കാസര്‍കോട്: കാലവര്‍ഷം ശക്തമായതോടെ ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. 300 മീറ്ററോളം കര കടലെടുത്തു. 25ഓളം വീടുകള്‍ ഭീഷണിയിലാണ്. ഇതില്‍ നാലു വീടുകള്‍ ഏതുസമയത്തും കടലെടുക്കാവുന്ന സ്ഥിതിയിലായി. ചേരങ്കൈ സിറാജ് നഗറിലെ വീടുകളാണ് കൂടുതല്‍ ഭീഷണി നേരിടുന്നത്. കടല്‍ഭിത്തി തകര്‍ത്താണ് തിരമാലകള്‍ കരയിലേക്ക് നീങ്ങുന്നത്. ഒന്നര കിലോമീറ്ററോളം നീളത്തില്‍ കടല്‍ഭിത്തി പൂര്‍ണമായി തകര്‍ന്നു. കടലോരത്ത് താമസിക്കുന്ന കുടുംബങ്ങളാകെ ഭീതിയിലാണ്. മണല്‍നിറച്ച ചാക്കുകള്‍ അടുക്കിവെച്ച് കടലാക്രമണത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കടല്‍ഭിത്തി പൂര്‍ണമായി തകരാന്‍കാരണമെന്ന് മത്സ്യത്തൊഴിലാളികളും തീരവാസികളും പറയുന്നു. വര്‍ഷംതോറും കടലാക്രമണമുണ്ടാകുന്ന മേഖലയാണ് ചേരങ്കൈ കടപ്പുറം. ഇവിടെ ഏറക്കാലത്തെ മുറവിളിക്കുശേഷമാണ് കടല്‍ഭിത്തി നിര്‍മിച്ചത്. കല്ലുകള്‍ പൂഴിയില്‍ ഉറച്ചുനില്‍ക്കാന്‍ പര്യാപ്തമായ രീതിയിലല്ല നിര്‍മാണമെന്നാണ് ആക്ഷേപം. തൊട്ടടുത്ത വര്‍ഷംതന്നെ കല്ലുകള്‍ ഒന്നൊന്നായി കടലിലേക്ക് ഒലിച്ചുപോവുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങനെ പാഴായത്. കടല്‍ഭിത്തി ശാസ്ത്രീയരീതിയില്‍ പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.