??????????? ????? ???????? ????? ????????

മുഖം മിനുക്കി കാസർകോ​ട്ടെ ആതുരാലയങ്ങൾ

കാസർകോട്​: ജില്ലയിലെ ആരോഗ്യ മേഖലയുടെ മുഖച്ഛായതന്നെ മാറ്റിമറിച്ച പദ്ധതിയാണ് ആര്‍ദ്രം. കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ജില്ലയുടെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്കും കാസര്‍കോട് ജനറല്‍ ആശുപത്രിക്കും മാത്രമായി 1.73 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടന്നത്. 

കോവിഡ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കാന്‍ ജില്ലയെ പ്രാപ്തമാക്കാനും ആര്‍ദ്രം പദ്ധതിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയ​​െൻറയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും നേതൃത്വത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (ഹെല്‍ത്ത്) ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ സംസ്ഥാനതല സമിതി സംസ്ഥാനതലത്തിലും, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​, ജില് ലകലക്ടര്‍, ഡി.എം.ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി ജില്ലതലത്തിലുമായാണ് ആര്‍ദ്രം ദൗത്യത്തി​​െൻറ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്നത്.

സാധാരണക്കാര്‍ക്കും പാര്‍ശ്വവത്​കരിക്കപ്പെട്ടവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആര്‍ദ്രം പദ്ധതി രൂപകല്‍പന ചെയ്തത്. നിലവിലെ ജില്ല ആശുപത്രികളിലെ ഒ.പി, അത്യാഹിത വിഭാഗങ്ങളിലെ തിരക്ക്, ഭൗതിക സാഹചര്യങ്ങളില്‍ ഉള്ള കുറവ്, സേവനങ്ങളിലെ ഗുണമേന്മയിലുള്ള അപര്യാപ്തത എന്നിവ മറികടക്കാനാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.
 
കാഞ്ഞങ്ങാട് ജില്ല ആശുപത്രി
ജില്ലയിലെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി  1.33 കോടി രൂപയുടെ ഒ.പി ഡിട്രാന്‍സ്ഫോര്‍മേഷന്‍ സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ചു. ഇതി​​െൻറ വൈദ്യുതീകരണത്തിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഫാര്‍മസിയും വിപുലീകരിച്ചു. ഇതിലൂടെ ജില്ല ആശുപത്രിയില്‍ കാലാകാലങ്ങളിലുള്ള ഒ.പിയിലും ഫാര്‍മസിയിലുമുള്ള തിരക്ക് കുറക്കാനാകും. കൂടാതെ നബാര്‍ഡ് ഫണ്ടില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്കുള്ള ഫര്‍ണിച്ചറുകളും ആര്‍ദ്രം പദ്ധതിയിലൂടെ ജില്ല ആശുപത്രിക്ക് ലഭ്യമായി.

കൂടുതല്‍ തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. ജൂനിയര്‍ കണ്‍സൾട്ടൻറ്​ മെഡിസിന്‍, ജൂനിയർ കണ്‍സൾട്ടൻറ്​ ബ്ലഡ് ബാങ്ക്, ജൂനിയര്‍ കണ്‍സൾട്ടൻറ്​ ഡ​െൻറല്‍, ജൂനിയര്‍ കണ്‍സള്‍ട്ടൻറ്​ ജനറല്‍ മെഡിസിന്‍, ജൂനിയര്‍ കണ്‍സള്‍ട്ടൻറ്​ ഗൈനിക്, റെസ്പിരിയറ്ററി കണ്‍സള്‍ട്ടൻറ്​, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍, ഫര്‍മസിസ്​റ്റ്​, റേഡിയോഗ്രാഫര്‍, ഇ.സി.ജി ടെക്നീഷന്‍, എക്സ്റേ അറ്റന്‍ഡര്‍ എന്നീ തസ്തികകള്‍ ആര്‍ദ്രം പദ്ധതിയിലൂടെ ജില്ല ആശുപത്രിക്ക് ലഭിച്ചു. 

അസിസ്​റ്റൻറ്​ ഡയറക്ടര്‍, കണ്‍സള്‍ട്ടൻറ്​ അനസ്തേഷ്യ, ഡയാലിസിസ് ടെക്‌നീഷന്‍, മെഡിക്കല്‍ റെക്കോഡ് അറ്റന്‍ഡര്‍ എന്നീ പോസ്​റ്റുകളും പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്.

കാസര്‍കോട് ജനറല്‍ ആശുപത്രി
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായ പഴയ വനിത വാര്‍ഡ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവാക്കി നവീകരിച്ചു. 

കേരള ഹൗസിങ് ബോർഡാണ് പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ഒ.പി ടിക്കറ്റ് കൗണ്ടര്‍, പണം അടക്കാനുള്ള കൗണ്ടര്‍, ജനറല്‍ ഒ.പി, ചര്‍മരോഗം, മാനസിക രോഗം ഒ.പികള്‍, അള്‍ട്രാസൗണ്ട് സ്കാന്‍ എന്നിവയാണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഒ.പികള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിച്ചുതുടങ്ങി. കാത്തിരിക്കുന്നവര്‍ക്കുള്ള ശുചി മുറികള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ശുചിമുറി എന്നിവ ഇവിടെയുണ്ടാകും. ഭാവിയില്‍ ലഘുപാനീയ സ്​റ്റാളും ഇവിടെ ആരംഭിക്കും. 

ഒ.പികള്‍ രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നതിനാല്‍ കോവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്നു. 

എയര്‍പോർട്ട് സ്‌റ്റൈല്‍ കസേരകള്‍, എക്സിക്യൂട്ടിവ് കസേരകള്‍, മേശകള്‍, എന്നിങ്ങനെ 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജനറല്‍ ആശുപത്രിക്ക് ലഭിച്ചു.  10 ഡോക്ടര്‍മാരുടെയും 10 സ്​റ്റാഫ് നഴ്സുമാരുടേയും മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയ​​െൻറയും ​െഡൻറല്‍ മെക്കാനിക്കി​​െൻറയും തസ്തിക പുതുതായി സൃഷ്​ടിച്ചു. 

Tags:    
News Summary - hospitals in new look kasarkod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.