വഴിയോര ചിത്രപ്രദര്‍ശനം; ‘നൂറനാടിന്‍െറ നൂറുമുഖങ്ങള്‍’ ശ്രദ്ധേയമാകുന്നു

ചാരുംമൂട്: പടനിലത്തെ ഇടവഴികളില്‍ നിരന്തരം കണ്ടുമുട്ടുന്നവരുടെ വ്യത്യസ്ത ഭാവങ്ങളും, ചലനങ്ങളും കാന്‍വാസില്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. നൂറനാട് പടനിലത്തെ വഴിയോര ചിത്രപ്രദര്‍ശനമാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുന്നത്. ‘നൂറനാടിന്‍െറ നൂറുമുഖങ്ങള്‍’ പേരില്‍ പടനിലം എച്ച്.എസ്.എസിലെ ചിത്രകലാ അധ്യാപകനായ രാജീവ് കോയിക്കലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പടനിലം പരബ്രഹ്മ ക്ഷേത്രത്തിനുസമീപം റോഡരികിലാണ് പ്രദര്‍ശനം നടക്കുന്നത്. വിവിധയിനം പെന്‍സിലുകള്‍ ഉപയോഗിച്ച് വരച്ച 124 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഏറെ പ്രമുഖരും പ്രശസ്തരുമല്ലാത്ത നാട്ടിന്‍ പുറത്തുകാരായവരുടെ ചിത്രങ്ങളാണെല്ലാം. പ്രദര്‍ശനം കാണാനത്തെിയ പലരും തങ്ങളുടെ ചിത്രങ്ങള്‍ കണ്ട് അദ്ഭുതപ്പെടുകയും ചിത്രകാരനെ അഭിനന്ദിക്കുകയും ചെയ്തു. മൊബൈല്‍ ഫോണില്‍ പലപ്പോഴായി പകര്‍ത്തിയ മുതിര്‍ന്ന പൗരന്മാരുടെയും പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും വ്യാപാരികളുടെയും പൊതുപ്രവര്‍ത്തകരുടെയുമൊക്കെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. എപ്പോഴും കാണുന്നവരുടെ ജീവന്‍ തുളുമ്പുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ക്കും കൗതുകമായി. സ്കൂളിലെ തിരക്കുകള്‍ക്കിടയിലും രാജീവ് കോയിക്കല്‍ ചിത്രരചനക്ക് സമയം കണ്ടത്തെുകയായിരുന്നു. ആറുമാസം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാവേലിക്കര ഫൈന്‍ആര്‍ട്സ് കോളജില്‍നിന്നാണ് രാജീവ് ചിത്രരചനയില്‍ ഡിപ്ളോമ നേടിയത്. ഓയില്‍ പെയ്ന്‍റിങ്ങിലും വാട്ടര്‍ കളറിലുമടക്കം രാജീവ് ചിത്രങ്ങള്‍ വരച്ചുനല്‍കുന്നുണ്ട്. ശില്‍പകലയിലും കഴിവു തെളിയിച്ച രാജീവ് പടനിലം എച്ച്.എസ്.എസിന് നിര്‍മിച്ച എഴുത്തച്ഛന്‍െറ പ്രതിമ ഏറെ ശ്രദ്ധേയമാണ്. പ്രദര്‍ശനം ഞായറാഴ്ച രാവിലെ ചിത്രകാരന്‍ പ്രണവം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം തിങ്കളാഴ്ച വൈകീട്ട് സമാപിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.