നീ ഇല്ലാത്തതിനാൽ ഒറ്റയ്ക്കായിപ്പോയപോലൊരു തോന്നലാണെപ്പോഴും. ഒരുപക്ഷേ ഒറ്റപ്പെട്ടവരുടെ ഒരു വലിയ കൂട്ടം തന്നെയാണ് ഈ ക്യാമ്പ്. ഇപ്പോഴത്തെ ജോലി അല്പം പ്രയാസകരമാണ്. എങ്കിലും വിഷമിക്കാനില്ല. അറുപത് കഴിഞ്ഞവരെയെല്ലാം അടുത്തയാഴ്ച ഈ ക്യാമ്പിലെതന്നെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നുണ്ട്. അവിടെ പണി തീർന്നുകൊണ്ടിരിക്കുന്ന വലിയൊരു ഫാക്ടറിയിലാവും അപ്പോൾ ജോലി. അതിൻെറ വലിയ പുകക്കുഴലുകൾ എനിക്ക് ഇവിടെയിരുന്നുകൊണ്ട് കാണാം.

നമ്മുടെ ബുള്ളറ്റ് ഇപ്പോൾ ആരുടെ കയ്യിലാണുള്ളത്? അതിനെ നീ നന്നായി സൂക്ഷിക്കണം. ഇതിനകം ഓഫീസറന്മാർ ആരെങ്കിലും അത് എടുത്തുകൊണ്ടുപോയെങ്കിൽ ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. നീ എങ്ങനെ അവിടെ ഒറ്റയ്ക്കു കഴിയുന്നു എന്നോർത്തു മാത്രമാണ് ഇപ്പോൾ എൻെറ വിഷമം. പിടിച്ചുനിൽക്കാൻ പറ്റുന്നില്ലെങ്കിൽ നീ നിൻെറ വീട്ടിലേക്ക് തിരിച്ചുപോകണം. എൻെറ ഖൽബിൽ എപ്പോഴും നിൻെറ മുഖമുണ്ട്. അതുള്ളിടത്തോളം ഞാൻ നിന്നോടൊപ്പമുണ്ടെന്ന് കരുതുക. അല്ലാഹു നമുക്കെല്ലാവർക്കും നല്ലതു വരുത്തട്ടെ (ആമീൻ). സ്നേഹത്തോടെ, നിൻെറ ഹമീദിക്ക.

കത്ത് മടക്കി തൻെറ മാറിടത്തോടു ചേർക്കുമ്പോൾ നസീമാത്തയുടെ ഹൃദയം ദുഖം നിറഞ്ഞ് ചീർത്തുകെട്ടി. ഒരു മഹായുദ്ധം വന്ന് ലോകം മുഴുവൻ നശിച്ചുപോയെങ്കിലെന്ന് അപ്പോൾ അവർ ആഗ്രഹിച്ചു. പിന്നീട് ഹമീദിക്കയുടെ കത്തുകളൊന്നും നസീമാത്തയെ തേടി ചെന്നിട്ടില്ല.

Tags:    
News Summary - koochuvilangil house; story -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.