മലപ്പുറം: ദേശീയപാത ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികള്‍ക്ക് ഹൈകോടതി അനുമതി നല്‍കിയതായി കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ ഈ വര്‍ഷം തുടങ്ങാൻ ദേശീയപാത അതോറിറ്റിയില്‍നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറണം. ദേശീയപാത നഷ്ടപരിഹാര വിതരണം സംബന്ധിച്ച എല്ലാ തടസ്സങ്ങളും നീങ്ങിയതായും കലക്ടര്‍ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മിതികള്‍ക്കും മരങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പട്ടിക ഒന്ന് പ്രകാരം കണക്കാക്കുന്ന നഷ്ടപരിഹാരം അനുവദിക്കും.
പട്ടിക രണ്ട് പ്രകാരം പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായവും നല്‍കും. നഷ്ടപരിഹാരത്തുക ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടില്‍ എത്തിയതിനുശേഷം മാത്രമേ സ്ഥലം കൈമാറാനുള്ള ഉത്തരവ് ഉടമകള്‍ക്ക് നല്‍കൂ.
നഷ്ടപരിഹാരം നിര്‍ണയിക്കാൻ ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കെട്ടിടങ്ങള്‍ വീണ്ടും അളന്ന് കൃത്യത ഉറപ്പുവരുത്തുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. മാസ്ക് ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചും മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ മാത്രമാണ് അളക്കാൻ കോമ്പൗണ്ടില്‍ പ്രവേശിക്കുക.
അളവെടുക്കുന്നതിന് ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ മാത്രമേ കെട്ടിടത്തിെൻറ അകത്ത് പ്രവേശിക്കുകയുള്ളൂ. അതിനുള്ള അനുമതി ഹൈകോടതി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ജോലിയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെയ്യുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.